
പി. സുശീല | ഫോട്ടോ: ജി. ബിനുലാൽ \ മാതൃഭൂമി
പാട്ട് ചിട്ടപ്പെടുത്തിക്കഴിഞ്ഞാൽ ചുണ്ടുകൾകൊണ്ട് പാടിനോക്കും ആദ്യം; തൃപ്തിവന്നില്ലെങ്കിൽ ഹൃദയംകൊണ്ടും. അപ്പോൾ കേൾക്കുക പി. സുശീലയുടെ ശബ്ദമാണെന്നു പറഞ്ഞിട്ടുണ്ട് ദേവരാജൻ മാസ്റ്റർ. ‘‘വളരെ പ്രത്യേകതയുള്ള ശബ്ദമാണ് സുശീലയുടേത്. മഞ്ചാടിമണിപോലെ എന്ന് പറയാം. ഒരേസമയം വഴുവഴുപ്പും തരിതരിപ്പുമുള്ള ശബ്ദം.’’ -ദേവരാജൻ മാസ്റ്റർ ഒരിക്കൽ പറഞ്ഞു. എന്തുകൊണ്ട് തന്റെ ഏറ്റവും മികച്ച അസംഖ്യം പാട്ടുകൾ സുശീലയ്ക്ക് നൽകി എന്നതിന്റെ ഉത്തരംകൂടിയായിരുന്നു മാസ്റ്ററുടെ വാക്കുകൾ. ‘‘സിനിമാഗാനങ്ങളിൽ ഞാൻ പ്രാധാന്യംനൽകുന്നത് ഭാവത്തിനാണ്. ഉച്ചാരണവും ശ്രുതിയുമൊക്കെ നിരന്തരസാധനയിലൂടെ മെച്ചപ്പെടുത്താൻ കഴിയും. എന്നാൽ, ഭാവം ജന്മസിദ്ധമായി വന്നുചേരേണ്ടതാണ്. സുശീല മലയാളിയല്ലായിരിക്കാം. പക്ഷേ, അവരുടെ ശബ്ദത്തിൽ ഭാവമുണ്ട്. മാത്രമല്ല, എന്റെ ആലാപനത്തിൽവരുന്ന നുറുങ്ങുസംഗതികൾപോലും ആ ശബ്ദത്തിൽ സ്വതന്ത്രമായി അനായാസം വരും.’’
ദേവരാജസംഗീതം
ദേവരാജസംഗീതത്തിൽ ആദ്യം പാടിയ ‘ഭാര്യ’(1962)യിൽത്തന്നെയുണ്ടായിരുന്നു കാലത്തിനപ്പുറത്തേക്കു വളർന്ന പാട്ടുകൾ: പെരിയാറേ പെരിയാറേ (എ.എം. രാജയോടൊപ്പം), മുൾക്കിരീടമിതെന്തിനു നൽകി, ഓമനക്കൈയിൽ ഒലീവിലക്കൊമ്പുമായ്... പിന്നീടങ്ങോട്ട് ദേവരാജൻ-സുശീല കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങളിൽ സംഗീതസംവിധായകനും ഗായികയും തമ്മിലുള്ള അപൂർവരസതന്ത്രത്തിന്റെ മായാജാലംകൂടി അനുഭവിച്ചറിയുന്നു നാം. രാജശില്പി നീയെനിക്കൊരു (പഞ്ചവൻകാട്), കറുത്ത ചക്രവാള മതിലുകൾ ചൂഴും, ഏഴു സുന്ദരരാത്രികൾ (അശ്വമേധം), കിനാവിന്റെ കുഴിമാടത്തിൽ (ഡോക്ടർ), അഷ്ടമിരോഹിണി രാത്രിയിൽ (ഓമനക്കുട്ടൻ), ഹിമവാഹിനി ഹൃദയഹാരിണി (നാടൻ പെണ്ണ്), പ്രിയതമാ (ശകുന്തള), പൂന്തേനരുവീ, ശ്രാവണ ചന്ദ്രിക (ഒരു പെണ്ണിന്റെ കഥ), അറിയുന്നില്ല ഭവാൻ (കാട്ടുകുരങ്ങ്), തുറന്നിട്ട ജാലകങ്ങൾ (ദത്തുപുത്രൻ), പൂവുകൾക്ക് പുണ്യകാലം (ചുവന്ന സന്ധ്യകൾ), കാറ്റിൽ ഇളംകാറ്റിൽ (ഓടയിൽനിന്ന്), എന്തിനീ ചിലങ്കകൾ (കരുണ), വെള്ളോട്ടുവളയിട്ടു കമ്മലിട്ടു, കദളീവനങ്ങൾക്കരികിലല്ലോ (ഒതേനന്റെ മകൻ), കാറ്റുവന്നു കള്ളനെപ്പോലെ (കരകാണാക്കടൽ)...
ജയചന്ദ്രന്റെ ഗായിക
എസ്. ജാനകിയുടെ സ്വരമാധുരിയെ പുല്ലാങ്കുഴൽ നാദവുമായി താരതമ്യപ്പെടുത്തുന്നവരുണ്ട്. അങ്ങനെയെങ്കിൽ സുശീലയുടേത് മന്ദ്രമധുരമായ വീണാനാദമാണ്. കേട്ടുതീർന്നശേഷവും നിമിഷങ്ങളോളം കാതിൽ പ്രതിധ്വനിക്കുമത്. സുശീലാമ്മയുടെ പാട്ടുകൾ കേട്ടുകൊണ്ടാണ് പതിവായി താൻ ഉറക്കത്തിലേക്ക് വഴുതിവീഴാറുള്ളതെന്ന് പറയാറുണ്ടായിരുന്നു അന്തരിച്ച ഗായകൻ ജയചന്ദ്രൻ. ജാനകിയുടെ ശബ്ദത്തെ നിളയുടെ ശാലീനതയോടാണ് അദ്ദേഹം ഉപമിക്കുക; സുശീലയുടെ ശബ്ദത്തെ പെരിയാറിന്റെ മാദകത്വത്തോടും. ജന്മസിദ്ധമായിത്തന്നെ ഭാവസമ്പുഷ്ടമാണ് സുശീലയുടെ ശബ്ദം. പ്രണയവും വിരഹവും വേദനയും വാത്സല്യവും സാന്ത്വനവും എല്ലാം സ്വാഭാവികമായി വന്നുചേരുന്നു ആ സ്വർഗീയനാദത്തിൽ. സുശീലാമ്മയുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതുതന്നെ മഹാഭാഗ്യമെന്ന് പറഞ്ഞിട്ടുണ്ട് ജയചന്ദ്രനെയും എസ്.പി. ബാലസുബ്രഹ്മണ്യത്തെയും പോലുള്ളവർ. യേശുദാസിനുമുണ്ടാവില്ല മറിച്ചൊരു അഭിപ്രായം.
അറിയപ്പെടുന്ന ക്രിമിനൽ അഭിഭാഷകൻ പി. മുകുന്ദറാവുവിന്റെയും ശേഷാവതാരത്തിന്റെയും മകളായി ആന്ധ്രയിലെ വിജയനഗരത്തിൽ ജനിച്ച സുശീലയെ പാട്ടുവഴിയിലെത്തിച്ചത് വീട്ടിലെ സംഗീതാന്തരീക്ഷമാണ്. നല്ലൊരു വീണാവാദകനായിരുന്ന മുകുന്ദറാവു മകളെ എം.എസ്. സുബ്ബുലക്ഷ്മിയെയും ഡി.കെ. പട്ടമ്മാളിനെയുംപോലെ കർണാടക സംഗീത വിദുഷിയായിക്കാണാൻ ആഗ്രഹിച്ചു. വിഖ്യാത വയലിനിസ്റ്റ് ദ്വാരം വെങ്കടസ്വാമി നായിഡു പ്രിൻസിപ്പലായ മഹാരാജാസ് മ്യൂസിക് കോളേജിൽനിന്ന് ഒന്നാം ക്ലാസോടെ ഡിപ്ലോമ നേടിയ മകളെ മദ്രാസ് മ്യൂസിക് അക്കാദമിയിൽ ഉപരിപഠനത്തിനയച്ചത് ആ ലക്ഷ്യത്തോടെത്തന്നെ. ആകാശവാണിയിൽ സംഗീതക്കച്ചേരികൾ നടത്തി അതിനകം പേരെടുത്തിരുന്നു കൗമാരക്കാരിയായ സുശീല.
