രഘുവരൻ, റിസബാവ
മഹാദേവനും ഗോവിന്ദൻകുട്ടിയും അപ്പുക്കുട്ടനും തോമസുകുട്ടിയും ചിരിയുടെയും കുസൃതിയുടെയും ഒരായിരം പൂത്തിരികൾ കത്തിച്ചു നടന്ന ഹരിഹർ നഗർ. കൊച്ചിയുടെ ഹൃദയഭാഗത്തെ ഹരിഹർ നഗറിൽനിന്ന് ഈ ചെറുപ്പക്കാർ കാണിച്ച തമാശകളും കോമാളിത്തരങ്ങളും കണ്ട് മലയാളികൾ എത്രയോ വട്ടം ആർത്തുചിരിച്ചിരിക്കുന്നു. ഒടുവിൽ ആ ചിരി ഭീതിയാക്കി അവരുടെ ഇടയിലേക്കു വെള്ളിടി പോലെ കടന്നുവന്ന ജോൺ ഹോനായി. ആൻഡ്രൂസ് ഏൽപ്പിച്ച നിധി ഒളിപ്പിച്ച പെട്ടി തേടിയെത്തിയ ചിരിക്കുന്ന വില്ലൻ. ജോൺ ഹോനായിയെ അവതരിപ്പിച്ച റിസബാവ കഴിഞ്ഞ പകലിൽ കൊച്ചിയുടെ മണ്ണിലേക്ക് അവസാന ഉറക്കത്തിനു യാത്രയായി. എന്നാൽ, മഹാദേവനും ഗോവിന്ദൻകുട്ടിക്കും തോമസുകുട്ടിക്കുമൊന്നും അയാളെ ഒരിക്കലും മറക്കാനാകില്ല. ഹരിഹർ നഗറിലെ പഴയ ഓർമകളിലൂടെ സഞ്ചരിക്കുമ്പോൾ അവരെല്ലാം പറയുന്നതും അതുതന്നെ... മറക്കില്ലൊരിക്കലും, ഹരിഹർ നഗറും ജോൺ ഹോനായിയും.
വെള്ളത്തിൽ മുക്കിയ നിമിഷം
ജോൺ ഹോനായിയെ ഓർക്കുമ്പോൾ ‘ഇൻ ഹരിഹർ നഗറി’ലെ തോമസുകുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ അശോകന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ഗോഡൗണിലെ വെള്ളം നിറച്ച ടാങ്കാണ്. ഹോനായിയുടെ ഗുണ്ടകൾ തോമസുകുട്ടിയെ ടാങ്കിൽ ശ്വാസം കിട്ടാത്ത വിധം മുക്കിപ്പിടിച്ച നിമിഷങ്ങൾ.
“ഹോനായിയുടെ സങ്കേതത്തിൽ കെട്ടിയിട്ട് എന്നെയും മഹാദേവനെയും ഗോവിന്ദൻകുട്ടിയെയുമൊക്കെ പീഡിപ്പിക്കുന്ന ഒരു രംഗമുണ്ട്. അതിൽ എന്നെയാണ് ടാങ്കിലെ വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിക്കുന്നത്. ആ രംഗം ചിത്രീകരിക്കുമ്പോൾ റിസയുടെ മുഖത്തുണ്ടായിരുന്ന ഭാവം കണ്ട് ഞങ്ങളെല്ലാം അത്ഭുതപ്പെട്ടിട്ടുണ്ട്. ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന സുന്ദരനായ വില്ലനെ എത്ര ഭംഗിയായിട്ടാണ് റിസ ചെയ്തത്. വെള്ളത്തിൽ ശ്വാസംമുട്ടി ഞാൻ മരിച്ചുപോകുമെന്ന ഘട്ടമെത്തുമ്പോഴാണ് മഹാദേവൻ ‘എനിക്കറിയാം, ഞാൻ പറയാം, എനിക്കെല്ലാമറിയാം’ എന്ന് ഹോനായിയോടു പറയുന്നത്. അതു പറഞ്ഞപ്പോഴും എന്നെ ടാങ്കിൽനിന്നു പുറത്തെടുക്കാതെ സിഗററ്റും വലിച്ചു സുന്ദരമായി ചിരിച്ചു നിൽക്കുകയായിരുന്നു ഹോനായി.
ഒടുവിൽ ഗോവിന്ദൻകുട്ടിയും ‘പുറത്തെടുക്കെടാ പന്നീ, അല്ലെങ്കിൽ അവൻ ചത്തുപോകും’ എന്നു പറഞ്ഞ് അലറുമ്പോഴാണ് വെള്ളത്തിൽനിന്ന് എന്നെ പൊക്കിയെടുക്കുന്നത്. റിസ എന്ന വില്ലന്റെ ക്ലാസിക് പ്രകടനം തന്നെയായിരുന്നു ആ സീൻ” - അശോകൻ ഓർത്തെടുത്തു.
കൊച്ചിയുടെ കഥ പറയല്ലേ!
