ഷ്ടനടന് നൽകുവാൻ സ്വപ്‌നം കണ്ട് നിർമിച്ച സ്ഫടികം സിനിമയിലെ 'ചെകുത്താൻ' ലോറിയുടെ ചെറുരൂപത്തെ കുറിച്ചുള്ള മാതൃഭൂമി വാർത്ത ഒരു കൊച്ചുകലാകാരന്റെ ആഗ്രഹം സഫലമാക്കി. തിരുമൂലപുരം കുരട്ടിയിൽ വീട്ടിൽ മണിക്കുട്ടന്റെയും ജയകുമാരിയുടെയും മകൻ പതിനാറുകാരനായ പ്രണവ് നിർമിച്ച ലോറിയെ കുറിച്ചുള്ള വാർത്തയാണ് സംവിധായകൻ ഭദ്രന്റെ ശ്രദ്ധയിൽപ്പെട്ടത്. 

To advertise here,

പ്രണവ് നിർമിച്ച മറ്റ് ചെറുരൂപങ്ങളെല്ലാം വിറ്റഴിച്ചപ്പോഴും ചെകുത്താൻ ലോറി മാത്രം മറ്റാർക്കും നൽകാതെ കാത്തുെവച്ചു. വാർത്ത പ്രസിദ്ധീകരിച്ചതോടെ ആഗ്രഹ സാഫല്യത്തിന് അരങ്ങ് ഒരുങ്ങുകയായിരുന്നു. സംവിധായകന്റെ സുഹൃത്തായ തിരുവല്ല അൽകോ അലുമിനിയം ഉടമ ബിജോയ് ജേക്കബ് തോമസാണ് ചെകുത്താൻ ലോറിയെ കുറിച്ച് മാതൃഭൂമിയിൽവന്ന വാർത്ത ഭദ്രനെ അറിയിച്ചത്. വ്യാഴാഴ്ച കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽവച്ച് നടന്ന ചടങ്ങിൽ പങ്കെടുക്കാനായി പിതാവിനെയും കൂട്ടി എത്താനുള്ള സൗകര്യവും മോഹൻലാലിന്റെ നിർദേശപ്രകാരം ബിജോയ് ജേക്കബ് ഒരുക്കി. ഇവിടെെവച്ചാണ് സംവിധായൻ ഭദ്രന്റെ സാന്നിധ്യത്തിൽ മോഹൻലാലിന് ലോറി സമ്മാനിച്ചത്. 

പ്രണവിന്റെ കൈകളിൽ വിരിഞ്ഞ വിസ്മയംകണ്ട് ലാലേട്ടനും അദ്‌ഭുതപ്പെട്ടു. 'സമ്മാനം ഒരുപാട് ഇഷ്ടമായി മോനേ' എന്ന വാക്കുകൾ ഇഷ്ട നടന്റെ വായിൽ നിന്നും കേട്ടപ്പോൾ അവാർഡ് ലഭിച്ച പ്രതീതിയായി പ്രണവിന്. കാറിൽവന്ന ഞാൻ ഇനി ലോറിയിൽ മടങ്ങണമല്ലോ എന്ന് സംവിധായകൻ ഭദ്രനോട് തമാശയും പറഞ്ഞാണ് മലയാളത്തിന്റെ ഇഷ്ടതാരം മടങ്ങിയത്. ലോറിക്ക് രൂപം നൽകിയ സംവിധായകൻ ഭദ്രനും പ്രണവ് തന്റെ ചെറുരൂപങ്ങളിലൊന്ന് സമ്മാനമായി നൽകി. 

ഫെബ്രുവരി ഒമ്പതിനാണ് പുതിയ സ്ഫടികം സിനിമ പുറത്തിറങ്ങുന്നത്. ഇരുവള്ളിപ്ര സെന്റ്തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിയും, 14 ജില്ലകളിൽനിന്നുള്ളവരുടെ വാട്‌സാപ്പ് കൂട്ടായ്മയായ 'എം അറ്റ് മിനിയേച്ചറിലെ' അംഗവുമാണ് പ്രണവ്.