മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ പുതിയ മെയ്ക്കിങ്ങ് വീഡിയോ പുറത്ത്. കപ്പലിന്റെയും കടലിന്റെയും മെയ്ക്കിങ്ങ് വീഡിയോ ആണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. സാബു സിറിളാണ് ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ. 

To advertise here,

പടുകൂറ്റനായ മൂന്ന് കപ്പലുകളാണ് സാബു സിറിലിന്റെ നേതൃത്വത്തിലുള്ള സംഘം നിർമിച്ചത്. കൂറ്റൻ ടാങ്കിൽ വെള്ളം നിറച്ചാണ് കപ്പൽ കടലിലിറക്കിയത്. മണ്ണുമാന്തി യന്ത്രത്തിന്റെ കൈകളിൽ ഡ്രമ്മുകൾ കെട്ടിവച്ച് ആഞ്ഞടിച്ചാണ് കൂറ്റൻ തിരമാലകൾ ഉണ്ടാക്കിയത്. മികച്ച വിഎഫ്എക്സ് ഇഫക്ടുകളും ചേർന്നപ്പോൾ വലിയൊരു ദൃശ്യാനുഭവം തന്നെയാണ് ഈ രം​ഗങ്ങൾ തീയേറ്ററിൽ സമ്മാനിച്ചതെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. 

നേരത്തെ ചിത്രത്തിലെ സംഘട്ടന രം​ഗങ്ങളുടെയും മോഹൻലാൽ വാൾപയറ്റ് അഭ്യസിക്കുന്നതിന്റെയും മെയ്ക്കിങ്ങ് വീഡിയോ പുറത്ത് വിട്ടിരുന്നു.  ത്യാഗരാജനും തായ്ലന്‍ഡില്‍ നിന്നുള്ള കസു നെഡയും ചേര്‍ന്നായിരുന്നു മരക്കാറിന്‍റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത്.

ഡിസംബർ 2നാണ് മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെൻറ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ബജറ്റ് ചിത്രമായ മരക്കാറിന്റെ മുടക്കുമുതൽ 100 കോടിയാണ്. ആറ് ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. റിലീസിന് മുമ്പേ ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. 

Content Highlights : Marakkar making video Mohanlal Priyadarshan Arjun Pranav Mohanlal