അരവിന്ദന്റെ കാഞ്ചനസീതയ്ക്കും എം.ടി.യുടെ കടവിനും പശ്ചാത്തല സംഗീതം പകർന്ന വിശ്വ പ്രസിദ്ധ സംഗീതജ്ഞൻ രാജീവ് താരാനാഥിന്റെ സരോദ് തന്ത്രികൾ നിശബ്ദതയിൽ അമർന്നിട്ട് ഒരു മാസം തികയുന്നു. കഴിഞ്ഞ ജൂൺ പതിനൊന്നിനാണ് പത്മഭൂഷൺ ജേതാവായ ഈ കർണാടകക്കാരൻ നിത്യതയുടെ ഭാഗമാകുന്നത്. സംഗീതത്തേയും കവിതയേയും ഒരു പോലെ പ്രേമിച്ച രാജീവ് താരാനാഥ് സംഗീതത്തിന്റെ ഗിരിശ്യാഗങ്ങൾ കീഴടക്കും മുൻപ് തന്നെ ഇംഗ്ലീഷ് സാഹിത്യത്തിൽ റ്റി.എസ്.എലിയറ്റിന്റെ കവിതയെക്കുറിച്ചുള്ള പഠനത്തിന് ബ്രിട്ടിഷ് സർവ്വകലാശാലയിൽ നിന്ന് ഗവേഷണ ബിരുദം കരസ്ഥമാക്കിയിരുന്നു. കന്നഡ എഴുത്തുകാരായ അനന്തമൂർത്തിയും ഗിരീഷ് കർണാഡും അദ്ദേഹത്തിന്റെ അടുത്ത മിത്രങ്ങളായിരുന്നു.
നവതിയുടെ നിറവുകൾ തൂകിക്കഴിഞ്ഞ താരാനാഥിനെ ഞാൻ ആദ്യമായും അവസാനമായും കാണുന്നത് നാൽപ്പത്തഞ്ചു വർഷങ്ങൾക്കു മുൻപാണ്. അന്നദ്ദേഹം പഴയ ആന്ധ്രയുടെ ഇരട്ടനഗരങ്ങളിലൊന്നായ സെക്കന്തറാബാദിലെ സെൻട്രൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇംഗ്ലീഷിന്റെ ശാന്തമായ ക്യാമ്പസിലെ, ഇന്നത്തെ EFLU, ഇടതൂർന്ന വൃക്ഷങ്ങൾക്കിടയിലെ പുൽത്തകിടിയിലൂടെ, ഇരട്ടനഗരത്തിലെ വിസ്തൃതമായ തടാകങ്ങളിൽ നിന്ന് പൊങ്ങിപ്പടരുന്ന ഡിസംബർ കാറ്റേറ്റ്, സി.ഐ.ഇ.എഫ്.എൽലെ സുഹൃത്തുക്കളായ സഹപ്രവർത്തകരോടൊപ്പം നടക്കുകയായിരുന്നു.
എൺപതുകളുടെ ആദ്യം തന്നെ അദ്ദേഹം ഇംഗ്ലീഷ് അദ്ധ്യാപനത്തിന്റെ ചെറിയ ആകാശം വിട്ട് സംഗീതത്തിന്റെ ചിറകിൽ ഉയർന്നുപറക്കാൻ അമേരിക്കയിലേക്ക് പോയി. ഉസ്താദ് അലി അക്ബർഖാന്റ ശിഷ്യ പരമ്പരയിൽ പെട്ട താരാനാഥ്, താൻ പരിശിലിച്ചെടുത്ത ക്ലാസിക്കൽ സംഗീത പാരമ്പര്യത്തിന്റെ അടിസ്ഥാന ശിലകൾ ഇളക്കാതെ അഗാധവും വൈവിധ്യമാർന്നതുമായ താളലയങ്ങളുടെ വിസ്മയകരമായ ക്രമമാറ്റങ്ങളും രൂപാന്തരങ്ങളും നെയ്തെടുത്തെന്ന് സംഗീത നിരൂപകർ തിരിച്ചറിഞ്ഞു. ലോകത്തിലെ വിവിധ നഗരങ്ങളിൽ നടത്തിയ സരോദ് വാദനത്തിലൂടെ സംഗീതപ്രേമികളുടെ മനം കവർന്ന താരാനാഥ് അമേരിക്കൻ പൗരത്വം സ്വീകരിച്ച് അവിടെ താമസമാക്കിയെങ്കിലും വല്ലപ്പോഴും പാട്ടിന്റെ നഗരമായ മൈസൂറിലെ വീട്ടിൽ അദ്ദേഹത്തിന്റെ ദത്തുപുത്രിയോടൊപ്പം വന്നു താമസിച്ചു. ഈ വർഷം ആദ്യം അവിടെ എത്തിയപ്പോഴാണ് ഇംഗ്ലീഷിൽ കഥകളെഴുതുകയും മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്യുന്ന ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ എന്റെ സുഹൃത്ത് റിത്ത്‌വിക്ക് അദ്ദേഹത്തെ കാണാൻ പോയത്. ഇംഗ്ലീഷ് സാഹിത്യത്തെക്കുറിച്ചു പറഞ്ഞു തുടങ്ങിയ താരാനാഥ് അവസാനിപ്പിച്ചത് ഇങ്ങനെ ആയിരുന്നു: "അതെന്റെ മുൻ ജന്മമായിരുന്നു. സാഹിത്യ പുസ്തകങ്ങൾ അരനൂറ്റാണ്ട് മുൻപ് അടച്ചു. അത് സംഗീതത്തിന്റെ മഹാപുസ്തകം തുറക്കാനായിരുന്നു ".
ഇംഗ്ലീഷ് അദ്ധ്യാപകരുടെ കോഴ്‌സിനു വേണ്ടി അദ്ദേഹം തയ്യാറാക്കിയ സാഹിത്യ നിരൂപണ പാഠങ്ങളെക്കുറിച്ച് എന്റെ സുഹൃത്ത് ഓർമിപ്പിച്ചപ്പോൾ അവ ആരെങ്കിലും സൂക്ഷിച്ചിട്ടുണ്ടെങ്കിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്നാണ് സുഹൃത്ത് ഞാനുമായി ബന്ധപ്പെട്ടത്. പെട്ടെന്നാണ് അപകടകരമായ വീഴ്ച്ചയുണ്ടായി കിടപ്പിലായതും യു.എസിലേക്കുള്ള യാത്ര മാറ്റിവച്ചതും. പിന്നീട് അധികം വൈകാതെ, ജൂൺ പതിനൊന്നിന്, സംഗീതത്തിന്റേയും സാഹിത്യത്തിന്റേയും ആ നക്ഷത്രനാഥൻ അനശ്വരതയിലേക്ക് യാത്രയായി. അരനൂറ്റാണ്ടിന് മുൻപ് താരാനാഥ് എഴുതിയ സാഹിത്യചിന്തകളുടെ പ്രതി അദ്ദേഹത്തിന്റെ കൈകളിൽ എത്തിക്കാമെന്ന എന്റെ സുഹൃത്തിന്റെ വാക്കുകൾ പാലിക്കാനായില്ല. "രാഗതാളങ്ങളുടെ രാജകുമാരാ, കവിതയുടെ നക്ഷത്രനാഥാ, ഞാനത് നിധിപോലെ എന്റെ പുസ്തക ശേഖരത്തിൽ സൂക്ഷിച്ചിട്ടുണ്ട്".
Content Highlights: Rajeev Taranath, sarod, Indian musician, Kanchana Seetha
Published: 12 Jul 2024, 02:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented