മുംബൈ: മരപ്പണിക്കാരന്റെ അടുത്തിരിക്കുന്ന ഫെവിക്കോളിന്റെ പാത്രം. മുട്ടയിടാനിരിക്കുന്ന സുന്ദരിയായ കോഴി അതില്‍നിന്ന് എന്തൊക്കെയോ കൊത്തിത്തിന്നുന്നു. ആ കോഴിയിടുന്ന മുട്ട തട്ടുകടയില്‍ ഓംലെറ്റിനായി പൊട്ടിക്കാന്‍ ശ്രമിക്കുന്നു. ഒന്നുരണ്ടുവട്ടം തട്ടിയിട്ടും പൊട്ടാത്ത മുട്ട... ഫെവിക്കോള്‍ എന്ന പശയുടെ ബ്രാന്‍ഡ് ഇന്ത്യന്‍ മനസ്സു കീഴടക്കിയ പരസ്യദൃശ്യം ഇന്നും ജനമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്നു.

To advertise here,

ഇതുള്‍പ്പെടെ ലക്ഷക്കണക്കിനുപേരുടെ നാവുകളില്‍ നിറഞ്ഞുനില്‍ക്കുന്ന പരസ്യവാചകങ്ങളുമായി, പരസ്യമേഖലയെ പുതിയതലത്തിലേക്കു വളര്‍ത്തിയ കഥാകാരനാണ് വെള്ളിയാഴ്ച മണ്‍മറഞ്ഞത്. ജനമനസ്സറിഞ്ഞ്, സര്‍ഗശേഷിയില്‍ വിരിയിച്ചെടുത്ത പരസ്യങ്ങളുടെ കഥാകാരന്‍ പീയൂഷ് പാണ്ഡെ, അദ്ദേഹത്തിന്റെ പരസ്യങ്ങളിലൂടെ തുടര്‍ന്നും ജീവിക്കും. കാഡ്ബറിയുടെ 'കുച്ച് ഖാസ് ഹെ', ഏഷ്യന്‍ പെയിന്റ്‌സിന്റെ 'ഹര്‍ ഘര്‍ കുച്ച് കെഹ്താ ഹെ...', വോഡഫോണിന്റെ സൂസൂ... അങ്ങനെ പോകുന്നു കാലാതീതമായ ആ സര്‍ഗസൃഷ്ടികള്‍.

Also Read: പരസ്യരംഗത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു; വിടവാങ്ങിയത് ഒട്ടേറെ ജനപ്രിയ പരസ്യങ്ങളൊരുക്കിയ പ്രതിഭ

ഇന്ത്യയിലെ ഉപഭോക്താക്കളുടെ മനസ്സ് വായിച്ചെടുത്തുള്ള പരസ്യങ്ങളാണ് പീയൂഷ് പാണ്ഡെയെ വ്യത്യസ്തനാക്കിയത്. അതുവരെ ഇംഗ്ലീഷ് ഭാഷയില്‍ നിറഞ്ഞുനിന്ന പ്രചാരണ പരിപാടികളെ, പ്രാദേശികഭാഷയിലും നര്‍മത്തിലും സര്‍ഗാത്മകതയിലും ജനകീയമാക്കിയ കലാകാരന്‍. അദ്ദേഹത്തിന്റെ സര്‍ഗസൃഷ്ടിയില്‍ വാര്‍ത്തെടുത്ത ബ്രാന്‍ഡുകള്‍ ഇപ്പോഴും നമ്മുടെ കണ്‍മുന്നില്‍ തിളങ്ങിനില്‍ക്കുന്നു, 2014 -ല്‍ 'അബ് കി ബാര്‍, മോദി സര്‍ക്കാര്‍' എന്ന പ്രചാരണപരിപാടിയിലൂടെ പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്രമോദിയടക്കം.

1982-ല്‍ 'ഒഗില്‍വി ആന്‍ഡ് മാത്തര്‍ ഇന്ത്യ' എന്ന പരസ്യകമ്പനിയില്‍ ട്രെയിനി അക്കൗണ്ട് എക്‌സിക്യുട്ടീവായാണ് അദ്ദേഹം പരസ്യരംഗത്തേക്കു കടന്നുവന്നത്. അതിനു മുന്‍പ് ക്രിക്കറ്റിലും ചായയുടെ രുചി പരിശോധിക്കുന്നതിലും നിര്‍മാണമേഖലയിലും പ്രവര്‍ത്തിച്ചു. രാജസ്ഥാനുവേണ്ടി രഞ്ജി ക്രിക്കറ്റിലും കളിച്ചിട്ടുണ്ട്. നിറഞ്ഞ ചിരിയും നീണ്ട മീശയുമായിരുന്നു പീയൂഷ് പാണ്ഡെയുടെ മുഖമുദ്ര. 2025 ജൂലായില്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രചാരണത്തിനായി ലൈഫ് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ കൊണ്ടുവന്ന 'സബ്‌സെ പെഹ്ലെ ലൈഫ് ഇന്‍ഷുറന്‍സ്' എന്ന പ്രചാരണ പരിപാടിക്കായി എത്തിയപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് ആ ചിരി നിറഞ്ഞുനിന്നു. നാലു പതിറ്റാണ്ട് ഒഗില്‍വി ഇന്ത്യയുടെ മുഖമായിരുന്നു അദ്ദേഹം. ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തി നര്‍മത്തിലൂടെ ആളുകളെ വികാരപരമായി ആകര്‍ഷിക്കുന്ന രീതിയിലുള്ള പരസ്യങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.

ദേശീയോദ്ഗ്രഥനം ലക്ഷ്യമിട്ട് ദൂര്‍ദര്‍ശന്‍ വഴി പ്രചാരണ പരിപാടിയുടെ ഭാഗമായുള്ള 'മിലേ സുര്‍ മേരാ തുമാരാ...' എന്ന വരികള്‍ അദ്ദേഹത്തിന്റേതായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ദൃശ്യങ്ങള്‍, വിവിധ ഭാഷകളില്‍ കോര്‍ത്തെടുത്ത വരികള്‍ ഒരുകാലത്ത് ഇന്ത്യന്‍ വീടുകളില്‍ ഓരോരുത്തരുടെയും ചുണ്ടുകളില്‍ നിറഞ്ഞുനിന്നു.

ക്രിക്കറ്റ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണങ്ങള്‍ക്കിടയില്‍ ചെറുതും മുട്ടയുടെ രൂപത്തിലുമുള്ള 'സൂസൂ' എന്ന കഥാപാത്രങ്ങളെ ഉപയോഗിച്ച് തമാശകള്‍ നിറഞ്ഞ സംഭാഷണരഹിതമായ ചെറു പരസ്യങ്ങളിലൂടെ വോഡഫോണിന്റെ ബ്രാന്‍ഡ് വളര്‍ത്തിയെടുത്തതും പീയൂഷ് പാണ്ഡെ ആയിരുന്നു. വോഡഫോണെത്തുന്നതിന് മുന്‍പുള്ള ഹച്ച് എന്ന കമ്പനിയുടെ 'പഗ്ഗ്' പരസ്യത്തിനു പിന്നിലും അദ്ദേഹംതന്നെയാണ്.

കുലപതിക്ക് വിട

ഇന്ത്യന്‍ പരസ്യമേഖലയ്ക്ക് ആഗോളതലത്തില്‍ത്തന്നെ ഖ്യാതിയുണ്ടാക്കിയ പ്രതിഭ. ആഗോള 'പരസ്യ ഭൂപട'ത്തില്‍ ഇന്ത്യന്‍ സര്‍ഗാത്മകതയ്ക്ക് അദ്ദേഹം മുന്‍നിര സ്ഥാനം നേടിക്കൊടുത്തു. ലോകത്തെ തന്നെ മുന്‍നിര അഡ്വര്‍ടൈസിങ് അവാര്‍ഡുകളുടെ ജൂറി ചെയര്‍മാനാകാന്‍ അദ്ദേഹത്തെ പലപ്പോഴും ക്ഷണിച്ചത് അതിന് തെളിവാണ്. നാല് പതിറ്റാണ്ടോളം അദ്ദേഹം പ്രവര്‍ത്തിച്ച 'ഒഗില്‍വി ഇന്ത്യ' എന്ന ഏജന്‍സിയുടെ പര്യായം തന്നെയായി അദ്ദേഹം മാറി. ഇന്ത്യയുടെ ആത്മാവിനെ തിരിച്ചറിഞ്ഞ് തയ്യാറാക്കിയതാണ് അദ്ദേഹത്തിന്റെ ഓരോ പരസ്യചിത്രവും.

ഏഷ്യന്‍ പെയിന്റ്‌സ്, കാഡ്ബറി, ഫെവിക്കോള്‍, ഹച്ച്, വോഡഫോണ്‍ എന്നിവയുടെ പരസ്യങ്ങളിലൊക്കെ നാം അത് ആസ്വദിച്ചതാണ്. രാജ്യമൊന്നാകെ ഏറ്റുപാടിയ 'മിലെ സുര്‍ മേരാ തുംഹാരാ' എന്ന ക്ലാസിക്കിന്റെ രചയിതാവ്. പല വേദികളിലും അദ്ദേഹവുമായി അടുത്തിടപഴുകാന്‍ കഴിഞ്ഞിട്ടുണ്ട്. പീയൂഷ് പാണ്ഡെയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എപ്പോഴും മനസ്സില്‍ ഓടിയെത്തുക അദ്ദേഹത്തിന്റെ കൊമ്പന്‍മീശയും തുറന്ന ഇടപെടലും പൊട്ടിച്ചിരിയുമാണ്. പരസ്യങ്ങളുടെ കുലപതി, വിട...

-എം.വി. ശ്രേയാംസ് കുമാര്‍ (മാതൃഭൂമി മാനേജിങ് ഡയറക്ടര്‍)

ഫിനിഷിങ് സ്‌കൂള്‍

ഇന്ത്യയില്‍ പരസ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതൊരാളും പീയൂഷ് പാണ്ഡെയുടെ സ്വാധീനം അനുഭവിക്കാതിരിക്കാന്‍ തരമില്ല. അദ്ദേഹത്തിന്റേതു പോലെ മനോഹരമായ പരസ്യചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ നമുക്കും സാധിക്കുമെന്ന പ്രതീക്ഷ എപ്പോഴും ഉണ്ടായിരുന്നു. പീയൂഷ് പാണ്ഡെയുടെ നേതൃത്വത്തില്‍ ഒഗില്‍വി, ഇന്ത്യന്‍ പരസ്യരംഗത്തിന്റെ 'ഫിനിഷിങ് സ്‌കൂള്‍' ആയിരുന്നു.

-രാജു മേനോന്‍ (മാനേജിങ് ഡയറക്ടര്‍, മൈത്രി അഡ്വര്‍ടൈസിങ് വര്‍ക്‌സ്)

പ്രണാമം

പീയൂഷ് പാണ്ഡെ നല്‍കിയ സ്‌നേഹത്തിനും അനുഗ്രഹത്തിനും ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു. അദ്ദേഹം വലിയൊരു വിളക്കുമാടമായിരുന്നു, നല്ലൊരു സുഹൃത്തും. പീയൂഷ് നമ്മില്‍ ഉണ്ടാക്കുന്ന സ്വാധീനം എത്രത്തോളമാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ക്ക് അറിയാം.

-പ്രകാശ് വര്‍മ (പരസ്യചിത്രകാരന്‍, നടന്‍)