യുക്തിയും അതിലേറെ ഭാവനയും ചേര്‍ന്ന മരക്കാരുടെ കഥ; സ്വപ്ന സിനിമയെക്കുറിച്ച് മോഹൻലാലും പ്രിയദർശനും


പി.പ്രജിത്ത്

ഇന്നെനിക്ക് അഭിമാനത്തോടെ പറയാനാകും ലോകസിനിമയ്ക്കുമുന്നിൽ മലയാളത്തിന് തലയുയർത്തിനിൽക്കാൻ വകനൽകുന്ന സിനിമയാകും കുഞ്ഞാലിമരക്കാർ അറബിക്കടലിന്റെ സിംഹം

മരക്കാറിലെ രം​ഗം, മോഹൻലാലും പ്രിയദർശനും

മോഹൻലാലും പ്രിയദർശനും ഒന്നിക്കുമ്പോൾ അവിടെ മുൻപേ തയ്യാറാക്കിയ ചോദ്യങ്ങൾ ആവശ്യമില്ല. നാലുപതിറ്റാണ്ട് പിന്നിട്ട സ്നേഹവും സൗഹൃദവും സിനിമയുമെല്ലാം സംഭാഷണത്തിലേക്ക് സ്വാഭാവികതയോടെ കടന്നുവരും. അഭിമുഖത്തിനായി ഇരിക്കുമ്പോൾ നല്ല കേൾവിക്കാരനാകുക എന്നതാണ് പ്രധാനം.

പ്രദർശനത്തിനൊരുങ്ങിയ കുഞ്ഞാലിമരക്കാർ അറബികടലിന്റെ സിംഹം മുൻനിർത്തി മോഹൻലാലും പ്രിയദർശനും നടത്തിയ സംഭാഷണം.മോഹൻലാൽ: വലിയ കാൻവാസിൽ അവതരിപ്പിച്ച കഥയാണ് കുഞ്ഞാലിമരക്കാർ സിനിമയുടേത്. മുൻകൂട്ടിയൊരു ബജറ്റ് നിശ്ചയിച്ച് ചിത്രീകരണം ആരംഭിക്കാൻ കഴിയില്ലെന്ന് ചർച്ചകളുടെ തുടക്കത്തിൽതന്നെ മനസ്സിലാക്കിയിരുന്നു. വിശ്വാസ്യയോഗ്യമായി പറഞ്ഞുഫലിപ്പിക്കാനാവശ്യമായ ഘടകങ്ങളെല്ലാം ഒത്തുവന്നാൽ മാത്രം, ചിത്രീകരണം തുടങ്ങിയാൽ മതിയെന്ന് തീരുമാനിച്ചിരുന്നു.
'കാലാപാനി' കഴിഞ്ഞ സമയത്താണ് കുഞ്ഞാലിമരക്കാരുടെ ചിന്ത വരുന്നത്. സിനിമയ്ക്കുപുറകിലെ ടെക്നിക്കൽ വിഭാഗം ഇന്നത്തേതുപോലെ വികസിച്ച കാലമായിരുന്നില്ല അത്. കഥയ്ക്ക് കൂട്ടായി ടെക്നിക്കൽ പെർഫക്ഷൻ ആവശ്യമുള്ള ഒരുപാട് രംഗങ്ങളുണ്ട്. ആഗ്രഹിച്ച തലത്തിൽ കടലും കപ്പൽയുദ്ധങ്ങളുമെല്ലാം അവതരിപ്പിക്കാൻ അനുകൂല സാഹചര്യങ്ങൾ ഒത്തുവരുന്നതുവരെ കാത്തിരുന്നു.

പ്രിയദർശൻ: സ്‌ക്രീനിൽ അവതരിപ്പിച്ച് ഫലിപ്പിക്കാൻ ഏറ്റവും പ്രയാസമുള്ള രണ്ട് കാര്യങ്ങൾ വാട്ടർ ആൻഡ് ഫയർ ആണ്. ഇവ രണ്ടും ഗ്രാഫിക്സിൽ ചെയ്തെടുക്കുകപോലും പ്രയാസമാണ്. അമേരിക്കയിലെ സിനിമക്കാർവരെ ഓസ്ട്രിയ, ഹങ്കറി എന്നിവിടങ്ങളിൽനിന്നെല്ലാമാണ് ആവശ്യമായ സോഫ്റ്റ്വേറുകൾ വാങ്ങുന്നത്. വളരെ കുറച്ചാളുകളേ ഈ മേഖലയിൽ പ്രൊഫഷണലായുള്ളൂ. നമ്മളും അവിടെനിന്നാണ് സോഫ്റ്റ്വേറുകൾ വാങ്ങിയത്. കുഞ്ഞാലിമരക്കാരിൽ വെള്ളവും തീയും നിറഞ്ഞ രംഗങ്ങൾ ഒരുപാടുണ്ട്. പ്രയാസപ്പെട്ടാണെങ്കിലും കൃത്യതയോടെ അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. ചിത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന് വിഷ്വൽസുകളാണ്.

Marakkar

മോഹൻലാൽ: കുഞ്ഞാലിമരക്കാർ കടലിൽ പടനയിച്ച് യുദ്ധംചെയ്ത ആളാണ്. അത്തരം രംഗങ്ങൾ ഒഴിവാക്കി ആ കഥ പറയാൻ കഴിയില്ല. അതുകൊണ്ട് സന്ദർഭങ്ങളുടെയും കഥാപാത്രങ്ങളുടെയും പൂർണത പ്രദർശിപ്പിക്കാനാവശ്യമായ സാധ്യതകളെല്ലാം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.
മുൻസിനിമകളെല്ലാം ഒരുക്കിയപോലെ വളരെ റിലാക്സ്ഡായാണ് ഞങ്ങൾ കുഞ്ഞാലിമരക്കാരിലേക്കും ഇറങ്ങിയത്. എന്നാൽ, ചിത്രീകരണം തുടങ്ങിയപ്പോഴാണ് കാര്യങ്ങൾ വിചാരിച്ചത്ര എളുപ്പമാകില്ലെന്ന് മനസ്സിലായത്. നിരവധി പ്രതിസന്ധികളെ വകഞ്ഞുമാറ്റിയാണ് ചിത്രം പൂർത്തിയാക്കിയത്. ഒരുപാടുപേരുടെ ഒരുപാട് ദിവസത്തെ പ്രയത്നം ഈ സിനിമയ്ക്ക് പുറകിലുണ്ട്.

പ്രിയദർശൻ: കാലാപാനി എഴുപത്തിരണ്ട് ദിവസംകൊണ്ടാണ് ചിത്രീകരിച്ചതെങ്കിൽ കുഞ്ഞാലിമരക്കാർ 102 ദിവസമാണ് ഷൂട്ട് ചെയ്തത്. ചിത്രീകരണത്തിനുശേഷം ഒരുവർഷത്തിലധികമെടുത്താണ് മറ്റ് ജോലികൾ പൂർത്തിയാക്കിയത്. ഇന്നെനിക്ക് അഭിമാനത്തോടെ പറയാനാകും ലോകസിനിമയ്ക്കുമുന്നിൽ മലയാളത്തിന് തലയുയർത്തിനിൽക്കാൻ വകനൽകുന്ന സിനിമയാകും കുഞ്ഞാലിമരക്കാർ അറബിക്കടലിന്റെ സിംഹം.

മോഹൻലാൽ: കുഞ്ഞാലിമരക്കാരുടെ വസ്ത്രധാരണരീതിയെകുറിച്ച് ചിലർ ചില കമന്റുകൾ പറഞ്ഞിരുന്നു മരക്കാരുടെ തലപ്പാവിൽ ഗണപതി എന്നതായിരുന്നു അവയിലൊന്ന്. മുൻപ് പ്രിയൻ സംവിധാനം ചെയ്ത 'ഒപ്പം' സിനിമയുടെ പോസ്റ്റർ പുറത്തുവന്നപ്പോഴും സമാനമായി ചില വിമർശനങ്ങൾ വന്നിരുന്നു. കണ്ണുകാണാത്തവന്റെ കൈയിലെന്തിനാണ് വാച്ച് എന്നാണ് അന്ന് ചിലർ ചോദിച്ചത്. പടം ഇറങ്ങുന്നതോടെ അതെല്ലാം അപ്രസക്തമായി. അന്വേഷണങ്ങളിലൂടെയും പഠനത്തിലൂടെയും കണ്ടെത്തിയ വസ്തുതകൾ മുൻനിർത്തിയും ചില യുക്തികളും അതിലേറെ ഭാവനയും ചേർത്തുവെച്ചാണ് തിരക്കഥ പൂർത്തിയാക്കിയിരിക്കുന്നത്.

Marakar

പ്രിയദർശൻ: തലപ്പാവിൽ കാണുന്ന ചിഹ്നം ഗണപതിയുടെതല്ല, ആനയാണത്. സാബുസിറിലിന്റെ ചിന്തയിലാണ് അത്തരത്തിലൊരു രൂപം പിറന്നത്. സാമൂതിരിയുടെ കൊടിയടയാളം എന്താണെന്ന് ആർക്കും അറിയില്ല. ഒരുപാട് അന്വേഷിച്ചെങ്കിലും എവിടെനിന്നും യഥാർഥ വിവരം ലഭിച്ചില്ല. രാജാവിന് ഒരു കൊടിയടയാളം ഉണ്ടാകുമല്ലോ..., അതെന്താണെന്ന ചിന്തയുമായി മുന്നോട്ടുപോയപ്പോഴാണ് ആനയും ശംഖും ചേർന്ന കേരളസർക്കാർ മുദ്ര ശ്രദ്ധയിൽപ്പെട്ടത്.അത്തരമൊരു അടയാളം എങ്ങനെ വന്നിരിക്കുമെന്ന ആലോചനയിൽ, ആന വടക്കുഭാഗത്തെയും ശംഖ് തെക്കുഭാഗത്തെയും പ്രതിനിധീകരിച്ചെത്തിയതായേക്കാമെന്ന ധാരണ ശക്തമായി. സാമൂതിരിയുടെ കൊട്ടാരങ്ങളിലെല്ലാം നിറയെ കാണുന്ന ആനതന്നെയാകാം അദ്ദേഹത്തിന്റെ രാജചിഹ്നമെന്ന് മനസ്സുകൊണ്ട് ഉറപ്പിച്ചു. പടത്തലവൻ കുഞ്ഞാലിമരക്കാർക്ക് സാമൂതിരി സമ്മാനിച്ച രാജമുദ്ര ആനയുടെതാകാം എന്ന തീരുമാനത്തിലെത്തി. ലാൽ സൂചിപ്പിച്ചപോലെ ചില യുക്തികളും അതിലേറെ ഭാവനയുമെല്ലാം ചേർന്ന് പറയുന്ന കഥയാണിത്.

മോഹൻലാൽ:കുഞ്ഞാലിമരക്കാരെ അവതരിപ്പിക്കാൻ, അദ്ദേഹത്തെക്കുറിച്ച് പഠിക്കാൻ ആരെയാണ് മാതൃകയാക്കുക. എല്ലാ സിനിമകളിലേയുംപോലെ അഭിനയിക്കേണ്ട ഭാഗം കഴിയാവുന്നത്ര ഭംഗിയായി അവതരിപ്പിക്കാൻ ശ്രമിച്ചുവെന്നുമാത്രം. പ്രിയദർശൻ എന്ന സംവിധായകനെ വിശ്വസിച്ചാണ് കുഞ്ഞാലിമരക്കാർ സിനിമയിലേക്കിറങ്ങുന്നത്. മലയാളത്തിനകത്തും പുറത്തും എത്രയോ സിനിമകൾ ചെയ്ത പ്രിയന് എടുക്കാൻപോകുന്ന സിനിമയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. അണിയറപ്രവർത്തനങ്ങളിലൊന്നും യാതൊരു സംശയത്തിനും വകനൽകാതെയാണ് അദ്ദേഹമത് ചിത്രീകരിച്ചത്. പ്രിയനെ വിശ്വസിച്ചാണ് ഞാനും ആന്റണിയുമെല്ലാം കുഞ്ഞാലിമരക്കാരുടെ ഭാഗമായത്.

പ്രിയദർശൻ: മോഹൻലാലിനെപ്പോലൊരു നടൻ നമ്മളെ വിശ്വസിച്ച് നൂറിലധികം ദിവസം നൽകാൻ തയ്യാറായി വരുമ്പോൾ എന്റെ ഉത്തരവാദിത്വം കൂടൂം, അതുകൊണ്ടുതന്നെ ചിട്ടയോടെ കാര്യങ്ങൾ ഒരുക്കാൻ നിർബന്ധിതനായി. സ്‌കൂൾപഠനകാലത്താണ് കുഞ്ഞാലിമരക്കാരുടെ കഥ മനസ്സിലേക്കെത്തുന്നത്. വൈദേശികരോട് യുദ്ധംചെയ്യുന്ന, കടലിൽ ജാലവിദ്യ കാണിക്കുന്ന വീരയോദ്ധാവിന്റെ ചിത്രം കുട്ടിക്കാലം മുതൽക്കുതന്നെ മനസ്സിലുണ്ടായിരുന്നു. പക്ഷേ, പൂർണമായൊരു കഥ എവിടെയും കണ്ടില്ല. പഴയകാലം പുനഃസൃഷ്ടിച്ച് സിനിമ ഒരുക്കുമ്പോൾ ഒരുപാടുകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.വേഷവിധാനവും ഭാഷയുമെല്ലാം ഏറെ ചർച്ചചെയ്ത് തീരുമാനിച്ചതാണ്.

Marakkar

കേരളത്തിലങ്ങളോളമിങ്ങോളമുള്ള മലയാളികൾക്ക് മനസ്സിലാകുന്ന ഭാഷയാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. മരക്കാരുടെ വേഷത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ അക്കാലത്തെ മലബാറിലെ പുരുഷൻമാരുടെ പൊതുവേഷം കൈലിമുണ്ടാണെന്ന് മനസ്സിലായി. എന്നാൽ കൈലി ഉടുത്ത് യുദ്ധംചെയ്യാൻ പ്രയാസമാണ്. കൈയും കാലും അനായാസം ചലിപ്പിക്കാൻ പാകത്തിലുള്ള വസ്ത്രധാരണമാണ് യുദ്ധമുഖത്ത് വേണ്ടതെന്ന് തീരുമാനിച്ചു. രക്ഷാകവചത്തെക്കുറിച്ചാലോചിച്ചപ്പോൾ യുദ്ധത്തിൽ പുറകിൽനിന്നും വശങ്ങളിൽനിന്നുമെല്ലാം ആക്രമണം ഉണ്ടാകാം. അതിനനുസരിച്ചുള്ള പടച്ചട്ടകൾ അണിയുമെന്നുറപ്പാണ്. അത്തരം യുക്തികളെ മുൻനിർത്തിയാണ് വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയത്.

മോഹൻലാൽ : സാമൂതിരിയും കുഞ്ഞാലിമരക്കാരും തമ്മിൽ തെറ്റുന്നത് ആനയുടെ വാലുവെട്ടിയതിന്റെ പേരിലാണെന്ന് കേൾക്കുന്നുണ്ട്. എന്തിനാണ് വാലുവെട്ടിയത്, എവിടെവെച്ച്, എന്ത് സംഭവവുമായി ബന്ധപ്പെട്ടാണിത്, മരക്കാർ നേരിട്ട് വെട്ടുകയായിരുന്നോ ഇതൊന്നും നമുക്കറിയില്ല. പ്രിയദർശന്റെ ഭാവനയാണ് പല സംഭവങ്ങളേയും പൂരിപ്പിച്ചത്.

പ്രിയദർശൻ: ചില സിനിമകൾ ചെയ്യുമ്പോൾ ആദ്യം നമുക്ക് സംശയങ്ങളുണ്ടാകും, എന്നാൽ യുക്തിപരമായ വിശകലനങ്ങളാകും പലപ്പോഴും തീരുമാനങ്ങളിലേക്കെത്തിക്കുന്നത്. 'ഒപ്പ'ത്തിന്റെ ചിത്രീകരണം തുടങ്ങിയ ആദ്യദിവസം കാഴ്ചയില്ലാത്തവന്റെ ജീവിതം ഇങ്ങനെയാണോ പകർത്തേണ്ടത് എന്ന സംശയം ശക്തമായിരുന്നു. രണ്ടുദിവസം കഴിഞ്ഞപ്പോൾ മനസ്സിലായി ശരിയായ രീതിയിലാണ് പോകുന്നതെന്ന്. കണ്ണുകാണാതെ അവിടിവിടങ്ങളിൽ തപ്പിനടക്കുന്ന നായകനായിരുന്നെങ്കിൽ, ആ കഥാപാത്രം വിജയിക്കാതെ പോയേനെ. ക്ലൈമാക്സിലെ സംഘട്ടനം വിശ്വാസ്യയോഗ്യമാക്കാൻ തുടക്കം മുതൽ പല രംഗങ്ങളും കഥയിലേക്ക് കൊണ്ടുവന്നിരുന്നു.

(പുന:പ്രസിദ്ധീകരണം)

Content Highlights : Mohanlal and Priyadarshan about Marakkar Big Budget movie Marakkar release


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented