ഉണ്ണിമേനോന് സപ്തതി

ഉണ്ണി മേനോൻ
എസ്.ശ്രീകേഷ് | മാതൃഭൂമി
എറണാകുളത്തെ ചേതന സ്റ്റുഡിയോയിലെ റെക്കോര്‍ഡിംഗിന് ശേഷം ഉണ്ണിമേനോന് വിളിച്ചത് എനിക്കോര്‍മ്മയുണ്ട്. ``നല്ലൊരു പാട്ട് പാടി ഇന്ന്. നല്ല ഫീലുള്ള പാട്ട്. മനസ്സിന്റെ ഏതൊക്കെയോ കോണുകളില്‍ ചെന്നു കൊള്ളുന്ന വരികളും സംഗീതവും. പക്ഷേ ചെറിയൊരു ദുഖച്ഛായയുണ്ട്. ജനങ്ങള്‍ എത്രകണ്ട് സ്വീകരിക്കും എന്നറിയില്ല.''- ഉണ്ണി പറഞ്ഞു.
എന്നാല്‍, എല്ലാ ആശങ്കകളും കാറ്റില്‍പറത്തി മരണമെത്തുന്ന നേരം ചരിത്രത്തിലേക്ക് ചിറകടിച്ചുയരുന്നതാണ് പിന്നീട് കണ്ടത്. 'പതുക്കെ നീറിപ്പടര്‍ന്ന പാട്ടായിരുന്നു അത്.''- സംവിധായകന് രഞ്ജിത്ത്. 'എനിക്ക് തോന്നുന്നു പണ്ഡിതപാമരഭേദമന്യേ ആ പാട്ടിനെ മലയാളികളുടെ ഹൃദയത്തോട് അടുപ്പിച്ചത് വരികള്‍ തന്നെയാണെന്ന്. മറ്റെല്ലാ ഘടകങ്ങള്‍ക്കും മുകളില്‍ നില്ക്കുന്നു അതിലെ കവിത.'' പാട്ടിറങ്ങി കുറച്ചു നാള് കഴിഞ്ഞു മോഹന്‍ലാല്‍ അത്ഭുതത്തോടെ ഫോണ്‍ വിളിച്ചത് ഓര്‍മ്മയുണ്ട്. 'ഞാനറിയുന്ന എത്രയോ സുഹൃത്തുക്കളുടെ ഹലോ ട്യൂണ്‍ ഈ പാട്ടാണ്.'' - ലാല്‍ പറഞ്ഞു. 'മനസ്സിനെ സ്പര്‍ശിക്കുന്ന എന്തോ ആ പാട്ടിലുണ്ടെന്നാണ് എല്ലാവരും പറയുന്നത്.''
ഇന്നും ആ കവിതയില്ലാതെ ഉണ്ണിമേനോന്റെ ഗാനമേളകള്‍ പൂര്‍ണ്ണമാകാറില്ല. 'ദുഖത്തിന്റെ അന്തരീക്ഷമുള്ള പാട്ട് പാടി എന്തിന് സദസ്സിന്റെ മൂഡ് കളയണമെന്ന് ഓര്‍ക്കാറുണ്ട് ചിലപ്പോള്‍ പക്ഷേ ഒരു ഘട്ടം കഴിഞ്ഞാല്‍ ആളുകള്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടു തുടങ്ങും, മരണമെത്തുന്ന നേരം കേള്‍ക്കണമെന്ന്. പതിവ് ഓര്‍ക്കസ്ട്രയൊന്നും കൂടാതെ അണ്‍പ്ലഗ്ഗ്ഡ് ആയാണ് ഞാന്‍ അത് അവതരിപ്പിക്കുക. പക്ഷെ പാടിത്തുടങ്ങിയാല്‍ സ്വിച്ചിട്ടപോലെ സദസ്സ് നിശ്ശബ്ദമാകും. തീരുംവരെ സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശ്ശബ്ദതയാകും ഹാളില്‍. അതുപോലൊരു അനുഭവം മറ്റൊരു പാട്ട് പാടുമ്പോഴും എനിക്കുണ്ടാകാറില്ല..''
ആ മൗനം എത്ര വാചാലമാണെന്നറിയുന്നു ഇന്ന് ഉണ്ണി. 'ഇക്കഴിഞ്ഞ ദിവസം പോലും അപരിചിതനായ ഒരു ആസ്വാദകന് എന്നെ ഫോണില്‍ വിളിച്ച് ആ പാട്ടുപാടി പൊട്ടിക്കരഞ്ഞു. നിശബ്ദനായി അത് കേട്ടുനില്‍ക്കുക മാത്രം ചെയ്തു ഞാന്‍. ആദ്യമായി ആ വരികള്‍ ഷഹബാസ് പാടിക്കേട്ടപ്പോള്‍ എന്റെ ഉള്ളിലും തികട്ടിവന്നല്ലോ ഒരു ഗദ്ഗദം എന്നോര്‍ത്തു അപ്പോള്‍..''
'സ്പിരിറ്റി''ന്റെ ചിത്രീകരണം തുടങ്ങുമ്പോള്‍ രണ്ടു പാട്ടേയുള്ളൂ രഞ്ജിത്തിന്റെ മനസ്സില്‍-ഈ ചില്ലയില്‍ നിന്ന് (യേശുദാസ്), മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍ (വിജയ് യേശുദാസ്/ ഗായത്രി). തിരക്കഥയില്‍ മറ്റു ഗാനസന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നില്ല. പക്ഷേ സിനിമ കടലാസില്‍ നിന്ന് ക്യാമറാഫ്രെയിമുകളിലേക്ക് പുരോഗമിക്കുമ്പോള്‍ മാറ്റങ്ങള്‍ സ്വാഭാവികം. ``സിദ്ധാര്‍ത്ഥ് ഭരതന് അവതരിപ്പിച്ച സമീര്‍ എന്ന കഥാപാത്രത്തിന്റെ മരണം സിനിമയിലെ വികാരനിര്‍ഭരമായ മുഹൂര്‍ത്തമാണ്. മോഹന്‍ലാലിന്റെ രഘുവിനെ ആകെ ഉലച്ചുകളയുന്ന ആ വേര്‍പാട് അതിന്റെ എല്ലാ തീവ്രതയോടെയും പ്രേക്ഷകരിലെത്തിക്കാന്‍ ഒരു കൊച്ചു കാവ്യശകലത്തിന് കഴിയുമെന്ന് തോന്നി.'' - രഞ്ജിത്ത്.
ഒരു ദിവസം വൈകീട്ട്, ഷൂട്ട് കഴിഞ്ഞ് റഫീക്കിനെ ഫോണില്‍ വിളിച്ച് സിറ്റുവേഷന് വിവരിക്കുന്നു സംവിധായകന്: 'കവിത പോലുള്ള ഒരു പാട്ട് വേണം പശ്ചാത്തലത്തില്‍. നാല് വരി മതി. വിഷയം മരണമാണെങ്കിലും അതില്‍ പ്രണയവും ലഹരിയും ആസക്തിയുമെല്ലാം കലര്‍ന്നിരിക്കണം.''
ഗാനസന്ദര്‍ഭം ഉള്‍ക്കൊണ്ട ശേഷം റഫീക്കിന്റെ ചോദ്യം: ``എന്നത്തേക്ക് വേണം?'' തെല്ലും സംശയിച്ചുനില്ക്കാതെ രഞ്ജിത്തിന്റെ മറുപടി: ``ഇന്ന് തന്നെ എഴുതിക്കോളൂ. ഉടന്‍ ഷൂട്ട് ചെയ്യണം.'' റഫീഖ് ശരിക്കും ഞെട്ടി. ഇത്രയും ആഴമുള്ള അര്‍ത്ഥതലങ്ങള്‍ ഉള്ള ഒരു കവിത നിമിഷങ്ങള്‍ക്കകം എഴുതിത്തരണമെന്നു പറഞ്ഞാല്‍? ഒറ്റയിരിപ്പില്‍ എഴുതാന്‍ കഴിയും റഫീക്കിനെന്ന് രഞ്ജിത്ത്. അങ്ങനെയല്ലേ ഉദാത്തമായ കവിതകള്‍ പിറന്നിട്ടുള്ളത്? റഫീക്കിന് അപ്പോഴും അമ്പരപ്പ് മാറിയിരുന്നില്ല. പിറ്റേന്ന് സംവിധായകനെ കവി വീണ്ടും വിളിക്കുന്നു. ``നിങ്ങള്‍ പറഞ്ഞ എല്ലാ ഭാവവും ഉള്‍ക്കൊള്ളുന്ന ഒരു കവിത കഴിഞ്ഞ ദിവസം ഒരു മാസികയ്ക്ക് ഞാന്‍ അയച്ചുകൊടുത്തിരുന്നു. അതങ്ങോട്ട് വിടട്ടെ? രംഗത്തിനിണങ്ങുമെന്ന് തോന്നിയാല്‍ ഇഷ്ടമുള്ള വരികള്‍ എടുത്തോളൂ..'' രഞ്ജിത്തിന് സമ്മതം.
വളരെ മുന്‍പേ എഴുതിവെച്ചിരുന്ന കവിതയാണ്. അത്യന്തം സ്വകാര്യമായ ഒരു ജീവിതാനുഭവവുമായി ചേര്‍ത്തുവെക്കാവുന്ന രചന. എവിടെയെങ്കിലും പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ചതല്ല. പിന്നെയെപ്പോഴോ ആ തീരുമാനം മാറ്റിയപ്പോഴാണ് കവിത പകര്‍ത്തി മാസികയ്ക്ക് അയച്ചത്.
'ഫോണില്‍ റഫീക്ക് അയച്ച കവിത ആദ്യവായനയില്‍ തന്നെ ഇഷ്ടമായി എനിക്ക്. ഇതിലും വൈകാരികമായി കഥാമുഹൂര്‍ത്തത്തെ ഉള്‍ക്കൊള്ളുന്ന മറ്റൊരു രചന ഉണ്ടാവില്ല എന്ന് തോന്നി.''-രഞ്ജിത്ത് പറയുന്നു. മരണമെത്തുന്ന നേരത്ത് എന്ന തുടക്കത്തിനു തന്നെയുണ്ട് ഒരു പ്രത്യേകത. മനോഹരമായ ഒരു പ്രണയഗാനം അങ്ങനെ തുടങ്ങിക്കണ്ടിട്ടില്ല ആരും. പക്ഷേ പിന്നീടങ്ങോട്ട് അനിര്‍വചനീയമായ പ്രണയാനുഭൂതി പകരുന്ന ഇമേജറികളാണ്. ``കനലുകള്‍ കോരി മരവിച്ച വിരലുകള്‍ ഒടുവില്‍ നിന്നെത്തലോടി ശമിക്കുവാന്‍, ഒടുവിലായ് അകത്തേക്കെടുക്കും ശ്വാസകണികയില്‍ നിന്റെ ഗന്ധമുണ്ടാകുവാന്‍; മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍ ഇത്തിരി നേരമിരിക്കണേ ...'' ഇതിലപ്പുറം എങ്ങനെ വരച്ചിടും ആ അനുഭൂതി.
പിറ്റേന്ന് തന്നെ ഷഹബാസിനെ കൊച്ചിയിലെ തന്റെ ഫ്ളാറ്റിലേക്ക് അടിയന്തിരമായി വിളിച്ചുവരുത്തുന്നു സംവിധായകന്. വൈകുന്നേരം രഞ്ജിത്ത് ഷൂട്ടിംഗ് കഴിഞ്ഞെത്തുമ്പോഴേക്കും മൂളിമൂളി വളരെ ലളിതമായ ഒരീണം കവിതയ്ക്ക് കണ്ടെത്തിക്കഴിഞ്ഞിരുന്നു ഷഹബാസ്. വരികളെ തെല്ലും നോവിക്കാത്ത ട്യൂണ്‍. ``അധരമാം ചുംബനത്തിന്റെ മുറിവ് നിന് മധുരനാമജപത്തിനാല്‍ കൂടുവാന്‍, പ്രണയമേ നിന്നിലേക്ക് നടന്നൊരെന്‍ വഴികളോര്‍ത്തെന്റെ പാദം തണുക്കുവാന്'' എന്നു കേള്‍ക്കുമ്പോള്‍ സിരകളില്‍ പോലും അറിയാതെ ആ തണുപ്പ് അനുഭവപ്പെടുന്ന ഈണമായിരുന്നു അത്. ``ഉണ്ണിമേനോനെ കൊണ്ട് അത് പാടിക്കണം എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ചെന്നൈയിലെത്തിയ കാലം മുതല്‍ എന്റെ ചെറിയമ്മയെ പരിചയമുണ്ട് ഉണ്ണിക്ക്. എപ്പോള്‍ കാണുമ്പോഴും ഉണ്ണിയെക്കൊണ്ട് ഒരു പാട്ട് പാടിച്ചുകൂടേ എന്ന് ചോദിക്കാറുണ്ടായിരുന്നു അവര്‍. നല്ലൊരു അവസരം ഒത്തുവരണ്ടേ? എന്തായാലും ഈ പാട്ട് ഉണ്ണിയുടെ കയ്യില്‍ സുരക്ഷിതമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു എനിക്കും ഷഹബാസിനും.'' -രഞ്ജിത്ത് .
നാലുവരിയാണ് ആവശ്യപ്പെട്ടതെങ്കിലും തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കവിത മുഴുവനായി സിനിമയില്‍ ഉപയോഗിക്കുകയായിരുന്നു രഞ്ജിത്ത് എന്ന് റഫീക്ക്. 'കവിതയെ അകമഴിഞ്ഞ് സ്നേഹിക്കുന്ന ഒരു സഹൃദയന് കൂടി രഞ്ജിത്തില്‍ ഉള്ളതുകൊണ്ടാണ് അദ്ദേഹം അതിന് തയ്യാറായത്. എനിക്കേറ്റവും പ്രിയങ്കരമായ എന്റെ രചനകള്‍ മിക്കതും വന്നത് രഞ്ജിത്തിന്റെ സിനിമകളിലായിരുന്നു എന്നത് യാദൃച്ഛികമാവില്ല.''
സ്പിരിറ്റിലെ മരണരംഗത്ത് ചിത്രീകരിക്കപ്പെട്ടതിനാലാവണം 'മരണമെത്തുന്ന നേര''ത്തെ ദുഃഖഗാനമായി കണക്കിലാക്കിയവര് ഏറെയുണ്ട്. അല്‍പ്പം വിഷാദഛായ കലര്‍ന്ന ഈണവും ആലാപനവും അതിനവരെ പ്രേരിപ്പിച്ചിരിക്കാം. പക്ഷേ യഥാര്‍ത്ഥത്തില്‍ പ്രണയത്തിന്റെ ഉദാത്തമായ അനുഭൂതിതലമാണ് ആ രചനയില്‍ ഞാന്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചത്. അത് അറിഞ്ഞാലേ ആ കവിത പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയൂ എന്ന് തോന്നുന്നു.'' മുന്‍പും നിരവധി പാട്ടുകള്‍ എഴുതിയിരുന്നെങ്കിലും സ്വന്തം നാട്ടുകാര്‍ക്കു പോലും തന്നെ കൂടുതല്‍ പരിചിതനാക്കി മാറ്റിയത് ഈ ഗാനകവിതയാണെന്ന് തോന്നാറുണ്ട് റഫീക്കിന്. ``എന്നെ കണ്ടാല്‍ ദൂരെ നിന്ന് ആളുകള്‍ അതാ മരണമെത്തുന്ന നേരം പോകുന്നു എന്ന് അടക്കം പറയുന്ന അവസ്ഥയാണിപ്പോള്‍.''- റഫീക്ക് പൊട്ടിച്ചിരിക്കുന്നു.
Content Highlights: Explore the story behind the iconic Malayalam song `Marana Menzhathil` by Unni Menon. Discover its profound message of love and its enduring impact.
Published: 02 Dec 2025, 01:46 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented