
മുഖംകൊണ്ട് ഗോഷ്ടികൾ കാട്ടുക എന്നതിനപ്പുറം സിനിമയിൽ ഹാസ്യനടൻമാർക്ക് ഒരുപാട് ചെയ്യാനുണ്ടെന്നു തെളിയിച്ച പ്രതിഭകളുടെ നിരതന്നെ മലയാള സിനിമയ്ക്ക് സ്വന്തമാണ്. അടൂർ ഭാസിയിലും ബഹദൂറിലും നിന്നു തുടങ്ങുന്ന ആ ഒരു പാരമ്പര്യം ശങ്കരാടി, കുതിരവട്ടം പപ്പു, മാള അരവിന്ദൻ, ജഗതി ശ്രീകുമാർ, ഇന്നസെന്റ്, ഇന്ദ്രൻസ് തുടങ്ങിയവരിലൂടെ വളർന്ന് സലിംകുമാറിലും സുരാജ് വെഞ്ഞാറമ്മൂടിലും പൂർണതകൈവരിക്കുന്നു.
മേൽപ്പറഞ്ഞവരേക്കാളൊക്കെ മികച്ച നടൻമാരാണ് സലിംകുമാറും സുരാജും എന്നു സ്ഥാപിക്കുകയോ താരതമ്യം ചെയ്ത് മാർക്കിടുകയോ അല്ല ഉദ്ദേശ്യം. മറിച്ച് ഹാസ്യതാരങ്ങളായി രംഗത്തെത്തിയ ഈ രണ്ടുപേരും ഇന്ത്യയിലെ മികച്ച നടൻമാർക്കുള്ള ദേശീയ അവാർഡ് നേടുകയും മികച്ച സ്വഭാവനടൻമാരായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നതിലെ ആഹ്ലാദവും അഭിമാനവും പങ്കുവെക്കുകയാണ്. മലയാളത്തിൽ മികച്ച സിനിമകൾ ഏറെ പിറക്കുകയും മുൻനിര അഭിനേതാക്കളുടെയെല്ലാം മികച്ച പ്രകടനങ്ങൾ കാണുകയും ചെയ്ത 2019-ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് സുരാജിനെ തേടിയെത്തുമ്പോൾ ആ ആഹ്ലാദം ഇരട്ടിയാവുന്നു.
മലയാളികൾക്ക് ചിരിയുടെ ഒറ്റമൂലിയായിരുന്നു സുരാജ് വെഞ്ഞാറമ്മൂട്. രണ്ടു പതിറ്റാണ്ടുകാലം തിയേറ്ററുകളിലും ടെലിവിഷനിലും മിമിക്രി സ്റ്റേജുകളിലും പ്രത്യക്ഷപ്പെട്ട് നമ്മളെ ചിരിപ്പിച്ചുകൊണ്ടേയിരുന്ന സുരാജിന്റെ രൂപാന്തരം മലയാള സിനിമയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടതാണ്. മൂന്നോറോളം സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞ സുരാജിന്റെ ശേഖരത്തിൽ ഒരു ദേശീയ അവാർഡും നാല് സംസ്ഥാന അവാർഡുകളുമുണ്ട്. മൂന്ന് സംസ്ഥാന അവാർഡുകൾ മികച്ച കൊമേഡിയനെന്ന നിലയിൽ കിട്ടിയതാണെങ്കിൽ ദേശീയ പുരസ്കാരം ഏറ്റവും മികച്ച നടനുള്ളത് തന്നെയാണ്. മികച്ച നടനുള്ള സംസ്ഥാന അവാർഡ് ആദ്യമായി കിട്ടിയത് ഇപ്പോഴാണ്.
അഭിനേതാവെന്ന നിലയിൽ സുരാജിന്റെ മഹത്ത്വം അളക്കുമ്പോൾ ഒരു വസ്തുത തീർച്ചയായും പരിഗണിക്കപ്പെടേണ്ടതുണ്ട്. ചെറുപ്പത്തിൽ സംഭവിച്ച അപകടം കാരണം വലതുകൈക്കുള്ള വൈകല്യവുമായാണ് സുരാജ് ജീവിക്കുന്നതും അഭിനയിക്കുന്നതും. ഇങ്ങനെയുള്ള ഒരു വൈകല്യം സിനിമയിൽ പ്രകടമാകാതെ അഭിനയിക്കുകയെന്നത് എത്ര വലിയ നടനെ സംബന്ധിച്ചിടത്തോളവും ദുഷ്കരമാണ്. സിനിമ കാണുന്നവർക്ക് അത് ഒട്ടും ഫീൽ ചെയ്യാത്ത രീതിയിൽ അതിനു കഴിയുന്നുവെന്നത് സുരാജ് എന്ന നടന്റെ മികവാണ്.
‘ ‘ പത്താംക്ലാസ് റിസൽട്ടു വന്ന അന്നാണ് സൈക്കിളിൽ നിന്ന് വീണ് കൈയൊടിയുന്നത്. അന്ന് മൂന്ന് സർജറി വേണ്ടിവന്നു. അതോടെ കൈ നിവർത്താനും മടക്കാനും പറ്റാത്ത പരുവത്തിലായി. കൈകൊണ്ട് ഭക്ഷണം കഴിക്കുമ്പോഴും മറ്റും പ്രയാസമുണ്ട്. കൈക്ക് ഇങ്ങനെയൊരു പ്രശ്നമുള്ളത് പെട്ടെന്ന് പ്രേക്ഷകർക്ക് മനസ്സിലാവാത്തരീതിയിൽ വേണമല്ലോ അഭിനയിക്കാൻ. സുരാജിനല്ലേ കൈക്ക് പ്രശ്നമുള്ളൂ. ഞാനവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കില്ലല്ലോ? പിന്നെ പലപ്പോഴും മിമിക്രിക്കൊക്കെ പോവുന്ന സമയത്ത് ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ഞാൻ ഇങ്ങനെ ചോറ് വാരിത്തിന്നുമ്പോൾ കാണുന്നവർ ചിരിക്കും -‘ ഓ, കോമഡി, കോമഡി’ എന്നവർ പറയും. ശരിക്കും സങ്കടം വരും. പക്ഷേ, ഞാനത് കാണിക്കാതെ ചിരിക്കും. മുതിർന്നതിനുശേഷം ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ പലരും പറയുന്നത് കേട്ടിട്ടുണ്ട്, ‘ കഴിവുള്ള പയ്യനാണ്. പക്ഷേ, പാഴായിപ്പോയി. കണ്ടില്ലേ. തല നേരെനിക്കുന്നില്ല അടിച്ചു ഫിറ്റാണ്’ - അപ്പോഴും ഞാൻ തിരുത്താനോ പ്രതികരിക്കാനോ പോവാറില്ല. അത് ശീലമായി.’ ’ -സുരാജ് പറയുന്നു.
ആദ്യകാലത്ത് സുരാജ് കള്ളുകുടിയനായിവരുന്ന സ്കിറ്റ് വലിയ ഹിറ്റായിരുന്നു. അതുകൂടി കണ്ടതോടെ ആളുകൾ ഉറപ്പിച്ചു, മുഴുക്കുടിയനാണെന്ന്. ആ ഒരു സംസാരം സഹിക്കാനാവാതെ വന്നപ്പോഴാണ് ഒരു ടി.വി. പ്രോഗ്രാമിൽ തന്റെ കൈയുടെ അവസ്ഥ എന്താണെന്ന് സുരാജ് പ്രേക്ഷകർക്ക് കാണിച്ചുകൊടുത്തത്. മാത്രമല്ല കുടിയന്റെ സ്കിറ്റ് ചെയ്യുന്നത് നിർത്തുകയും ചെയ്തു. സിനിമയിൽ അഭിനയിക്കുമ്പോൾ കൈയുടെ പ്രശ്നം പ്രകടമാവാതെ നോക്കാൻ നന്നായി ബുദ്ധിമുട്ടിയിരുന്നു. ഒപ്പം അഭിനയിക്കുന്നവർക്കുപോലും സുരാജിന് ഇങ്ങനെയൊരു പ്രശ്നമുണ്ടെന്ന് അറിയില്ലായിരുന്നു. പലപ്പോഴും അഭിനയിക്കുമ്പോൾ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ആരെങ്കിലും ചവിട്ടിത്തെറിച്ചുവീഴുന്ന രംഗങ്ങളിലൊക്കെ കൈ എവിടെയെങ്കിലും ഇടിക്കുകയൊക്കെ ചെയ്യുമ്പോൾ നല്ല വേദനയുണ്ടാവും. കാരണം കൈക്കുള്ളിൽ നിറയെ സ്റ്റീൽക്കമ്പികളാണ്. തുടക്കത്തിൽ അത് പുറത്തുപറയാൻ കഴിയാത്തതുകൊണ്ട് സുരാജ് മാറിനിന്നു കരയുമായിരുന്നു. ഇക്കാര്യം മറ്റുള്ളവർ അറിഞ്ഞാൽ അവസരങ്ങൾ നഷ്ടമാവുമെന്നായിരുന്നു അന്നത്തെ ഭയം.
‘ പേരറിയാത്തവർ’ എന്ന സിനിമയിൽ അഭിനയിച്ചതിനാണ് ദേശീയ അവാർഡ് കിട്ടിയത്. പക്ഷേ, ആ പടം ശരിയായ രീതിയിൽ തിയേറ്ററുകളിൽ റിലീസാവാഞ്ഞതിനാൽ പ്രേക്ഷകർക്ക് കാണാൻ കഴിയാതെപോയി. അതിൽ സുരാജിന് ഇപ്പോഴും വിഷമമുണ്ട്. ആ സിനിമ എല്ലാവരും കാണണമെന്നും താനതിൽ ചെയ്തതെന്താണെന്ന് മനസ്സിലാക്കണമെന്നും ആഗ്രഹമുണ്ട്. ആ സിനിമയിൽ അഭിനയിക്കുന്നത് കണ്ടപ്പോഴേ പലരും സുരാജിനോട് പറഞ്ഞു, ഇതൊരു സംഭവമാവും വലിയ അവാർഡ് ഏതെങ്കിലും കിട്ടുമൊന്നൊക്കെ. എന്നാൽ, ദേശീയ അവാർഡ് കിട്ടിയിട്ട് തനിക്ക് ലഭിച്ചത് പരിഹാസം മാത്രമാണെന്ന് വേദനയോടെ സുരാജ് പറയുന്നു.
2015-ലാണ് പേരറിയാത്തവരിൽ അഭിനയിച്ചത്. അതിനുശേഷമാണ് ഹാസ്യനടൻ എന്നതിനപ്പുറത്തേക്കുള്ള സുരാജിന്റെ വളർച്ച വേഗത്തിലായത്. 2016-ൽ എബ്രിഡ് ഷൈൻ സംവിധാനംചെയ്ത ആക്ഷൻ ഹീറോ ബിജുവിൽ രണ്ടു സീനിൽ മാത്രം പ്രത്യക്ഷപ്പെട്ട പവിത്രൻ എന്ന കഥാപാത്രം ഒരു തുടക്കമായിരുന്നു. തന്നെ ഉപേക്ഷിച്ചുപോയ ഭാര്യയിൽനിന്ന് മകളെ വിട്ടുകിട്ടാൻ പോലീസ് സ്റ്റേഷനിലെത്തുന്ന പവിത്രൻ അതുവരെ തന്റേതെന്ന് കരുതിയിരുന്ന കുഞ്ഞ് മറ്റൊരാളുടേതാണെന്ന് അറിയുമ്പോൾ അനുഭവിക്കുന്ന നിസ്സഹായതയും വേദനയും പ്രേക്ഷകരുടെ ഹൃദയത്തിൽ തറച്ചു. ഓ, സുരാജിന് ഇങ്ങനെയൊക്കെ കഴിയുമോയെന്ന് പവിത്രനെ കണ്ട് ആളുകൾ ചോദിച്ചുതുടങ്ങിയിടത്തുനിന്നാരംഭിക്കുന്നു നടനെന്ന നിലിയിലുള്ള ചുവടുമാറ്റം. പിന്നീട് 2017-ൽ ദിലീഷ് പോത്തൻ സംവിധാനംചെയ്ത ‘ തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയിൽ ഭാര്യയുടെ മാല കട്ടെടുത്ത് വിഴുങ്ങിയ കള്ളന്റെ പിന്നാലെ കൂടുന്ന പ്രസാദ് എന്ന യുവാവ് സുരാജിന്റെ അഭിനയശേഷിക്ക് വെല്ലുവിളിയുയർത്തിയ കഥാപാത്രമായിരുന്നു. ആ സിനിമയിൽ എതിർവേഷങ്ങൾചെയ്ത ഫഹദ് ഫാസിലിന്റെയും സുരാജിന്റെയും പ്രകടനങ്ങൾ ആ ഗണത്തിൽ മലയാള സിനിമയിലെ എക്കാലത്തെയും മികച്ചവയിൽ ഒന്നായിമാറി. പിന്നീട് 2018-ൽ പുറത്തിറങ്ങിയ ‘ കുട്ടൻപിള്ളയുടെ ശിവരാത്രി’ യിലെ മുഴുനീള വേഷവും സുരാജിന്റെ അഭിനയമികവിന്റെ നിദർശനമായി.
