ജീവിതത്തിൽ പിന്നോട്ടുനോക്കുമ്പോൾ ഓരോ പോലീസുകാരനിലും ബാക്കിയാകുന്നത് മറ്റാർക്കും ലഭിക്കാത്ത ഒരുപാട് അനുഭവങ്ങളാണ്. കണ്ണീരിന്റെയും സന്തോഷത്തിന്റെയുമെല്ലാം നിറങ്ങളുള്ള അന്വേഷണമുഹൂർത്തങ്ങൾ. അത്തരം അനുഭവങ്ങളുടെ ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങൾ ജനങ്ങളിലേക്കെത്തിക്കാം എന്ന ആഗ്രഹത്തിലാണ് ഞാൻ ഒരു സ്വകാര്യചാനലിൽ ‘ആ യാത്രയിൽ’ എന്ന പരിപാടിയിൽ അന്വേഷണകഥകൾ പറയാനാരംഭിച്ചത്. ആ പരിപാടിക്ക് കിട്ടിയ പ്രതികരണങ്ങൾ എന്നിലൊരു നല്ലൊരു കഥപറച്ചിലുകാരൻ (സ്റ്റോറി ടെല്ലർ) ഉണ്ടെന്ന തിരിച്ചറിവ് തന്നു. അപ്പോഴും ആ കഥകൾ എഴുതാനുള്ള ധൈര്യമുണ്ടായിരുന്നില്ല. എന്നാൽ, വർഷങ്ങൾക്കുശേഷം കണ്ടുമുട്ടിയ ഒരു പഴയകൂട്ടുകാരൻ എഴുതാനുള്ള ധൈര്യം എന്റെ പേനകളിലേക്ക് വീണ്ടും പകർന്നുതന്നു, സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയാണത്. ‘ആ യാത്രയിൽ’ എന്ന പരിപാടിയിൽ ഞാൻ പറഞ്ഞ ഒരന്വേഷണകഥ സിനിമയാക്കാമെന്നും സിബി തന്നെ അതെഴുതണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. ആ പ്രോത്സാഹനത്തിൽനിന്നാണ് കാക്കിക്കുപ്പായത്തിൽനിന്ന്‌ ‘കുറ്റവും ശിക്ഷയും’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് പിറന്നുവീഴുന്നത്. രാജീവ് രവി ആകസ്മികമായി എന്റെ ജീവിതത്തിലേക്ക് കടന്നുവന്നൊരാളല്ല. ഞങ്ങൾ പണ്ടൊരിക്കൽ പരിചയപ്പെട്ടിരുന്നു, ഒരു പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഫ്ളാഷ് ബാക്കിൽ.

To advertise here,

വീണുടഞ്ഞ സിനിമാസ്വപ്നം

ജീവിതത്തിന്റെ യൗവനകാലത്ത് നാം പലതും സ്വപ്നം കാണും. ചിലത് നമുക്ക് എത്തിപ്പിടിക്കാവുന്നവയായിരിക്കും. എന്നാൽ, മറ്റു ചിലത് എത്ര കഷ്ടപ്പെട്ടാലും നമുക്കു പിടിതരാതെ ദൂരേക്ക് ദൂരേക്ക് മറയും. അത്തരത്തിലൊന്നായിരുന്നു കാസർകോട്‌ വെള്ളരിക്കുണ്ടുകാരനായ എനിക്ക് സിനിമ എന്ന സ്വപ്നം. നാട്ടിലെ തിയേറ്ററുകളിൽ സിനിമ കാണുമ്പോൾ സ്വപ്നം, ഒരുനാൾ ആ വെള്ളിത്തിരയിൽ സ്വന്തം പേര് തെളിഞ്ഞവരുന്ന നാളെയെക്കുറിച്ചായിരുന്നു. ആ സ്വപ്നത്തിന്റെ ഭാരവും ചുമലേറ്റിയാണ് വർഷങ്ങൾക്കുമുമ്പ് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓറിയന്റേഷൻ കോഴ്സിൽ പങ്കെടുക്കാൻ വണ്ടികയറിയത്. സിനിമാക്കാരനാകാനുള്ള ആ യാത്ര മലയോരഗ്രാമവാസികൾക്കിടയിൽ ചർച്ചയാകാൻ അധികസമയം വേണ്ടിവന്നില്ല. പരീക്ഷ എഴുതുന്നതിനുമുമ്പേ നാട്ടുകാരുടെ മൗത്ത് പബ്ലിസിറ്റിയിൽ ഞാനൊരു അഭിനവ സിനിമാക്കാരനായി. എന്നാൽ, ഒട്ടേറെ മിടുക്കന്മാർ അണിനിരന്ന ആ ഓറിയന്റേഷൻ കോഴ്സിൽ അവസാനകടമ്പയായ അഭിമുഖത്തിൽ എനിക്ക് അടിപതറി. അന്ന് അവസാനറൗണ്ടിൽ അഭിമുഖത്തിനായെത്തിയവരിൽ ഒരാളുടെ പേര് രാജീവ് രവി എന്നായിരുന്നു. അന്ന് ഞങ്ങൾ പരിചയപ്പെട്ടു. നാളെയുടെ മലയാളസിനിമയെ മുന്നോട്ടുനയിക്കാൻ പോകുന്ന ആ പ്രതിഭയ്ക്കൊപ്പം അഭിമുഖത്തിന് പങ്കെടുത്തെങ്കിലും പരാജയമായിരുന്നു എന്റെ വിധി. വീണുടഞ്ഞ സിനിമാസ്വപ്നത്തെ അവിടെത്തന്നെ കുഴിച്ചുമൂടി ഞാൻ നാട്ടിലേക്കു വണ്ടികയറി. കളിയാക്കലുകൾ, ആശ്വസിപ്പിക്കലുകൾ ചുറ്റിലും കേട്ട വാക്കുകളെല്ലാം മനസ്സിലെ അവശേഷിച്ച ജീവനും തകർത്തുകളയുന്നവയായിരുന്നു. എന്നാൽ, എവിടെയും പരാജയപ്പെടില്ലെന്ന ഉറപ്പിലാണ് അന്നുതൊട്ട് ജീവിതത്തെ കരുപ്പിടിപ്പിച്ച് തുടങ്ങിയത്. കെമിസ്റ്റ് (ട്രെയിനി), മെഡിക്കൽ റെപ്രസന്റേറ്റീവ്... ജീവിക്കാനായി പുതുവേഷങ്ങൾ. സർക്കാർജോലി എന്ന ചിന്ത മനസ്സിൽ കയറിയപ്പോഴാണ് എസ്.ഐ. സെലക്‌ഷൻ ടെസ്റ്റിന് അപേക്ഷിച്ചത്. ആ അപേക്ഷ ജീവിതത്തിന് വഴിത്തിരിവായി. എന്റെ ജീവിതത്തിന് നട്ടെല്ല് നൽകിയത് കാക്കിയാണ്. പാലാരിവട്ടം, ചൊക്ലി, ആദൂർ തുടങ്ങി വിവിധ സ്റ്റേഷനുകളിൽ ത്രില്ലടിപ്പിക്കുന്ന വിവിധ കേസുകൾ. ഓരോന്നിന്റെയും ചുരുളുകൾ അതീവശ്രദ്ധയോടെ നിവർത്തിയപ്പോൾ ഒരുപാടുപേർക്ക് അത് നീതിയുടെ വെളിച്ചമായി.

placeholder
സിബി തോമസും രാജീവ്‌ രവിയും | ഫോട്ടോ: മാതൃഭൂമി

മല താണ്ടി മഞ്ഞലോഹം തേടിവന്നവർ...

സി.ഐ. പദവിയിലിരിക്കുമ്പോഴാണ് ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടുന്നത്. ഒരിക്കൽ കുഴിച്ചുമൂടിയ സ്വപ്നം കുഴിമാടത്തിൽനിന്ന് വീണ്ടും അവിടെ മുളപൊട്ടി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ്‌ രാജീവ് രവിയുമായി സൗഹൃദം പുതുക്കിയത്. അന്നുതന്നെ സംസാരത്തിനിടെ റിയലിസ്റ്റിക്കായ പോലീസ് കഥകളോട് താത്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ താത്പര്യമാണ് ‘കുറ്റവും ശിക്ഷയും’ എന്ന സിനിമയിലേക്കെത്തിച്ചത്. എന്റെ ഔദ്യോഗികജീവിതത്തിൽ സംഭവിച്ച ഒരു സംഭവമാണ് കഥയുടെ ആധാരം. 2016 ഒക്ടോബറിൽ കാസർകോട്‌ ജില്ലയുടെ കിഴക്കൻ ഗ്രാമങ്ങളിലൊന്നിലാണ് ഈ സിനിമയ്ക്കാധാരമായ സംഭവം നടക്കുന്നത്. ‘സുമംഗലി ജ്വല്ലേഴ്സ്’ എന്ന സ്ഥാപനത്തിൽ വൻകവർച്ച നടക്കുന്നു. ആ മോഷണത്തിന്റെ അന്വേഷണച്ചുമതല എനിക്കായിരുന്നു. തുടർന്ന് നടന്ന അത്യന്തം ത്രില്ലിങ്ങായ അന്വേഷണമാണ് കുറ്റവും ശിക്ഷയും എന്ന സിനിമയുടെ കാതൽ. കാസർകോടുനിന്ന് തുടങ്ങുന്ന അന്വേഷണം അവസാനം ചെന്നെത്തിയത് ഉത്തർപ്രദേശിലെ ധൻപുര എന്ന ഗ്രാമത്തിലായിരുന്നു. റെഡിമെയ്ഡ് വസ്ത്രങ്ങൾ വാനിൽ കൊണ്ടുനടന്ന് വിൽപ്പന നടത്തുന്ന വസ്ത്രവ്യാപാരികൾ എന്ന വ്യാജേന കാസർകോട്‌ നഗരത്തിന്റെ പുറമ്പോക്കിൽ താമസമാക്കിയ അന്യസംസ്ഥാനക്കാരായിരുന്നു ആ മോഷണത്തിനു പിറകിൽ. മോഷ്ടാക്കളുടെ കേന്ദ്രമായ ആ ഗ്രാമത്തിലെത്തിയ പോലീസിനു നേരിടേണ്ടിവന്നത് അത്യന്തം തീവ്രമായ പ്രതിസന്ധികളായിരുന്നു. ഇതെല്ലാം വളരെ മനോഹരമായിത്തന്നെ രാജീവ് രവി ഈ സിനിമയിൽ പകർത്തിവെച്ചിരിക്കുന്നു. തിരക്കഥാരചനയിൽ ശ്രീജിത്ത് ദിവാകരനും പങ്കാളിയായി. വിശ്വകഥാകാരൻ ദസ്തയേവ്സ്കിയുടെ ചരിത്രപ്രസിദ്ധമായ നോവലിന്റെ പേര് കടമെടുത്തു എന്ന യാഥാർഥ്യത്തെ സാധൂകരിക്കുംവിധമാണ് സിനിമയുടെ ആവിഷ്‌കാരം. കഥാപത്രങ്ങൾ ചരിക്കുന്ന പാതകളിലെ കല്ലുകളും മുള്ളുകളും പുൽക്കൊടിത്തുമ്പുകളും അക്ഷരക്കൂട്ടുകളിലൂടെ അനുവാചകനുമുമ്പിൽ വരച്ചുകാട്ടുന്ന വിശ്വസാഹിത്യകാരന്റെ പാതതന്നെയാണ് ഈ ചലച്ചിത്രത്തിന്റെ സംവിധായകനും അവലംബിക്കുന്നത്. ആസിഫ്‌ അലി, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, അലൻസിയർ, സെന്തിൽ കൃഷ്ണ, ശ്രിന്ദ, സിബി തോമസ് തുടങ്ങി ഹിന്ദി സിനിമയിലെ മറ്റ്‌ അഭിനേതാക്കളുമുൾപ്പെടെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്. പ്രകൃതിഭംഗി ഒട്ടുമേ ചോരാതെ ഇന്നും നിലനിൽക്കുന്ന രാജസ്ഥാനിലെ ‘ദേവ്മാലി’ എന്ന ഗ്രാമമാണ് ചലച്ചിത്രത്തിന്റെ ഉത്തരേന്ത്യൻ ഭാഗങ്ങളുടെ ലൊക്കേഷനായത്.

placeholder

ആടുമാടുകളെ പോറ്റി ഉപജീവനം നടത്തുന്ന നിഷ്കളങ്കരായ ഗ്രാമീണർ ഇടയ്ക്കിടെ ഈ ചലച്ചിത്രരംഗങ്ങളിലൂടെ നിഴലാട്ടം നടത്തുന്നുണ്ട്. തികച്ചും സസ്യഭുക്കുകളായ കളങ്കം ലേശമേൽക്കാത്ത ഗ്രാമച്ഛായയാണ് ചിത്രത്തിൽ ‘തിരുട്ടുഗ്രാമമായി’ രൂപാന്തരപ്പെടുന്നത് എന്നതാണ് ഒരു വിരോധാഭാസം. റിയലിസ്റ്റ് പോലീസ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു ദൃശ്യവിരുന്നാകാൻ ‘കുറ്റവും ശിക്ഷയ്ക്കും’ സാധിക്കുമെന്നുറപ്പ്. വർഷങ്ങൾക്കുമുമ്പ് സിനിമാസ്വപ്നം പരാജയപ്പെട്ട് നാട്ടുകാരുടെ കളിയാക്കലുമേറ്റ് നിരാശനായിരുന്ന ആ വെള്ളരിക്കുണ്ട് ചുള്ളിക്കാരനായ പയ്യന്റെ പുതുജന്മംകൂടിയാണിത്. ഒരിക്കൽ ആഗ്രഹിച്ചതുപോലെ തിയേറ്ററിലെ ഇരുട്ടിനെ കീറിമുറിച്ച് വെള്ളിത്തിരയിൽ പേര് തെളിയുന്ന ആ സ്വപ്നസാക്ഷാത്കാരം.