സുശാന്ത് സിങ് രജ്പുത് | ഫോട്ടോ: എ.എഫ്.പി
പതിയെ തുടങ്ങി, ജ്വലിച്ചുയരാൻ ഒരുങ്ങവേ പാതിയില്‍ അണഞ്ഞ തീനാളം. സുശാന്ത് സിങ് രജ്പുത് എന്ന താരത്തെ, മനുഷ്യസ്‌നേഹിയെ ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. അഭിനയജീവിതത്തില്‍ വെറും 12 സിനിമകളേ സ്വന്തം ക്രെഡിറ്റില്‍ ഉള്ളൂവെങ്കിലും മരണശേഷം ഇന്ത്യന്‍ സിനിമാലോകത്തില്‍ത്തന്നെ ഇത്രയധികം ചര്‍ച്ചചെയ്യപ്പെട്ടതും ദുരൂഹതകളുടെ അഴിയാക്കുരുക്കുകളും നിറഞ്ഞ മറ്റൊരു നടനജീവിതം ഈയടുത്ത കാലത്തുണ്ടായിട്ടില്ല. ഒരുവേള മിത്ത് എന്ന തലത്തിലേക്കും സുശാന്തിന്റെ ജീവിതം മാറ്റപ്പെട്ടോ എന്ന് ചോദിച്ചാലും തെറ്റുപറയാനാവില്ല. 2020 ജൂണ്‍ 14 എന്ന ദിവസം, ഇനിയും മറനീക്കാനാവാത്ത രഹസ്യങ്ങളുടെയെല്ലാം തുടക്കം. അന്ന് അരുതാത്ത ആ കാര്യം നടന്നില്ലായിരുന്നെങ്കില്‍ സുശാന്ത് ഇന്ന് തന്റെ 36-ാം പിറന്നാള്‍ ആഘോഷിച്ചേനേ.
യാദൃച്ഛികതകള്‍ നിറഞ്ഞതായിരുന്നു സുശാന്തിന്റെ ജീവിതം. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തിലായിരുന്നു ജനനം. കുടുംബത്തിലുള്ളവരെല്ലാം ഡോക്ടര്‍മാരോ എഞ്ചിനീയര്‍മാരോ. പക്ഷേ, സുശാന്തിന്റെ മോഹം ബഹിരാകാശ ശാസ്ത്രജ്ഞനോ വൈമാനികനോ ആകാനായിരുന്നു. അത് മാതാപിതാക്കള്‍ക്ക് സ്വീകാര്യമായിരുന്നില്ല.
'കുട്ടിയായിരിക്കുമ്പോള്‍ ബഹിരാകാശ ശാസ്ത്രജ്ഞനാകാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. ഇതിനായി എവിടെപ്പോകണമെന്ന് എനിക്കറിയില്ലായിരുന്നു. നാസയുടെ ഭാഗമാകാന്‍ കുറെ ശ്രമം നടത്തി. തഴയപ്പെട്ടു. അതിനിടെ വളരെ ശക്തിയേറിയ ദൂരദര്‍ശിനി ഞാന്‍ സ്വന്തമാക്കി. രാത്രിയില്‍പോലും ഏതൊരു വസ്തുവിനെയും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഇതിലൂടെ കഴിയും.'
കുട്ടിക്കാലത്തെ തന്റെ തീക്ഷ്ണമായ ആഗ്രഹത്തേക്കുറിച്ച് നാഷണല്‍ ജ്യോഗ്രഫിക് ചാനലിനോട് സുശാന്ത് പറഞ്ഞതിങ്ങനെ. 2017-ല്‍ താരത്തിന് നാസയില്‍ പോകാനും അവിടെ ശില്പശാല നടത്താനുമുള്ള അവസരം സുശാന്തിന് ലഭിച്ചിരുന്നു. ഒരുവര്‍ഷത്തിനുശേഷം രണ്ടുകുട്ടികളെ നാസയിലെത്തിച്ചു. അവരിലൊരാള്‍ക്ക് സ്വര്‍ണമെഡല്‍ കിട്ടി. നാസയിലേക്ക് നൂറുകുട്ടികളെ അയക്കാനും സുശാന്തിന് പദ്ധതിയുണ്ടായിരുന്നു. എല്ലാത്തിനും പുറമേ ചന്ദ്രനിലെ ഭൂമിയില്‍നിന്നു കാണാന്‍ കഴിയാത്ത ഭാഗത്ത് സ്ഥലവും വാങ്ങിയിരുന്നു ഈ നടന്‍. സ്വന്തം ആഗ്രഹങ്ങള്‍ക്കുനേരെ വീട്ടുകാര്‍ മുഖം കറുപ്പിച്ചെങ്കിലും സുശാന്ത് നന്നായി പഠിച്ച് എന്‍ട്രന്‍സിന്റെ കടമ്പ കടന്നു. ഡല്‍ഹി കോളേജ് ഓഫ് എഞ്ചിനീറിങ്ങില്‍ പ്രവേശനവും നേടി. പൊതുവേ അന്തര്‍മുഖനായ സുശാന്തിന്റെ മനസ്സിന്റെ ഏഴയലത്തു കൂടി പോലും അക്കാലത്ത് അഭിനയമോഹം ഉണ്ടായിരുന്നില്ല. ഷാരൂഖ് ഖാനോട് ഭ്രാന്തമായആരാധന ഉണ്ടായിരുന്നു എന്നുമാത്രം. അതിന് കാരണമായതാകട്ടെ 'ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേങ്കെ' കണ്ടതോടെയും. ചിത്രത്തിലെ ഷാരൂഖിന്റെ രാജിനെപ്പോലെ ഒരു സ്വപ്നനായികയെ കണ്ടെത്തുക എന്ന മോഹവും ആ ചെറുപ്പക്കാരന്റെയുള്ളില്‍ വളര്‍ന്നു.
ഈ ആഗ്രഹം ഉള്ളിലിട്ടാണ് സുശാന്ത് കോളേജില്‍ ചേര്‍ന്നത് തന്നെ. പക്ഷേ, നിരാശയായിരുന്നു ഫലം. ആ സമയത്ത് എന്തുകൊണ്ടോ എഞ്ചിനീറിങ്ങിനു പെണ്‍കുട്ടികള്‍ കുറവായിരുന്നു എന്നതായിരുന്നു കാരണം.അപ്പോഴാണ് ഒരു സുഹൃത്ത് ഡാന്‍സ് പഠിക്കാന്‍ ചേരാന്‍ ഉപദേശിച്ചത്. തന്റെ 'നായിക'യെ കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെ മറ്റൊന്നും ആലോചിക്കാതെ പ്രശസ്ത നൃത്താധ്യാപകനും നൃത്ത സംവിധായകനുമായ ഷൈമക് ധാവറിന്റെ നൃത്ത സംഘത്തില്‍ ചേര്‍ന്നു. സുശാന്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അതായിരുന്നു വഴിത്തിരിവ്. ജീവിതത്തിലെ നായികയെ തേടി നടന്നാണ് താന്‍ സിനിമയിലെത്തിയതെന്ന് സുശാന്ത് തന്നെ മുമ്പ് ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. 'ആദ്യം സംഘനൃത്തത്തില്‍ അനേകരില്‍ ഒരാളായി. പിന്നെ ക്രമേണ നായകനുമായി.' സിനിമയിലേക്കുള്ള വിചിത്രവഴിയേക്കുറിച്ച് സുശാന്തിന്റെ തന്നെ വാക്കുകള്‍.

സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള സ്‌കോളര്‍ഷിപ്പും എഞ്ചിനീയറിങ് കോളേജിലെ പഠനവും ഉപേക്ഷിച്ച് മുഴുവന്‍ സമയവും നൃത്തപഠനമായി. നൃത്തം ശരിക്കും തലയ്ക്ക് പിടിച്ചു. മകന്റെ ഈ തീരുമാനം വലിയ ആഘാതമാണ് മാതാപിതാക്കളില്‍ ഉണ്ടാക്കിയത്. എന്നാല്‍ അതൊന്നും അവനെ പിന്തിരിപ്പിച്ചില്ല. മുംബൈ വെര്‍സോവയിലെ ഒറ്റമുറി വീട്ടില്‍ മറ്റ് ആറു പേരോടൊപ്പം അവന്‍ താമസം തുടങ്ങി. തന്റെ ഉള്ളില്‍ ഒരു അഭിനേതാവ് ഉണ്ട് എന്ന് കണ്ടെത്തിയത് ഷൈമാക് ആണൊണ് സുശാന്തിന്റെ പക്ഷം. അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് മുബൈയിലെ പ്രശസ്തമായ ബാരി ജോണ്‍ തിയേറ്റര്‍ ആക്ഷന്‍ ഗ്രൂപ്പില്‍ സുശാന്ത് ചേര്‍ന്നു. തന്റെ വഴി അഭിനയമാണെന്ന തിരിച്ചറിവ് ആ യുവാവിനുണ്ടാകുന്നതും അവിടെവെച്ചാണ്.

അഭിനയത്തെക്കുറിച്ച് ഗാഢമായി പഠിച്ചു തുടങ്ങി. ധാരാളം വായിച്ചു. പതിയെ തന്നിലുണ്ടായിരുന്ന അന്തര്‍മുഖന്‍ ഇമേജ് പറിച്ചറിഞ്ഞു, വേദികളെയും കാണികളെയും പ്രണയിച്ചു തുടങ്ങി. താരരാജാക്കന്മാര്‍ അടക്കി വാണിരുന്ന ബോളിവുഡില്‍ കയറിപ്പറ്റുക എന്നത് ഒരു തുടക്കക്കാരനെ സംബന്ധിച്ച് കഠിനമായ കാര്യമായിരുന്നെങ്കില്‍ തനിക്കത് അങ്ങനെ ആയിരുന്നില്ല എന്നാണ് സുശാന്തിന്റെ പക്ഷം. അതിനൊരു കാരണം പറഞ്ഞിട്ടുണ്ട് സുശാന്ത്: 'നൃത്തമാണെങ്കിലും ആയോധനകലയാണെങ്കിലും നാടകമാണെങ്കിലും ചെയ്യുന്ന ഓരോ കാര്യത്തെയും താന്‍ പ്രണയിച്ചത് കൊണ്ടാണത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയില്‍ പ്രവര്‍ത്തിച്ച കാലത്ത് ഒറ്റമുറി വീട്ടിലെ താമസത്തിനിടയില്‍ നിത്യവും ചെയ്തു പോന്നിരുന്ന പാചകവും വീട് വൃത്തിയാക്കലും വരെ ഞാന്‍ ഇഷ്ടത്തോടെയാണ് ചെയ്തിരുന്നത്. ഇന്ന് പണവും പ്രശസ്തിയും ആയപ്പോഴും അതേ ഇഷ്ടം അതേ തീവ്രതയോടെ എന്നില്‍ ഉണ്ട്.'
നൃത്തവും സിനിമയും പോലെ മറ്റൊന്നുകൂടി സുശാന്തിന്റെ ജീവിതത്തിലുണ്ടായിരുന്നു. യാത്രകള്‍...! നിരന്തര സഞ്ചാരിയായിരുന്നു സുശാന്ത് സിങ് രജ്പുത്. എന്റെ യാത്രകളേക്കുറിച്ചുള്ള മന്ത്രം വളരെ ലളിതമാണ്. ഭക്ഷണം കഴിക്കുക, താമസിക്കുക, പര്യവേക്ഷണം നടത്തുക, ഇത് തന്നെ ആവര്‍ത്തിക്കുക എന്നാണ് 2019 ഡിസംബര്‍ 27-ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചത്. പ്രാദേശികമായ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും അവിടത്തെ സംസ്‌കാരത്തെ വളരെയടുത്ത് അറിയാനും താത്പര്യമുള്ളതായി അദ്ദേഹം ഈ കുറിപ്പില്‍ പറഞ്ഞിരുന്നു. വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു കുറിപ്പ്.
നാടകം-സീരിയല്‍-സിനിമ. ഇതായിരുന്നു സുശാന്തിന്റെ കലാജീവിതത്തിന്റെ ക്രമം. 2008-ല്‍ കിസ് ദേശ് മേം ഹേ മേരാ ദില്‍ എന്ന ടെലിവിഷന്‍ പരമ്പരയായിരുന്നു അഭിനയജീവിതത്തിന്റെ ആദ്യപടി. ആറ് ടെലിവിഷന്‍ ഷോകളാണ് ആകെ ചെയ്തത്. 2015-ല്‍ സി.ഐ.ഡി എന്ന ചിത്രത്തിലെ ബ്യോംകേഷ് ബക്ഷി എന്ന കഥാപാത്രം ചെയ്ത് മിനിസ്‌ക്രീനിനോട് വിടപറഞ്ഞു. അപ്പോഴേക്കും സിനിമയില്‍ തിരക്കേറിയിരുന്നു. 2013-ല്‍ കൈ പോ ചെ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ സ്വപ്‌നസമാന അരങ്ങേറ്റം. പിന്നീടങ്ങോട്ട് 11 ചിത്രങ്ങള്‍ കൂടി. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. 2016-ല്‍ പുറത്തിറങ്ങിയ എം.എസ്. ധോനി: ദ അണ്‍ടോള്‍ഡ് സ്‌റ്റോറി സുശാന്തിലെ നടനെ ഊട്ടിയുറപ്പിച്ചു. ധോനിയെ അവതരിപ്പിക്കാന്‍ ഇത്രയും അനുയോജ്യനായ നടന്‍ വേറെയില്ല എന്ന് പ്രേക്ഷകരെക്കൊണ്ട് പറയിച്ചു അദ്ദേഹം. അവസാനചിത്രമായ ദില്‍ ബേച്ചാര പുറത്തിറങ്ങിയത് മരണശേഷവും. രണ്ടും സംഭവിച്ചത് 2020 എന്ന ഒരേ വര്‍ഷത്തില്‍.
സുശാന്ത് സിങ് രജ്പുത്തിന്റെ മരണവും തുടരന്വേഷണവും ഇന്ന് ഏകദേശം തണുത്ത മട്ടിലാണ്. മരണശേഷം സത്യമേത് മിഥ്യയേത് എന്ന് തിരച്ചറിയാനാവാത്തവിധമുള്ള കഥകളാണ് ഓരോദിവസവും പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നത്. ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങള്‍ക്കു മുമ്പേ സുശാന്ത് സിങ് വിഷാദരോഗത്തിനുള്ള ചികിത്സ സ്വയം നിര്‍ത്തിയിരുന്നതായുള്ള പൊലീസ് വാദമാണ് ആദ്യത്തേത്. മുന്‍ മാനേജര്‍ ദിഷ സാലിയന്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത സുശാന്തിനെ ഏറെ അലട്ടിയിരുന്നു. ദിഷയെയും സുശാന്തിനെയും ബന്ധപ്പെടുത്തി വന്ന വാര്‍ത്തകള്‍ താരത്തെ മാനസികമായി സമ്മര്‍ദത്തിലാക്കിയെന്നും ഇതോടെയാണ് താരം മരുന്നുകള്‍ കഴിക്കുന്നത് നിര്‍ത്തിയതെന്നും ഇവര്‍ പറഞ്ഞിരുന്നു.
അതേസമയം, ഇതിനൊരു മറുവാദവുമുണ്ട്. സുശാന്ത് മരിക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് കെട്ടിടത്തില്‍ നിന്നും ചാടി ദിഷ ആത്മഹത്യ ചെയ്യുന്നത്. പക്ഷേ ടാലന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജീവനക്കാരിയായിരുന്ന ദിഷയെ സുശാന്ത് ആകെ രണ്ട് തവണ മാത്രമാണ് കണ്ടിട്ടുള്ളതെന്നാണ് കമ്പനിയുടെ ഉടമയായ ഉദയ് സിങ് ഗൗരിയുടെ വാക്കുകള്‍.

മുംബൈ പോലീസ് സുശാന്തിനെ ചികിത്സിച്ച മൂന്ന് മനോരോഗ വിദഗ്ദരില്‍ നിന്നും ഒരു സൈക്കോ തെറാപ്പിസ്റ്റില്‍ നിന്നും മൊഴിയെടുത്തിരുന്നു. ഏതാണ്ട് അഞ്ച് മണിക്കൂറോളമാണ് ഇവരെ ചോദ്യം ചെയ്തത്. ഓരോ തവണയും തനിക്കെതിരേ വരുന്ന നെഗറ്റീവായ വാര്‍ത്തകള്‍ സുശാന്തിന്റെ മാനസിക നിലയെ ഏറെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നതായി അദ്ദേഹത്തിന്റെ ജോലിക്കാരും അടുത്ത സുഹൃത്തുക്കളും നേരത്തെ മൊഴി നല്‍കിയിരുന്നു. ദിഷയുടെ മരണത്തില്‍ സുശാന്തിനെ പഴിചാരി വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് ആരെങ്കിലും ലക്ഷ്യം വച്ചതിനാലാണോ എന്നും പോലീസ് അന്വേഷിച്ചിരുന്നു. സംവിധായകന്‍ ദിനേഷ് വിജന്‍, നടി റിയ ചക്രബര്‍ത്തി തുടങ്ങി നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും സുശാന്തിന്റെ മരണത്തിലേക്ക് വെളിച്ചംവീശുന്ന യാതൊന്നും പോലീസിന് കണ്ടെത്താനായില്ല.

സുശാന്ത് വിഷാദത്തിന് അടിമപ്പെട്ട് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് മുംബൈ പോലീസ് നിഗമനത്തിലെത്തിയപ്പോള്‍ ഒരു ബോളിവുഡ് തിരക്കഥയ്ക്കുള്ള ചേരുവപോലെ പ്രണയവും മയക്കുമരുന്നും അധോലോകവും ഒക്കെയായി ഈ മരണത്തിന് പിന്നില്‍ ഒരുപാട് ദുരൂഹതകള്‍ ഉണ്ടെന്ന് കാട്ടി മാധ്യമങ്ങളും രംഗത്തുവന്നു. ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍പോകുന്ന സമയത്തായിരുന്നു അവിടെനിന്നുള്ള സുശാന്തിന്റെ മരണം. കോണ്‍ഗ്രസും എന്‍.സി.പി.യും ശിവസേനയും ചേര്‍ന്ന് ഭരിച്ച മഹാരാഷ്ട്രയില്‍ അന്ന് ബിഹാറുകാരനായ അദ്ദേഹത്തിന്റെ മരണം പ്രധാന പ്രചാരണ ആയുധമായി മാറി. മുംബൈ പോലീസിന്റെ അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് സി.ബി.ഐ.യും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും കേസ് തെളിയിക്കാന്‍ രംഗത്തുവന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ മുംബൈ പോലീസിനെ ഉപയോഗിച്ച് കേസ് തേയ്ച്ച് മായ്ച്ച് കളയാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വരവ്. 2020 ഒക്ടോബറില്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഈ കേസിന്റെ അന്വേഷണവും നിലച്ച മട്ടിലായി. സുശാന്തിന്റെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. ലഹരിമരുന്ന് മാഫിയയിലേക്ക് അന്വേഷണം കടന്നുചെല്ലുന്നതോടെ കേസിന് വഴിത്തിരിവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും ചില ലഹരിമരുന്ന് ഇടപാടുകാരെ പിടികൂടാന്‍ കഴിഞ്ഞതല്ലാതെ വമ്പന്‍സ്രാവുകള്‍ വലയിലായതുമില്ല.

മരണമടഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷവും സുശാന്ത് എന്ന താരത്തിന്റെ സാമീപ്യം ഇന്നും ബോളിവുഡിലുണ്ട്. ട്വിറ്ററില്‍ ഇപ്പോഴും സുശാന്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വലിയ ഒരു വിഭാഗം ഹാഷ് ടാഗ് ക്യാമ്പെയിനുമായി രംഗത്തുണ്ട്. സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്ന് വന്ന് ബോളിവുഡില്‍ ഹിറ്റുകള്‍ തീര്‍ത്ത നായകനാണ് സുശാന്ത് സിങ് രജ്പുത്. പക്ഷേ നെപ്പോട്ടിസം അടക്കിവാഴുന്ന ബോളിവുഡില്‍ നിന്ന് തന്നെയാണ് സുശാന്തിന് ആദ്യമായി അവഗണന നേരിടേണ്ടി വന്നത്. നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന ടെലിവിഷന്‍ പരിപാടിക്കിടെ അതിഥിയായി വന്ന ആലിയാ ഭട്ടിനോട് മൂന്ന് നടന്മാരെ വിലയിരുത്താന്‍ കരണ്‍ ആവശ്യപ്പെടുകയുണ്ടായി. സുശാന്ത്, രണ്‍വീര്‍, വരുണ്‍ ധവാന്‍ എന്നിവരായിരുന്നു താരങ്ങള്‍. അതിന് സുശാന്ത് ആരാണെന്നായിരുന്നു ആലിയയുടെ കമന്റ്. സുശാന്തിന്റെ മരണശേഷം ഇവര്‍ ഇരുവരും പങ്കുവെച്ച അനുശോചനക്കുറിപ്പിനെതിരെ വലിയതോതിലുള്ള വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. ഇടക്കാലത്ത് അണഞ്ഞിരുന്ന ഈ വിവാദം സുശാന്തിന്റെ മരണശേഷം ആരാധകര്‍ വീണ്ടുമെടുത്തിട്ടു. അല്പംകൂടി കടന്നു ചിന്തിച്ച ചില ആരാധകര്‍ ബോളിവുഡിന്റെ ഇപ്പോഴത്തെ മോശം സമയത്തെ കാരണം സുശാന്തിന്റെ മരണവുമായി ബന്ധപ്പെടുത്തി. ബോളിവുഡിനെതിരെ നടക്കുന്ന ബോയ്‌ക്കോട്ട് ബോളിവുഡ് ക്യാമ്പെയിന്‍ പോലും സുശാന്തിന്റെ മരണത്തിന്റെ അനന്തരഫലമാണെന്ന് സോഷ്യല്‍ മീഡിയകളിലെഴുതി.

ഇഷ്ടമുള്ള ഒരു സിനിമാ താരത്തിന്റെ ഓര്‍മദിവസം ആരാധകര്‍ അദ്ദേഹത്തിന്റെ സ്മാരകം കാണാനും ആദരാഞ്ജലികളര്‍പ്പിക്കുന്നതുമെല്ലാം നമ്മള്‍ കണ്ടിട്ടുണ്ടാവും. ഈയിടെ കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ ചരമവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്റെ സ്മൃതികുടീരം കാണാന്‍ ആരാധകര്‍ ഒഴുകിയെത്തിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ചെറിയ ഒരു വ്യത്യാസത്തോടെ ഇതേ സംഭവം സുശാന്തിന്റെ മരണത്തിന് ശേഷവും കാണാം. നേരിട്ടല്ല, സോഷ്യല്‍ മീഡിയയിലൂടെയാണെന്ന് മാത്രം. ഇന്‍സ്റ്റാഗ്രാമില്‍ സുശാന്തിന്റെ പേജില്‍ ഓരോ പോസ്റ്റിന് താഴെയും ഇപ്പോഴും കമന്റുകള്‍ വന്നുകൊണ്ടേയിരിക്കുന്നു. പ്രത്യേകിച്ച് ആത്മഹത്യചെയ്യുന്നതിന് പത്ത് ദിവസങ്ങള്‍ക്ക് മുമ്പിട്ട ചിത്രത്തിന്. ഞങ്ങളുടെ ഹീറോയെ വല്ലാതെ മിസ് ചെയ്യുന്നു. ഒന്ന് തിരിച്ചുവരൂ, എന്നിട്ട് നന്മ വിജയിക്കുമെന്ന് കാട്ടിത്തരൂ തുടങ്ങി കമന്റുകള്‍ നീളുന്നു. ഗുഡ് മോണിങ് പോസ്റ്റുകളും നിരവധി. കണ്ടാല്‍ ബാലിശമാണെന്ന് തോന്നുമെങ്കിലും ഒരു ജനതയ്ക്ക് അയാള്‍ ആരായിരുന്നുവെന്നും കാണിച്ചുതരുന്നുണ്ട് ഈ പ്രതികരണങ്ങള്‍.
Content Highlights: remembering sushant singh rajput on his birth anniversary, sushant singh rajput death
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..