
ഒരു എഴുത്തുകാരനെ സംബന്ധിച്ച് മറ്റുള്ളവരുടേതിൽനിന്ന് പാടേ വ്യത്യസ്തവും തീർത്തും അസാധാരണവുമായ അനുഭവലോകം ആവിഷ്കാരത്തിനു ലഭ്യമാവുകയെന്നത് സൗഭാഗ്യമെന്നുപറയാമെങ്കിൽ ശ്രീധരൻ ചമ്പാട് അപ്രകാരമൊരു സൗഭാഗ്യം സിദ്ധിച്ച എഴുത്തുകാരനായിരുന്നു. സർക്കസിന്റെ ലോകവും സർക്കസ് കൂടാരങ്ങളിലെ പൊലിമയില്ലാത്ത ജീവിതവും അദ്ദേഹത്തിന്റെ കൃതികളിൽ ആവിഷ്കൃതമായിട്ടുണ്ട്. ഒരു സർക്കസ് കലാകാരനായി ജീവിച്ചുകൊണ്ട് ജനസഹസ്രങ്ങൾ നെഞ്ചിലേറ്റുന്ന ഒരു കലയുടെ പിന്നാമ്പുറയാഥാർഥ്യങ്ങൾ ഹൃദയപരമാർഥതയോടെ തുറന്നുകാട്ടിയ എഴുത്തുകാരനായിരുന്നു ശ്രീധരേട്ടൻ.
എത്രയോ വർഷത്തെ സൗഹൃദം ശ്രീധരേട്ടനുമായി എനിക്കുണ്ടായിരുന്നു. നേരിൽ കാണുന്നതിനുമുമ്പേ രചനകളിലൂടെ അറിയാമായിരുന്നു. ഞാൻ സഹകരിച്ചിട്ടുള്ള, പ്രമുഖ സംവിധായകൻ കെ.ജി. ജോർജ് ഒരുക്കിയ ‘മേള’യുടെ അണിയറശില്പികളിൽ പ്രധാനി ശ്രീധരൻ ചമ്പാടായിരുന്നു. മമ്മൂട്ടിയുടെ ആദ്യകാലചിത്രങ്ങളിൽ മുൻഗണനയർഹിക്കുന്ന ‘മേള’, സർക്കസിലെ ഒരു ജോക്കറിന്റെ ദുരന്തമായാണ് പകർത്തിയത്. നായരുപിടിച്ച പുലിവാല്, മേരാ നാം ജോക്കർ, തമ്പ്, വളർത്തുമൃഗങ്ങൾ എന്നിങ്ങനെ സർക്കസ് പശ്ചാത്തലമാക്കിയുള്ള ചലച്ചിത്രരചനകൾ വേറെയുമുണ്ടെങ്കിലും ‘മേള’ പ്രേക്ഷകരെ സംബന്ധിച്ച് അപ്പാടേ അപരിചിതമെന്നു പറയാവുന്ന ഒരനുഭവമായിരുന്നു. അങ്ങനെയൊരു സൃഷ്ടി സാക്ഷാത്കരിക്കാൻ സംവിധായകനായ കെ.ജി. ജോർജിനുലഭിച്ച ഏറ്റവും മൂല്യവത്തായ പിന്തുണ ശ്രീധരൻ ചമ്പാടിന്റേതായിരുന്നു.
വളരെ വർഷങ്ങൾക്കുശേഷം ലോഹിതദാസ്, സർക്കസിന്റെ പശ്ചാത്തലത്തിൽ ഒരു കഥയാലോചിച്ചപ്പോൾ ആദ്യമോർത്തത് ശ്രീധരൻ ചമ്പാടിനെയാണ്. എന്നെ വിളിച്ച് ശ്രീധരേട്ടനെ ബന്ധപ്പെടണമെന്നും തമ്മിൽ കാണണമെന്നും പറഞ്ഞു. അതനുസരിച്ച് ഞാൻ തലശ്ശേരി ജഗന്നാഥക്ഷേത്രപരിസരത്തെത്തി. ശ്രീധരേട്ടൻ അന്ന്, എന്റെ ഓർമ്മയിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു. ഞാൻ ലോഹിയുടെ ദൂത് നിറവേറ്റിയപ്പോൾ അത് മലയാളസിനിമയ്ക്ക് ഒരു വരദാനമായി. ബഹദൂർക്ക ആരുടെയും ഉള്ളിൽത്തട്ടുന്ന വിധത്തിൽ ഒരു വയസ്സൻകോമാളിയെ അവതരിപ്പിച്ച ‘ജോക്കർ’ സർക്കസ് സംബന്ധിയായ മലയാളചലച്ചിത്രങ്ങളിൽ മികച്ച ഒന്നാണ്. അതിനെ ഇവ്വിധം മികച്ചതാക്കുന്നതിൽ ശ്രീധരൻ ചമ്പാടിന്റെ സംഭാവനനിർണായകമായിരുന്നു.
സർക്കസിലെ ഏറ്റവും അദ്ഭുതകരമായ, കാണികൾക്ക് ശ്വാസമടക്കിപ്പിടിച്ചുമാത്രം കാണാൻപറ്റുന്ന അഭ്യാസപ്രകടനമത്രേ ട്രപ്പീസ്. ശ്രീധരേട്ടൻ ട്രപ്പീസ് കലാകാരനായിരുന്നു.
ട്രപ്പീസിൽ ഞാൻ ശ്രീധരേട്ടനെ കണ്ടിട്ടില്ലെങ്കിലും സങ്കല്പിച്ചിട്ടുണ്ട് പലപ്പോഴും. തമ്പിൽ മുഴങ്ങുന്ന സംഗീതത്തിനൊത്ത് ഒരു വളയം വിട്ട് മറ്റൊന്നിലേക്ക് ചാടിക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യൻ. എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാം. പക്ഷേ, ആപത്ശങ്കയില്ലാതെ വളയങ്ങൾക്കുനേരേ കൈനീട്ടിക്കൊണ്ട് ചാടുന്നു. മുഖപ്രസാദം മായുന്നതേയില്ല.
സർക്കസിൽനിന്ന് വിരമിച്ചശേഷവും ശ്രീധരേട്ടൻ ഇന്ത്യൻ സർക്കസിന്റെ ഭാഗമായിരുന്നു. കണ്ണൂരിലും തലശ്ശേരിയിലുമെത്തുന്ന ഏതു സർക്കസിന്റെയും നിർവഹണത്തിൽ ശ്രീധരേട്ടൻ ഭാഗഭാക്കായിരുന്നു. കണ്ണൂരിൽനിന്ന് എന്നെ വിളിക്കും. ഇവിടെ ജെമിനി സർക്കസ് പ്രദർശനം തുടങ്ങുകയാണ്, വരണം. ചെല്ലുമ്പോൾ കൂടാരവാതിൽക്കൽ ശ്രീധരേട്ടൻ കാത്തുനിൽപ്പുണ്ടാകും. ‘കൂടാരം’ ശ്രീധരേട്ടന്റെ കൃതികളിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണ്. അതൊരു ജീവിതസാക്ഷ്യമാണ്. മറ്റാർക്കും സാധിക്കാത്ത ഒന്ന്. ശ്രീധരൻ ചമ്പാട് എന്ന എഴുത്തുകാരനെ നമ്മുടെ വായനസമൂഹം അർഹിക്കുംവിധം തിരിച്ചറിഞ്ഞോ? ഉള്ളുനീറി നിർവഹിച്ച സാഹിതീയ സപര്യ വേണ്ടുംമട്ടിൽ അംഗീകരിക്കപ്പെട്ടുവോ? ഞാൻ അതോർത്ത് ദുഃഖിക്കുന്നു.
Content Highlights: remembering sreedharan champad mela and joker malayalam movies
Published: 16 Jun 2024, 03:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented