സുഖം എന്നത് മാനസികമായ ഒരവസ്ഥയാണ് -ബുദ്ധന്‍

വൈശാഖന്‍ എഴുതിയ പഴയൊരു കഥയുണ്ട്. 'നേര്‍വളവുകള്‍' രണ്ട് സുഹൃത്തുക്കള്‍ ഒരു സന്ധ്യാനേരത്ത് കുന്നില്‍ ചരിവിലൂടെ നടന്നു വരുകയാണ്. ഒരാള്‍ ചെറിയ തോതില്‍ സമ്പന്നനാണ്. അയാള്‍ക്ക് രണ്ടു ലോണ്‍ ഒരുമിച്ചു കിട്ടിയതുകൊണ്ട് കടങ്ങളൊക്കെ വീട്ടി, വീട്ടിലേക്കാവശ്യമുള്ള സാധനങ്ങളൊക്കെ വാങ്ങി. പിന്നെയും കുറെ രൂപ ബാക്കിയിരിപ്പുണ്ട്. കൂട്ടുകാരനെ അടുത്തുള്ള ഹോട്ടലില്‍ കൊണ്ടുപോയി സത്കരിച്ചിട്ടുള്ള വരവാണ്. കൂട്ടുകാരനാണെങ്കില്‍ ആകെ അസ്വസ്ഥന്‍. അയാള്‍ക്ക് ഒരു ലോണേ കിട്ടിയുള്ളൂ. കടങ്ങള്‍ മുഴുവന്‍ വീട്ടാന്‍ പറ്റിയിട്ടില്ല. മക്കള്‍ക്ക് ഫീസുകൊടുക്കണം. അമ്മയ്ക്ക് മരുന്നു വാങ്ങണം. ഒന്നിനും പണം തികയുന്നില്ല. അവര്‍ നടന്നു നടന്ന് കുന്നിന്‍മുകളിലെത്തിയപ്പോള്‍ ദൂരെ സന്ധ്യയിലെ ആകാശം. പോക്കുവെയിലില്‍ പ്രകാശിക്കുന്ന മേഘങ്ങളില്‍ നോക്കിയിട്ട് സമ്പന്നന്‍ പറഞ്ഞു.

''എന്തൊരു ഭംഗി! സ്വര്‍ണനിറമുള്ള കുഞ്ചിരോമങ്ങള്‍ പറപ്പിച്ച് പാഞ്ഞുപോകുന്ന കുതിരകളെപ്പോലെയില്ലേ?''
അതേ കാഴ്ചകണ്ട് നിര്‍വികാരനായി കൂട്ടുകാരന്‍ പറഞ്ഞു:

''എനിക്ക് കുതിരകളെയൊന്നും കാണാന്‍ പറ്റുന്നില്ല. കടം വീട്ടാത്തതുകൊണ്ടായിരിക്കും.''

രണ്ടുപേരും കണ്ടത് ഒരേ മേഘങ്ങളെയാണ്. പക്ഷേ, അവരുടെ മാനസികാവസ്ഥകള്‍ വ്യത്യസ്തമായിരുന്നു.

സാരാംശം ഇത്രയേയുള്ളൂ:  നമ്മുടെ ആനന്ദം കണ്ടെത്തുന്നത് നമ്മുടെ മനസ്സാണ്. അവിടെ സമാധാനമില്ലെങ്കില്‍ സന്ധ്യക്കും നിലാവിനും മഴവില്ലിനുമൊന്നും ഒരു ഭംഗിയുമുണ്ടാവില്ല.
മഴക്കാലത്തിന്റെ രണ്ടു ഭാവങ്ങളെക്കുറിച്ച് ലോഹിതദാസ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സൂപ്പര്‍ ഹിറ്റായ ഒരു സിനിമയ്ക്കുശേഷം ലക്കിടിയിലെ അമരാവതി എന്ന വീടിന്റെ പൂമുഖത്ത് ചാരുകസേരയില്‍ കിടന്ന് പുറത്ത് തകര്‍ത്തുപെയ്യുന്ന മഴ കാണാന്‍ നല്ല രസമാണ്. പക്ഷേ, ഇതേ മഴതന്നെ കുട്ടിക്കാലത്ത് ലോഹിയെ കരയിപ്പിച്ചിട്ടുണ്ടത്രേ. ഓലമേഞ്ഞവീട് ചോര്‍ന്നൊലിക്കുമ്പോള്‍, കുടയില്ലാത്തതുകൊണ്ട് നനഞ്ഞൊലിച്ച് സ്‌കൂളിലേക്ക് ഓടേണ്ടിവരുമ്പോള്‍, ചെരുപ്പില്ലാത്ത കാലുകള്‍ ചളിവെള്ളത്തില്‍ ചവിട്ടിനടന്ന് രാത്രിയാകുമ്പോഴേക്കും വളം കടിച്ച് കാലുവേദനിക്കുമ്പോള്‍ ഈ നശിച്ച മഴക്കാലം ഒന്നു തീര്‍ന്നുകിട്ടിയെങ്കില്‍ എന്നു മോഹിച്ചിട്ടുണ്ട്. രണ്ടും മഴതന്നെയാണ്. അനുഭവിക്കുന്നതും ഒരാള്‍ തന്നെ. ജീവിത സാഹചര്യങ്ങള്‍ക്കാണ് മാറ്റം വരുന്നത്.

ഇത്തവണത്തെ ഓണത്തിന് പഴയ ഓണങ്ങളുടെ പകിട്ട് തോന്നാത്തതിന്റെ കാരണവും ഇതുതന്നെ. മനസ്സിലും മാസ്‌ക് ധരിച്ചാണ് നമ്മള്‍ ഓണത്തിനെ വരവേറ്റത്. ഓണക്കളികളില്ല, തിയേറ്ററുകളില്‍ മത്സരിച്ചുകളിക്കുന്ന സിനിമകളില്ല. കുടുംബത്തോടൊപ്പമുള്ള സുഹൃദ്‌സന്ദര്‍ശനങ്ങളില്ല. കൂട്ടുകാരോടൊപ്പം തട്ടുകടയില്‍ ചെന്നിരുന്ന് ഒരു ചായ കുടിക്കാനുള്ള സ്വാതന്ത്ര്യംപോലുമില്ല. ആര്‍ക്കും ഉത്തരം പറയാനറിയാത്ത ഒരു ചോദ്യത്തിനുമുന്നില്‍ പകച്ചു നില്‍ക്കുകയാണ് നമ്മള്‍.

നയിക്കുന്നവര്‍ക്കുപോലും ദിശതെറ്റുന്നു. അതറിഞ്ഞിട്ടും നമുക്കവരെ പിന്‍തുടരേണ്ടിവരുന്നു. ഓണവും വിഷുവും ക്രിസ്മസും ബക്രീദുമൊക്കെ അശാന്തി നിറഞ്ഞ മനസ്സുകളെ സ്പര്‍ശിക്കാതെ കടന്നുപോകുന്നു. ഇരിങ്ങാലക്കുടയിലെ പിണ്ടിപ്പെരുന്നാളാണ് ഓര്‍മവരുന്നത്. പെരുന്നാളടുക്കുമ്പോള്‍ ഇന്നസെന്റ് വിളിക്കും. കുടുംബത്തോടൊപ്പം ചെന്ന് പെരുന്നാള് കൂടണം. ക്രിസ്മസിനെക്കാള്‍ വലിയ ആഘോഷമാണ്. വീടാകെ ദീപങ്ങള്‍ കൊണ്ടലങ്കരിക്കും. ഗേറ്റിന്റെ ഇരുവശത്തും കുലച്ച പടുകൂറ്റന്‍ വാഴകള്‍ സ്ഥാപിക്കും. അതിഥികള്‍ക്കിരിക്കാനും ഭക്ഷണം കഴിക്കാനും മുറ്റത്ത് പന്തലൊരുക്കും. കുട്ടികളുടെ പാട്ടും ഡാന്‍സും ഇടയ്ക്ക് ഇന്നസെന്റിന്റെ തമാശ നിറഞ്ഞ ചെറുപ്രസംഗങ്ങളും -ആകെ ബഹളമയം. കര്‍ത്താവിന് അസൂയ തോന്നിയിട്ടോ എന്തോ കാന്‍സര്‍ എന്ന മാരകരോഗം ഇന്നസെന്റിനെ സന്ദര്‍ശിക്കാനെത്തി. സ്വന്തം ശരീരത്തില്‍ അതിന്റെ ആക്രമണം തുടങ്ങിയതിനു ശേഷമുള്ള ആദ്യത്തെ പിണ്ടിപ്പെരുന്നാളിനെപ്പറ്റി ഇന്നസെന്റ് തന്നെ എഴുതിയിട്ടുണ്ട്. മനസ്സാകെ മൂടിക്കെട്ടിനില്‍ക്കുന്ന ഈ അവസ്ഥയില്‍ ആഘോഷമൊന്നും വേണ്ടെന്ന് ആലീസ് പറഞ്ഞു. ഒരാളെയും ക്ഷണിച്ചില്ല. ഒരുക്കങ്ങളൊന്നും നടത്തിയില്ല. ദീപാലങ്കാരം പോയിട്ട് വീട്ടിലുള്ള ലെറ്റുകള്‍ പോലും തെളിയിച്ചില്ല. വരാന്തയിലെ ഇരുട്ടിലിരുന്ന് പുറത്തെ റോഡിലേക്കു നോക്കുമ്പോള്‍ ആളുകള്‍ ആഹ്‌ളാദത്തോടെ ഒഴുകി നടക്കുന്നതുകാണാം.

ഇന്നസെന്റ് പതുക്കെ നടന്ന് ഗേറ്റിനടുത്തു ചെന്നുനിന്നു. കഴിഞ്ഞ വര്‍ഷംവരെ താനും ഈ ആഘോഷത്തിന്റെ ഭാഗമായിരുന്നല്ലേ. എന്ന് സങ്കടത്തോടെ ഓര്‍ത്തു. അപ്പോള്‍ അസുഖത്തെപ്പറ്റിയൊന്നും അറിയാത്ത ഒരു വഴിപോക്കന്‍ വിളിച്ചു ചോദിച്ചു.

''ഇന്നേെസന്റട്ടാ, നിങ്ങടെ വീട്ടിലാരെങ്കിലും മരിച്ചോ? പെരുന്നാളിന്റെ വെളിച്ചോം ബഹളോം ഒന്നും കാണുന്നില്ലല്ലോ.''

എന്തിലും ഫലിതം കാണുന്ന ഇന്നസെന്റ് പറഞ്ഞു: ''മരിച്ചിട്ടില്ല അടുത്തകൊല്ലം മരിക്കുന്നതിന്റെ റിഹേഴ്സലാ. ഞങ്ങള് സിനിമാക്കാര് ഏത് രംഗം ഷൂട്ടു ചെയ്യുമ്പോഴും അതിനുമുമ്പ് റിഹേഴ്സലെടുക്കും.''
തമാശ ആസ്വദിച്ച് വഴിപോക്കന്‍ പോയി. കൃത്യമായ ചികിത്സയും മരുന്നും അനുകരിക്കാനാകാത്ത ആത്മധൈര്യവും കാരണം ഇന്നസെന്റ് കാന്‍സര്‍ മുക്തനായി. വീണ്ടും തിരക്കുള്ള നടനായി. ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ച് ജയിക്കുകയും തോല്‍ക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ പെരുന്നാളിന് ഞാന്‍ ഇരിങ്ങാലക്കുടയിലെത്തിയിരുന്നു. പതിവിലേറെ സന്തോഷം നിറഞ്ഞ അന്തരീക്ഷം. ജൂനിയര്‍ ഇന്നസെന്റിന്റെ മിമിക്രി, പേരക്കുട്ടി അന്നമോളുടെ പാട്ട്. അവര്‍ക്കിടയില്‍ ആഹ്‌ളാദത്തോടെ ഇന്നസെന്റും ആലീസും സോണറ്റും രശ്മിയും. പഴയ ഇരുണ്ട പെരുന്നാള്‍ ദിനത്തെപ്പറ്റി ഞാന്‍പോലും ഓര്‍ത്തില്ല.

ilayaraja

കുട്ടിക്കാലത്തെ ഒരു ദീപാവലിയെക്കുറിച്ച് ഒരിക്കല്‍ ഇളയരാജാ സാര്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് എട്ടോ പത്തോ വയസ്സ് മാത്രമുള്ള കാലത്തെ ഓര്‍മയാണ്. തേനിക്കടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലായിരുന്നു വീട്. സാമ്പത്തികമായി നല്ല ബുദ്ധിമുട്ടിലാണ്. മക്കളെ വിശപ്പറിയിക്കാതിരിക്കാനായി അമ്മ പാടുപെടുന്ന കാലം. ദീപാവലി വന്നു. തമിഴ്നാട്ടിലെ ഏറ്റവും വലിയ ആഘോഷമാണ് ദീപാവലി. സന്ധ്യമയങ്ങുന്നതോടെ എല്ലാ വീടുകളിലും പടക്കംപൊട്ടിക്കും. കുട്ടികള്‍ക്കാണ് അതിന്റെ നേതൃത്വം ഒരു വീട്ടില്‍ മാലപ്പടക്കം പൊട്ടിച്ചാല്‍ അടുത്തവീട്ടില്‍ ഗുണ്ട്. അതിനടുത്ത വീട്ടില്‍ പല നിലകളില്‍ പൊട്ടുന്ന നിലപ്പടക്കം. അങ്ങനെ മത്സരമാണ് ചുറ്റും. ഇളയരാജയുടെ വീടുമാത്രം മൂകമാണ്. പടക്കമില്ല. പടക്കം വാങ്ങാന്‍ പണമില്ല. രണ്ടുമൂന്നു വയസ്സുമാത്രം വ്യത്യാസമുള്ള സഹോദരങ്ങളുമുണ്ട് കൂടെ. ചുറ്റുമുയരുന്ന ശബ്ദഘോഷം കേട്ട് സങ്കടപ്പെട്ടിരിക്കവേ ഒരാള്‍ക്കൊരു ബുദ്ധിതോന്നി. തുരുമ്പു പിടിച്ച ഒരു തകരപ്പാട്ട കിടക്കുന്നുണ്ടായിരുന്നു മുറ്റത്ത്. ഒരു ഇരുമ്പുവടിയെടുത്ത് അതില്‍ ഉറക്കെയൊന്ന് അടിച്ചു. ശരിക്കും പടക്കം പൊട്ടുന്ന ശബ്ദം. മനസ്സുണര്‍ന്നു. കുട്ടികള്‍ മാറിമാറി തകരപ്പാട്ടയിലടിക്കാന്‍ തുടങ്ങി. എല്ലാവരുടെയും മനസ്സില്‍ സംഗീതമുണ്ട്. കൃത്യമായ താളത്തില്‍ കൊട്ടിയപ്പോള്‍ പലതരം പടക്കങ്ങളുടെ ശബ്ദമേളം. സങ്കടമൊക്കെ പമ്പകടന്നു. അവര്‍ അതീവ സന്തോഷത്തോടെ തകരപ്പാട്ടയില്‍ കൊട്ടിക്കൊണ്ടേയിരുന്നു. മറ്റു വീടുകളിലെ പടക്ക ശബ്ദങ്ങള്‍ നിലച്ചിട്ടും. ഈ കൊച്ചുവീട്ടിലെ ആഘോഷം നിലച്ചില്ല. അതുനോക്കി നിന്ന അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത് ഇളയരാജയുടെ ഓര്‍മയിലുണ്ട്. അതെന്തിനായിരുന്നുവെന്ന് അന്ന് മക്കള്‍ക്ക് മനസ്സിലായതേയില്ല.

എല്ലാ സങ്കടങ്ങള്‍ക്കുള്ളിലും സന്തോഷത്തിന്റെ വളപ്പൊട്ടുകളുണ്ട്. അതു കണ്ടെത്താന്‍ നമുക്കു കഴിയണമെന്നു മാത്രം. 'നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ...' എന്ന് മുന്‍ഗാമികള്‍ പറഞ്ഞുവെച്ചിട്ടുണ്ടല്ലോ.

മറ്റെല്ലാ മൂല്യങ്ങളും കൈവിട്ട് പണത്തിനുപിന്നാലെ പരക്കം പായുന്ന ചിലരുണ്ട്. അല്ലലില്ലാതെ ജീവിക്കാന്‍ ആവശ്യമായ പണമേ വേണ്ടൂ എന്നു വിശ്വസിക്കുന്നവരുമുണ്ട്. രണ്ടാമത്തെ കൂട്ടര്‍ക്കാണ് കൂടുതല്‍ മനസ്സമാധാനമുണ്ടാവുക എന്നു തോന്നുന്നു.

പഴയകാല പത്രപ്രവര്‍ത്തകനായ വി.ബി.സി. നായരുടെ ചില അനുഭവക്കുറിപ്പുകള്‍ ഈയിടെ വായിച്ചു. അതില്‍ പ്രശസ്ത എഴുത്തുകാരനായിരുന്ന ചെറുകാടിനെ അനുസ്മരിക്കുന്ന ഭാഗമുണ്ട്. വി.ബി.സി. നായര്‍ 'മലയാള നാട്' വാരികയുടെ  പത്രാധിപരായിരുന്ന കാലത്ത് ചെറുകാട് ഒരു ദിവസം കൊല്ലത്തെ ഓഫീസില്‍ ചെന്നത്രേ. മലയാള നാടിന്റെ ഉടമസ്ഥനും 'ചെമ്പരത്തി'യടക്കമുള്ള സിനിമകളുടെ നിര്‍മാതാവുമായ എസ്.കെ. നായര്‍ക്ക് തന്റെ ആത്മകഥയായ  'ജീവിതപ്പാത'യുടെ ഒരു കോപ്പി കൊടുക്കുകയാണ് ഉദ്ദേശ്യം. എസ്.കെ. നായര്‍ അതിസമ്പന്നനും  സഹൃദയനും സത്കാരപ്രിയനുമാണ്. സാഹിത്യരംഗത്തും സിനിമാരംഗത്തും ഒരുപാട് സുഹൃത്തുക്കളുള്ള വ്യക്തി. പുസ്തകം വാങ്ങിയശേഷം തരക്കേടില്ലാത്ത ഒരു തുക കവറിലിട്ട് എസ്.കെ. നായര്‍ ചെറുകാടിനുനേരെ നീട്ടി.

ചെറുകാട് അത് സ്‌നേഹപൂര്‍വം നിരസിച്ചു. പണം വാങ്ങാനല്ല, പുസ്തകം തരാനാണ് താന്‍ വന്നതെന്ന് പറയുകയും ചെയ്തു. തിരിച്ചുവീട്ടിലേക്കുപോകാന്‍ തന്റെ കാര്‍ വിട്ടുതരാമെന്ന വാഗ്ദാനം ചെറുകാട്
സ്വീകരിച്ചില്ല: ''എനിക്ക് കൊല്ലത്തുതന്നെയുള്ള ജനയുഗത്തിന്റെ ഓഫീസില്‍ പോകണം. കാമ്പിശ്ശേരിക്കും പുസ്തകത്തിന്റെ കോപ്പി കൊടുക്കാനുണ്ട്.'' എന്നാല്‍, അവിടംവരെ തന്റെ കാറില്‍ പോകാം എന്നായി എസ്.കെ. നായര്‍. എസ്.കെ.യുടെ വലിയ ആഡംബര കാര്‍ കണ്ടതും ബസില്‍ പോകുന്നതാണ് തനിക്കിഷ്ടമെന്നു പറഞ്ഞ് ചെറുകാട് എഴുന്നേറ്റു. പഴയ കവര്‍ എസ്.കെ. വീണ്ടും നീട്ടിയപ്പോള്‍, ''ഇത്രയധികം നോട്ടുകള്‍ കണ്ടാല്‍ എനിക്കു പേടിയാകും'' എന്ന് സൗമ്യമായി പറഞ്ഞ് അദ്ദേഹം ബസ് സ്റ്റോപ്പിലേക്കു നടന്നുപോയി.

പണത്തിനുവേണ്ടി എസ്.കെ.യുടെ മുന്നില്‍ പല വേഷങ്ങള്‍ അഭിനയിച്ച എഴുത്തുകാരുടെ കൂട്ടത്തില്‍ ചെറുകാട് എന്നും ഒറ്റയാനായി നില്‍ക്കും എന്നു പറഞ്ഞിട്ടാണ് വി.ബി.സി. നായര്‍ ആ ഓര്‍മ അവസാനിപ്പിക്കുന്നത്. അത്തരം ഒറ്റയാന്മാര്‍ കാലത്തിനെ അതിജീവിച്ചുകൊണ്ടേയിരിക്കും.

രോഗബാധിതനാകുന്നതിനു മുമ്പുള്ള ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ജീവിതരീതികളെപ്പറ്റി ഞാനെന്റെ സുഹൃത്തുക്കളോടു പറയാറുണ്ട്. തികഞ്ഞ സംതൃപ്തിയോടെയാണ് ഒടുവില്‍ ജീവിച്ചത്. അത്യാഗ്രഹങ്ങളില്ല. ആരെപ്പറ്റിയും പരാതിപറയാറില്ല.  വലിയ ധനവാനൊന്നുമല്ല അദ്ദേഹം എങ്കിലും തനിക്കാവുന്ന വിധത്തില്‍ മറ്റുള്ളവരെ സഹായിക്കും. വീട്ടുകാര്യങ്ങള്‍ ഭംഗിയായി നോക്കും. ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളില്‍ കേരളശ്ശേരിയിലെ വീടൊരു സംഗീതസദസ്സായി മാറും. കലാമണ്ഡലം ഹൈദരാലിയടക്കമുള്ള കൂട്ടുകാരെത്തും. പിന്നെ പാട്ടും തമാശകളും തണുത്തബിയറും പൊരിച്ചമീനും... കൈയിലെ കാശു തീര്‍ന്നാലേ ഉണ്യേട്ടന്‍ അടുത്ത സിനിമയില്‍ അഭിനയിക്കാന്‍ പോകൂ എന്ന് ഞാന്‍ കളിയാക്കി പറയാറുണ്ട്. വാസ്തവത്തില്‍ അത്രയും ആനന്ദം കോടികള്‍ സമ്പാദിക്കുന്ന താരങ്ങള്‍ അനുഭവിക്കുന്നുണ്ടോ എന്നെനിക്കു സംശയമാണ്.

sathyan anthikad

റിലീസ് ചെയ്തിട്ട് മുപ്പതു കൊല്ലങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും മലയാളികള്‍ മറക്കാത്ത സിനിമയാണ് 'സന്ദേശം' അത് എഴുതുകയും പ്രധാനപ്പെട്ട ഒരുവേഷം അഭിനയിക്കുകയും ചെയ്തതിന് ശ്രീനിവാസന്‍ നിര്‍മാതാവിനോട് ആവശ്യപ്പെട്ടത് എണ്‍പതിനായിരം രൂപയാണ്. അത് വല്ലാതെ കുറഞ്ഞുപോയി എന്നെനിക്കു തോന്നി. 'നാടോടിക്കാറ്റും' 'ഗാന്ധിനഗറും' 'വരവേല്‍പ്പു'മടക്കം തുടര്‍ച്ചയായി സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ തിരക്കഥാകൃത്താണ്. അതിന്റെ പകുതിപോലും വിജയിക്കാത്ത ചിത്രങ്ങളുടെ എഴുത്തുകാര്‍ രണ്ടും മൂന്നു ലക്ഷം രൂപ പ്രതിഫലമായി വാങ്ങുന്ന കാലമാണ്. അത് ഓര്‍മിപ്പിച്ചപ്പോള്‍ വളരെ കൂളായി സിഗരറ്റിന്റെ പുകയൂതിക്കൊണ്ട് ശ്രീനിവാസന്‍ പറഞ്ഞു:

''അതെനിക്കറിയാം, ചോദിച്ചാല്‍ കൂടുതല്‍ കിട്ടുമെന്നുമറിയാം. പക്ഷേ, ഞാന്‍ ചെയ്ത ജോലിക്ക് ഇതു മതി എന്ന് ഞാനങ്ങു തീരുമാനിച്ചു. എന്റെ പ്രതിഫലത്തിന്റെ വലുപ്പം നോക്കിയല്ലല്ലോ ജനങ്ങള്‍ സിനിമ കാണാന്‍ കയറുന്നത്.''

ഇന്നും ശ്രീനിക്കതില്‍ തീരെ നിരാശയില്ല. അവിടെയാണ് സന്തോഷത്തിന്റെ രഹസ്യം -അഥവാ സൂത്രമിരിക്കുന്നതെന്ന് എനിക്കു മനസ്സിലായി. 'മതി' എന്നു തീരുമാനിക്കാന്‍ കഴിയണം. പിന്നെ പ്രശ്‌നമില്ല. തലയണമന്ത്രം എന്ന സിനിമയിലെ കാഞ്ചനയെപ്പോലെ മറ്റുള്ളവരിലേക്ക് കണ്ണുംനട്ട് ഇരിക്കുന്നതാണ് കുഴപ്പം. കോടികള്‍ വാങ്ങുന്നവര്‍ വാങ്ങട്ടെ. അവര്‍ മണിമന്ദിരങ്ങള്‍ സ്വന്തമാക്കട്ടെ. വിദേശത്തു നിന്ന് ഇറക്കുമതിചെയ്ത വാഹനങ്ങളില്‍ സഞ്ചരിക്കട്ടെ. 'എനിക്ക് ഇതുമതി' എന്ന് സ്വയം തീരുമാനിക്കാന്‍ കഴിയണം. എങ്കില്‍ പോക്കുവെയിലില്‍ തിളങ്ങുന്ന സാന്ധ്യമേഘങ്ങളിലേക്കു നോക്കുമ്പോള്‍ സ്വര്‍ണനിറമുള്ള കുഞ്ചിരോമങ്ങള്‍ പറപ്പിച്ച് പാഞ്ഞുപോകുന്ന കുതിരകളെ നമുക്കും കാണാന്‍ പറ്റും.

Content Highlights: Malayalam Dirctor Sathyan Anthikad Writes About Onam Happiness Innocent Oduvil Unnikrishnan