
മങ്കിപെൻ എന്ന സിനിമ കണ്ടവരാരും അതിലെ പാട്ടുകൾ മറക്കാനിടയില്ല. റിപ്പീറ്റ് അടിച്ച് കേട്ടും ഫേവറൈറ്റ് ലിസ്റ്റിൽ ഇടംപിടിച്ചും ആ പാട്ടുകൾ ഇപ്പോഴും ആസ്വാദകർക്ക് ചുറ്റും വലംവെക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം പകർന്ന രാഹുൽ സുബ്രഹ്മണ്യന്‍ എന്ന ചെറുപ്പക്കാരൻ തന്റെയുള്ളിലെ കഴിവിനെ വലുതാക്കി പിന്നെയും ഏറെ ദൂരം പോയി. അയാളുടെ ഓരോ പാട്ടുകളും വേറിട്ട അനുഭവം പ്രേക്ഷകർക്ക് നൽകി. ആസ്വാദനത്തിന്റെ ഒറ്റവഴിയിലൂടെ മാത്രം പോയിക്കൊണ്ടിരുന്ന മലയാളിപ്രേക്ഷകരെ ഈണത്തിലെ പുതുമ കൊണ്ട് മാറിനടത്തം ശീലിപ്പിച്ചു. ജോ ആൻഡ് ദി ബോയ്, സേഫ്, ആകാശവാണി, 1971 ബെയോൺഡ് ദി ബോർഡേഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ആ ചെറുപ്പക്കാരൻ സംഗീതപ്രേമികൾക്ക് പരിചിതനായി. ഗായകനായി തുടങ്ങി അപ്രതീക്ഷിതമായി സംഗീതസംവിധായകനിലേക്ക് വേഷംമാറിയ രാഹുൽ സുബ്രഹ്മണ്യൻ ഏറ്റവും പുതിയ ചിത്രമായ 'ഹോമി'നെപ്പറ്റിയും തന്റെ സംഗീതവഴികളും വാക്കുകളിലേക്ക് പകർത്തുന്നു...
പ്രതീക്ഷകളുടെ 'ഹോം'
ഒരു ഫാമിലി മൂവിയാണ് ഹോം. ഒരിടവേളയ്ക്കുശേഷം മങ്കിപ്പെൻ ടീമിനൊപ്പം ഒന്നിക്കുന്നതിന്റെ സന്തോഷവുമുണ്ട്. ശരിക്കും 'ഹോം' ഒരു പ്രതീക്ഷയാണ്. ഈ പാൻഡെമിക് സമയത്ത് എന്തു ചെയ്യണമെന്നറിയാതെ നിരാശപ്പെട്ട് ഇരിക്കുന്നതിനിടയിൽ വലിയ ആശ്വാസമാണ് ചിത്രം നൽകിയത്. ചിത്രത്തിലെ പാട്ടുകൾക്കും പശ്ചാത്തലസംഗീതത്തിനുമൊക്കെ വലിയ പ്രാധാന്യം നൽകിയിരിക്കുന്നു. ഓരോരുത്തരുടെയും ഉള്ളിലെ ഇമോഷൻസിനെ പുറത്തുകൊണ്ടുവരാനും പല യാഥാർഥ്യങ്ങളെയും ഉൾക്കൊള്ളാനും ശ്രമിച്ചിട്ടുണ്ട്. ഓരോ പ്രേക്ഷകനും വളരെ സമാധാനമായി ഇരുന്ന് ആസ്വദിക്കാൻ പറ്റിയ പശ്ചാത്തലസംഗീതമാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ കഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. സംവിധായകന്റെ നിർദേശങ്ങൾ അനുസരിച്ച് സിനിമയിലെ സിറ്റ്വേഷൻസിനോട് ചേർന്നുനിൽക്കുന്നതാണ് ഇതിലെ പാട്ടുകൾ. പാട്ട് ഹിറ്റാകുമോ ഇല്ലയോ എന്ന ചിന്തയില്ലാതെ പൂർണമായും സിനിമയോട് ചേർന്ന് നിൽക്കുന്ന രീതിയിലാണ് ഹോമിലെ പാട്ടുകളും ഒരുക്കിയിരിക്കുന്നത്.
വീണ്ടും പാടി ചേച്ചി
ചെറിയ ആലോചനകൾക്ക് ശേഷമാണ് ചേച്ചിയുടെ (രമ്യാ നമ്പീശൻ) ശബ്ദം ഈ പാട്ടിൽ വന്നാൽ നന്നായിരിക്കുമെന്ന മനസില്. ഹോമിലെ മറ്റു പാട്ടുകളെല്ലാം മെയിൽ വോയ്സ് ആയിരുന്നു. ഒരു ഇമോഷണൽ, സാഡ് സിറ്റ്വേഷൻ ചിത്രത്തിലുണ്ട്. ആ സിറ്റ്വേഷനിൽ പാട്ടിലൂടെ ഒരു സ്ട്രൈക്കിംഗ് പാറ്റേൺ വരണമെന്നുണ്ടായിരുന്നു. ഒരു ബേസ് ടോൺ ആണെങ്കിൽ നന്നായിരിക്കുമെന്നും തോന്നി. ചേച്ചിയുടേത് അത്യാവശ്യം ബേസുള്ള വോയ്സ് ആണ്. ഇമോഷണലായ, സാഡ് ടച്ചുള്ള ആ പാട്ടിന് ചേച്ചിയുടെ ശബ്ദം തന്നെയാണ് ഉചിതമെന്നുള്ളതുകൊണ്ടാണ് വീണ്ടും പാടിയത്.
ആദ്യം പാടി, പിന്നെ ഈണമിട്ടു
തുടക്കത്തിൽ ഒരു പ്ലേബാക് സിംഗർ ആകണമെന്ന് തന്നെയായിരുന്നു എന്റേയും ആഗ്രഹം. എന്നെ സംബന്ധിച്ച് സുഹൃത്തുക്കൾ തന്നെയായിരുന്നു എന്റെയുള്ളിലെ കഴിവുകളെ പുറത്തെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. സംവിധായകൻ റോജിൻ തോമസ് ആണ് എനിക്ക് സംഗീതം ചെയ്യാൻ പറ്റുമെന്ന് പറഞ്ഞ് മങ്കിപ്പെന്നിൽ അവസരം നൽകിയത്. അവിടെനിന്ന് ഇതുവരെ നല്ല പാട്ടുകൾ ചെയ്ത് നിൽക്കാൻ പറ്റിയത് വലിയ കാര്യം തന്നെയായി കരുതുന്നു. മങ്കിപ്പെന്നിൽ സംഗീതം ചെയ്യുമ്പോൾ വലിയ വെല്ലുവിളികൾ നേരിട്ടിരുന്നു. കമ്പോസ് ചെയ്യാൻ പറ്റുമെന്നല്ലാതെ അതിന്റെ ടെക്നിക്കൽ സൈഡിനെപ്പറ്റിയൊന്നും അത്ര ധാരണയുണ്ടായിരുന്നില്ല. വിചാരിച്ചപോലെ ശരിയായി വരുമോ എന്നൊക്കെയോർത്ത് ടെൻഷനടിച്ചിരുന്നു. റോജിനൊപ്പം മുമ്പ് ഒരു ഷോർട് ഫിലിമിൽ വർക്ക് ചെയ്തതാണ് ആകെയുള്ള ധൈര്യം. അങ്ങനെയാണ് മങ്കിപ്പെന്നിൽ പാട്ടുകൾ ചെയ്യുന്നത്. ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന സമയത്താണ് ക്രിയേറ്റീവ് ആയി എന്തെങ്കിലും ചെയ്യാൻ പറ്റുമെന്ന് തോന്നിത്തുടങ്ങിയത്.
പാട്ടിലാണ് ഐഡന്റിറ്റി
പ്രേക്ഷകർക്ക് വ്യത്യസ്തമായ ഒരു അനുഭവം നൽകണമെന്ന ചിന്തയിൽ നിന്നാണ് ഞാൻ പാട്ടുകൾ ചെയ്യുന്നത്. നമ്മുടെ പാട്ടുകൾ കേട്ട് ഇത് രാഹുൽ ആണ് ചെയ്തതെന്ന് കേൾക്കുന്നവന് മനസിലായാൽ അവിടെയാണ് ഒരു സംഗീതസംവിധായകന്റെ വിജയം. ആ ഒരു ഐഡന്റിറ്റിയെ വളർത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ഞാൻ. അതിന്റെ ഭാഗമായി ചെയ്യുന്ന പാട്ടുകൾക്ക് എക്സ്പീരിമെന്റൽ സ്വഭാവം കൈവരുന്നത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. തുടർച്ചയായി സിനിമകൾ ചെയ്യുന്ന ആളല്ല ഞാൻ. കിട്ടുന്ന സിനിമകൾ നല്ലതാണെന്ന് സ്വയം ബോധ്യപ്പെടുമ്പോഴാണ് സംഗീതം ചെയ്യാൻ ഒരുങ്ങുന്നത്. പാട്ടുകൾ മികച്ച രീതിയിൽ ശ്രദ്ധിക്കപ്പെടുകയും അതുവഴി കൂടുതൽ പേരിലേക്ക് സിനിമയെത്തുകയും ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.
മേപ്പടിയാനിലും വെറൈറ്റി പാട്ട്
മേപ്പടിയാന്റെ സംവിധായകൻ വിഷ്ണു മോഹനുമായി അടുത്ത പരിചയമുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഒരു യാത്ര പോയ സമയത്താണ് സിനിമയുടെ കഥയെപ്പറ്റി പറയുന്നത്. മറ്റൊരു സുഹൃത്തായ ശ്യാം സ്ക്രിപ്റ്റ് റൈറ്ററായി എത്തി. അങ്ങനെ സിനിമ ഡെവലപ് ആയി വരുന്ന ഘട്ടത്തിൽ സംഗീതം ചെയ്യാൻ എന്നെ വിളിച്ചു. മേപ്പടിയാൻ ഒരു ഫീൽഗുഡ് ആയിട്ടുള്ള സിനിമയാണ്. അതിലൂടെ ഞാൻ ഇതുവരെ ചെയ്യാത്ത ജോണറിലുള്ള പാട്ടുകൾ ചെയ്യാൻ അവസരമുണ്ടായി. ചിത്രത്തിലെ ഒരു പാട്ട് ശ്രദ്ധിക്കപ്പെട്ടതും ഏറെ സന്തോഷം നൽകി.
സംഗീതജീവിതത്തിലെ അനുഗ്രഹങ്ങൾ
ഇതുവരെയുള്ള എന്റെ സംഗീതജീവിതത്തിൽ അവിസ്മരണീയമായ ഒട്ടേറെ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. ഏറ്റവും ആദരവോടെ കാണുന്ന പലരേയും കൊണ്ട് പാടിക്കാൻ കഴിഞ്ഞുവെന്നതുതന്നെയാണ് സംഗീതജീവതത്തെ അർഥവത്താക്കുന്നത്. എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര എന്നിവർക്കൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതുതന്നെയാണ് ഏറ്റവും വലിയ ഭാഗ്യം. അതുപോലെ മേപ്പടിയാനിലെ ഗാനം യേശുദാസ് കേൾക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നതുമെല്ലാം ഏറെ സന്തോഷം നൽകുന്നത് തന്നെയാണ്. 1971 ബെയോണ്ട് ബോർഡേഴ്സ് എന്ന മോഹൻലാൽ ചിത്രത്തിലും പാട്ടുകളൊരുക്കാൻ കഴിഞ്ഞു. ഇങ്ങനെ പല കാലങ്ങളിലായി ഒട്ടേറെ നേട്ടങ്ങൾ, അനുഗ്രഹങ്ങൾ സംഗീതത്തിലൂടെ കൈവരിക്കാൻ സാധിച്ചു. തുടർന്നും മികച്ച പാട്ടുകൾ ചെയ്യാൻ അതെല്ലാം ഊർജമാകുന്നു.
വീണ്ടും തിരക്കിലേക്ക്
പുതിയ ചില സിനിമകളുടെ വർക്കുകൾക്കായി തയ്യാറെടുക്കുകയാണ്. ഹോമിനും മേപ്പടിയാനും പുറമെ പപ്പ, കത്തനാർ എന്നീ ചിത്രങ്ങളിൽ കൂടി സംഗീതം ഒരുക്കുന്നുണ്ട്. കോവിഡ് സാഹചര്യങ്ങളിൽ ഇളവ് ലഭിച്ചാൽ പപ്പയുടെ ഷൂട്ട് ആരംഭിക്കും. അതുപോലെ ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസിന്റെ ബാനറിൽ കത്തനാർ എന്ന ബിഗ് ബജറ്റ് സിനിമയും എത്തുന്നുണ്ട്. കത്തനാറിൽ ഡിവൈൻ ടച്ചുള്ള ഗാനങ്ങളാണ് ഒരുക്കുന്നത്. തീർത്തും എക്സ്പീരിമെന്റൽ ആയിട്ടുള്ള ഒരു മ്യൂസിക് ട്രീറ്റ് ആണ് ആ ചിത്രം പ്രേക്ഷകന് സമ്മാനിക്കുക. ഒട്ടേറെ കലാകാരന്മാരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ചിത്രമായിരിക്കും കത്തനാർ. ഒരോ പാട്ടിലൂടെയും തികച്ചും വേറിട്ട ഒരനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കാനുള്ള ശ്രമത്തിലാണ് ഞാൻ.
Content highlights : malayalam young music director rahul subrahmanian interview in home movie
Published: 19 Aug 2021, 12:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented