മാപ്പിളപ്പാട്ട് ഗായികയും കാഥികയുമായ റംലാ ബീഗത്തിന്റെപേര് മലബാറിലെ വേദികളിൽ മുഴങ്ങിത്തുടങ്ങിയ എൺപതുകളിലാണ് അവരുടെ ഒരു കഥാപ്രസംഗത്തിന് കൊടുവള്ളിയിൽ അരങ്ങൊരുങ്ങിയത്. ടിക്കറ്റ്‌വെച്ച് നടത്തിയ ‘ബദറുൽമുനീർ ഹുസ്നുൽ ജമാൽ’ പരിപാടിയുടെ വരുമാനം കൊടുവള്ളി മാർക്കറ്റ് റോഡ് ടാറിങ് നടത്തുന്നതിന് വിനിയോഗിക്കാനായിരുന്നു സംഘാടകരായ എം.ഇ.എസിന്റെ തീരുമാനം.

To advertise here,

പരിപാടിയുടെ തലേദിവസം കൊടുവള്ളിയിൽ ഇതുമായിബന്ധപ്പെട്ട് നോട്ടീസ് ഇറങ്ങി. ‘റോഡ് ടാറിടുവാനോ സമുദായത്തെ താറടിക്കുവാനോ’ എന്നതായിരുന്നു ആ നോട്ടീസിന്റെ തലവാചകം. മുസ്‌ലിം പെൺകുട്ടികൾ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത് അപരാധമെന്ന് വിശ്വസിച്ചിരുന്ന കാലമായിരുന്നു അത്. പോരാത്തതിന് എം.ഇ.എസ്. എന്ന സംഘടനയോടുള്ള കടുത്തവിരോധവും. റംലാ ബീഗത്തിന്റെ കഥാപ്രസംഗം തുടങ്ങിയ ഉടൻ തുരുതുരാ കല്ലേറുകൾ.

വെളിച്ചത്തിന് ഉപയോഗിച്ചിരുന്ന പെട്രോൾ മാക്സുകളെല്ലാം എറിഞ്ഞുടച്ചു. സ്ഥലത്ത് ഭീതിജനകമായ അന്തരീക്ഷമായിരുന്നിട്ടും അതൊന്നും വകവെക്കാതെ റംലാ ബീഗം കഥപറയൽ തുടർന്നു. അന്നത്തെ കോഴിക്കോട് ജില്ലാ പോലീസ് സൂപ്രണ്ട് അബ്ദുൾഷാഫിയായിരുന്നു പരിപാടി ഉദ്ഘാടനംചെയ്തത്.

ചില പ്രശ്നങ്ങളുണ്ടെന്ന് ഉദ്ഘാടനസമയത്തുതന്നെ അദ്ദേഹത്തിന് തോന്നിയിരുന്നു. ഉദ്ഘാടനംകഴിഞ്ഞ് പോകുമ്പോൾ പോലീസിന്റെ വല്ലസഹായവും വേണ്ടതുണ്ടോ എന്ന് എം.ഇ.എസിന്റെ കൊടുവള്ളി യൂണിറ്റ് സെക്രട്ടറിയായിരുന്ന കോതൂർ മുഹമ്മദിനോട് അദ്ദേഹം ചോദിച്ചു. ചിലപ്പോൾ വേണ്ടിവരുമെന്നായിരുന്നു മറുപടി പറഞ്ഞത്.

പോലീസ് സൂപ്രണ്ട് പുറപ്പെട്ട് അരമണിക്കൂറിനകം ഒരുവണ്ടിനിറയെ പോലീസുകാർ സ്ഥലത്തെത്തി. എന്നാൽ അപ്പോഴേക്കും നടക്കേണ്ടതെല്ലാം നടന്നു കഴിഞ്ഞിരുന്നു. റംലാ ബീഗത്തിന് പരിപാടി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അടുത്തദിവസം പരിപാടി കുന്ദമംഗലത്തിനടുത്ത പോലൂരിലായിരുന്നു. കൊടുവള്ളിയിലെ സംഘാടകരെല്ലാം പോലൂരിൽ എത്തിയിരുന്നു.

കൊടുവള്ളിയിലെ പരിപാടി തകർക്കാൻ നേതൃത്വം നൽകിയവർ മുഴുവൻ റംലാ ബീഗത്തിന്റെ കഥാപ്രസംഗം ആസ്വദിക്കാൻ അവിടെ മുൻനിരയിൽത്തന്നെ ഉണ്ടായിരുന്നതായി കോതൂർ മുഹമ്മദ് പറഞ്ഞു.

കഴിഞ്ഞവർഷം കോഴിക്കാട്ട് ഒരു പരിപാടിയിൽ റംലാ ബീഗത്തെ കണ്ടപ്പോൾ വർഷങ്ങൾക്കുമുമ്പ് കൊടുവള്ളിയിൽ തനിക്കുണ്ടായ ദുഃഖാനുഭവം അവർ ഓർത്തെടുത്ത് പറഞ്ഞതായും കോതൂർ മുഹമ്മദ് അനുസ്മരിച്ചു. കഴിഞ്ഞദിവസം റംലാ ബീഗം വിടപറഞ്ഞപ്പോൾ കൊടുവള്ളിയിലെ പഴയതലമുറയിൽപ്പെട്ടവരും ആ അനുഭവം ഓർത്തെടുത്തു.