
ഋതുഭേദങ്ങളുടെ രാജകുമാരന്‍ എന്ന് മോഹന്‍ലാലിനെ വിശേഷിപ്പിക്കാം. നാല്‍പ്പതു വര്‍ഷത്തിലധികമായി മലയാളത്തിന്റെ മഴയും വെയിലും മഞ്ഞുംകൊണ്ട് , മലയാളിയ്ക്ക് മുന്നില്‍ മാറിമാറി വേഷമണിഞ്ഞ് മഹാനടനായി വളര്‍ന്നയാളാണ് ലാല്‍. ഇത്രമേല്‍ കണ്ടിട്ടും കേട്ടിട്ടും മലയാളിയ്ക്ക് ഈ മനുഷ്യനെ മടുക്കുന്നില്ല. നമ്മുടെ സംസ്‌കാരത്തിന്റെയും സ്വപ്നങ്ങളുടെയും ഭാഗമായി മാറി മോഹന്‍ലാല്‍. മോഹന്‍ലാല്‍ സംസാരിക്കുമ്പോള്‍ അഭിനയം മാത്രമല്ല ജീവിതവും അതിന്റെ യാദൃച്ഛികതകളും വിസ്മയങ്ങളും പല വര്‍ണങ്ങളില്‍ വിടരുന്നു.. മോഹന്‍ലാലുമായി ശ്രീകാന്ത് കോട്ടക്കല്‍ നടത്തിയ ദീര്‍ഘസംഭാഷണത്തിന്റെ അവസാന ഭാഗം
അച്ഛന്‍, അമ്മ, ജ്യേഷ്ഠന്‍ എന്നിവരടങ്ങിയ കുടുംബത്തില്‍ പെറ്റായിരുന്നു ലാല്‍. തിരക്കുകളില്‍ ഒഴുകിയപ്പോള്‍ ആ ലോകം നഷ്ടപ്പെട്ടതായി ആദ്യകാലങ്ങളിലെങ്കിലും വേദന തോന്നിയിരുന്നോ?
സത്യം പറഞ്ഞാല്‍ ഇല്ല. കാരണം, ഞാന്‍ ചെയ്യുന്ന ജോലിയുടെ പ്രത്യേകതകളെയും പ്രശ്‌നങ്ങളെയും കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. പിന്നെ ഏറെ തിരക്കുകളുള്ള അച്ഛനെക്കണ്ടാണ് ഞാന്‍ വളര്‍ന്നത്. ജോലിത്തിരക്കുകളുടെ പ്രശ്‌നത്തെക്കുറിച്ച് അച്ഛനും അമ്മയ്ക്കും നന്നായിട്ടറിയാമായിരുന്നു.
ജ്യേഷ്ഠന്‍ പ്യാരിലാലിന്റെ മരണം താങ്കളെ ഏതെങ്കിലും തരത്തില്‍ ബാധിച്ചിട്ടുണ്ടോ?
ബാധിക്കുക എന്ന വാക്ക് ശരിയാണ് എന്ന് തോന്നുന്നില്ല. തീര്‍ച്ചയായും വേദനിപ്പിച്ചിട്ടുണ്ട്. കാരണം അദ്ദേഹം വാര്‍ധക്യം ബാധിച്ചിട്ടൊന്നും മരിച്ചയാളായിരുന്നില്ല. പിന്നെ മരണത്തിന്റെ വലിയൊരു സവിശേഷത അത് മറവികൂടി കൂടെക്കൊണ്ടുനടക്കുന്നു എന്നതാണ്. എത്ര അടുത്തയാളാണെങ്കിലും മരിച്ച് കുറച്ചുകഴിഞ്ഞാല്‍ നാം പൂര്‍ണമായും മറക്കുന്നു. പിന്നീട് ആരെങ്കിലും ചോദിക്കുമ്പോഴാണ് ഓര്‍ക്കുന്നത്. എന്നാല്‍ ആ വേദന ആത്മാവില്‍ ശേഷിക്കും. അതുണ്ട്, ഇപ്പോഴും.
മോഹന്‍ലാല്‍ എന്ന നടന്‍ ഇത്രയും വലുതാവാനുണ്ടായ കാരണത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
ഞാന്‍ വളര്‍ന്നുവന്ന കാലം തന്നെയാണ് ഏറ്റവും വലിയ അനുഗ്രഹമായത്. ഏറ്റവും വലിയ എഴുത്തുകാരും ഏറ്റവും വലിയ സംവിധായകരും അവരുടെ പ്രതിഭ ഏറ്റവുമധികം ജ്വലിച്ചുനിന്ന സമയവുമായിരുന്നു എന്റെ വളര്‍ച്ചാകാലം. എഴുത്തില്‍ എം.ടി., പത്മരാജന്‍, ശ്രീനിവാസന്‍, ലോഹിതദാസ് തുടങ്ങിയവര്‍. സംവിധാനത്തില്‍ അരവിന്ദന്‍, ഭരതന്‍, പത്മരാജന്‍, ഹരിഹരന്‍, ഫാസില്‍, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ആര്‍. സുകുമാരന്‍, സിബി മലയില്‍, ഐ.വി. ശശി, ജോഷി തുടങ്ങിയവര്‍. എന്തൊരു കാലമായിരുന്നു അത്!. മത്സരിച്ച് എഴുതുകയും മത്സരിച്ച് സംവിധാനം ചെയ്യുകയും ചെയ്തിരുന്ന കാലം. അതാണ് എന്നില്‍ പ്രവര്‍ത്തിച്ചതും എനിക്ക് തുണയായതും. പുതിയ തലമുറയിലെ നടന്മാര്‍ക്ക് അത്തരം ഒരവസ്ഥ ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ എന്നെക്കാള്‍ മുകളില്‍പ്പോകും.
മാസ്റ്റേഴ്സിന്റെയൊപ്പമുള്ള പ്രവര്‍ത്തനം താങ്കളെ എങ്ങനെയാണ് സ്വാധീനിച്ചത്?
പ്രേംനസീറും അടൂര്‍ ഭാസിയും കൊട്ടാരക്കരയും എസ്.പി. പിള്ളയും ജയനും ബഹദൂറും തിക്കുറിശ്ശിയും മധുവും എന്‍.എന്‍. പിള്ളയും കലാമണ്ഡലം ഗോപിയുമടക്കമുള്ള ഗുരുതുല്യരില്‍ തുടങ്ങി ഏറ്റവും പുതിയ തലമുറയിലെ നടന്മാരുടെ ഒപ്പംവരെ അഭിനയിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. മറ്റു ഭാഷകളിലേക്കു പോയാല്‍ നാഗേശ്വര്‍ റാവുവും അമിതാഭ് ബച്ചനും ശിവാജി ഗണേശനും കമല്‍ഹാസനും. ഇവരെല്ലാം വലിയ അഭിനേതാക്കള്‍ എന്നതിനെക്കാള്‍ വലിയ മനുഷ്യരും വ്യക്തിത്വങ്ങളുമായിട്ടാണ് എനിക്കനുഭവപ്പെട്ടിട്ടുള്ളത്.
ഏറ്റവും ഉയരത്തില്‍ നില്ക്കുമ്പോഴും ഏറ്റവും വിനീതരാവാന്‍ സാധിക്കുന്നവര്‍. ഒരു വാക്കുകൊണ്ടോ നോക്കുകൊണ്ടോ ആരെയും നോവിക്കാത്തവര്‍. ഇവര്‍ക്കെല്ലാം ഞാന്‍ ഒന്നുകില്‍ മകനെപ്പോലെയായിരിക്കും. അല്ലെങ്കില്‍ സഹോദരനെപ്പോലെ. അമിതാഭ് ബച്ചനെ ഈയടുത്തും ഞാന്‍ കണ്ടു. ഇവരെയെല്ലാം അറിയുക എന്നാല്‍ ഓരോ ഇതിഹാസം വായിക്കുന്നതുപോലെയാണ്.
തിലകന്‍ എന്ന നടനില്‍ ലാല്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത എന്താണ്.
അങ്ങനെ ചോദിച്ചാല്‍ എനിക്ക് പറയാന്‍ പറ്റില്ല. തിലകന്‍ എന്നല്ല ഒരു നടനെക്കുറിച്ചും പറയാന്‍ സാധിക്കില്ല. പോള്‍മുനി തന്റെ ''അഭിനയശാസ്ത്രം' എന്ന പുസ്തകത്തില്‍ പറഞ്ഞ ഒരു സംഭവം തന്നെയാണ് എനിക്കിപ്പോള്‍ ഓര്‍മവരുന്നത്. ഒരു നാടകത്തില്‍ ബേത്തല്‍സ്ളി എന്ന നടിക്ക് അദ്ദേഹത്തോടൊപ്പം അഭിനയിക്കേണ്ടിയിരുന്നു. ഒരുദിവസം രാത്രി നാടകം തുടങ്ങും മുന്‍പ് സ്റ്റേജ് മാനേജര്‍ മുനിയോട് പറഞ്ഞു: 'ബേത്തല്‍ ഇന്നലെവരെ ഉപയോഗിച്ച ബ്ലൗസല്ല ഇന്ന് ധരിക്കുന്നത്.' അതുകേട്ടതോടെ ഷോക്കേറ്റതുപോലെ താന്‍ പരിഭ്രാന്തനായി എന്നാണ് അദ്ദേഹം എഴുതിയത്. എന്നിട്ടും മാനേജര്‍ തുടര്‍ന്നു: 'ബേത്തല്‍ ഇന്നു ധരിക്കുന്ന പുതിയ ബ്ലൗസ് താങ്കളുടെ മനോനിലയെ തകിടംമറിക്കുമല്ലോ എന്നോര്‍ത്തിട്ടാണ് ഞാനിത് നേരത്തേ പറഞ്ഞത്.'
Read More : 'എത്ര കാണാന്‍ കൊള്ളാത്തവനും കുറേക്കാലം സിനിമയില്‍ നിന്നാല്‍ നന്നാവും ഉദാഹരണം ലാല്‍ തന്നെ'
അപ്പോള്‍ പോള്‍മുനി പറഞ്ഞു: 'ഞാനിതുവരെ ബേത്തലിന്റെ ബ്ലൗസ് കണ്ടിട്ടില്ല. അവളൊരു ബ്ലൗസ് ധരിച്ചിരുന്നുവെന്ന വസ്തുതതന്നെ എനിക്കറിഞ്ഞുകൂടാ. അവള്‍ ഒരു ബ്ലൗസ് ധരിച്ചിരുന്നുവെന്ന് നിങ്ങള്‍ എന്നോട് പറഞ്ഞത് ആ രംഗത്തെ കൊല്ലുന്നതിന് തുല്യമാണ്. രംഗത്ത് ചെല്ലുമ്പോള്‍ ബേത്തല്‍ പുതിയ ബ്ലൗസ് ധരിച്ചിരിക്കുന്ന വിവരം താങ്കള്‍ പറഞ്ഞത് എന്റെ ഓര്‍മയില്‍ വരും. എന്റെ ശ്രദ്ധ ചിതറിപ്പോകും. എനിക്ക് അഭിനയിക്കാന്‍ കഴിയാതാകും.'
അദ്ദേഹം പറഞ്ഞത് വസ്ത്രത്തിന്റെ കാര്യമാണ്. എന്റെ കൂടെ അഭിനയിക്കുന്ന നടനെക്കുറിച്ച് സൂക്ഷ്മമായ നിരീക്ഷണങ്ങളോ ധാരണകളോ എനിക്കുണ്ടാകാറില്ല. അവരെയല്ല ആ കഥാപാത്രത്തിലാണ് ഞാന്‍ ഊന്നാറ്. എന്നാല്‍ മാത്രമേ എനിക്കതിനനുസരിച്ച് അഭിനയിക്കാന്‍ പറ്റൂ. പ്രത്യേകിച്ച് തിലകന്‍ചേട്ടനെപ്പോലുള്ള ഒരു മഹാനടന്റെ കാര്യത്തില്‍. പൊതുവായി പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ഡയലോഗ് പ്രസന്റേഷനും ശബ്ദവും ഭാവങ്ങളില്‍നിന്ന് ഭാവങ്ങളിലേക്കുള്ള അനായാസ സഞ്ചാരവും ആണ് പ്രത്യേക സിദ്ധിയായി തോന്നിയിട്ടുള്ളത്. ഞാനുമായി അഭിനയിക്കുമ്പോള്‍ പ്രത്യേക രസതന്ത്രം സംഭവിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അത് ശരിയായിരിക്കാം.
'കമ്പനി', 'ഇരുവര്‍', 'കിരീടം', 'സദയം', 'ഭ്രമരം', 'ടി.പി. ബാലഗോപാലന്‍ എം.എ.', 'തന്മാത്ര' എന്നീ ചിത്രങ്ങളിലെ ലാലിന്റെ അഭിനയത്തെക്കുറിച്ച് പല നിരീക്ഷണങ്ങളും ഉണ്ടായിട്ടുണ്ട്. ഇതേക്കുറിച്ച് ബോധവാനാണോ?
ഒരിക്കലുമല്ല. മറ്റുള്ളവര്‍ പറയുമ്പോഴാണ് ഞാന്‍ അതിനെക്കുറിച്ച് കേള്‍ക്കുന്നത്. അതൊന്ന് കണ്ടുകളയാം എന്നുകരുതി ആ സിനിമകളൊന്നും വീണ്ടും ഇട്ട് കാണാറുമില്ല. എന്റെ സിനിമകള്‍ ഏറ്റവും കുറച്ച് കണ്ടയാള്‍ ഞാനായിരിക്കും. ഡബ്ബിങ്ങിന്റെ സമയത്താണ് ഞാന്‍ എന്റെ സിനിമ കാണാറുള്ളത്. അതൊരു പാതിവെന്ത അവസ്ഥയായിരിക്കും. പിന്നെ നമ്മുടെ പ്രകടനം നാംതന്നെ കണ്ട് അതേക്കുറിച്ച് നമ്മള്‍തന്നെ ആലോചിച്ചിരിക്കുന്നത് എന്തൊരു ബോറന്‍ ഏര്‍പ്പാടാണ്. അത് മറ്റുള്ളവര്‍ കാണട്ടെ, നിരീക്ഷിക്കട്ടെ, പറയാനുള്ളത് പറയട്ടെ.
ബോധപൂര്‍വമായ ഒരു പ്രയത്‌നം അഭിനയത്തില്‍ ഇല്ലെന്നാണോ?
അതാണ് ഞാന്‍ എപ്പോഴും പറയാറുള്ളത്, അജ്ഞാതമായ ശക്തിയുടെ അനുഗ്രഹമെന്ന്. അത്തരം കാര്യങ്ങള്‍ അറിഞ്ഞുകൊണ്ടോ ബോധപൂര്‍വമോ വരില്ല. അവ അറിയാതെ പ്രസരിക്കുകയാണ്. അവയ്ക്ക് വ്യാകരണങ്ങളോ നിയമങ്ങളോ ഇല്ല. ഒരിക്കല്‍ സംഭവിച്ചാല്‍ വീണ്ടും സംഭവിക്കണമെന്ന് യാതൊരു ഉറപ്പുമില്ല. ഇത് അഭിനയത്തില്‍ മാത്രമല്ല എല്ലാതലത്തിലുമുള്ള സര്‍ഗമേഖലകളിലും സംഭവിക്കുന്നതാണ്. ബോധപൂര്‍വമാവുമ്പോള്‍ ഇവ വൃത്തികേടാവുകയാണ് ചെയ്യുക.
'കാലാപാനി'യും 'വാനപ്രസ്ഥ'വും താങ്കള്‍ നിര്‍മിച്ച സിനിമകളാണ്. കച്ചവടതാത്പര്യത്തിലുപരി എന്തെങ്കിലും ഘടകങ്ങള്‍ ഈ നിര്‍മാണസംരംഭങ്ങള്‍ക്ക് പിന്നിലുണ്ടോ?
കച്ചവടതാത്പര്യം തീരെയില്ലായിരുന്നു. ആ തരത്തില്‍ നോക്കുമ്പോള്‍ അവ ഭീമമായ നഷ്ടങ്ങള്‍തന്ന പദ്ധതികളായിരുന്നു. ആ സിനിമകളുടെ ഉള്ളടക്കത്തിനോട് എനിക്ക് വ്യക്തിപരമായുള്ള അഭിനിവേശമാണ് നിര്‍മാതാവാകാന്‍ എന്നെ പ്രേരിപ്പിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും കഥകളിയും. ഒരേസമയം ഒരു നിര്‍മാതാവിന്റെ ടെന്‍ഷനും നടന്റെ പാഷനും ഞാന്‍ ഈ സിനിമകളില്‍ അനുഭവിച്ചു. ഉള്‍ക്കനമുള്ള കഥാപാത്രങ്ങളിലൂടെ കടന്നുപോകാന്‍ സാധിച്ചു. പിന്നെ എന്റെ സമ്പാദ്യം ഞാന്‍ സിനിമയില്‍തന്നെയാണ് നിക്ഷേപിച്ചിരിക്കുന്നത്. അത് നഷ്ടമായാലും ലാഭമായാലും എനിക്ക് പ്രശ്‌നമല്ല.
സിനിമാഭിനയത്തില്‍ തൃപ്തിപോരാഞ്ഞിട്ടോ വിരക്തി വന്നിട്ടോ ആണോ താങ്കള്‍ നാടകങ്ങളിലേക്ക് തിരിയുന്നത്?
ഒരിക്കലുമല്ല. വിരക്തി ഒട്ടുമില്ല. പിന്നെ, കൂടുതല്‍ ആഴത്തിലുള്ളതും വ്യത്യസ്തമായതും വെല്ലുവിളികളുള്ളതുമായ അഭിനയമേഖലയ്ക്കുവേണ്ടിയുള്ള ദാഹം അരങ്ങിലേക്കുള്ള എന്റെ യാത്രകളിലുണ്ട്. അത് എന്നിലെ കലാകാരന്റെ ആത്മാവിന്റെ ദാഹമാണ്. ഒരു മുഴുനീള കഥാപാത്രമായി ഇടവേളകളില്ലാതെ അരങ്ങില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍നിന്ന് സ്വയം കത്തിയെരിയുക എന്ന അനുഭവം തീര്‍ത്തും വ്യത്യസ്തമാണ്. ജീവിതത്തെപ്പോലെതന്നെ റീടേക്കുകളില്ലാത്ത അവസ്ഥ.
'കര്‍ണഭാര'മെന്ന സംസ്‌കൃതനാടകത്തിലഭിനയിച്ച നടനെന്ന നിലയില്‍ അനുഭവം എങ്ങനെയായിരുന്നു?
ഒരേസമയംതന്നെ ആനന്ദവും വിഭ്രമവും ഭയവും ഉണ്ടാക്കുന്നതായിരുന്നു അത്. സംസ്‌കൃതത്തിലാണ് നാടകം ചെയ്യേണ്ടതെന്ന് കാവാലം സാര്‍ പറഞ്ഞപ്പോള്‍ ഒറ്റയടിക്ക് ഞാന്‍ പല കഷണങ്ങളായി ചിതറിപ്പോയി. കാരണം എനിക്ക് സംസ്‌കൃതം അറിയില്ല. ഞാന്‍ തരിച്ചിരുന്നപ്പോള്‍ സാര്‍ പറഞ്ഞു: 'തനിക്ക് കഴിയുമെടോ.' അടുത്തദിവസം സ്‌ക്രിപ്റ്റ് അയച്ചുതന്നു. ആ സമയത്ത് ഞാന്‍ പ്രിയന്റെ 'കാക്കക്കുയില്‍' എന്ന സിനിമയില്‍ അഭിനയിക്കുകയാണ്. തീര്‍ത്തും വ്യത്യസ്തമായ അന്തരീക്ഷം. കോമഡി ക്യാരക്ടര്‍.
അതിനിടയിലിരുന്ന് ഞാന്‍ ഭാസന്റെ 'കര്‍ണഭാരം' പഠിക്കാന്‍ തുടങ്ങി. പിന്നീട് ഷൂട്ടിങ് കഴിഞ്ഞുള്ള പാതിരാത്രികളില്‍, വിമാനയാത്രകളില്‍, വീണുകിട്ടുന്ന ഇടവേളകളിലെല്ലാം ഇരുന്ന് നാടകം മനപ്പാഠമാക്കി. ഡല്‍ഹിയിലായിരുന്നു അരങ്ങ്. നാടകം തുടങ്ങുന്നതിന് മുന്‍പ് ഞാന്‍ സദസ്സിനെയൊന്ന് നോക്കി. വലിയ പണ്ഡിതന്മാരും നാടകമര്‍മജ്ഞരുമാണ് നിറയെ. ഞാനാകെ വിയര്‍ത്തുപോയി. ഓരോ സംഭാഷണം കഴിയുമ്പോഴും എന്റെ മനസ്സാകെ ശൂന്യമായിരുന്നു. അടുത്ത ഡയലോഗ് പോലും ഓര്‍മയിലില്ല. ഒടുവില്‍ എങ്ങനെയോ ആ കടല്‍ നീന്തിക്കടന്നു. ഗുരുനാഥന്മാരുടെ അനുഗ്രഹം ശരിക്കും ഞാന്‍ അപ്പോഴാണ് അറിഞ്ഞത്.
ഗുരുത്വത്തെപ്പറ്റി മോഹന്‍ലാല്‍ പലപ്പോഴും പറയാറുണ്ട്. അത്രയ്ക്ക് വിശ്വാസമുണ്ടോ അതില്‍?
ഉണ്ട്. അതുകൊണ്ട് മാത്രമാണ് ഞാന്‍ ഇപ്പോഴും നിലനില്ക്കുന്നതെന്നാണ് എന്റെ വിശ്വാസം. മഹാപ്രതിഭകളായ എത്രയോ ആചാര്യന്മാരുടെ ഇടയില്‍ പ്രവര്‍ത്തിക്കാനും അവരോട് ചേര്‍ന്നുനില്ക്കാനും സാധിച്ചുവെന്നത് എന്റെ ഭാഗ്യമാണ്. എഴുത്തില്‍ എം.ടി., പത്മരാജന്‍, ലോഹിതദാസ്. അഭിനയത്തില്‍ പ്രേംനസീര്‍, മധു, തിലകന്‍, എന്‍.എന്‍. പിള്ള, നെടുമുടിവേണു, ശിവാജി ഗണേശന്‍, നാഗേശ്വര്‍ റാവു, രാജ്കുമാര്‍, അമിതാഭ് ബച്ചന്‍ പിന്നെ ഭരതന്‍, കലാമണ്ഡലം ഗോപി, അമ്മന്നൂര്‍ മാധവച്ചാക്യാര്‍, കുടമാളൂര്‍, കീഴ്പ്പാടം, എല്‍. സുബ്രഹ്മണ്യം, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സക്കീര്‍ ഹുസൈന്‍... അങ്ങനെ എത്രയോ പേര്‍. ഇവരെല്ലാവരും എന്റെ ശിരസ്സില്‍ കൈവെച്ചനുഗ്രഹിച്ചിട്ടുണ്ട്. ഇവരുടെയൊക്കെ അനുഗ്രഹത്തിന്റെയും സ്‌നേഹത്തിന്റെയും വലയത്തിലാണ് ഞാനിപ്പോഴും ജീവിക്കുന്നത്. അതാണെന്റെ ബലവും കവചവും. പിന്നെ ഞാന്‍ ആരെ പേടിക്കാന്‍? എന്തിനെ പേടിക്കാന്‍?
മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ഒരു താരയുദ്ധം നിലനില്ക്കുന്നുണ്ട് എന്ന് മലയാളി വിശ്വസിക്കുന്നുണ്ട്. ഇത് ശരിയാണോ?
യുദ്ധമൊന്നുമില്ല. ആരോഗ്യകരമായ മത്സരമുണ്ടാവാം. മമ്മൂട്ടി ചെയ്ത മഹത്തായ റോളുകളൊന്നും എനിക്ക് ചെയ്യാന്‍ സാധിക്കില്ലായെന്ന് ബോധ്യമുള്ളയാളാണ് ഞാന്‍. പിന്നെ ഞാന്‍ എന്തിനാണ് അദ്ദേഹത്തിനോട് യുദ്ധത്തിന് പോകുന്നത്? അദ്ദേഹത്തിന് നല്ല റോളുകള്‍ കിട്ടുമ്പോള്‍ എനിക്കും നല്ല റോളുകള്‍ കിട്ടണമെന്ന് ഞാന്‍ കൊതിക്കാറുണ്ട്. അതില്‍ എന്താണ് തെറ്റ്? ഒരാളെ ഇല്ലാതാക്കാന്‍ മറ്റൊരാള്‍ മത്സരിക്കുമ്പോഴല്ലേ പ്രശ്‌നമുള്ളൂ.
ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ന്നതിനുപിന്നിലെ പ്രചോദനമെന്താണ്?
എന്റെ വീടിനടുത്ത് ഒരു ചിത്രകാരനുണ്ടായിരുന്നു. കുട്ടിക്കാലത്ത് ഞാന്‍ അദ്ദേഹം വരയ്ക്കുന്നിടത്ത് പോയിനില്ക്കും. ആ ചിത്രങ്ങളില്‍ മിക്കവയും എന്തുകൊണ്ടോ പട്ടാളവുമായി ബന്ധപ്പെട്ടവയായിരുന്നു. അന്നുമുതലേ പട്ടാളക്കാരുടെ ലോകം എന്റെയുള്ളില്‍ കടന്നുകൂടി. വളരെ വളരെ വര്‍ഷങ്ങള്‍ക്കുശേഷം 'കീര്‍ത്തിചക്ര', 'കുരുക്ഷേത്ര', 'കാണ്ഡഹാര്‍' എന്നീ സിനിമകളില്‍ പട്ടാളക്കാരനായി എനിക്ക് അഭിനയിക്കേണ്ടിവന്നു. ശ്രീനഗര്‍, കാര്‍ഗില്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. സംഘര്‍ഷഭരിതമായ അതിര്‍ത്തികളില്‍ അടുത്ത നിമിഷം എന്താവുമെന്നറിയാതെ കാവല്‍നില്ക്കുന്ന പട്ടാളക്കാരന്റെ ജീവിതം അപ്പോഴാണ് ഞാന്‍ നേരിട്ടുകണ്ടത്. ബങ്കറുകളിലും അതിര്‍ത്തിയിലെ ഏറ്റവും സെന്‍സിറ്റീവായ സ്ഥലങ്ങളിലും ജീവിച്ചു. വല്ലാത്തൊരു അനുഭവകാലമായിരുന്നു അത്. പട്ടാളക്കാരോട് എനിക്കുള്ള ബഹുമാനം പതിന്മടങ്ങ് വര്‍ധിച്ചു.
ടെറിട്ടോറിയല്‍ ആര്‍മിയുടെ ബ്രാന്‍ഡ് അംബാസഡറാകാനുള്ള ക്ഷണം ലഭിച്ചപ്പോള്‍ എനിക്ക് ആഹ്‌ളാദത്തേക്കാള്‍ അധികം അഭിമാനമാണ് തോന്നിയത്. ടെറിട്ടോറിയല്‍ ആര്‍മി എന്നാല്‍ സാധാരണക്കാരെയും പട്ടാളത്തെയും തമ്മില്‍ അടുപ്പിക്കുന്നതാണ്. അതിനെ പ്രൊമോട്ട് ചെയ്യുകയും കൂടുതല്‍ കൂടുതല്‍ യുവത്വങ്ങളെ പട്ടാളത്തിലേക്ക് ആകര്‍ഷിക്കുകയുമാണ് എന്റെ ദൗത്യം. ഇതൊന്നും ചുമ്മാ എടുത്തുതരുന്നതല്ല. നമ്മുടെ ജീവിതത്തെയും നമ്മളെയും നിരീക്ഷിച്ചശേഷം രാജ്യം നല്കുന്നതാണ്. ഇന്ത്യക്കാരനെന്നനിലയില്‍ ഞാനതില്‍ അഭിമാനിക്കുന്നു.
ബറോസ് എന്ന സിനിമയിലൂടെ താങ്കള്‍ സംവിധായകനാകുകയാണല്ലോ.
നടനില്‍ നിന്ന് സംവിധായകനാകുമ്പോഴുണ്ടാകുന്ന മാറ്റം, എങ്ങനെയാണ് അനുഭവിക്കുന്നത്?
എനിക്കൊരു മാറ്റമുണ്ടായി എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്? എനിക്ക് ഒരു മാറ്റവുമില്ല. എന്നാല്‍, എന്റെ ജീവിതത്തില്‍ കുറെ മാറ്റങ്ങള്‍ വരുത്താന്‍ ഞാന്‍ തീ രുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ നാല്‍പ്പത്തിമൂന്ന് വര്‍ഷമായി മറ്റുള്ളവരുടെ സമയത്തിനനുസരിച്ച് ജീവിച്ചയാളാണ് ഞാന്‍. എന്റേതായ ഒരു സമയം എനിക്കുണ്ടായിരുന്നില്ല. സിനിമകളില്‍നിന്ന് സിനിമകളിലേക്കുള്ള കൂടുമാറ്റങ്ങള്‍. അത് ഞാന്‍ ആസ്വദിച്ചിരുന്നു. എന്നാല്‍, അതേ സമയം, ഈ ഓട്ടത്തിനിടയില്‍ എനിക്ക് നഷ്ടമായ പല കാര്യങ്ങളുണ്ട്.
നല്ല യാത്രകള്‍, കുടുംബനിമിഷങ്ങള്‍, നല്ല പുസ്തകങ്ങളുടെ വായന, വെറുതേയിരിക്കല്‍ ഇതെല്ലാം. അവ തിരിച്ചുപിടിക്കണം. എനിക്കുവേണ്ടിക്കൂടി ഇനി ഞാന്‍ കുറച്ച് ജീവിക്കട്ടെ. ആയുസ്സിന്റെ പാതിയിലധികം കഴിഞ്ഞുപോയി. അതിനുവേണ്ടി അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ചിട്ടുണ്ട്. സ്വകാര്യനിമിഷങ്ങള്‍ ഞാനിപ്പോള്‍ നന്നായി ആസ്വദിക്കുന്നു.
അപ്പോള്‍ സംവിധായകനിലേക്കുള്ള മാറ്റം അനുഭവപ്പെടുന്നേയില്ല എന്നാണോ. അതിനെ മാറ്റം എന്നല്ല വിളിക്കേണ്ടത്. എനിക്കത് ആശ്ചര്യകരമായ ആനന്ദമാണ്.
ഒരു സിനിമ സംവിധാനം ചെയ്യണം എന്ന് ഞാന്‍ ആഗ്രഹിച്ചതേയല്ല. കാര്യങ്ങളെല്ലാം എവിടെയോ നിശ്ചയിക്കപ്പെട്ടപോലെ ഒത്തുവന്നതാണ്. ജിജോ എഴുതിവെച്ച കഥ എന്നെ കാത്തിരുന്നതായിരിക്കണം. പിന്നെ, ഇതൊരു വലിയ ഉത്തരവാദിത്വമാണ്. അതിന് എന്നെ സഹായിക്കാന്‍ പ്രതിഭാശാലികളായ ഒരുപാടുപേര്‍ ഒപ്പമുണ്ട്. അതിലേക്ക് എപ്പോഴത്തെയും പോലെ എന്റെ പ്രയത്‌നവും നൂറ് ശതമാനം ഞാന്‍ നല്‍കേണ്ടതുണ്ട്. ആ ബോധ്യംപോലും എനിക്ക് ആവേശമാണ്.
ബറോസ് എന്ന സിനിമ സംവിധാനം ചെയ്യാന്‍ ഏതൊക്കെ തരത്തിലുള്ള ഒരുക്കങ്ങളാണ് താങ്കള്‍ ചെയ്യുന്നത്.
വലിയ ശ്രമം വേണം. പ്രധാനപ്പെട്ടത് തിരക്കഥയാണ്. ബാലസാഹിത്യം എഴുതുന്നതാണ് ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം എന്ന് പറയാറില്ലേ? കുട്ടികളുടെ മനസ്സ് - ഒരേസമയം ഏറെ ലളിതവും ഏറെ സങ്കീര്‍ണവുമാണ്. അതുകൊണ്ടുതന്നെ അവരെ രസിപ്പിക്കുന്ന വിധത്തില്‍ കൃത്യമായി കഥ മെനയണം. പരമാവധി ഒന്നേമുക്കാല്‍ മണിക്കൂര്‍ മാത്രമേ ഈ സിനിമ പോവാവൂ. അതിലപ്പുറം ത്രീഡി സിനിമകള്‍ കണ്ടിരിക്കാന്‍ അസ്വസ്ഥതകളുണ്ടാവും. ഛായാഗ്രഹണം അന്താരാഷ്ട്ര നിലവാരത്തിലുള്ളതായിരിക്കണം. വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം സംഗീതമാണ്. പിന്നെ കുട്ടികളടക്കമുള്ള നല്ല നടന്മാര്‍ - വേണം. മിക്കവരും വിദേശത്തുനിന്നായിരിക്കും.
വൃദ്ധനായി പലപ്പോഴും അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ വാര്‍ധക്യത്തിലേക്ക് കടക്കുകയാണോ?
എല്ലാ മനുഷ്യരെയുംപോലെ എനിക്കും വാര്‍ധക്യവും ജരാനരകളും ഒരുനാള്‍ മരണവും സംഭവിക്കും. അതിനെക്കുറിച്ച് ബോധവാനാണ്. ഒരിക്കലും ഞാനതില്‍നിന്നും ഒളിച്ചോടില്ല. ഒളിച്ചോടാന്‍ സാധിക്കുകയുമില്ല. പിന്നെ ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ തൊണ്ണൂറുവയസ്സുകാരനായിട്ടാണ് ഞാനഭിനയിച്ചത്. വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ നാടകം. അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ തിരിച്ചാണ് വളരുന്നത് എന്നുപറയാം.
വാര്‍ധക്യം വരുമ്പോള്‍ മോഹന്‍ലാലിലെ നടന് എന്ത് സംഭവിക്കും?
നടന് എന്തുസംഭവിക്കുമെന്നതിനെക്കാള്‍ ഞാന്‍ എന്ന മനുഷ്യന് എന്തുസംഭവിക്കുമെന്നല്ലേ ആലോചിക്കേണ്ടത്. നമ്മള്‍ ആരോഗ്യത്തോടെയിരുന്നാലല്ലേ മറ്റെല്ലാമുള്ളൂ. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടമാണ് വാര്‍ധക്യം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ആ സമയത്ത് ആരോടും ക്ഷോഭിക്കാതെ, ആരെയും വെറുപ്പിക്കാതെ, കുറ്റം പറയാതെ, വിമര്‍ശിക്കുകയോ ചീത്തപറയുകയോ ചെയ്യാതെ ജീവിക്കാന്‍ സാധിച്ചാല്‍തന്നെ വലിയ കാര്യമാണ്.
ഇങ്ങനെയൊക്കെ വാര്‍ധക്യത്തെ കാണുന്ന മോഹന്‍ലാലിന് എന്തിനാണ് മേക്കപ്പ്?
സര്‍, ഇത് സിനിമയാണ്. സിനിമയില്‍ മേക്കപ്പ് എന്നത് ഒരു ആര്‍ട്ടാണ്. നമ്മളൊക്കെ വളരെക്കുറച്ച് മേക്കപ്പ് മാത്രമേ ഉപയോഗിക്കുന്നുള്ളൂ. കഥാപാത്രത്തിനനുസരിച്ചുള്ള മേക്കപ്പ് ആവശ്യമായിവരും.
ലാലിന് രജനീകാന്തിനെപ്പോലെ നടന്നൂടെ എന്നാണ് ചോദ്യം?
അതെന്തൊരു ചോദ്യമാണ് സാര്‍? ഞാന്‍ എന്തിനാണ് മറ്റൊരാളെപ്പോലെ നടക്കുന്നത്? ഞാന്‍ എന്റെ സൗകര്യത്തിനല്ലേ നടക്കുക. മറ്റൊരാള്‍ക്ക് ഒരു ഉപദ്രവമാകാത്തിടത്തോളം കാലം അതൊരു തെറ്റല്ല. ഞാനൊരു ജനാധിപത്യരാജ്യത്തിലെ പൗരനാണ്.
മമ്മൂട്ടിയും ലാലും സിനിമയിലെ വന്‍ വൃക്ഷങ്ങളാണ്. നിങ്ങളാണ് കേന്ദ്രസ്ഥാനത്ത്. മലയാള സിനിമയില്‍ ഏതെങ്കിലും തരത്തിലുള്ള ഒതുക്കലുകള്‍ നടക്കുന്നുണ്ടോ?
വളരെക്കുറച്ച് ആളുകള്‍ മാത്രമുള്ള മേഖലയാണ് മലയാളസിനിമ. അതില്‍ത്തന്നെ ഉന്നതശീര്‍ഷരായ ഒരുപാടുപേര്‍ മരിച്ചുപോയി. പിന്നെ ആര് ആരെ ഒതുക്കാനാണ്? താരതമ്യം എന്നൊന്ന് ഇല്ലല്ലോ. നമുക്കങ്ങനെ കൃത്യമായ കാസ്റ്റിങ് ഒന്നുമില്ല. ഒരാളെ മനസ്സില്‍ ധ്യാനിച്ച് എഴുതിയുണ്ടാക്കുന്ന ഉദാത്ത തിരക്കഥയൊന്നുമില്ല. ഒരാള്‍ ഇല്ലെങ്കില്‍ മറ്റൊരാളെ നോക്കും, അത്രതന്നെ. അവസരങ്ങള്‍ കുറയുമ്പോള്‍ പലരും പറയാറുള്ളതാണ് 'എന്നെ അവര്‍ ഒതുക്കി' എന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഞങ്ങളെയൊന്നും ആരും ഒതുക്കിയിട്ടില്ല. ആരോടും ഞങ്ങള്‍ മാറിനില്ക്കാനും പറഞ്ഞിട്ടില്ല. സ്വയം അധ്വാനിച്ച് തെളിഞ്ഞുവരികയായിരുന്നു.
'നിങ്ങള്‍ ശര്‍ക്കരയാവുക, ഉറുമ്പുകള്‍ തേടിയെത്തും' എന്ന് പറയാറില്ലേ. അത് വളരെ ശരിയാണ്. മറ്റൊന്നും നിങ്ങള്‍ ചെയ്യേണ്ട. നിങ്ങളെ ആരും വിളിച്ചില്ലെങ്കില്‍ ആര്‍ക്കും നിങ്ങളെ വേണ്ട എന്നാണ് അര്‍ഥം. ഇന്നസെന്റിന്റെ വീട്ടിലെ ഫോണ്‍ ഒരിക്കല്‍ ദിവസങ്ങളോളം ശബ്ദിക്കാതായി. എക്സ്ചേഞ്ചില്‍ പരാതിപറഞ്ഞപ്പോള്‍ അവര്‍ വന്നുനോക്കിയിട്ട് പറഞ്ഞു: ഫോണ്‍ കേടായതുകൊണ്ടല്ല, നിങ്ങളെ ആരും വിളിക്കാത്തതുകൊണ്ടാണ് എന്ന്. ഇത്രയേ ഉള്ളൂ ഇക്കാര്യവും. യഥാര്‍ഥ പ്രതിഭയെ ഒരാള്‍ക്കും ഒരിക്കലും ഒതുക്കാന്‍ സാധിക്കില്ല.
ഞാന്‍ നല്ല ഭ്രാന്തുള്ളയാളാണ് എന്ന് താങ്കള്‍ ഒരിക്കല്‍ പറഞ്ഞു. എന്താണ് ഉദ്ദേശിച്ചത്?
ഭ്രാന്ത് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് ചെവിയില്‍ ചെമ്പരത്തിപ്പൂവ് വെച്ച് നടക്കുന്ന അവസ്ഥയല്ല. ഭ്രാന്തമായ അഭിനിവേശം എന്ന് നമ്മള്‍ പറയാറില്ലേ. അതില്ലാതെ കലാകാരന് നില്ക്കാന്‍ സാധിക്കില്ല. അഭിനയം എനിക്കൊരു ഭ്രാന്ത് തന്നെയാണ്. ജീവിതത്തിലും അല്പം ഭ്രാന്തൊക്കെ വേണം.

പുസ്തകങ്ങള്‍ വായിക്കാറുണ്ടോ?
പുസ്തകം വായിക്കാന്‍വേണ്ടിയും ഞാനിത്ര പുസ്തകം വായിച്ചു എന്ന് വീമ്പുപറയാന്‍വേണ്ടിയും പുസ്തകം വായിക്കാറില്ല. നല്ല സൗഹൃദങ്ങളിലൂടെയാണ് നല്ല പുസ്തകങ്ങളും എന്റെ കൈയിലെത്തുന്നത്. പിന്നെ എല്ലാ പുസ്തകങ്ങളും വായിക്കണമെന്നില്ല, സാധ്യവുമല്ല. വായിച്ചതില്‍നിന്ന് നന്മ ഉള്‍ക്കൊണ്ടാല്‍ മതി.
വിവാദങ്ങള്‍ താങ്കളെ വേദനിപ്പിക്കാറുണ്ടോ?
പൊതുവായ അര്‍ഥത്തില്‍ ഇല്ല. പക്ഷേ, വ്യക്തിപരമായ അധിക്ഷേപങ്ങളും ആക്രമണങ്ങളും അല്പനേരത്തേക്കെങ്കിലും അസ്വസ്ഥനാക്കാറുണ്ട്. ഞാന്‍ മരിച്ചുവെന്ന് പലതവണ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. അവ എന്നെ ചിരിപ്പിക്കുകയാണ് ചെയ്തത്. എല്ലാ കൊടുങ്കാറ്റുകളും കടന്നുപോകും എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ശരി നമ്മുടെ ഭാഗത്താണെങ്കില്‍ നാം നിലനില്ക്കുകതന്നെ ചെയ്യും. അങ്ങനെയിരിക്കുമ്പോള്‍ ഒരു കുഞ്ഞുകാറ്റുവന്ന് കെടുത്തിക്കളയുകയും ചെയ്യും.
മരണത്തെക്കുറിച്ച് സങ്കല്പിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെയാവണമെന്നാണ്?
സങ്കല്പിക്കുന്നതുപോലെ ഒരിക്കലും നടക്കാത്ത ജീവിതത്തിലെ ഏകകാര്യം മരണമായിരിക്കാം. പിന്നെ എന്തിനാണ് വെറുതെ സങ്കല്പിച്ച് സമയം കളയുന്നത്? മരണത്തെക്കുറിച്ചുള്ള പ്രാര്‍ഥന വേണമെങ്കില്‍ പറയാം: അനായാസേന മരണം.
ജീവിതത്തിലെ ഏറ്റവും വലിയ പ്രാര്‍ഥന എന്താണ്?
ഞാനെന്ന ഭാവമതു തോന്നായ്ക വേണം... അത്രമാത്രം.
സെപ്തംബര്‍ ലക്കം സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലില്‍ പ്രസിദ്ധീകരിച്ചത്
Content Highlights : Mohanlal About Mammootty, Movies, Drama, Baross, Star And Style Magazine
Published: 22 Jan 2020, 11:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented