ഹൃദയത്തിൽ ഭക്തിയുടെയും പ്രണയത്തിന്റെയും അഗ്നിസൂക്ഷിച്ച ബാലാമണി. നന്ദനം സിനിമ ഇരുപതാം വർഷത്തിലെത്തുമ്പോഴും മലയാളസിനിമയുടെ പൂമുഖത്ത് ബാലാമണി തെളിയിച്ച വിളക്കിന് വെളിച്ചംമങ്ങുന്നില്ല. ഗുരുവായൂരിന്റെ പശ്ചാത്തലത്തിൽ വാല്യക്കാരിക്കുട്ടിയുടെ കഥപറഞ്ഞ ചിത്രത്തിലൂടെ മികച്ചനടിക്കുള്ള ആദ്യ സംസ്ഥാനപുരസ്കാരം നവ്യാനായർ സ്വന്തമാക്കി. അരങ്ങേറ്റ സിനിമയുടെ പേര് സൂചിപ്പിച്ചപോലെ, സിനിമയിലേക്കിറങ്ങി പെട്ടെന്നുതന്നെ നവ്യ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി. വൈകാതെ മലയാളത്തിന്റെ മുറ്റം കടന്ന് നവ്യ തമിഴിലേക്കും കന്നഡയിലേക്കും ചേക്കേറി. കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ രണ്ടാംതവണയും നവ്യയെത്തേടി സംസ്ഥാനസർക്കാരിന്റെ മികച്ചനടിക്കുള്ള പുരസ്കാരമെത്തി. വിവാഹശേഷം സിനിമയിൽനിന്നു വിട്ടുനിന്ന നവ്യാനായരുടെ തിരിച്ചുവരവാണ് വി.കെ. പ്രകാശ് സംവിധാനംചെയ്ത ഒരുത്തീ സാധ്യമാക്കിയത്. ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളിലൂടെ സഞ്ചരിച്ച് പ്രതികൂലസാഹചര്യങ്ങളോട് പോരടിച്ചുനീങ്ങുന്ന കൊച്ചിക്കാരി രാധാമണിയെയാണ് ഒരുത്തീയിൽ നവ്യ അവതരിപ്പിക്കുന്നത്. കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ച ആഹ്ലാദം പങ്കുവെച്ച് നവ്യാനായർ സംസാരിച്ചുതുടങ്ങി.

To advertise here,

ഒരുത്തീയിലെ രാധാമണിയെത്തേടി അഭിനന്ദനങ്ങൾ വന്നുകൊണ്ടിരിക്കുന്നു. പുതിയ സിനിമനൽകുന്ന സന്തോഷത്തെക്കുറിച്ചാകാം ആദ്യം

=പ്രേക്ഷകരോടാണ് എനിക്കാദ്യമായി നന്ദിപറയാനുള്ളത്. പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം മലയാളത്തിലേക്കെത്തുമ്പോഴും ഇരുകൈയുംനീട്ടി സ്വീകരിച്ചു എന്നുകേൾക്കുമ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. സിനിമ കണ്ടും കഥാപാത്രത്തെ ഇഷ്ടപ്പെട്ടും ഒരുപാടുപേർ വിളിക്കുന്നുണ്ട്. ജീവിതവുമായി ചേർന്നുനിൽക്കുന്ന, സ്വന്തംജീവിതത്തിന്റെ ഭാഗമായൊരാളെയാണ് സ്‌ക്രീനിൽ കാണാനായത് എന്നാണ് പലരും പറഞ്ഞത്. സീനുകളെ ഹൃദയത്തോടു ചേർത്തുപിടിച്ച് വൈകാരികമായി ചിലർ വിവരിച്ചപ്പോൾ കണ്ണുനിറഞ്ഞുപോയി. സാധാരണക്കാരന്റെ ദൈനംദിനജീവിതവുമായി ചേർന്നുനിൽക്കുന്ന കഥയാണ് ഒരുത്തീയുടേത്. ശക്തമായൊരു കഥാപാത്രത്തിലൂടെ തിരിച്ചുവരണമെന്ന ആഗ്രഹം സാധ്യമായതിന്റെ ആഹ്ലാദത്തിലാണ് ഇന്ന് ഞാൻ.

പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം മലയാളസിനിമയിലേക്ക് തിരിച്ചുവരുമ്പോൾ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന സംശയമുണ്ടായിരുന്നോ

= ഇടവേളയ്ക്കുശേഷം എത്തുമ്പോൾ ഉള്ളിൽ ചെറിയൊരു ആശങ്കയുണ്ടായിരുന്നു. എന്നാൽ, കഥയും കഥാപാത്രവും നൽകിയ ആത്മവിശ്വാസം വലുതായിരുന്നു. അധ്വാനിച്ച,് കുടുംബംപോറ്റാൻ പ്രയാസപ്പെടുന്ന, പരിഭവംകലർന്ന സ്നേഹത്തോടെ അന്യനാട്ടിൽക്കഴിയുന്ന ഭർത്താവിനോട് സംസാരിക്കുന്നവളാണ് കഥാനായിക. അവളെപ്പോലെ എത്രയോപേർ നമുക്കുചുറ്റുമുണ്ട്. സാധാരണക്കാരിയായ ഒരുത്തിയുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറിവരുന്ന അസാധാരണകാര്യങ്ങളാണ് സിനിമ പറയുന്നത്.

നായികാപ്രാധാന്യമുള്ള സിനിമയാണ് ഒരുത്തീ. നടിയെന്നനിലയിൽ വല്ലപ്പോഴും മാത്രമേ അത്തരത്തിലുള്ള സിനിമകൾ തേടിവരാറുള്ളൂ. അതുവിട്ടുകളയാൻ മനസ്സ് അനുവദിച്ചില്ല.