കൊച്ചിയിൽനിന്ന് ജോൺ ഹോനായിയെ കണ്ടെത്തിയ കഥയും റിസയുടെ ‘കൊച്ചിക്കഥ’യുമാണ് മഹാദേവനെ അവതരിപ്പിച്ച നടൻ മുകേഷ് ഓർക്കുന്നത്. “ഹോനായി മുംബൈയിലെ ധാരാവിയിൽ നിന്നെത്തുന്ന വില്ലനായതിനാൽ അയാളെ ഏതു തരത്തിലും അവതരിപ്പിക്കാമായിരുന്നു. മുഖത്തു വെട്ടിന്റെ പാടും ചുവന്ന കണ്ണുകളുമൊക്കെയുള്ള ക്രൂരനായ വില്ലൻ. എന്നാൽ, ഹോനായി സുന്ദരനും ശാന്തനുമായ വില്ലനായിരുന്നു. തമിഴ് നടൻ രഘുവരൻ ചെയ്യാനിരുന്ന വേഷം. ഒടുവിൽ കൊച്ചിയിൽനിന്നു തന്നെ റിസബാവയെ കണ്ടെത്തിയത് അത്ഭുതകരമായ ഒരു നിയോഗമായിട്ടാണ് എനിക്കു തോന്നിയത്.
റിസയുടെ കൊച്ചിയിലെ നാടക ട്രൂപ്പിന്റെ പരിപാടിക്ക് എന്നെ ക്ഷണിച്ചപ്പോൾ കുറേ തമാശകൾ പറയണമെന്നും അതിനായി എത്ര സമയം വേണമെങ്കിലും പ്രസംഗിച്ചോളൂവെന്നുമാണ് പറഞ്ഞത്. അങ്ങനെ തമാശ പറയാൻ പറ്റുമോയെന്നു ചോദിച്ചപ്പോൾ കാണികൾ അതിനാണ് കാത്തിരിക്കുന്നതെന്നായിരുന്നു റിസയുടെ മറുപടി. ഞാൻ പല ഒഴിവുകഴിവുകൾ പറഞ്ഞിട്ടും തമാശ പറയുന്നതിൽനിന്ന് എന്നെ വിടാൻ റിസയ്ക്കു ഭാവമില്ലായിരുന്നു. ഒടുവിൽ ഞാൻ ഇങ്ങനെയൊരു തമാശക്കഥ പറയട്ടെ എന്നു പറഞ്ഞ് കൊച്ചിക്കാരെപ്പറ്റി അല്പം മോശമായ ചില കാര്യങ്ങൾ ഭാവനയിൽ സൃഷ്ടിച്ച് പറഞ്ഞു. അതു പറഞ്ഞതോടെ റിസ പിന്നെ എന്റെ അരികിൽനിന്നു മാറിയിട്ടില്ല. ‘മുകേഷേ, ചതിക്കരുതേ, കൊച്ചിയുടെ കഥ പറയല്ലേ’ എന്നു പറഞ്ഞ് കൂടെത്തന്നെ നടക്കുകയായിരുന്നു” - മുകേഷ് പഴയൊരു കൊച്ചിക്കഥ ഓർത്തെടുത്തു.
ഗോവിന്ദൻകുട്ടിയുടെ ബെസ്റ്റ് ടൈം

നായികയായ മായ തിരക്കി വരുമ്പോൾ ഗോവിന്ദൻകുട്ടിയുടെ വേലക്കാരൻ പറയുന്ന ഡയലോഗ്, “ഗോവിന്ദൻകുട്ടി സാറിന്റെ ടൈം, ബെസ്റ്റ് ടൈം...” ഈ ഡയലോഗിനു ശേഷം പ്രേക്ഷകർ കാണുന്നത് ജോൺ ഹോനായി തലകീഴായി കെട്ടിത്തൂക്കിയ ഗോവിന്ദൻകുട്ടിയെയാണ്. ആ സീനിൽ തന്നെയാണ് ഹോനായിയെ ആദ്യമായി കണ്ടതെന്നാണ് ഗോവിന്ദൻകുട്ടിയെ അവതരിപ്പിച്ച നടൻ സിദ്ദിഖ് ഓർക്കുന്നത്.
“റിസബാവ നാടകത്തിലും മറ്റും അഭിനയിച്ചിരുന്ന കാര്യം എനിക്കറിയാമായിരുന്നു. റിസയാണ് ഹോനായിയായി വരുന്നതെന്ന് സിദ്ദിഖ്-ലാൽ പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടിരുന്നു. ഇത്ര സുന്ദരനായ ഒരു മനുഷ്യനെ വില്ലനാക്കിയാൽ ശരിയാകുമോയെന്നു മനസ്സിൽ ചിന്തിച്ചെങ്കിലും അതാരോടും പറഞ്ഞില്ല.
ഇൻ ഹരിഹർ നഗറിലെ കോമഡി സീനുകളെല്ലാം കഴിഞ്ഞ് ഹോനായിയുടെ ഗോഡൗണിൽ എന്നെ തലകീഴായി കെട്ടിത്തൂക്കുന്ന രംഗത്തിലാണ് ഞാൻ ഹോനായിയെ ആദ്യമായി കാണുന്നത്. ആ രൂപം കണ്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി. റിസയല്ലാതെ മറ്റാരു ചെയ്താലും ഹോനായി ശരിയാകുമായിരുന്നില്ലെന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്. നായകനാകാൻ ഒരുപാടു മോഹിച്ച ആളാണ് റിസ. പക്ഷേ, ആ സിനിമയിൽ നായകന്മാരെക്കാൾ പ്രേക്ഷകർ ഓർത്തിരിക്കുന്ന രൂപവും ശബ്ദവും ഹോനായിയുടെതു തന്നെയാണ്”. സിദ്ദിഖിന്റെ വാക്കുകൾ ജോൺ ഹോനായിയായി പകർന്നാടിയ റിസബാവയ്ക്കുള്ള കൃത്യമായ അംഗീകാരം തന്നെയായിരുന്നു.
Content Highlights: Remembering Risabava, John honai In Harihar Nagar, siddique, mukesh, ashokan, Jagadeesh,


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..