2019 മലയാള സിനിമയിൽ സുരാജിന്റെ വർഷമായിരുന്നു. ഭരത് ഗോപി, നെടുമുടി വേണു, തിലകൻ, മുരളി തുടങ്ങിയ മലയാളത്തിന്റെ പ്രതിഭാധനരായ റിയലിസ്റ്റിക് ആക്ടർമാരുടെ നിരയിലേക്ക് സുരാജിനെക്കൂടി പ്രതിഷ്ഠിക്കാൻ പ്രേരിപ്പിക്കുന്ന സിനിമകൾ പോയവർഷം പിറന്നു. സംസ്ഥാന അവാർഡ് നൽകാൻ ജൂറി പരിഗണിച്ച ‘ ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ’ , ‘ വികൃതി’ എന്നീ സിനിമകൾക്ക് പുറമേ ‘ ഫൈനൽസും’ ‘ ഡ്രൈവിങ് ലൈസൻസും’ സുരാജിന്റെ നടനമികവുകൊണ്ട് ഉയർത്തപ്പെട്ട സിനിമകളാണ്. ‘ ആൻഡ്രോയ്‌ഡ് കുഞ്ഞപ്പനി’ ലെ ഭാസ്കരപ്പൊതുവാളിനെ സുരാജ് ഏതെല്ലാം രീതിയിൽ മിഴിവുറ്റതാക്കിമാറ്റിയിരിക്കുന്നുവെന്ന് പറയാതെ ഈ കുറിപ്പ് അവസാനിപ്പിക്കാനാവില്ല. ആ കഥാപാത്രത്തെ തന്നിലേക്ക് ആവേശിക്കുമ്പോൾ തന്റെ അച്ഛന്റെ ചേഷ്ടകളും ഭാവഹാവാദികളും മനസ്സിലുണ്ടായിരുന്നെന്ന് സുരാജ് പറഞ്ഞിട്ടിണ്ട്. മിമിക്രി കലാകാരനായ സുരാജ് പക്ഷേ, ഭാസ്കരപ്പൊതുവാളിലേക്ക് അനുകരണകലയുടെ ഒരംശംപോലും സന്നിവേശിപ്പിച്ചിട്ടില്ലെന്ന് സിനിമ കാണുമ്പോൾ മനസ്സിലാവുന്നു. ആരെയെങ്കിലും അനുകരിക്കുന്നതിനു പകരം സ്വയം വാർധക്യത്തിലേക്ക് പരിണമിക്കുകയാണ് സുരാജ് ചെയ്തിരിക്കുന്നതെന്ന് തോന്നിപ്പോവുന്നു. ഓരോ രംഗത്തിലും ആവശ്യമായനിലയിൽ മുഖം ചെരിച്ചും ശരീരം വളച്ചുപിടിച്ചും സംഭാഷണത്തിന്റെ ടോൺ മാറ്റിയുമെല്ലാം സുരാജ് പൊതുവാളായി മാറുകയായിരുന്നു. സുരാജിലെ നടൻ പൂർണതയോടടുക്കുന്ന അനുഭവമാണ് ഈ സിനിമ സമ്മാനിച്ചിരിക്കുന്നത്. വെഞ്ഞാറമ്മൂടിലേക്ക് ഒരിക്കൽക്കൂടി ദേശീയ അവാർഡ് എത്തിയാലും അദ്ഭുതപ്പെടാനില്ല.
സുരാജിന്റെ രൂപാന്തരങ്ങൾ
പേരറിയാത്തവർ (2015)
ആക്ഷൻ ഹീറോ ബിജു (2016)
തൊണ്ടിമുതലും ദൃക്സാക്ഷിയും (2017)
കുട്ടൻപിള്ളയുടെ ശിവരാത്രി (2018)
ഫൈനൽസ് (2019)
വികൃതി (2019
ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ (2019)
ഡ്രൈവിങ് ലൈസൻസ് (2019)
Content Highlights :Suraj Venjaramoodu State FIlm Awards Best Actor Life Cinema Android Vikruthi Finals Movies
Published: 25 Oct 2020, 10:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented