സംഘട്ടനരംഗങ്ങള്‍ക്ക് ഇറങ്ങുമ്പോള്‍ ജയന്‍ നല്‍കിയ ആ ഉപദേശമാണ് ഇപ്പോഴും മനസ്സില്‍- മോഹന്‍ലാല്‍


സഞ്ചാരിയിൽ മോഹൻലാൽ ജയനൊപ്പം, മോഹൻലാൽ

ക്ഷന്‍ ഹീറോ പട്ടം മോഹന്‍ലാലിന് മുന്‍പേ മലയാളം ചാര്‍ത്തിക്കൊടുത്തത് ജയനായിരുന്നു. മലയാളത്തിന്റെ രണ്ട് സുവര്‍ണ കാലഘട്ടങ്ങളെയാണ് ഇവര്‍ അടയാളപ്പെടുത്തുന്നത്. എന്നാല്‍, ഒരൊറ്റ ചിത്രത്തില്‍ മാത്രമേ മോഹന്‍ലാലിന് ജയനോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞുള്ളൂ. സഞ്ചാരിയിലെ ആ അനുഭവം ഓര്‍ത്തെടുക്കുകയാണ് മോഹന്‍ലാല്‍

ജീവന്‍ മറഞ്ഞാലും ഓര്‍മയില്‍നിന്നു മായാതെ നില്‍ക്കുന്ന ഏറെ വ്യക്തിത്വങ്ങള്‍ നമുക്കിടയിലുണ്ട്. മരണാനന്തരവും നമ്മെ പിന്‍തുടരുന്നവര്‍. അവര്‍ ആടിത്തിമിര്‍ത്ത സര്‍ഗനാടകത്തിന്റെ തിരശ്ശീലയായിരിക്കില്ല മരണം. കാലത്തെ അതിജീവിച്ച്, തലമുറകളിലേക്ക് പടരുന്ന സാമീപ്യം. അത്തരമൊരു നടന സ്പര്‍ശമാണ് ജയന്‍ എന്ന മൃത്യുവില്ലാത്ത നടന്‍. 42 വര്‍ഷങ്ങളായി ഒരു 'മിറാക്കിള്‍'പോലെ ജയന്‍ പ്രേക്ഷകരെ പിന്തുടരുകയാണ്. കാരണം പറയാന്‍ കഴിയാത്ത ഒരാത്മബന്ധം.എന്റെ കോളേജ് കാലത്ത് നസീര്‍ സാറും മധു സാറുമായിരുന്നു ഹീറോകള്‍. അക്കാലത്തെ വില്ലനായിരുന്നു ജയന്‍. എങ്കിലും കരുത്തും സാഹസികതയും ഇണങ്ങിച്ചേരുന്ന അദ്ദേഹത്തിന്റെ ശൈലി ഞങ്ങളെ ആകര്‍ഷിച്ചിരുന്നു.

'മഞ്ഞില്‍വിരിഞ്ഞ പൂക്കളി'ല്‍ ഞാന്‍ അഭിനയിക്കുമ്പോള്‍ ജയന്‍ മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടനായിരുന്നു. പെട്ടെന്നുള്ള ആ വളര്‍ച്ചയില്‍ പല താര സിംഹാസനങ്ങളും തകിടം മറിഞ്ഞു. അഭിനയിച്ച സിനിമകളെയെല്ലാം സൂപ്പര്‍ഹിറ്റുകളാക്കിക്കൊണ്ട് മലയാളികള്‍ ആ താരത്തെ നെഞ്ചിലേറ്റി. ആക്ഷന്‍ സിനിമകള്‍ക്ക് മലയാളത്തില്‍ വ്യാപകമായ സ്വാധീനമുണ്ടാകുന്നത് ജയന്റെ കാലത്താണെന്നു പറഞ്ഞാലും തെറ്റില്ല. അത്രയേറെ ആക്ഷന്‍ ചിത്രങ്ങള്‍ ആ കാലത്ത് പുറത്തുവന്നു. ജയനോടൊപ്പം അഭിനയിക്കാന്‍ അക്കാലത്തെ പുതുമുഖങ്ങളെല്ലാം ആഗ്രഹിച്ചിരുന്നു. ഹരിഹരന്റെ 'ശരപഞ്ജര'ത്തിലെ കുതിരക്കാന്റെ വേഷമാണ് ജയനെന്ന നടനെ നായകപദവിയിലേയ്ക്ക് ഉയര്‍ത്തിയത്. ഐ.വി. ശശി-ടി. ദാമോദരന്‍ മാഷിന്റെ കൂട്ടുകെട്ടില്‍ പിറന്ന 'അങ്ങാടി' ജയനെ ആസ്വാദകഹൃദയങ്ങളില്‍ പതിച്ചുവച്ചു. മുറിക്കയ്യന്‍ ബനിയനുമിട്ട് ഇംഗ്ലീഷില്‍ ഗര്‍ജ്ജിക്കുന്ന തൊഴിലാളി നേതാവിന്റെ രൂപമാണ് ജയനെ ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മയിലെത്തുന്നത്. ഇന്നും ആ രൂപം സ്‌ക്രീനില്‍ തെളിയുമ്പോള്‍ ഉയരുന്ന കൈയടികള്‍ ജയന്‍ യുഗം അവസാനിച്ചിട്ടില്ല എന്ന സൂചനയാണ്.

പുതുമുഖമെന്ന നിലയില്‍ വലിയ ഭാഗ്യങ്ങള്‍ എനിക്കു നേടിത്തന്ന ചിത്രമായിരുന്നു 'മഞ്ഞില്‍വിരിഞ്ഞ പൂക്കളി'നുശേഷം ഞാനഭിനയിച്ച 'സഞ്ചാരി'. ജയനും പ്രേംനസീറുമായിരുന്നു നായകന്‍മാര്‍. തിക്കുറിശ്ശി, കെ.പി. ഉമ്മര്‍, എസ്.പി. പിള്ള, ആലുംമൂടന്‍, ഗോവിന്ദന്‍കുട്ടി, ജി.കെ. പിള്ള തുടങ്ങി അക്കാലത്തെ പ്രഗത്ഭരായ മിക്ക താരങ്ങളും ആ ചിത്രത്തിലണിനിരന്നു. പ്രധാന വില്ലന്‍ വേഷം എനിക്കായിരുന്നു. ഉദയാ സ്റ്റുഡിയോയിലെ 'സഞ്ചാരി'യുടെ സെറ്റില്‍ വെച്ചാണ് ഞാന്‍ ജയനെ ആദ്യമായി പരിചയപ്പെടുന്നത്. വളരെ സൗമ്യമായി പെരുമാറിയിരുന്ന ജയനെ സ്നേഹത്തോടുകൂടി മാത്രമേ ഓര്‍ക്കാനാകൂ. ഒരു പുതുമുഖം എന്ന നിലയിലല്ല ജയന്‍ എന്നോട് ഇടപെട്ടിരുന്നത്. സൂപ്പര്‍ ഹീറോ ഭാവം അദ്ദേഹത്തില്‍ ഒട്ടും പ്രകടമായിരുന്നില്ല. നിര്‍മ്മാതാക്കളും സംവിധായകരും ആരാധകരുമുള്‍പ്പെട്ട വലിയൊരു വൃന്ദം ചുറ്റും എപ്പോഴുമുണ്ടായിരുന്നു. 'സഞ്ചാരി'യില്‍ ഞാനും ജയനും തമ്മില്‍ രണ്ട് ഫൈറ്റ് സീനുകള്‍ ചിത്രീകരിച്ചിരുന്നു. ത്യാഗരാജന്‍ മാസ്റ്ററായിരുന്നു സംഘട്ടന സംവിധാനം. ഡ്യൂപ്പില്ലാതെയുള്ള സംഘട്ടനത്തില്‍ പലപ്പോഴും ജയന്‍ ഉപദേശിച്ചു. 'സൂക്ഷിക്കണം. അപകടം പിടിച്ച രംഗങ്ങള്‍ ശ്രദ്ധയോടു കൂടി ചെയ്യണം.' ആ ഉപദേശം ഇന്നും ഞാന്‍ ഏറെ വിലമതിക്കുന്നു.

'സഞ്ചാരി'യുടെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കെ ഒരു സന്ധ്യയില്‍ ജയനെ കാണാന്‍ അദ്ദേഹത്തിന്റെ സഹോദരനും ഭാര്യയും വന്നത് ഞാന്‍ ഓര്‍ക്കുന്നു. നസീര്‍ സാറിനും തിക്കുറിശ്ശി ചേട്ടനുമൊക്കെ അവരെ പരിചയപ്പെടുത്തി. മാറി നില്ക്കുകയായിരുന്ന എന്നെ ചൂണ്ടി ജയന്‍ പറഞ്ഞു: ''പുതുമുഖമാണ്, മോഹന്‍ലാല്‍. ഈ സിനിമയിലെ വില്ലന്‍. നന്നായി അഭിനയിക്കുന്നുണ്ട്. വളര്‍ന്നുവരും.'' പുതുമുഖമായ എനിക്ക് ഏറെ ആത്മവിശ്വാസം പകര്‍ന്നു ആ വാക്കുകള്‍. ഷൂട്ടിംഗ് കഴിഞ്ഞ് പോകുമ്പോള്‍ ജയന്‍ പറഞ്ഞു: 'മോനേ... കാണാം.' അതായിരുന്നു മൂന്നോ നാലോ ദിവസം നീണ്ട സൗഹൃദത്തിന്റെ വിടപറയല്‍ വാക്യം.

'സഞ്ചാരി'യുടെ സെറ്റില്‍നിന്നും ജയന്‍ തിരിച്ചത് 'അറിയപ്പെടാത്ത രഹസ്യ'ത്തിന്റെ പീരുമേട്ടിലെ ലൊക്കേഷനിലേക്കായിരുന്നു. അവിടുന്ന് 'കോളിളക്ക'ത്തിന്റെ സെറ്റിലേക്കും. 'സഞ്ചാരി' കഴിഞ്ഞ് ഞാന്‍ പുതിയ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ജയന്‍ മരിച്ചുവെന്ന വാര്‍ത്തയറിയുന്നത്. അക്ഷരാര്‍ത്ഥത്തില്‍ കേരളമാകെ തകര്‍ന്നുപോയ ഒരു നിമിഷം. ഒരു നടന്റെ വിയോഗത്തില്‍ ആരാധകര്‍ ഇത്രയധികം കണ്ണീരൊഴുക്കുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ല. ജയന്‍ അവര്‍ക്ക് എന്തായിരുന്നു എന്നതിന്റെ ഏറ്റവും വലിയ സാക്ഷ്യമായിരുന്നു ആ രോദനങ്ങള്‍. ജയന്‍ മരിച്ച് ഒരു മാസം കഴിഞ്ഞ് ഞാന്‍ ബാലന്‍ കെ. നായരോടൊപ്പം കൊല്ലത്തെ ജയന്റെ വീട്ടില്‍ പോയി. അദ്ദേഹത്തിന്റെ അമ്മയേയും സഹോദരനേയും കണ്ടു. ആ ദുര്‍വിധിയുടെ തീരാവ്യഥകള്‍ ജയന്റെ അമ്മയിലും പ്രതിഫലിച്ചിരുന്നു.

ഗുരുമുഖങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സിനിമ അടിമുടി മാറിയിട്ടും കാലത്തെ അതിജീവിച്ച് ജയന്‍ ആരാധക ഹൃദയങ്ങളില്‍ നില്ക്കുന്നു. മൂന്നു വര്‍ഷം മുന്‍പ് കോഴിക്കോട് ഐ.വി. ശശിയെ ആദരിക്കുന്ന 'ഉത്സവം' എന്ന ചടങ്ങില്‍ ഞാനും പങ്കെടുത്തിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ഒരു ഹ്രസ്വചിത്രം അവിടെ പ്രദര്‍ശിപ്പിച്ചു. അതില്‍ 'അങ്ങാടി'യിലേയും 'കരിമ്പന'യിലേയും ചില ഭാഗങ്ങളുണ്ടായിരുന്നു. തൊഴിലാളികളെ ആക്ഷേപിച്ച മുതലാളിയുടെ നേര്‍ക്ക് വിരല്‍ചൂണ്ടി, ഇംഗ്ലീഷില്‍ ജയന്‍ തിരിച്ചടിക്കുന്ന ദൃശ്യത്തെ സദസ്സ് നിലക്കാത്ത കൈയടികളോടെ എതിരേക്കുന്നത് കണ്ട് ഞാന്‍ വിസ്മയിച്ചു പോയി. ആ കൈയടികള്‍ ജയന്‍ എന്ന നടന്‍ സൃഷ്ടിച്ച കരുത്തിന്റെ പ്രതിഫലനമാണ്. മലയാളികളുടെ ഹൃദയത്തില്‍ ജയന്‍ ഇന്നും തറഞ്ഞുനില്‍ക്കുന്നത് കരുത്തിന്റെ പ്രതിരൂപമായിത്തന്നെയാണ്. ഒറ്റ ചിത്രത്തില്‍ മാത്രം സംഗമിച്ച്, മറക്കാനാകാത്ത ഏറെ നിമിഷങ്ങള്‍ എനിക്കു നല്കിയ, കരുത്തനായ ആ വലിയ നടന്‍ 37 വര്‍ഷങ്ങള്‍ക്കിപ്പുറവും എന്റെ ഓര്‍മകളില്‍ നിറസാന്നിധ്യമായി നില്‍ക്കുന്നുണ്ട്.

തയ്യാറാക്കിയത് ഭാനുപ്രകാശ് (മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഭാനുപ്രകാശിന്റെ ഗുരുമുഖങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന് )

Content Highlights: Mohanlal about Actor Jayan, Jayan death anniversary, kolilakkam cinema, jayan accident death


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented