'ആ വേദനയും കുറ്റബോധവും എക്കാലവും പിന്തുടരും, പുറത്തേക്ക് പോവാന്‍ തുനിയുമ്പോള്‍ ഇക്കാര്യം ആലോചിക്കൂ'


മമ്മൂട്ടി

പൊതുവായ നന്മയ്ക്കുവേണ്ടിയുണ്ടാക്കുന്ന നിയമങ്ങള്‍, ചട്ടങ്ങള്‍ ആത് ആരുണ്ടാക്കിയതാണെങ്കിലും അനുസരിച്ചേതീരൂ. ഇപ്പോഴത്തെ ഈ നിയന്ത്രണങ്ങള്‍ ആരുടെയെങ്കിലും അധികാരം കാണിക്കാനോ സ്വാര്‍ഥലാഭത്തിനോവേണ്ടി ഏര്‍പ്പെടുത്തിയതല്ല.

മമ്മൂട്ടി. Photo: T.K.Pradeep Kumar

ലോകത്തെ ഗ്രസിച്ചിരിക്കുന്ന മഹാമാരിക്കെതിരായ പോര്‍മുഖത്താണ് ഞാനും നിങ്ങളുമെല്ലാം. നമ്മളോരോരുത്തരുമാണ് ഈ യുദ്ധത്തിലെ പടയാളികള്‍. ആ പോരാട്ടത്തിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക് ഡൗണിനോട് പൂര്‍ണമായും സഹകരിക്കുകയെന്നത് സമൂഹജീവി എന്നനിലയില്‍ നമ്മുടെ കടമയുമാണ്. ഈ സമയത്ത് പോലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും അനുസരിക്കുന്നില്ലെങ്കില്‍ അത് സമൂഹത്തോടും നമ്മളോടുതന്നെയും ചെയ്യുന്ന വലിയ ദ്രോഹമാവും..

ഒരുപക്ഷേ, നല്ല ആരോഗ്യമുള്ളതുകൊണ്ട് നമ്മള്‍ക്ക് കൊറോണ വന്നാലും അതിജീവിക്കാന്‍ കഴിഞ്ഞെന്നുവരാം. പക്ഷേ, നമ്മളില്‍ നിന്ന് രോഗം പകര്‍ന്നേക്കാവുന്ന പ്രായമായ മാതാപിതാക്കള്‍ക്കും പ്രതിരോധശേഷി കുറഞ്ഞ മറ്റുള്ളവര്‍ക്കും അതിനു കഴിയണമെന്നില്ല. നമ്മളില്‍ നിന്ന് രോഗം പകര്‍ന്ന് അവര്‍ മരിച്ചുപോയാല്‍ ആ വേദനയും കുറ്റബോധവും എക്കാലും നമ്മളെ പിന്തുടരും. എന്തു കാര്യത്തിനായാലും വീട്ടില്‍നിന്ന് പുറത്തേക്ക് പോവാന്‍ തുനിയുമ്പോള്‍ ഇക്കാര്യം ആലോചിക്കണം. പുറത്തേക്കുപോയാല്‍ നമ്മളാരെയാണ് കണ്ടുമുട്ടുക, ആരുമായാണ് സമ്പര്‍ക്കം പുലര്‍ത്തേണ്ടിവരുക, എന്തെല്ലാം സാഹചര്യങ്ങളിലാണ് ചെന്നുപെടുക എന്നൊന്നും പ്രവചിക്കാനാവില്ലല്ലോ?

പൊതുവായ നന്മയ്ക്കുവേണ്ടിയുണ്ടാക്കുന്ന നിയമങ്ങള്‍, ചട്ടങ്ങള്‍ ആത് ആരുണ്ടാക്കിയതാണെങ്കിലും അനുസരിച്ചേതീരൂ. ഇപ്പോഴത്തെ ഈ നിയന്ത്രണങ്ങള്‍ ആരുടെയെങ്കിലും അധികാരം കാണിക്കാനോ സ്വാര്‍ഥലാഭത്തിനോവേണ്ടി ഏര്‍പ്പെടുത്തിയതല്ല. നമ്മുടെയെല്ലാവരുടെയും സൗഖ്യത്തിനും അതിജീവനത്തിനും വേണ്ടിയുള്ളതാണെന്ന് തിരിച്ചറിയണം. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന ലോക്ഡൗണ്‍ സമയത്ത് പുറംലോകത്തെ ആഹ്ലാദങ്ങള്‍ മാറ്റിവെച്ച് നമുക്ക് കുടുംബത്തിനുള്ളിലെ കൊച്ചുസന്തോഷങ്ങളില്‍ മുഴുകാം. മൂന്നാഴ്ചകൊണ്ട് ഈ അവസ്ഥ മാറിക്കിട്ടിയാല്‍ പിന്നെയും പുറത്തെ ആഹ്ലാദങ്ങളിലേക്ക് പോവാമല്ലോ? അതുവരെ നമുക്ക് കാത്തിരിക്കാം.

ഈ രോഗകാലം കഴിഞ്ഞാല്‍ കോളേജ് തുറക്കും, ബസും ട്രെയിനും ഓടിത്തുടങ്ങും. വിമാനങ്ങള്‍ വീണ്ടും പറക്കും. റെസ്റ്റോറന്റുകളും സിനിമാ തിയ്യറ്ററുകളും തുറക്കും. എല്ലാം പഴയതുപോലെ തന്നെയാവും. ഈ മൂന്നാഴ്ച ക്ഷമയോടെ കാത്തിരുന്നാല്‍ നമ്മുടെ സന്തോഷങ്ങള്‍ തിരിച്ചുകിട്ടിയേക്കും. മറിച്ച് നമ്മള്‍ ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്നാല്‍ സമൂഹത്തിന്റെ രോഗാവസ്ഥ ദീര്‍ഘിച്ചുപോവും. കാര്യങ്ങള്‍ പഴയനിലയിലെത്താന്‍ ഏറെ കാത്തിരിക്കേണ്ടിവരും. കുറെയേറെ ജീവനുകള്‍ നഷ്ടമായെന്നുംവരാം. എത്രയും വേഗം ഈ രോഗത്തെ നമ്മുടെ ലോകത്തുനിന്ന് അകറ്റിയോടിച്ചാല്‍ സ്വാതന്ത്ര്യവും സന്തോഷവും വീണ്ടെടുക്കാനാവും. മറിച്ചായാല്‍ എന്താണ് സംഭവിക്കുകയെന്ന് പ്രവചിക്കാന്‍ കഴിയില്ല.

കോവിഡ് 19 നെ കുറിച്ചുള്ള സമ്പൂര്‍ണ വിവരങ്ങള്‍ അറിയാം | Special Page

നമ്മളെക്കാള്‍ സമ്പത്തും സൗകര്യങ്ങളുമുള്ള രാജ്യങ്ങളിലെ മനുഷ്യര്‍ രോഗത്തിന്റെ സമൂഹവ്യാപനംകാരണം ദുരിതമനുഭവിക്കുകയാണ്, കൂട്ടത്തോടെ മരിച്ചുവീഴുകയാണ്. അവരുടെ പതിന്മടങ്ങ് ജനസംഖ്യയും ജനസാന്ദ്രതയുമുള്ള നമ്മുടെ രാജ്യത്ത് രോഗം വ്യാപിച്ചാല്‍ എന്താണ് സംഭവിക്കുകയെന്ന് ഒന്ന് സങ്കല്പിച്ചുനോക്കൂ. അങ്ങനെയൊന്നും സംഭവിക്കാതിരിക്കണമെങ്കില്‍ ഇപ്പോള്‍ നമ്മള്‍ വീട്ടിനുള്ളില്‍ത്തന്നെ കഴിഞ്ഞേതീരൂ. ചില കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഒരുപാടു സഹനം വേണ്ടിവരും. നമ്മുടെ എല്ലാ ആര്‍ഭാടങ്ങളും ഒഴിവാക്കുക. ഭക്ഷണത്തില്‍പോലും കരുതല്‍ വേണം. ഭക്ഷ്യവസ്തുക്കള്‍ ആവശ്യത്തിനു മാത്രം ഉപയോഗിച്ച് കരുതിവെക്കേണ്ട സമയമാണിത്. നമ്മുടെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഇപ്പോള്‍ പുറത്തിറങ്ങാനും ജോലിചെയ്യാനും കഴിയില്ല. പഴയപോലെ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കാനാവില്ല. നമ്മള്‍ കരുതിവെച്ച ധാന്യങ്ങളും മറ്റും തീര്‍ന്നുപോവുന്ന അവസ്ഥയും വരാം. നമ്മുടെ വീട്ടുവളപ്പില്‍ത്തന്നെ കഴിയുന്നത്ര കൃഷി ചെയ്ത് പച്ചക്കറികളും മറ്റും ഉണ്ടാക്കിയാല്‍ അത്രയും നല്ലത്.

ഇപ്പോള്‍ത്തന്നെ ഈ രോഗം കൂടുതല്‍ പേരിലേക്ക് പകര്‍ന്നത് നമ്മുടെ അശ്രദ്ധകൊണ്ടുകൂടിയാണ്. വിദേശത്തുനിന്നൊക്കെ നാട്ടില്‍ വന്നവര്‍ കുറെക്കൂടി കരുതലെടുക്കണം. തന്റെയുള്ളില്‍ വൈറസ് ഉണ്ടെങ്കില്‍ അത് മറ്റാരിലേക്കും പകരരുതെന്ന ഉറച്ച തീരുമാനമെടുക്കണം. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ അതേപടി അനുസരിക്കണം. മറ്റൊരു ദയനീയകാര്യം, നമ്മുടെ നാടിനും കുടുംബത്തിനും വേണ്ടി പുറംനാടുകളില്‍ പോയി എല്ലാ സുഖങ്ങളും ത്യജിച്ച് ഒറ്റപ്പെട്ടുജീവിക്കുകയും അധ്വാനിക്കുകയും ചെയ്യുന്ന പ്രവാസികളെ ഈ ഈ വൈറസ് ബാധകാരണം മറ്റുള്ളവര്‍ കുറ്റപ്പെടുത്തുന്ന അവസ്ഥ വരുന്നു എന്നതാണ്. രണ്ടോ മൂന്നോ പേരുടെ അശ്രദ്ധയും അവധാനതക്കുറവും കാരണം മൊത്തം പ്രവാസിസമൂഹത്തെ മറ്റുള്ളവര്‍ കുറ്റപ്പെടുത്താന്‍ ഇടവരരുത്. ആ ഒരു അവസ്ഥയിലേക്ക് മൊത്തം പ്രവാസിസമൂഹത്തെ തള്ളിയിടരുത്. രോഗബാധയുള്ള രാജ്യങ്ങളില്‍നിന്ന് നാട്ടിലെത്തിയവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ഇതരനാടുകളില്‍നിന്ന് രോഗബാധിതരാവുന്ന പ്രവാസികള്‍ക്ക് അവിടെത്തന്നെ ചികിത്സനേടാം, രോഗമുക്തരാവാം. എന്നാല്‍, ആ സമയത്തുതന്നെ നാട്ടിലുള്ള ഉറ്റവര്‍കൂടി രോഗബാധിതരായാലോ? അവരുടെ സ്വാസ്ഥ്യം നഷ്ടപ്പെടുത്തില്ലേ? അപ്പോള്‍ നാട്ടിലുള്ള ഉറ്റവരുടെ കാര്യമാലോചിച്ച് വേവലാതിപ്പെടേണ്ടെന്നും അവരുടെകാര്യം നമ്മള്‍ നോക്കിക്കൊള്ളാമെന്നുമുള്ള ഉറപ്പുനല്‍കാന്‍ നമുക്ക് കഴിയണം. ഇവിടെ രോഗംപകരാതെ നമ്മള്‍ നോക്കണം.

ഇപ്പോഴത്തെ രോഗബാധയെ തരണം ചെയ്യുന്നതിനായി പറ്റാവുന്ന എല്ലാ കാര്യങ്ങളും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ ചെയ്യുന്നുണ്ട്. അക്ഷരാര്‍ഥത്തില്‍ നാടിനുവേണ്ടി ഒരു യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണ് നമ്മുടെ ഭരണകൂടം. അവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് അവര്‍ക്കൊപ്പം നമ്മള്‍ നിന്നേ തീരൂ. പോലീസുകാരും ആരോഗ്യപ്രവര്‍ത്തകരും ആംബുലന്‍സ് ഡ്രൈവര്‍മാരുമെല്ലാം തീര്‍ത്തും അപകടകരമായ സാഹചര്യത്തിലാണ് ജോലിചെയ്യുന്നതെന്ന് ഓര്‍ക്കണം. അവരും മനുഷ്യരാണ്. അവര്‍ക്ക് രോഗം വരാനുള്ള സാധ്യത പതിന്മടങ്ങാണ്. നമ്മുടെ ജീവനും ആരോഗ്യത്തിനും വേണ്ടിയാണ് അവര്‍ ഇത്രയ്ക്ക് റിസ്‌ക്കെടുക്കുന്നത്. അവരുടെ ഈ ത്യാഗം പാഴാവാതെ നോക്കേണ്ട ബാധ്യത നമുക്കുണ്ട്.

ലോകത്തിനുമുഴുവന്‍ മാതൃകയാവുന്ന രീതിയിലാണ് കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ ജോലിചെയ്യുന്നത്. വരാനിരിക്കുന്ന അപകടത്തെ നേരത്തേതന്നെ തിരിച്ചറിഞ്ഞ് സത്വരനടപടികള്‍ നമ്മുടെ ആരോഗ്യവകുപ്പ് കൈക്കൊണ്ടിട്ടുണ്ട്. ഈ രോഗത്തിനെതിരായ പോരാട്ടത്തില്‍ നമ്മള്‍ തോല്‍ക്കാതിരിക്കുന്നത് അവരുടെ നിതാന്ത ജാഗ്രതമൂലമാണ്. നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരോടും പോലീസിനോടുമെല്ലാം ഞാനും നിങ്ങളും കടപ്പെട്ടിരിക്കുന്നു. അവര്‍ നല്‍കുന്ന സ്നേഹവും കരുതലും തിരിച്ചുനല്‍കേണ്ടത് അവരുടെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിച്ചുകൊണ്ടാണ്.

മറ്റൊരു കാര്യംകൂടി ഇപ്പോള്‍ ആലോചിക്കേണ്ടതുണ്ട്. ഒരുപാട് തിരക്കുപിടിച്ച ജോലികള്‍ ചെയ്തുകൊണ്ടിരുന്നവര്‍ ഒന്നും ചെയ്യാനാവാതെ വീട്ടിനകത്ത് അടച്ചിരിക്കുമ്പോള്‍ നിരാശയ്ക്കും വിരക്തിക്കും അടിപ്പെടാം. പെട്ടെന്ന് ദേഷ്യംവരുന്ന അവസ്ഥയൊക്കെ ഉണ്ടാവാം. കുറച്ചുദിവസങ്ങളേ ആയുള്ളൂ. ഇനിയും ദിവസങ്ങള്‍ കിടക്കുന്നു. ഈ സമയത്ത് നമ്മുടെ മനസ്സിനെ കാടുകയറാനും ചിതലരിക്കാനും അനുവദിക്കാതെ ശരിയായ ദിശയിലേക്ക്, ക്രിയാത്മകമായ ചിന്തകളിലേക്ക് വഴിതിരിക്കണം. നല്ലപുസ്തകങ്ങള്‍ വായിക്കാം, അടുക്കളയില്‍ ഭാര്യയെ സഹായിക്കാം, പാചകപരീക്ഷണങ്ങള്‍ നടത്താം, കുട്ടികള്‍ക്കൊത്ത് കളിക്കാം. അങ്ങനെ തിരക്കുകള്‍ക്കിടയില്‍ നമ്മള്‍ക്ക് ചെയ്യാനാവാതെ പോയിരുന്ന കാര്യങ്ങളില്‍ മുഴുകാം. സ്വന്തം ഉള്ളിലും കുടുംബത്തിലും സന്തോഷങ്ങള്‍ നിറച്ച് വീട്ടിനകത്തെ ജീവിതം അര്‍ഥപൂര്‍ണമാക്കാം. അങ്ങനെയൊരു പരീക്ഷണം നടത്തിനോക്കൂ. അത് വിജയകരമാവുമെന്ന് എനിക്കുറപ്പുണ്ട്. നമ്മള്‍ ഇതുവരെ ചെയ്യാതിരുന്ന കാര്യങ്ങള്‍ ചെയ്യുമ്പോള്‍ വലിയ ഉത്സാഹവും സന്തോഷവും തോന്നും. ഒരു ജോലിയും ചെയ്യാനില്ലല്ലോയെന്ന മനസ്താപവും ഉണ്ടാവില്ല. അതുമാത്രമല്ല, വീട്ടിലിരുന്ന് ചെയ്യാവുന്ന പലതരം ജോലികളുണ്ട്. അത്തരം ജോലികള്‍ ചെയ്യുന്നത് ലോക്ഡൗണ്‍ കാലത്ത് കുടുംബത്തിന് കഴിയാനുള്ള വരുമാനം കണ്ടെത്തുന്നതിനും സഹായകമാവുമല്ലോ? ആവശ്യക്കാര്‍ക്ക് അത്തരം ജോലികള്‍ കണ്ടെത്തി നല്‍കുന്നതിന് സന്നദ്ധസംഘടനകളും സഹകരണസ്ഥാപനങ്ങളും മുന്നോട്ടുവരണം.

ഈയൊരു ദുരന്തം നമ്മളെ വിട്ടൊഴിയുന്നതുവരെ നമുക്ക് ക്ഷമയോടെ കാത്തിരിക്കാം. ഈയൊരു രാത്രിയും കടന്നുപോവും. നമ്മുടെ എല്ലാ സൗഭാഗ്യങ്ങളും തിരിച്ചുവരും. ഈ ഇരുട്ടിനെ അതിജീവിക്കാന്‍ നമുക്ക് കഴിയുമെന്ന് എനിക്കുറപ്പുണ്ട്.

Content Highlights: Mammootty, Corona Virus, Covid 19, Lock Down

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section
Most Commented