തിരുവനന്തപുരം: പൂജപ്പുരയിലെ സാധാരണക്കാരനായിരുന്നു രവിയെന്ന നടൻ. നടക്കും, ബസിൽ യാത്ര ചെയ്യും. രാത്രി നാടകത്തിന്റെ രണ്ടാം കളി കഴിഞ്ഞാലും പുലർച്ചെ ഉണർന്ന് പഴവങ്ങാടി ഗണപതിക്ഷേത്രത്തിലും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും ദർശനത്തിനെത്തും.

To advertise here,

പൂജപ്പുര രവിക്കു വേണ്ടി ശ്രീകുമാരൻതമ്പി ഉൾപ്പെടെ പല സംവിധായകരും ഇല്ലാത്ത റോൾ ഉണ്ടാക്കി നൽകിയിരുന്നു. പുതിയ തലമുറയിലെ നടന്മാർ അദ്ദേഹത്തിന്റെ നർമം കണ്ട് രസിച്ചു. പിൽക്കാലത്ത് സെറ്റുകളിൽ അതേ നർമവും ജീവിതാനുഭവവും അദ്ദേഹം അവർക്കൊപ്പം പങ്കിട്ടു.

വേർപാടിന്റെ വേദനയിലും പ്രമുഖർ അദ്ദേഹവുമായുള്ള അടുപ്പം പങ്കുവയ്ക്കുന്നു.

സിനിമാക്കാരെല്ലാം ധനികരാണെന്ന തെറ്റിദ്ധാരണ നാട്ടുകാർക്കുണ്ട്. സിനിമയിൽ 25 പേർ മാത്രമേ ധനികരായി ഉണ്ടാവൂ. ചെറിയ പ്രതിഫലത്തിൽ ജീവിതച്ചെലവും വാർധക്യത്തിലെ ബുദ്ധിമുട്ടുകളും സഹിച്ച നടനായിരുന്നു പൂജപ്പുര രവിയെന്ന് ശ്രീകുമാരൻതമ്പി അനുസ്മരിച്ചു. ‘‘എന്റെ പകുതിപ്പടങ്ങളിലും രവി അഭിനയിച്ചിട്ടുണ്ട്. ഞാൻ വിളിക്കും. അദ്ദേഹം റോൾ ചോദിക്കും. ഇല്ലാത്ത റോൾ ഞാൻ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്’’-ശ്രീകുമാരൻതമ്പി പറഞ്ഞു.

സ്‌കൂൾ പഠന കാലത്ത് അച്ഛനൊപ്പം കലാനിലയത്തിന്റെ നാടകങ്ങളിൽ കണ്ട പൂജപ്പുര രവിയുടെ ആരാധകനായിരുന്നു നടൻ മണിയൻപിള്ള രാജു. അന്ന് അദ്ദേഹം സ്റ്റാറായിരുന്നു. കൊടുങ്ങല്ലൂർ അമ്മിണി അമ്മയുമായുള്ള കോമ്പിനേഷൻ രസകരമായിരുന്നു. 1975-ൽ സിനിമയിൽ വന്ന ശേഷമാണ് കൂടുതൽ അടുപ്പമുണ്ടായത്. അടൂർ ഭാസിക്ക് തിരക്കേറിയപ്പോൾ പകരക്കാരനായി അദ്ദേഹത്തെ പല സംവിധായകരും പരിഗണിച്ചു. ‘കണ്ണെഴുതി പൊട്ടുംതൊട്ട്’ എന്ന എന്റെ സിനിമയിൽ അദ്ദേഹം അഭിനയിച്ചു. ഭക്ഷണപ്രിയനായിരുന്നു. നാടകക്കാലവും കഷ്ടപ്പാടുകളും പല സെറ്റുകളിലും അദ്ദേഹം പങ്കുവച്ചിട്ടുണ്ടെന്ന് ഒന്നിച്ച് അഭിനയിച്ച കാലത്തെ മണിയൻപിള്ള രാജു അനുസ്മരിച്ചു.

തലസ്ഥാനത്ത് ജീവിച്ചെങ്കിലും സിനിമയിലും നാടകങ്ങളിലും കൂടെയാണ് പൂജപ്പുര രവിയെ കാണുന്നതെന്ന് നിർമാതാവ് ജി.സുരേഷ്‌കുമാർ ഓർമിക്കുന്നു. കലാനിലയത്തിന്റെ നാടകങ്ങളിൽ സി.ഐ.പോൾ, ആലുംമൂടൻ എന്നിവരും അദ്ദേഹത്തോടൊപ്പം അഭിനയിച്ചിരുന്നു. 1980-ൽ ചെന്നൈയിലെ സ്വാമീസ് ലോഡ്ജിൽ വച്ചാണ് അദ്ദേഹത്തെ ആദ്യം കാണുന്നത്. ‘82 മുതൽ ‘പൂച്ചയ്‌ക്കൊരു മൂക്കുത്തി’, ‘ഓടരുതമ്മാവാ ആളറിയാം’, ‘രാക്കുയിലിൻ രാഗസദസ്സിൽ’ തുടങ്ങി എന്റെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ മേനകയുമായും അദ്ദേഹം അഭിനയിച്ചുവെന്ന് സുരേഷ്‌കുമാർ പറഞ്ഞു.

ജീവിതത്തിലും അഭിനയത്തിലും പൂജപ്പുര രവി പുലർത്തിയ സത്യസന്ധതയാണ് എനിക്കിഷ്ടമെന്ന് നടൻ ജഗദീഷ് ഓർമിക്കുന്നു. കോളേജ് പഠനകാലത്ത് കലാനിലയത്തിന്റെ നാടകത്തിലൂടെയാണ് അദ്ദേഹത്തെ അറിയുന്നത്. ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിൽ ആദ്യം ഒന്നിച്ച് അഭിനയിച്ചു. സെറ്റുകളിൽ നെടുമുടി വേണുവുമൊത്ത് അദ്ദേഹം പങ്കിട്ട നർമവും ജീവിതാനുഭവങ്ങളും എന്നും ഓർമയിലുണ്ടാകും. അതൊക്കെയും തുടക്കക്കാരുടെ അഭിനയത്തിന് പ്രയോജനപ്പെട്ടതായും ജഗദീഷ് പറഞ്ഞു.

പൂജപ്പുരയുടെ പേരിൽ അറിയപ്പെട്ടിരുന്ന രണ്ടു പേരിൽ ഒരാൾ പോയെന്നാണ് നടൻ പൂജപ്പുര രാധാകൃഷ്ണൻ പറഞ്ഞു തുടങ്ങിയത്. രവിയണ്ണൻ എന്നെ സംബന്ധിച്ച് വേദനയാണ്. ശ്രീകുമാരൻതമ്പിയാണ് പേരിനൊപ്പം പൂജപ്പുര കൂടി ചേർക്കാൻ നിർബന്ധിച്ചത്. മറയൂരിൽ മകളുടെ വീട്ടിലേക്ക് പോകുമ്പോൾ പൂജപ്പുരയെ ഞാൻ മറ്റൊരു പൂജപ്പുരയെ ഏൽപ്പിച്ചു പോകുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. തിങ്കളാഴ്ച അദ്ദേഹത്തിന്റെ നിശ്ചേതനമായ ശരീരം വീണ്ടും തലസ്ഥാനത്തെത്തും. ആത്മ (അസോസിയേഷൻ ഓഫ് ടെലിവിഷൻ മീഡിയ ആർട്ടിസ്റ്റ്) എന്ന സംഘടന രൂപവത്കരിച്ചപ്പോൾ അദ്ദേഹത്തെ ക്ഷണിച്ചു. ‘എടേയ് ഞാനെന്തിന് ?’എന്നായിരുന്നു പ്രതികരണം. സംഘടനയിൽ അദ്ദേഹത്തിന് ഓണററി അംഗത്വം നൽകി. പ്രായമായ കലാകാരന്മാർക്ക് എല്ലാ വർഷവും നൽകുന്ന 5000 രൂപ അദ്ദേഹത്തിനും കൊടുത്തിരുന്നു. കോവിഡ് കാലത്ത് സുരേഷ്‌ ഗോപി അന്വേഷിച്ചു ചോദിച്ച് സഹായിച്ചു. അമ്മയുടെ യോഗങ്ങളിൽ ഒന്നിച്ചാണ് പോകാറുള്ളത്. കാവാലം നാരായണപണിക്കരുടെ ഒരു സീരിയലിൽ അദ്ദേഹം അഭിനയിച്ചിരുന്നു. അത് പൂർത്തിയായിരുന്നില്ല. കലാനിലയം കൃഷ്ണൻ നായരുടെ അടുത്ത ഇഷ്ടക്കാരനായ അദ്ദേഹം സംവിധായകൻ പ്രിയദർശന്റെ ബന്ധുവുമാണെന്ന് പൂജപ്പുര രാധാകൃഷ്ണൻ അനുസ്മരിച്ചു.