ഓർമ്മകളുടെ ചില്ലുകൂട്ടിൽ ഒരു സുന്ദര നിമിഷം. പ്രേംനസീറും, മമ്മൂട്ടിയും, ചിറയിൻകീഴ് രാമകൃഷ്ണൻ നായരും.… മലയാള സിനിമയുടെ സുവർണ്ണകാലം കലയും സൗഹൃദവും ഒത്തുചേർന്നൊരൊഴുകിപ്പരന്ന ഒരു കാലം.....

To advertise here,

മലയാള സിനിമയുടെ ചരിത്രത്താളുകൾ മറിക്കുമ്പോൾ, തിളക്കമാർന്ന ചില അധ്യായങ്ങൾ പലപ്പോഴും നമ്മുടെ ഓർമ്മകളിൽ നിറഞ്ഞുനിൽക്കും. ....

പ്രേംനസീർ എന്ന ഇതിഹാസ താരത്തിന് മലയാള സിനിമയിൽ ഉണ്ടായിരുന്ന ആധിപത്യവും, മമ്മൂട്ടി എന്ന അതുല്യ നടന്റെ ഉദയവും. അവർക്ക് പിന്നിൽ നിന്ന് മനോഹരമായ വരികളിലൂടെ ആ കാലഘട്ടത്തിന് ജീവൻ നൽകിയ അന്നത്തെയും ഇന്നത്തെയും പ്രതിഭകളുടെ സംഭാവനകളും അവിസ്മരണീയമാണ്. അന്നത്തെ പ്രതിഭകളിൽ ഒരാളായി എന്റെ അച്ഛനും ഉണ്ടായിരുന്നു എന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു.…

ആ കാലഘട്ടത്തിൽ മലയാള സിനിമയുടെ 'തറവാട്' ആയിരുന്നു പ്രേംനസീറിന്റെ ചെന്നൈയിലെ വീട്. അന്ന് സിനിമയിലെ പുതുമുഖങ്ങൾക്കും പ്രതിഭകൾക്കും ഒരുപോലെ ആശ്രയമായിരുന്നു പ്രേം നസീർ എന്ന മഹാമനസ്കൻ തന്റെ വീട്ടിലേക്ക് സഹപ്രവർത്തകരെയും ഗാനരചയിതാക്കളെയും സംഗീത സംവിധായകരെയും ക്ഷണിക്കുകയും അവിടെ വെച്ച് സിനിമയിലെ പുതിയ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുകയും അവർക്കും കൂടി ഭക്ഷണം കൊടുക്കുകയും ഒക്കെ ചെയ്യുന്നത് പതിവായിരുന്നു…

ആ ഒത്തുചേരലുകൾ വെറും സിനിമാചർച്ചകൾ മാത്രമായിരുന്നില്ല, അതൊരു വലിയ കുടുംബ സംഗമം കൂടിയായിരുന്നു. ഒരേ മേശയ്ക്ക് ചുറ്റുമിരുന്ന് അവർ ചായ കുടിക്കുകയും സിനിമയിലെ നർമ്മങ്ങളും ഗൗരവങ്ങളും പങ്കുവെക്കുകയും ചെയ്തിരുന്നു. ആ സൗഹൃദങ്ങളുടെ ഊഷ്മളതയാണ് അന്നത്തെ മനോഹരമായ സിനിമകൾക്കും ഗാനങ്ങൾക്കും പിന്നിലെ യഥാർത്ഥ ഈണം.......

മമ്മൂട്ടി എന്ന നടൻ മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്ന കാലം. ആ നാളുകളിൽ, എൻ്റെ അച്ഛന്റെ തൂലികയിൽ പിറന്ന ഗാനങ്ങൾ വലിയൊരു സ്ക്രീനിൽ മമ്മൂട്ടിയുടെ അഭിനയ മുഹൂർത്തങ്ങൾ കൂടി ചേരുമ്പോൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറി. അത് കാണുമ്പോൾ ഞങ്ങൾക്ക് ഉണ്ടായ സന്തോഷവും അഭിമാനവും എത്ര പറഞ്ഞാലും തീരില്ല.. ഇതിന് ഒക്കെ പുറമേ പ്രേംനസീറിന്റെ സ്നേഹനിർഭരമായ പിന്തുണയും.

മലയാള സിനിമയുടെ ഓരോ ചിത്രവും ഓരോ കാലഘട്ടത്തിന്റെ അടയാളങ്ങളാണ്. അതിൽ എന്റെ അച്ഛന്റെ തൂലികയിൽ പിറന്ന വരികൾ പതിഞ്ഞ 'ചക്രവാളം ചുവന്നപ്പോൾ' എന്ന സിനിമയും ആ ചിത്രത്തിൽ മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രവും സിനിമാ ചരിത്രത്തിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. ഈ ചിത്രം കാണുമ്പോഴുണ്ടാകുന്ന വികാരനിർഭരമായ ഒരു സംഭവമുണ്ട്, അത് അച്ഛനും മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീറും തമ്മിലുള്ള ആഴമേറിയ സൗഹൃദത്തിന്റെ തെളിവുകൂടിയാണ്…

ചക്രവാളം ചുവന്നപ്പോൾ'

ഈ സിനിമയിലെ മമ്മൂട്ടിയുടെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. മാതാപിതാക്കൾ ഇല്ലാത്ത, കാഴ്ചശക്തിയില്ലാത്ത ഒരു സഹോദരനായി അദ്ദേഹം വേഷമിട്ടപ്പോൾ, സഹോദരിയായി വേഷമിട്ട വനിതയുമായുള്ള അവരുടെ ബന്ധം കാണികൾക്ക് കരളലിയിക്കുന്ന അനുഭവമായി മാറി. സഹോദരനെ കുളിപ്പിക്കുന്നത് മുതൽ എല്ലാ കാര്യങ്ങളും നോക്കുന്ന ആ സഹോദരിയുടെ സ്നേഹം സിനിമയിൽ നിറഞ്ഞുനിൽക്കുന്നു. അതിൽ മമ്മൂട്ടിയുടെ കഥാപാത്രം തന്റെ സഹോദരിയെ നശിപ്പിച്ചവനെ തേടിയിറങ്ങുമ്പോൾ, തനിക്ക് കാഴ്ച നൽകിയ ഡോക്ടറുടെ മകളായ സുമലതയുടെ ഭർത്താവാണ് അതെന്ന് തിരിച്ചറിയുന്ന നിമിഷം സിനിമയെ ഉച്ചസ്ഥായിയിലെത്തിക്കുന്നു. സുമലതയുടെ ഭർത്താവായി മോഹൻലാൽ കൂടി വേഷമിട്ട ഈ ചിത്രം ഒരു വൈകാരികമായ അനുഭവമായിരുന്നു.

മമ്മൂട്ടിയുടെ ഈ വലിയ വിജയത്തെക്കുറിച്ച് ഓർക്കുമ്പോൾ, എന്റെ കുടുംബവുമായി ബന്ധപ്പെട്ട ചില മനോഹരമായ ഓർമ്മകൾ ഞാൻ ഇവിടെ പങ്കുവയ്ക്കുന്നു

എൻ്റെ അച്ഛൻ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ രചിച്ച ഗാനങ്ങൾ മമ്മൂട്ടി അഭിനയിച്ച രണ്ട് മൂന്ന് സിനിമകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നത് അഭിമാനകരമായ ഒരു കാര്യമാണ് കൂടാതെ എനിക്ക് അതൊക്കെ മനോഹരമായ ചില നിമിഷങ്ങളാണ്.

ചക്രവാളം ചുവന്നപ്പോൾ എന്ന സിനിമയിൽ അച്ഛൻ രചിച്ച് എം.കെ. അർജ്ജുനൻ മാഷിന്റെ ഈണത്തിൽ, കെ.ജെ. യേശുദാസ് ആലപിച്ച

ഒരേ വീണതൻ തന്തികൾ

ഒരേ ചില്ലതൻ പൂവുകൾ

പിരിയാനാകത്ത കണ്മണി

പിറവിയേകാത്ത ജനനി

അവളെന്റെ ജനനി...

എന്ന മനോഹരമായ ഗാനം ഇന്നും സംഗീതപ്രേമികളുടെ പ്രിയപ്പെട്ടതാണ്. ഈ ഗാനരംഗത്ത് മമ്മൂട്ടിയും വനിതയുമാണ് അഭിനയിച്ചത്…

അച്ഛൻ രചിച്ച ഗാനരംഗത്ത് മമ്മൂട്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആ ഗാനം കാണുമ്പോഴാണ് സിനിമയുടെ ചരിത്രത്തിലെ ആ മനോഹര നിമിഷം ഉണ്ടായത്. അച്ഛനും പ്രേം നസീറും ഒരുമിച്ച് ഈ സിനിമ കാണാൻ പോയ സമയം.

സ്‌ക്രീനിൽ മമ്മൂട്ടിയും വനിതയും തമ്മിലുള്ള ഗാനരംഗം കണ്ടപ്പോൾ പ്രേം നസീറിന്റെ കണ്ണുകൾ നിറയുന്നത് അച്ഛൻ ശ്രദ്ധിച്ചു. വളരെ വിനയത്തോടെ അച്ഛൻ ചോദിച്ചു നസീർ സാർ കരയുകയാണോ?

അപ്പോൾ നസീർ സാർ നൽകിയ മറുപടി മമ്മൂട്ടിയും വനിതയും തമ്മിലുള്ള ഈ ഗാനരംഗം കണ്ടപ്പോൾ ഞാൻ എന്റെ മൂത്ത സഹോദരിയെ ഓർത്തു പോയി. എന്റെ സഹോദരിയും ഇതുപോലെയാണ്, അങ്ങേയറ്റം സ്നേഹമുള്ളവളാണ്.

ഒരു സൂപ്പർതാരത്തിന്റെ ഉള്ളിലെ സ്‌നേഹനിർഭരമായ ആ മനസ്സിനെ അച്ഛൻ തിരിച്ചറിഞ്ഞ നിമിഷം കൂടിയായിരുന്നു അത്. അത്ര വളരെ മനോഹരമായിരുന്നു മമ്മൂട്ടിയുടെ അഭിനയം.

1984 ൽ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായും അഞ്ജലി നായിഡു നായികയായും എത്തിയ 'വേട്ട' എന്ന ചിത്രത്തിൽ ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും ഒക്കെയായിരുന്നു പ്രമേയം. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന് പലതരത്തിലുള്ള വെല്ലുവിളികൾ നേരിടേണ്ടി വരുന്ന ഒരു കഥയായിരുന്നു ഇത്.

ഈ സിനിമയുടെ കഥാസന്ദർഭങ്ങൾ ഇപ്പോൾ ഓർമ്മയിൽ അത്ര വ്യക്തമല്ലെങ്കിലും, ആ കാലഘട്ടത്തിലെ മമ്മൂട്ടിയുടെ അഭിനയശൈലിയും, അതിനൊപ്പം അച്ഛന്റെ വരികളും ചേരുമ്പോൾ അതൊരു മികച്ച കലാസൃഷ്ടിയായി മാറിയിട്ടുണ്ടാകും എന്ന് ഉറപ്പാണ്.

ഈ ചിത്രത്തിൽ എം.ജി. രാധാകൃഷ്ണൻ ചേട്ടന്റെ സംഗീതത്തിൽ യേശുദാസ് പാടിയ

വിലാസ ലതികേ വീണ്ടും വന്നു

വിഷാദ നീലിമകൾ..

എന്റെ തപസ്സിനെ നോവിയ്ക്കും

മൃദു പാദസരധ്വനികൾ..

എന്ന ഗാനം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മികവാർന്ന നിമിഷങ്ങളിൽ ഒന്നാണ്. എൻ്റെ അച്ഛന്റെ തൂലികയിൽ പിറന്ന ഈ ഗാനം മമ്മൂട്ടിക്ക് തുടക്ക കാലത്ത് ഗാനരംഗങ്ങൾ വലിയൊരു മുതൽക്കൂട്ടായി മാറി..

മമ്മൂട്ടിയുടെ പല ഗാനരംഗങ്ങളിലെ സാന്നിധ്യം ശ്രദ്ധിക്കുമ്പോൾ, അഭിനയത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത വ്യക്തമാണ്. താൻ എഴുതിയ വരികൾ പ്രിയപ്പെട്ട താരം അവിസ്മരണീയമാക്കുന്നത് കാണുക എന്നത് ഒരു കവി സംബന്ധിച്ച് വലിയൊരു ഭാഗ്യമാണ്. അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ച ഗാനങ്ങൾ മലയാളികളുടെ മനസ്സിൽ എന്നും മായാതെ നിൽക്കാൻ കാരണം സംവിധായകർ ഉൾപ്പെടെ ഉള്ള മറ്റു സാങ്കേതിക പ്രവർത്തകരുടെ ഒത്തുചേരൽ തന്നെയാണ്.

സിനിമയിലെ കഥാപാത്രങ്ങളെ കാണുമ്പോൾ സ്വന്തം ജീവിതത്തിലെ സ്നേഹബന്ധങ്ങളെ തിരയുന്ന ഒരു വലിയ കലാകാരന്റെ ഹൃദയമാണ് അവിടെ നമ്മൾ കാണുന്നത്.

ഇന്ന് മമ്മൂട്ടിയുടെ വിജയങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ, അദ്ദേഹത്തിന്റെ തുടക്കകാലത്തെ മനോഹരമായ സിനിമകളിലും, അതിൽ അച്ഛന്റെ വരികൾക്ക് ആഴം നൽകിയ ആ ഗാനരംഗവും, ഒപ്പം പ്രേം നസീറിന്റെ ആ സ്നേഹാശ്രുക്കളും കോർത്തിണക്കിയ ഈ കഥ എത്ര സുന്ദരമാണ്. എൻ്റെ കുടുംബത്തിന് അഭിമാനിക്കാവുന്ന വലിയൊരു ചരിത്രമാണത്.

മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന് മുതൽക്കൂട്ടായ മമ്മൂട്ടിയുടെ യാത്ര ഇനിയും തുടരുകയാണ്. ഇത്തരം പുരസ്കാരങ്ങൾ അദ്ദേഹത്തിന് കൂടുതൽ ഊർജ്ജം നൽകട്ടെ എന്ന് നമുക്ക് ആശംസിക്കാം.

(ഗാനരചയിതാവ് ചിറയിൻകീഴ് രാമകൃഷ്ണൻ നായരുടെ മകളാണ് ലേഖിക)