ഈ നർമമാണ്, മൂർച്ചയുള്ള ഈ പരിഹാസമാണ് മലയാളത്തിന് ഇന്ന് നഷ്ടമാവുന്നത്.

ഇംഗ്ലീഷ് ഹാസ്യസാമ്രാട്ട് പീറ്റർ സെല്ലേഴ്‌സ് മലയാളത്തിൽ അഭിനയിച്ചിട്ടില്ല. എന്നാൽ, പിങ്ക് പാന്തർ പരമ്പരയിലെ സെല്ലേഴ്‌സിന്റെ വിഖ്യാതവേഷം ഇൻസ്‌പെക്ടർ ക്ലൂഷോയെ കണ്ടുപരിചയമുണ്ട് മലയാളികൾക്ക്. അതിന്റെയൊരു വിദൂര ഛായയിൽ ചെയ്തതാണ് പട്ടണപ്രവേശത്തിലെ കോൺസ്റ്റബിൾ വിജയനെന്ന് പണ്ടൊരിക്കൽ തുറന്നുപറഞ്ഞിട്ടുണ്ട് ശ്രീനിവാസൻ. നിസ്സംഗനും ഗൗരവക്കാരനുമായി അഭിനയിച്ച് പൊട്ടിച്ചിരിയുടെ അമിട്ട് പൊട്ടിക്കുന്ന ഈ സെല്ലേഴ്‌സ് ശൈലി പട്ടണപ്രവേശത്തിൽ മാത്രമല്ല, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റും സന്മനസുള്ളവർക്ക് സമാധാനവും അക്കരെ അക്കരെ അക്കരെയും പോലുള്ള എണ്ണമറ്റ ചിത്രങ്ങളിലെ ശ്രീനിവാസന്റെ വേഷങ്ങളിൽ നമ്മൾ കണ്ടു. അത്രമാത്രം സ്വാധീനിച്ചിരുന്നു ദി പാർട്ടിയിലെയും ഗാർഡ്‌നറിലെയും മിസ്റ്റർ ഹോഫ്മാനിലെയും ദി നേക്കഡ് ട്രൂത്തിലെയുമെല്ലാം വേഷങ്ങളിലൂടെ സെല്ലേഴ്‌സെന്നും വർഷങ്ങൾക്ക് മുൻപ് തുറന്നു സമ്മതിച്ചിട്ടുണ്ട് ശ്രീനിവാസൻ. ചാർളി ചാപ്ലിനും ജെറി ലൂയിസും ലോറൽ ആൻഡ് ഹാർഡിയും പോലുള്ള ഇഷ്ടതാരങ്ങളുണ്ടായിട്ടും സെല്ലേഴ്‌സ് ശ്രീനിയുടെ മനസ്സിൽ ഒരു പണത്തൂക്കത്തിന് മുന്നിട്ടുനിന്നു എന്നതിന് ഗൗരവക്കാരന്റെ മേലങ്കിയിലുള്ള എണ്ണമറ്റ ആ ഹാസ്യവേഷങ്ങൾ തന്നെ സാക്ഷ്യം.
പീറ്റർ സെല്ലേഴ്‌സ് എന്ന നടൻ സ്വാധീനിക്കാനുള്ള കാരണങ്ങളും 'താരം കൊതിക്കുന്ന വേഷം' എന്ന മാതൃഭൂമി വാരാന്തപ്പതിപ്പിലെ പംക്തിയിൽ ശ്രീനിവാസൻ പണ്ട് അക്കമിട്ട് നിരത്തിയിരുന്നു. നിസ്സാരമായ കാര്യങ്ങൾ പോലും വളരെ ഗൗരവത്തിലാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ചുറ്റിലുമുള്ളതിനോടെല്ലാം ഒരു നിസ്സംഗ, നിർവികാരഭാവം. തമാശയ്ക്കുവേണ്ടി ഗോഷ്ഠികളൊന്നും കാണിക്കുന്നില്ല. എന്നിട്ടും നമ്മൾ ചിരിച്ചുപോകും. ബോധപൂർവമല്ലെങ്കിലും അഭിനയത്തിൽ ഈയൊരു ശൈലി അന്തർധാരയായി പ്രവഹിക്കുന്നുണ്ടാകാമെന്നും ശ്രീനിവാസൻ തന്നെ പറയുന്നു. ഭാസിയും ബഹദൂറും ശങ്കരാടിയും ജഗതിയും അടങ്ങുന്ന ഹാസ്യരാജാക്കന്മാരുടെ സമ്പന്നമായ തലപ്പൊക്കമുള്ള വംശാവലിയിൽ നിന്ന് ശ്രീനിവാസനിലെ ഹാസ്യതാരത്തെ വേറിട്ട് നിർത്തുന്നതും ഈ സെല്ലേഴ്‌സ് സ്വാധീനം തന്നെയെന്ന് അധികമൊന്നും ചർച്ച ചെയ്യപ്പെടാത്ത വസ്തുത. കടുവാകുളവും എസ്പി പിള്ളയും പട്ടം സദനും പൊങ്ങൻചട്ടിയും ആലുംമൂടനുമടങ്ങുന്ന തലമുറയുടെ സ്ലാപ് സ്റ്റിക് കോമഡിയിൽ നിന്ന് മലയാള ഹാസ്യത്തെ വേറിട്ടൊരു ബൗദ്ധികതലം നൽകി വളർത്തുന്നതിൽ ഈ അഭിനയശൈലി വഹിച്ച പങ്കും ചെറുതല്ല.
ചിരിക്ക് വലിയ സാധ്യതയില്ലായിരുന്നു, വയറൻ മൈക്കലായുള്ള മണിമുഴക്കത്തിലെ അരങ്ങേറ്റത്തിന്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ രജനികാന്തിന്റെ പഴയ സഹപാഠിയെ തേടി പിന്നെയും എത്തിയത് ഏറെയും നരച്ച നിറത്തിലെഴുതിയ ഗൗരവമേറിയ വേഷങ്ങൾ തന്നെ. പതിവ് ട്രാക്കൊക്കെ തെറ്റിച്ചെത്തിയ പ്രിയദർശന്റെ ഓടരുത് അമ്മാവാ ആളറിയാം വേണ്ടിവന്നു പുതിയ ജന്മത്തിന്. ലിസിയുടെ മീനുവിനെ വളയ്ക്കാൻ ഹിന്ദിവാധ്യാരാവുന്ന ഭക്തവത്സലൻ ഹാസ്യവേഷത്തിലെ ശ്രീനിവാസന്റെ തുടക്കം മാത്രമായിരുന്നില്ല. പ്രിയന്റെ നിർബന്ധത്തിന് വഴങ്ങി തീർത്തും അപ്രതീക്ഷിതമായി ശ്രീനിയിലെ എഴുത്തുകാരൻ കൂടിയാണ് അന്നങ്ങനെ വെളിച്ചം കണ്ടത്. അരവിന്ദന്റെ ചിദംബരത്തിലും ഒരിടത്തിലുമെല്ലാം പച്ചയായ ജീവിതം പറഞ്ഞ അതേ ഗൗരവത്തോടെ, അതേ കാലത്ത് പ്രിയന്റെയും സത്യൻ അന്തിക്കാടിന്റെയുമൊക്കെ ചിത്രങ്ങളിൽ പൊട്ടിച്ചിരിപ്പിക്കാനും ശ്രീനിവാസനായി. പൂച്ചക്കൊരു മൂക്കുത്തിയും അക്കരെ നിന്നൊരു മാരനും മുത്താരംകുന്നും അരം+അരം=കിന്നരവും ഗാന്ധിനഗറും ധീം തരികിട തോമുമൊക്കെയായി ആ വേറിട്ട വഴി കൊഴുത്ത് സമ്പന്നമായി. മലയാള സിനമയ്ക്കും അത് അപരിചിതമായ പുതുവഴിയായി. അറുപതുകളിലെ പീറ്റർ സെല്ലേഴ്‌സിനെ കണ്ട് എൺപതുകൾ മുതൽ മലയാളികളും തല തല്ലിച്ചിരിച്ചു. തല തെറിച്ച് ചിന്തിച്ചു. പുതിയ ഭാവം കണ്ട് അന്തംവിട്ടു. ശ്രീനിവാസനിലെ നടന്റെ ഈ സംഭാവന ചെറുതല്ല. അതിന് മുൻപോ പിമ്പോ കണ്ടുപരിചിതമായിരുന്നില്ല ഈ ശൈലി മലയാളത്തിന്.
അഭിനയത്തിൽ പരീക്ഷിച്ച് വിജയിച്ച ഇതേ വേറിട്ട വഴി തന്നെയാണ് എഴുത്തിലും ശ്രീനിവാസൻ അവലംബിച്ചത്. ആദ്യകാലത്തെ പ്രിയദർശന്റെ സ്ലാപ്പ് സ്റ്റിക് കോമഡി ചിത്രങ്ങളിൽ നിന്ന് ക്ഷണത്തിൽ തന്നെ ആക്ഷേപഹാസ്യത്തിന്റെ, മലയാളം അന്നോളം കണ്ടോ പരീക്ഷിച്ചോ ശീലിക്കാത്ത പാതയിലേയ്ക്ക് ചുവടുമാറുകയായിരുന്നു ശ്രീനി. ഉള്ളിൽ തൊടുന്ന നോവിന്റെ സ്പർശം കൂടിയുണ്ടായിരുന്നു ഗാന്ധിനഗറിലും സന്മനസിലും ടി.പി.ബാലഗോപാലനിലും നാടോടിക്കാറ്റിലുമെല്ലാം നമ്മൾ കണ്ടുചിരിച്ച ആ നർമത്തിന്. ഉള്ളുലയ്ക്കുന്ന കടുത്ത ജീവിതയാഥാർഥ്യങ്ങളെ ഇങ്ങനെ ചിരിയുടെ മേമ്പൊടിയിൽ അവതരിപ്പിക്കുന്നത് അത്ഭുതത്തോടെയാണ് മലയാളം കണ്ടു കൈയടിച്ചത്. ഇവിടെ നിന്നായിരുന്നു ശ്രീധരന്റെ ഒന്നാം തിരുമുറിവ് പോലുള്ളവ മുതൽ ആക്ഷേപഹാസ്യത്തിലേയ്ക്കുള്ള ഗതിമാറ്റം. കെ.ജി.ജോർജിന്റെ പഞ്ചവടിപ്പാലത്തിനുശേഷം നർമത്തിൽ ചാലിച്ച സാമൂഹ്യവിമർശനവും ആക്ഷേപഹാസ്യവും ഒരിക്കൽക്കൂടി വെള്ളിത്തിരയിൽ ജീവൻവെച്ചുതുടങ്ങി. എം.ടിയും ടി.ദാമോദരനുമെല്ലാം പയറ്റിത്തെളിഞ്ഞ വിമർശനത്തിന്റെ കരുണയറ്റ കൂരമ്പായിരുന്നില്ല. ഉള്ളിൽ മധുരം പുരട്ടി മന്ദം മന്ദം തുളഞ്ഞുകയറുന്ന ആക്ഷേപഹാസ്യമായിരുന്നു ശ്രീനിവാസന്റെ ശരം. തുള്ളൽതട്ടിൽ കുഞ്ചനും എഴുത്തിൽ സഞ്ജയനും ചെയ്തത് എന്തോ അതുതന്നെയായിരുന്നു അഭ്രപാളിയിൽ ഇരുവരുടെയും മേളനമായി ശ്രീനിയും പ്രയോഗിച്ചതെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല തെല്ലും. സന്ദേശവും വരവേൽപും വടക്കുനോക്കിയന്ത്രവും വെള്ളാനകളുടെ നാടും തലയണമന്ത്രവും മിഥുനവും ഉദയനാണ് താരവും അതിലെ രംഗങ്ങളും ഡയലോഗുകളുമെല്ലാം നിത്യഹരിതങ്ങളായി നിലനിൽക്കുന്നതിന് വേറെന്ത് ന്യായം.
അപരനിന്ദയായിരുന്നില്ല, ആത്മനിന്ദയോളം പോന്ന ആത്മവിമർശനമായിരുന്നു ആക്ഷേപഹാസ്യത്തിന് ശ്രീനിവാസന് ആയുധം. അവനവൻ തന്നെയായിരുന്നു ആ കുത്തുന്ന പരിഹാസത്തിന്റെ പോർമുന. ഇന്നത്തെ കാലത്തെ സെൽഫ് ട്രോളിന്റെ തലതൊട്ടപ്പൻ എന്ന വിശേഷണം മറ്റാരേക്കാളും ചേരുന്നതും അതുകൊണ്ടുതന്നെ. തലയണമന്ത്രവും പാവം പാവം രാജകുമാരനും അഴകിയ രാവണനും മൈ ഡിയർ മുത്തച്ഛനും ഒരു മറവത്തൂർ കനവും യാത്രക്കാരുടെ ശ്രദ്ധയ്ക്കും കഥ പറയുമ്പോഴും ഉദയനാണ് താരവും അയാൾ കഥയെഴുതുകയാണും നരേന്ദ്രൻ മകനും കഥ പറയുമ്പോഴും അങ്ങനെ ശ്രീനിവാസൻ അവനവന് നേരെ തിരിച്ചുപിടിച്ച കണ്ണാടികളായി. ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയൻ മാഷിനെയും വടക്കുനോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശനെയും കഥ പറയുമ്പോഴിലെ ബാർബർ ബാലനെയും ഗോളാന്തരവാർത്തകളിലെ കാരക്കൂട്ടിൽ ദാസനെയും തലയണമന്ത്രത്തിലെ മേസ്തരി സുകുമാരനെയും മറവത്തൂർ കനവിലെ മരുതിനെയുമെല്ലാം സൃഷ്ടിച്ച് സ്വയംവേഷമിട്ടാനുള്ള തന്റേടം മറ്റേത് എഴുത്തുകാരനുണ്ട്, സംവിധായകനുണ്ട് മലയാളത്തിൽ. ഇനിയുണ്ടാവുകയുമില്ല എന്നിടത്താണ് ശ്രീനിവാസന്റെ വിടവാങ്ങൽ ഒരു യഥാർഥ നഷ്ടമാവുന്നത്.
വ്യക്തികളേക്കാൾ ശ്രീനിവാസന്റെ നർമവും പരിഹാസവും മുറിവേൽപിച്ചിരിക്കുക ഒരുപക്ഷേ, പ്രസ്ഥാനങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയുമാവും. ആ കൂരമ്പ് ചെന്നു കൊള്ളാത്തവരുണ്ടായിരുന്നില്ല ഉലകിൽ. മലയാളത്തിന് മാറ്റേറിയ കുറേ ക്ലാസിക്കുകൾ മാത്രമല്ല, കൈയടിയും കൈയേറ്റവും ഒരുപോലെ സമ്മാനിച്ചു ഇവ ശ്രീനിവാസന്. ചിന്താവിഷ്ടയായ ശ്യാമള സ്ത്രീപക്ഷക്കാരുടെ വലിയ കൈയടി നേടിയെങ്കിൽ സന്ദേശവും വരവേൽപ്പും ഉണ്ടാക്കിയ രാഷ്ട്രീയ ഈർഷ്യയ്ക്ക് ഇന്നുമില്ല കണക്ക്. അരാഷ്ട്രീയവാദിയെന്നും അശ്ലീലകാരനെന്നും ചാർത്തിക്കൊടുത്തു ഇടതുപക്ഷം. ഇംഗ്ലീഷ് മീഡിയവും വിദ്യാരംഭവുമെല്ലാം വിദ്യാഭ്യാസ വിദഗ്ദ്ധരെ ചൊടിപ്പിച്ചത് ചരിത്രം. സരോജ്കുമാർ വഴിവെച്ച പിണക്കവും പ്രസിദ്ധം. സിനിമയ്ക്ക് പുറത്തുള്ള ചില പരാമർശങ്ങൾ കോടതി കയറ്റിയതും വസ്തുത.
സുഹൃത്തുക്കളെയും ചുറ്റുമുള്ള ലോകത്തെയും മാത്രമല്ല, നർമത്തിന്റെയും പരിഹാസത്തിന്റെയും കണ്ണിലൂടെയേ ആസന്നമെന്ന് തോന്നിച്ച മരണത്തെയും സ്വന്തം ചരമവാർത്തയെപ്പോലും കണ്ടിരുന്നുള്ളൂ, ഉരുളയ്ക്ക് ഉപ്പേരി കൊടുത്തുശീലിച്ച ശ്രീനിവാസൻ. പോയിട്ട് പരമാവധി ആദരാഞ്ജലി സംഘടിപ്പിച്ചോണ്ട് വാ... പിന്നെ, അഞ്ജലികളെ തടയുന്ന ഒറ്റ പോസ്റ്റ് പോലും ഇട്ടേക്കരുതെന്നാണ് ഒരിക്കൽ സംവിധായകൻ മനോജ് രാംസിങ്ങിനോട് പറഞ്ഞത്. ഈ നർമമാണ്, മൂർച്ചയുള്ള ഈ പരിഹാസമാണ് മലയാളത്തിന് ഇന്ന് നഷ്ടമാവുന്നത്. ഇതുതന്നെയാണ് ശ്രീനിവാസന്റെ മരണം സമ്മാനിക്കുന്ന പകരംവെക്കാനില്ലാത്ത ശൂന്യതയും.
Content Highlights: Explore why Sreenivasan was loved and hated. Discover his unique Peter Sellers-inspired comedy style and sharp satirical writing.
Published: 20 Dec 2025, 05:22 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented