placeholder
മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ക്ലാസ് ആൻഡ് മാസ് കഥാപാത്രമായ ആടുതോമയുടെ സ്ഫടികം 4കെ പതിപ്പിന് തിയേറ്ററുകളിൽ ഗംഭീര വരവേൽപ്പ്. ഒരു തലമുറയുടെ തന്നെ ആവേശമായ സിനിമ കൂടുതൽ ദൃശ്യമികവോടെ വീണ്ടും തിയേറ്ററുകളില്‍ എത്തിയത് കാണാൻ ആബാലവൃദ്ധം ജനങ്ങളും തിയേറ്ററുകളിലെത്തുന്ന കാഴ്ചയാണ് ഓരോ തിയേറ്ററുകളിലും കാണാൻ കഴിയുന്നത്. 

To advertise here,

രാവിലെ ആറിന് കേരളത്തിൽ വിവിധ തിയേറ്ററുകളിൽ നടന്ന ഫാൻസ് ഷോയ്ക്ക് വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. അതിന് പിന്നാലെ നിരവധി തിയേറ്ററുകളിൽ നടക്കുന്ന ഷോകൾക്കെല്ലാം മികച്ച ടിക്കറ്റ് ബുക്കിംഗാണ് ലഭിച്ചിട്ടുള്ളതെന്നാണ് വിവരം. സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ് നടത്തി 4കെ ഡോൾബി അറ്റ്‍മോസ് മികവിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രം ഒരു പുതിയ സിനിമ കാണുന്ന അനുഭവത്തോടെ വീക്ഷിക്കാനാവുമെന്നാണ് സിനിമ കണ്ടിറങ്ങുന്നവരുടെ സാക്ഷ്യം.

മുട്ടനാടിന്‍റെ ചോര കുടിക്കുന്ന, മുണ്ടുപറിച്ചടിക്കുന്ന തോമാച്ചായന്‍റെ രണ്ടാം വരവ് തിയേറ്ററുകളിൽ ആഘോഷമാക്കി ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മലയാള സിനിമയ്ക്ക് നഷ്ടമായ ഒട്ടേറെ പ്രമുഖരായ അഭിനേതാക്കളുടെ നീണ്ട നിര തന്നെ സിനിമയിലുണ്ട്. തിലകൻ, കെപിഎസി ലളിത, നെടുമുടി വേണു, എൻ.എഫ് വര്‍ഗ്ഗീസ്, സിൽക്ക് സ്മിത, ശങ്കരാടി, പറവൂർ ഭരതൻ അങ്ങനെ നിരവധി അഭിനേതാക്കളുടെ വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങൾ ബിഗ് സ്ക്രീനിൽ മിഴിവോടെ കാണാനാവുന്നതും സ്ഫടികത്തെ വേറിട്ടൊരു അനുഭവമാക്കുന്നുണ്ടെന്ന് പ്രേക്ഷകർ പറയുന്നു. 

4കെ ഡോൾബി അറ്റ്‍മോസ് ദൃശ്യശ്രവ്യ ചാരുതയോടെ 'സ്ഫടികം' കേരളത്തിൽ 150-ൽ പരം തിയേറ്ററുകളിലും ലോകമെമ്പാടും 500-ൽ പരം തിയേറ്ററുകളിലുമാണ് റിലീസിനെത്തിയിരിക്കുന്നത്. സംവിധായകൻ ഭദ്രനും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ജ്യോമെട്രിക്സ് എന്ന പുതിയ കമ്പനി വഴിയാണ് സ്ഫടികം സിനിമ റീറിലീസ് ചെയ്തിരിക്കുന്നത്. ചെന്നെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് സിനിമയുടെ റീമാസ്റ്ററിംഗ് നടത്തിയിട്ടുള്ളത്.