പത്തുവർഷത്തെ ഇടവേളകഴിഞ്ഞെത്തുമ്പോൾ സിനിമയിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. കഥപറച്ചിലിലും ടെക്‌നിക്കൽ വിഭാഗങ്ങളിലും മാത്രമല്ല, പ്രേക്ഷകന്റെ അഭിരുചികളിലും ആ മാറ്റം ശക്തമാണ്. അഭിനയത്തിൽ സജീവമല്ലെങ്കിലും സിനിമകൾ നിരന്തരം കാണുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മാറ്റങ്ങൾ മനസ്സിലാക്കാനും പ്രയാസംകൂടാതെ പുതിയ ടീമിനൊപ്പം ചേർന്നുപ്രവർത്തിക്കാനും സാധിച്ചു.

നന്ദനത്തിലെ ബാലാമണിയിൽനിന്ന്‌ ഒരുത്തീയിലെ രാധാമണിയിലേക്കുള്ള മാറ്റം.

= ബാലാമണിയെപ്പോലെ പ്രേക്ഷകർക്ക് എളുപ്പം ചേർന്നുനിൽക്കാനും സ്നേഹിക്കാനും കഴിയുന്ന കഥാപാത്രമാണ് രാധാമണിയും. നന്ദനത്തിലെ ബാലാമണി പ്രയാസങ്ങളെ ചേർത്തുവെച്ച് ഈശ്വരനോട് പരാതിപറയുന്നുണ്ടെങ്കിൽ, ദൈവത്തെ വിളിക്കാൻപോലും സമയംകിട്ടാതെ, തിരക്കിട്ട ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പാടുപെടുന്നവളാണ് രാധാമണി. തുടക്കക്കാരിയുടെ കൗതുകത്തോടെയാണ് അന്ന് നന്ദനത്തിൽ അഭിനയിക്കാനെത്തിയത്. ആദ്യ ഷോട്ട് കഴിഞ്ഞപ്പോൾത്തന്നെ നല്ല ടൈമിങ്ങുള്ള കുട്ടിയാണെന്നു പറഞ്ഞ് അമ്പിളിച്ചേട്ടൻ(ജഗതി) അഭിനന്ദിച്ചതുൾപ്പെടെ ചിത്രീകരണവുമായി ചേർന്നുനിൽക്കുന്ന ഒരുപാടോർമകൾ ഇന്നും മനസ്സിലുണ്ട്. രാവിലെമുതൽ മേക്കപ്പിട്ട് വിഗ്ഗുമെല്ലാം വെച്ച് ഷോട്ടിനായി കാത്തിരുന്ന അമ്പിളിച്ചേട്ടൻ, ഉച്ചകഴിഞ്ഞിട്ടും ഷൂട്ടിങ് തുടങ്ങാതായപ്പോൾ, ‘ദേഷ്യം വരുന്നോണ്ടോ’യെന്ന് ഞാൻ ചോദിച്ചു. ‘മൂന്നുദിവസത്തെ ഡേറ്റാണ് ഞാൻ കൊടുത്തത്’ അതവർക്ക് എങ്ങനെവേണമെങ്കിലും ഉപയോഗിക്കാം. അത്രയും ദിവസം ഇവിടെ ഇരിക്കാൻ ഞാൻ ബാധ്യസ്ഥനാണ്‌, ഷൂട്ട് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം. ഡേറ്റ്കഴിഞ്ഞാൽ എനിക്കുപോകാം. ക്ഷമയോടെ കാത്തിരിക്കുക എന്നത് ഈ ജോലിയുടെ ഭാഗമാണ്.' പ്രൊഫഷണലായ ഒരു നടനിൽനിന്നുമാത്രം ലഭിക്കുന്ന ഉത്തരമായിരുന്നു അത്. ഇങ്ങനെ, നന്ദനം നൽകിയ പാഠങ്ങൾ ഒരുപാടുണ്ട്.

വെല്ലുവിളിനിറഞ്ഞ ചിത്രീകരണരംഗങ്ങൾ ഒരുത്തീയിൽ നിറയെ ഉള്ളതായി കേട്ടിട്ടുണ്ട്.

= ഒരുത്തീയിലെ മിക്ക രംഗങ്ങളും ആസ്വദിച്ച് അഭിനയിക്കുകയായിരുന്നു. എന്നാൽ, സ്കൂട്ടർ ഓടിക്കുന്നതും കള്ളനുപിറകെയുള്ള ചേസിങ്ങും ജങ്കാറിലേക്കുള്ള ചാടിക്കയറ്റവുമെല്ലാം കഠിനമായിരുന്നു. വേനൽക്കാലം കത്തിനിൽക്കുമ്പോഴാണ് സിനിമയുടെ ചിത്രീകരണം നടന്നത്‌. കൊടുംവെയിലിൽ കരിങ്കൽക്കൂനയിലേക്ക് ഓടിക്കയറിയതും ചെളിവെള്ളത്തിലൂടെ മണിക്കൂറുകളോളം നടന്നതുമെല്ലാം ഏറെ പ്രയാസപ്പെട്ടാണ് ചെയ്തുതീർത്തത്. സ്കൂട്ടർ ഓടിക്കാൻ അറിയാത്ത ഞാൻ സിനിമയ്ക്കായതു പഠിച്ചെടുത്തു. പരിക്കുപറ്റി ഇൻജക്‌ഷൻ എടുക്കുന്നതിനിടെ തലകറങ്ങിവീണു... അങ്ങനെ ചിത്രീകരണം ഉയർത്തിയ വെല്ലുവിളികൾ ഒരുപാടുണ്ട്.