എന്നാൽ, വിധി സുശീലയെ കൊണ്ടുചെന്നെത്തിച്ചത് ശാസ്ത്രീയസംഗീതവേദികളിലല്ല; സിനിമയിലാണ്. പുതിയ ചിത്രത്തിൽ അവതരിപ്പിക്കാൻ ഒരു യുവഗായികയെത്തേടി സംഗീതസംവിധായകൻ പെണ്ഡ്യാല നാഗേശ്വര റാവു ആകാശവാണിയെ സമീപിക്കുന്നു. ആകാശവാണി അധികൃതർ നിർദേശിച്ച അഞ്ചുപേരുകളിൽനിന്ന് ശബ്ദപരിശോധനയ്ക്കുശേഷം റാവു തിരഞ്ഞെടുത്തത് സുശീലയെയാണ്. പെട്ര തായ് എന്ന തമിഴ് ചിത്രത്തിൽ എ.എം. രാജയോടൊപ്പം എതുക്ക് അഴൈത്തായ് എന്ന യുഗ്മഗാനം പാടിക്കൊണ്ടായിരുന്നു അരങ്ങേറ്റം.
ദക്ഷിണാമൂർത്തിയുടെ പാട്ടുകൾ
‘സീത’യിൽ (1960) പി. ലീലയെ ഉദ്ദേശിച്ച് ദക്ഷിണാമൂർത്തിസ്വാമി ചിട്ടപ്പെടുത്തിയ പാട്ട്, 'പാടുപാടി ഉറക്കാം ഞാൻ', സുശീലയെ തേടിയെത്തിയത് തികച്ചും യാദൃച്ഛികമായാണ്. ലീലയുടെ തിരക്ക് സുശീലയ്ക്ക് അനുഗ്രഹമായിമാറുകയായിരുന്നു. തമിഴിലും തെലുങ്കിലുമെന്നപോലെ മലയാളത്തിലെയും എന്റെ ആദ്യഗാനം സൂപ്പർ ഹിറ്റായി. അതൊരു ഭാഗ്യംതന്നെയായിരുന്നു.’’ സുശീല പറഞ്ഞു. സ്വാമിയുടെ ഈണത്തിൽ സുശീല പാടിയ പാട്ടുകൾ (പ്രത്യേകിച്ച് യുഗ്മഗാനങ്ങൾ) ഇന്നും മലയാളിയുടെ ഹൃദയത്തിലുണ്ട്: രാവ് പോയതറിയാതെ (അഭയം), ഉദ്യാനപാലകാ (ഉർവശി ഭാരതി), പ്രത്യുഷപുഷ്പമേ (സതി), വിലാസലോലുപയായി (ശ്രീമദ് ഭഗവദ് ഗീത), പഞ്ചബാണൻ എൻ ചെവിയിൽ (അരക്കള്ളൻ മുക്കാക്കള്ളൻ), കളഭമഴ പെയ്യുന്ന (കുറ്റവാളി) എന്നിവ ഉദാഹരണം.
വയലാറിന്റെ രചനയിലാണ് ബാബുരാജിന്റെ മികച്ച സുശീലഗീതികൾ അധികവും പിറന്നത്. കണ്ണുതുറക്കാത്ത ദൈവങ്ങളേ, കിളികിളി പരുന്തിന്, അഗ്നിനക്ഷത്രമേ (അഗ്നിപുത്രി), ഗംഗയാറൊഴുകുന്ന നാട്ടിൽ (കാട്ടുതുളസി), പ്രണയഗാനം പാടുവാനായ്, ഏഴു ചിറകുള്ള തേര് (അനാർക്കലി) എന്നിവ മറക്കാനാകുമോ? എന്റെ വളയിട്ട കൈപിടിച്ച വിരുന്നുകാരൻ, കണ്മണി നീയെൻ കരം പിടിച്ചാൽ (ഭാസ്കരൻ), കനകപ്രതീക്ഷ തൻ (ശ്രീകുമാരൻ തമ്പി) എന്നീ ഗാനങ്ങളിലുമുണ്ട് മുഗ്ധ മധുരമായ ആ ബാബുരാജ് സ്പർശം.
സംഗീതസംവിധായകരുടെ സ്വരം
കെ. രാഘവൻ (പതിവായി പൗർണമിതോറും, കന്നിരാവിൽ കളഭക്കിണ്ണം, മാനത്തെ മഴമുകിൽ മാലകളേ), സലിൽ ചൗധരി (കാട് കുളിരണ്, നീയും വിധവയോ, ഓമനത്തിങ്കൾ പക്ഷി), അർജുനൻ (മല്ലീസായകാ, ദ്വാരകേ, ചന്ദ്രരശ്മി തൻ, നക്ഷത്രകിന്നരന്മാർ), കെ.ജെ. ജോയ് (കാലിത്തൊഴുത്തിൽ പിറന്നവനേ, ബിന്ദൂ നീയാനന്ദ ബിന്ദുവോ, രാജമല്ലിപ്പൂ വിരിക്കും, രാധാ ഗീതാഗോവിന്ദ രാധ), എ.ടി. ഉമ്മർ (വൃശ്ചികരാത്രി തൻ, ചന്ദ്രക്കലാധരന്റെ), ആർ.കെ. ശേഖർ (കത്താത്ത കാർത്തിക വിളക്കുപോലെ, നീയെന്റെ വെളിച്ചം), ശ്യാം (ദേവദാരു പൂത്തു, കിനാവിൻ ഏദൻ തോട്ടം), ജോൺസൺ (പണ്ടൊരു കാട്ടിലൊരാൺ സിംഹം, മനസ്സിന്റെ മോഹം, കൊല്ലങ്കോട്ട് തൂക്കം), രവീന്ദ്രൻ (ആലോലം പൂമുത്തേ, ഹൃദയഗീതമായ്)... ഇവരുടെയൊക്കെ ഗാനപ്രപഞ്ചത്തിൽ സുശീലയുടെ ദീപ്തസാന്നിധ്യമുണ്ടായിരുന്നു; സ്ഥിരമായിട്ടല്ലെങ്കിലും...
നവതിയിലേക്ക് പ്രവേശിക്കുന്ന പി. സുശീലയ്ക്കുള്ള ഏറ്റവും ഹൃദയസ്പർശിയായ പ്രണാമങ്ങളിലൊന്ന് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്റേതായിരിക്കും. പ്രിയഗായികയെക്കുറിച്ച് വൈരമുത്തു ഒരിക്കൽ പറഞ്ഞു: ‘‘മരണം തൊട്ടടുത്ത് എത്തിനിൽക്കുന്ന വേളയിൽ മനസ്സിൽ അവശേഷിക്കുന്ന ആഗ്രഹം എന്തെന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ പറയും, സുശീലാമ്മയുടെ ശബ്ദം അവസാനമായി ഒരിക്കൽക്കൂടി കേൾക്കുക. ആ പാട്ടുകൾ മാത്രമുള്ള മ്യൂസിക് സിസ്റ്റം എനിക്കുവേണ്ടി തുറന്നുവെച്ച് പതുക്കെ വാതിൽചാരി നിങ്ങൾ സ്ഥലംവിട്ടോളൂ. എല്ലാം മറന്ന് ആ സ്വരമാധുരിയിൽ മുഴുകി ഞാൻ കണ്ണടയ്ക്കട്ടെ...’’
Content Highlights: Explore P. Susheela`s legendary voice, G. Devarajan`s compositions, and her impact on Malayalam cinema. A tribute to an iconic singer.
Published: 13 Nov 2025, 08:27 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented