മിണ്ടാത്തതെന്തേ കിളി പെണ്ണേ, സ്വര്‍ണമുകിലേ സ്വര്‍ണമുകിലേ, ചൈത്രം ചായം ചാലിച്ചു, ഒരു വട്ടം കൂടിയെന്‍ തുടങ്ങിയ ഗാനങ്ങള്‍ ഒരിക്കല്‍ പോലും മൂളാത്തവരോ ആ ഗാനരംഗങ്ങള്‍ കാണാത്തവരോ ആയ മലയാളികള്‍ ഉണ്ടാകില്ല. ഇതിലെല്ലാം അഭിനയിച്ച ശാന്തികൃഷ്ണ എന്ന നടിയേയും. പ്രഗത്ഭരായ സംവിധായകരൊപ്പം ഇമേജുകളുടെ ഭാരമില്ലാതെ നിരവധി കഥാപാത്രങ്ങളെ മനോഹരമാക്കാന്‍ ശാന്തി കൃഷ്ണക്ക് സാധിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ സിനിമയില്‍നിന്ന് വിട്ടുനിന്നിട്ടും തിരികെ വന്നപ്പോഴൊക്കെ സിനിമയിലുണ്ടായ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും കഥാപാത്രങ്ങളെ അനശ്വരമാക്കാനും കഴിഞ്ഞിട്ടുണ്ട്. മൂന്നാം വരവിലെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രമാണ് ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നിള എന്ന ചിത്രത്തിലേതെന്ന് പറയുന്നു ശാന്തി കൃഷ്ണ. ഡോ. മാലതിയായി വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നതിന്റെ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമിനോടൊപ്പം പങ്കുവെക്കുകയാണ് അവര്‍.

To advertise here,

ഞാനൊരു ഫസ്റ്റ് ടേക്ക് ആക്ടറാണ്

ഒരു സിനിമ ചെയ്യുമ്പോള്‍ ഓരോ സീനും സംവിധായകന്‍ പറഞ്ഞു തന്നാല്‍ മാനസികമായി ആ സീന്‍ ചെയ്യുന്നതിന് വേണ്ടി തയാറാകും. ഒരു ഇമോഷണല്‍ സീന്‍ ആണെങ്കില്‍ സ്വാഭാവികമായും മനസിനകത്ത് ചെറിയൊരു പ്ലാനിങൊക്കെ നടത്തിയിട്ടുണ്ടാകും. ആക്ഷന്‍ പറഞ്ഞ്, ആ സീന്‍ ചെയ്ത് തുടങ്ങിയാല്‍ സാങ്കേതിക തകരാറോ മറ്റെന്തെകിലും കാരണത്താലോ കട്ട് ചെയ്യേണ്ടി വന്നാല്‍ എനിക്ക് വലിയ വിഷമം ഉണ്ടാകാറുണ്ട്. ആ സമയത്തൊക്കെ ചെയ്യുന്നതാണ് എനിക്ക് നല്ലത്. ചിലപ്പോള്‍ സംവിധായകരൊക്കെ പറയും, ആ ഇമോഷന്‍ നന്നായിരുന്നു. അത് പോലെ ഒരിക്കല്‍ കൂടി ചെയ്താല്‍ മതിയെന്ന്. പക്ഷേ പിന്നെ എനിക്ക് ആദ്യത്തേതുപോലെ ചെയ്യാന്‍ കഴിയില്ല. ഓരോ ഇമോഷന്‍സും ഹൃദയത്തില്‍ നിന്നാണ് ചെയ്യുക. ആവശ്യമെങ്കില്‍ രണ്ടോ മൂന്നോ വട്ടമൊക്കെ റീ ടേക്ക് പോകാറുണ്ട്. പക്ഷേ അങ്ങനെയാകുമ്പോള്‍ കട്ട് പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ അതുപോലെ ചെയ്യാന്‍ സാധിച്ചെന്നു വരില്ല. അതുകൊണ്ട് തന്നെ ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട് ഞാനൊരു ഫസ്റ്റ് ടേക്ക് ആക്ടര്‍ ആണെന്ന്.

മൈല്‍സ്റ്റോണാകും 'നിള'

ഒരിക്കലും മറക്കാന്‍ കഴിയാത്ത കഥാപാത്രമാണ് 'നിള'യില്‍ ചെയ്തിരിക്കുന്നത്. കരിയറിലെ തന്നെ മൈല്‍ സ്റ്റോണ്‍ ആകുന്ന തരം ക്യാരക്ടറാണ്. ചിത്രത്തിന്റെ സംവിധായക ഇന്ദു ലക്ഷ്മി  ബാംഗ്ലൂരില്‍ വന്ന് നിള എന്ന ചിത്രത്തിന്റെ കഥ പറയുമ്പോള്‍ തന്നെ കഥാപാത്രത്തെ, കഥയെ ഓര്‍ത്തെല്ലാം ഭയങ്കര ആകാംക്ഷയായിരുന്നു. എന്റെ കരിയറിലെ മൂന്നാം തിരിച്ചുവരവാണ് ഇതെന്നാണ് എല്ലാവരും പറയുന്നത്. അങ്ങനെ എന്റെ മൂന്നാം തിരിച്ചുവരവിലെ ഏറ്റവും മെമ്മറബിളായ  കഥാപാത്രമാണ് 'നിള'യില്‍ ചെയ്തിരിക്കുന്നത്. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ സംതൃപ്തി തരുന്ന തരം കഥാപാത്രമായിരുന്നു അത്.

പല ഇമോഷന്‍സുകളിലൂടെ കടന്നുപോകുന്ന പലതരം ലെയറുകള്‍ ഉള്ള കഥാപാത്രമായിരുന്നു.  ചെറുതായിരിക്കുമ്പോള്‍ മുതല്‍ തന്നെ കഥ പറയാന്‍ ഭയങ്കര ഇഷ്ടമാണ്. ഏതെങ്കിലും സിനിമയൊക്കെ ഇറങ്ങുമ്പോള്‍ ശാന്തി പോയി കണ്ടാല്‍ മതി എന്നാല്‍ സിനിമ മുഴുവന്‍ കണ്ടതുപോലെ ആകുമെന്ന് പണ്ട് ചേട്ടന്മാരൊക്കെ പറയുമായായിരുന്നു.  ഓരോ സീനും ഓരോ ഇമോഷന്‍സുംഅഭിനയിച്ചു തന്നെ ആ സിനിമയുടെ കഥ പറഞ്ഞുകൊടുക്കുമായിരുന്നു. ഇപ്പോള്‍ സംസാരിക്കുമ്പോള്‍ പോലും എന്റെ കൈവിരലുകള്‍ ചലിക്കുന്നുണ്ട്. സ്വാഭാവികമായി ഹൃദയത്തില്‍നിന്നും ഒരു കാര്യം പറയുമ്പോള്‍ ഇത്തരത്തിലുള്ള ചലനങ്ങള്‍ ഉണ്ടാകാറുണ്ട്. നിളയിലെ കഥാപാത്രത്തിന് ഏറെ സഹായകമായിട്ടുണ്ട്. കാരണം കിടക്കുന്ന ഒരു കഥാപാത്രമാണ്. സാധാരണയുള്ള മറ്റ് കഥാപാത്രങ്ങളെ പോലെ ഓടി ചാടി നടക്കുന്നതല്ല. അതുകൊണ്ട് തന്നെ ഓരോ ശരീര ഭാഗത്തിനും സംസാരിക്കാന്‍ സാധിക്കണമായിരുന്നു. ഒരുപാട് വെല്ലുവിളി നിറഞ്ഞതായിരുന്നു ആ കഥാപാത്രം.

placeholder
ശാന്തി കൃഷ്ണ | ഫോട്ടോ: മാതൃഭൂമി

അവരെന്ത് കരുതും എന്ന് ചിന്തിച്ചിരിക്കരുത്

ഓരോ സിനിമയിലും അഭിനയിക്കുമ്പോള്‍ ഫീഡ്ബാക്ക് ഏറ്റവും പ്രധാനമാണ്. 'നിള'യുടെ സംവിധായിക ഇന്ദുലക്ഷ്മി ആദ്യമായാണ് ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. എന്നിരുന്നാല്‍ പോലും  ഒരു കാര്യങ്ങളും കൃത്യമായി മനസ്സിലാക്കി  ഓരോ ഇമോഷന്‍സും ഇങ്ങനെ വേണം എന്ന് ഇന്ദു പറയുന്നുണ്ടായിരുന്നു. ഡബ്ബിങ് സമയത്ത് പോലും ആദ്യം അഭിനയിച്ചപ്പോള്‍ ഉണ്ടായിരുന്ന അതേ ഫീല്‍ തന്നെ കിട്ടണമെന്ന നിര്‍ബന്ധം ഇന്ദു പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മാത്രമേ അഭിനയത്തിന്റെ  ഒരു പ്രതിഫലനം സ്‌ക്രീനില്‍ കാണാന്‍ കഴിയുകയുള്ളൂ.

ഓരോ കഥാപാത്രത്തെ കുറിച്ചും  സംവിധായകന്റെ മനസ്സില്‍ ഒരു ചിത്രം ഉണ്ടായിരിക്കും. അഭിനേതാവ് എന്ന നിലയില്‍ നമ്മുടെ മുന്നിലെത്തുന്ന കഥാപാത്രത്തെ നമ്മള്‍ ചെയ്യും. പക്ഷേ സംവിധായകന്റെ   മനസ്സിലുള്ള ആ ചിത്രം വന്നില്ലെങ്കില്‍ തുറന്നു പറയാന്‍ ചിലരെങ്കിലും മടിക്കാറുണ്ട്. അവരുടെ സീനിയര്‍ ആര്‍ട്ടിസ്റ്റ് അല്ലേ, അവരോട് ഇങ്ങനെയാണ് ഇതാണ് വേണ്ടത് എന്ന് പറയുക, അങ്ങനെ പറഞ്ഞാല്‍ അവരെന്ത് കരുതും എന്ന് ചിന്തിച്ചിരിക്കുന്നവരുണ്ട്. അങ്ങനെ ഒരു മനോഭാവം  വന്നുകഴിഞ്ഞാല്‍ അഭിനയിക്കാന്‍ വരുന്ന ആള്‍ വെറുതേ അഭിനയിച്ചു പോകും. പക്ഷേ സംവിധായകന് എന്താണ് വേണ്ടതെന്ന് കൃത്യമായി പറയണം. അങ്ങനെ പറയുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. കൃത്യമായ ഒരു ഫീഡ്ബാക്ക് കിട്ടുമ്പോള്‍ കൂടുതല്‍  നന്നാക്കാന്‍ സാധിക്കും എന്ന കാഴ്ചപ്പാടുള്ള ആളാണ് ഞാന്‍.

ഞണ്ടുകളുടെ നാട്ടില്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അല്‍ത്താഫ് ഇത്തരത്തില്‍ ഓരോ കാര്യവും തുറന്ന്  സംസാരിക്കുമായിരുന്നു. മാഡം ഇത്രയും ഇമോഷന്‍ വേണ്ട, ഇത് കുറഞ്ഞുപോയി എന്നൊക്കെ കൃത്യമായി പറയുമായിരുന്നു. ഇത്തരത്തിലുള്ള ഫീഡ്ബാക്ക് കിട്ടുമ്പോള്‍ അഭിനയിക്കുന്നത് ഒരിക്കല്‍കൂടി നന്നാക്കാനായി സാധിക്കും. അല്‍ത്താഫിനെ പോലെ തന്നെയാണ് 'നിള'യുടെ സംവിധായക ഇന്ദുവും. സിനിമ തുടങ്ങിയത് മുതല്‍ തന്നെ ഒരോ സീനും കൃത്യമായി  എന്താണ് വേണ്ടത് എന്ന് പറയുമായിരുന്നു.

സിനിമയില്‍ അവസാന വാക്ക് സംവിധായകന്റേത്

80-കളിലും 90-കളിലും പ്രഗത്ഭരായ സംവിധായകരൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ എത്ര വലിയ സ്റ്റാറായാലും ഇത്ര സമയത്ത് പോകണം എന്നൊന്നും ഉള്ള ഒരു നിര്‍ബന്ധമോ വ്യത്യാസമോ ഇല്ലായിരുന്നു. അതൊരു അച്ചടക്കമായിരുന്നു. സിനിമയെ സംബന്ധിച്ച് സംവിധായകന്റേതാണ് അവസാന വാക്ക്. ഇന്ന് ഇത്ര സമയം വര്‍ക്ക് ചെയ്യണം, ഈ സീന്‍ തീര്‍ക്കണം എന്ന് പറഞ്ഞാല്‍ നമ്മള്‍ ഒക്കെ ആണ്, നമുക്ക് പോകണമെങ്കിലും പോകണമെന്ന് പറയില്ലായിരുന്നു. നമ്മള്‍ വന്നിരിക്കുന്നത് സിനിമ ചെയ്തു തീര്‍ക്കാനാണ്. 25 ദിവസം കൊണ്ടെല്ലാം സിനിമ തീര്‍ക്കുന്ന സമയം ആയിരുന്നു അന്ന്. അന്ന് രാത്രിസമയത്ത് ഷൂട്ടിനെല്ലാം ഒരു പ്രശ്‌നവും ഇല്ലായിരുന്നു. മംഗളം നേരുന്നു ഞാന്‍ എന്ന ചിത്രത്തില്‍ ഫുള്‍ രാത്രി ആയിരുന്നു ഷൂട്ട്. അന്ന് ഗ്ലിസറിന്‍ ഇട്ട് കരയുന്ന സീനില്‍ കുറെ കഴിയുമ്പോള്‍ കണ്ണില്‍ നിന്നും വെള്ളം വരാതെയായി. അത്രയും ഡ്രൈ ആയി പോകും. അതിനിടയില്‍ ഉറക്കം വരികയും ചെയ്യും. പക്ഷേ, ആ സിനിമ അങ്ങനെ തന്നെ തീര്‍ക്കണം എന്ന നിര്‍ബന്ധം ആയിരുന്നു. രാത്രി ഷൂട്ട് ചെയ്യേണ്ട സാഹചര്യം വരുമ്പോള്‍ അങ്ങനെ ചെയ്യും. ഇന്ന് പ്രായം കൂടുന്നതിനനുസരിച്ച് ചിലപ്പോഴൊക്കെ ബുദ്ധിമുട്ട് ആകാറുണ്ട്. എന്നാലും ഓരോ കഥാപാത്രങ്ങളും ഉള്‍ക്കൊള്ളുമ്പോള്‍ സമയത്തിനെ കുറിച്ച് ഒരിക്കലും ചിന്തിക്കാറില്ല.

placeholder
ശാന്തി കൃഷ്ണ |ഫോട്ടോ: ജി.ആർ. രാഹുൽ | മാതൃഭൂമി

അഭിനയത്തില്‍ മുതല്‍ക്കൂട്ടാകുന്നത് നൃത്തം

 

'നിള'യില്‍ ഒരു സീന്‍ ചെയ്തതിന്  ശേഷം എന്റെ കൈ വിറച്ചത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. സീന്‍ കഴിഞ്ഞിട്ടും ശരീരമാകെ മരവിച്ച ഒരു ഫീല്‍ ആയിരുന്നു. അതിന്റെ ഇമോഷന്‍സ്  എന്നില്‍തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ നൃത്തം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. സോളോ പെര്‍ഫോമന്‍സ് ചെയ്യുമ്പോള്‍ ഒരുപാട് കഥാപാത്രങ്ങളെയാണല്ലോ നമ്മള്‍ അവതരിപ്പിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഓരോ കഥാപാത്രങ്ങളെയും ഉള്‍ക്കൊണ്ട് അതിന്റെ ആക്ഷന്‍സ് ചെയ്യണം. ദശാവതാരം ഡാന്‍സില്‍ ഓരോ അവതാരങ്ങളെയും  മനസ്സില്‍ കണ്ട് ചെയ്യുമ്പോള്‍  സ്വാഭാവികമായും കഥാപാത്രങ്ങള്‍ ഉള്‍ക്കൊണ്ട് അവതരിപ്പിക്കണം. ഉദാഹരണത്തിന് ഗജേന്ദ്രമോക്ഷം ചെയ്യുമ്പോള്‍ ആ ബലപ്രയോഗം ആക്ഷനിലൂടെ നമ്മള്‍ കാണിക്കണം. ആനയുടെ കാലില്‍ മുതല പിടിക്കുമ്പോള്‍ രണ്ടുപേരുടെയും പ്രയാസം നമ്മള്‍ കാണിക്കണം. ഇങ്ങനെയൊക്കെ ചെയ്ത ഈ ശീലം  ആയിരിക്കണം അഭിനയത്തില്‍ എന്നെ സഹായിക്കുന്നത്. കൂടാതെ ശാരീരികമായി എന്തെങ്കിലും പരിശ്രമം നടത്തി ചെയ്യുന്ന കഥാപാത്രങ്ങളും സീനുകളും ഇഷ്ടമാണ്.

ഗുരുവായൂരപ്പനാണ് ഇഷ്ട ദൈവം, പക്ഷേ പേരിലെ കൃഷ്ണ അച്ഛനാണ്

പലപ്പോഴും ഡാന്‍സ് ചെയ്ത് അക്ഷരാര്‍ഥത്തില്‍ കരഞ്ഞുപോയ നിമിഷങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. ഞാന്‍ ചെയ്യുന്ന  ഡാന്‍സില്‍ ഏറ്റവും ഇഷ്ടപ്പെട്ടതാണ് നാരായണീയം. ഗുരുവായൂരപ്പന്‍ എന്റെ ഇഷ്ട ദൈവമാണ്. എപ്പോഴും എന്റെ കയ്യില്‍ നിന്ന് ഹരേ കൃഷ്ണ, എന്റെ കൃഷ്ണാ എന്നൊക്കെയേ വരാറുള്ളൂ. അതുകൊണ്ടാവും എന്റെ പേരും ശാന്തികൃഷ്ണ എന്ന് തന്നെ ഇട്ടത്. പലരും അതിനെ പറ്റി ചോദിച്ചിട്ടുണ്ട്. ഇഷ്ടദൈവം ആയതുകൊണ്ടാണോ ശാന്തികൃഷ്ണ എന്ന പേരിട്ടതെന്ന്. പക്ഷേ എന്റെ അച്ഛന്റെ പേരാണ് എന്ന് ഞാന്‍ മറുപടിയും കൊടുത്തിട്ടുണ്ട്. സ്റ്റേജില്‍  ഡാന്‍സ് ചെയ്യുമ്പോള്‍ അതിന്റെ ഫീഡ്ബാക്കും  അപ്പോള്‍ തന്നെ നമുക്ക് കിട്ടാറുണ്ട്. ഡാന്‍സ് ചെയ്യുമ്പോള്‍ നമ്മള്‍ നമ്മളായി ഇരിക്കുകയല്ല പകരം നമുക്ക് ചുറ്റും ഒരു ഈശ്വരാംശം ഉണ്ടാകും. ദൈവത്തിന്റെ വിഗ്രഹം വെച്ചുവെന്നോ പൂജിച്ചു എന്നതോ മാത്രമല്ല. ഓരോ ഡാന്‍സ് ചെയ്യുമ്പോഴും ഓരോ എക്‌സ്പ്രഷന്‍സ് ചെയുമ്പോഴും അമ്പലത്തിന്റെ ഫീലാണ് ഉണ്ടാകാറുള്ളത്.

ഗുരുവായൂരപ്പനെ കുറിച്ചുള്ള ഒരു പാട്ടാണെങ്കില്‍ ആള്‍ക്കാര്‍ അവിടെ പോയ ഒരു ഫീല്‍ ആണ് കൊടുക്കാന്‍ നോക്കാറുള്ളത്.  ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ  കാലിന് കുറച്ചു പ്രശ്‌നം വന്നു. അതിനുശേഷം ഡോക്ടര്‍ ശക്തിയായി ചവിട്ടാന്‍ പാടില്ല എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ഡാന്‍സ് മാറ്റിവെക്കാന്‍ ഉണ്ടായ കാരണങ്ങളില്‍ ഒന്ന് അതാണ്. ശരിക്കും ഇപ്പോള്‍ സ്റ്റേജ് മിസ് ചെയ്യുന്നുണ്ട്. ഇനിയെന്നാണ് ചെയ്യാന്‍ സാധിക്കുക എന്ന് അറിയില്ല. പക്ഷേ സ്റ്റേജില്‍ ഡാന്‍സ് ചെയ്യണം.

വിനീതുമായി അടുത്ത ബന്ധം
 
നടന്‍ വിനീതിനെ കുട്ടിക്കാലം മുതല്‍ തന്നെ എനിക്കറിയാം. തലശ്ശേരിയില്‍ ഒരു ഡാന്‍സ് പ്രോഗ്രാമിന് പോയപ്പോള്‍ വിനീതിന്റെ വീട്ടിലായിരുന്നു. അന്ന് വിനീത് മോഹിനിയാട്ടത്തിന്റെ വേഷമൊക്കെ ഇട്ട ഫോട്ടോസ് അവിടെയുണ്ടായിരുന്നു. അഭിനയിക്കാന്‍ ഒക്കെ ഇഷ്ടമാണെന്നും ഡാന്‍സ് അവന് ഭയങ്കര ഇഷ്ടമാണെന്നും അവന്റെ അമ്മ അന്ന് പറയുമായിരുന്നു.   അന്ന് വിനീത് സിനിമയില്‍ ഒന്നും വന്നിട്ടില്ലായിരുന്നു. അക്കാലം മുതല്‍ തന്നെ എനിക്ക് വിനീതിനെ അറിയാമായിരുന്നു. എന്റെ ഡാന്‍സ് പരിപാടി എല്ലാം സ്റ്റേജിനു മുന്നില്‍ വളരെ ആകാംക്ഷയോടെ വന്നിരുന്നു അവന്‍ കാണുമായിരുന്നു. പിന്നെ ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് സിനിമകളിലും വര്‍ക്കുകളും ചെയ്തിട്ടുണ്ട്. 'നിള'യില്‍ എന്റെ മകനായി വിനീത് അഭിനയിക്കുന്നുണ്ട്.