കോട്ടയം കുഞ്ഞച്ചനും സ്റ്റീഫൻ നെടുമ്പള്ളിയുംപോലെ മറ്റൊരു മാസ് അച്ചായൻ അവതാരം ‘കടുവാക്കുന്നേൽ കുറുവച്ചൻ’. കോവിഡ് കാലം കഴിഞ്ഞാൽ തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ അണിഞ്ഞൊരുങ്ങുന്ന കൊലകൊല്ലി ഐറ്റം ഇതുതന്നെയെന്ന് പേരുകേട്ടപ്പോൾ മലയാളിക്കുതോന്നി. ഒന്നല്ല രണ്ടു സിനിമകളാണ് പ്രഖ്യാപിക്കപ്പെട്ടത്.മാസ് ആക്‌ഷൻ സിനിമകളുടെ കാവലാളായ ഷാജി കൈലാസ് പൃഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിച്ച കടുവയായിരുന്നു ഇതിൽ ആദ്യത്തേത്. തേവള്ളി പറമ്പിൽ ജോസഫ് അലക്സിനെയും ഭരത് ചന്ദ്രനെയും കണിമംഗലം ജഗന്നാഥനെയും പൂമുള്ളി ഇന്ദുചൂഡനെയും മലയാളിക്ക് സമ്മാനിച്ച ഷാജി കൈലാസിൽനിന്നും അതിനും മുകളിൽനിൽക്കുന്ന ഐറ്റമാകും കടുവയെന്ന് ഫസ്റ്റ്‌ലുക്കിൽ തന്നെ വരച്ചിട്ടു.  

To advertise here,

സുരേഷ് ഗോപിയുടെ 250-ാം സിനിമയുടെ പ്രഖ്യാപനവും സിനിമാലോകവും സോഷ്യൽ മീഡിയയും ഏറെ ആഘോഷിച്ചു. അതിലും കേന്ദ്രകഥാപാത്രം കടുവാക്കുന്നേൽ കുറുവച്ചനായിരുന്നു. പോരെ പൂരം, ഇരുസിനിമക്കാരും തർക്കവുമായി കോടതികയറി.എന്നാലും ആരടാ ഈ കുറുവച്ചനെന്ന് മലയാളി സംശയിച്ചുനിൽക്കുന്ന സമയത്താണ് സിനിമയെ തോൽപ്പിക്കുന്ന മാസ് എൻട്രി പാലായിൽനിന്ന് ഉണ്ടായത്. ഇരട്ടക്കുഴൽ തോക്കും കൈയിൽപ്പിടിച്ച്‌, വെള്ള ജുബ്ബയും മുണ്ടുമുടുത്ത് യഥാർഥ കുറുവച്ചൻ രംഗപ്രവേശം ചെയ്തു. നടപ്പിലും  ഇരുപ്പിലും പ്രൗഢിയും ഗാംഭീര്യവുമുള്ള ഒരു ഒന്നൊന്നര പാലാക്കാരൻ  അച്ചായൻ. പാലാ ഇടമറ്റത്താണ് കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന  യഥാർഥ  കുറുവച്ചൻ ഉള്ളത്. സ്വന്തം  ജീവിതം സിനിമയാകുന്നതിനോട് കുറുവച്ചന് എതിർപ്പില്ല. സന്തോഷമേയുള്ളൂ. എന്നാൽ, നിലവിൽ പ്രഖ്യാപിച്ച  സിനിമകളോട് പൂർണ യോജിപ്പ് അദ്ദേഹത്തിനില്ല.

വ്യാഘ്രം

‘‘വർഷങ്ങൾക്കുമുമ്പ്‌  രൺജി പണിക്കർക്ക് എന്റെ  ജീവിതം സിനിമയാക്കാനുള്ള  അനുമതി നൽകിയിട്ടുണ്ട്. അന്ന് അദ്ദേഹം പാലായ്ക്കുവന്ന് എന്നോട് സംസാരിച്ച് കഥയൊക്കെ എഴുതിയതാണ്.  ഷാജി കൈലാസായിരുന്നു കൂടെ. രൺജി  പണിക്കർക്ക് അന്നുനൽകിയ വാക്കാണ്  പ്രധാനം. എന്റെ  പേരിലുള്ള  കുറുവച്ചൻ സിനിമയാകണമെങ്കിൽ രൺജി പണിക്കർ തന്നെ എഴുതണം. എന്നാലേ അതിനൊരു ശക്തിവരൂ.

നിലവിൽ പ്രഖ്യാപിച്ച രണ്ടു സിനിമകളുടെയും കഥ ഞാൻ കേട്ടിട്ടില്ല. വഴക്കാളിയായ, മോശക്കാരനായ ഒരുവനായാണ് എന്നെ കാണിക്കാൻ ഉദ്ദേശ്യമെങ്കിൽ അത് മോശമാണ്. വെള്ളിത്തിരയിൽ എന്നെ അവതരിപ്പിക്കാൻ സുരേഷ് ഗോപിയാണ് ഏറ്റവും അനുയോജ്യൻ. അല്ലെങ്കിൽ മോഹൻലാൽ വേണം.’’ -കുറുവച്ചൻ പറയുന്നു.

2001-ൽ ഷാജി കൈലാസ്-രൺജി  പണിക്കർ കൂട്ടുകെട്ടിൽ മോഹൻലാലിനെ  നായകനാക്കി ‘വ്യാഘ്രം’ എന്നപേരിൽ സിനിമ പ്രഖ്യാപിച്ചിരുന്നു. പ്ലാന്റർ കുറുവച്ചന്റെ കഥയായിരുന്നു ഇത്. എന്നാൽ, ഈ സിനിമ ചിലകാരണങ്ങളാൽ നടക്കാതെപോയി. ഇരുപതു വർഷംമുമ്പ് താൻ കുറുവച്ചനെ കേന്ദ്രകഥാപാത്രമാക്കി  കഥയെഴുതിയിരുന്നു എന്ന് വിവാദത്തിനിടെ രൺജി പണിക്കരും സമ്മതിച്ചു. ഷാജി കൈലാസ്‌ തിരിച്ചുവരുകയാണെങ്കിൽ സിനിമയുമായി  മുന്നോട്ടുപോകുന്നതിൽ എതിർപ്പില്ലെന്നായിരുന്നു രൺജി പണിക്കരുടെ  നിലപാട്.

കുറുവച്ചന്റെ കഥ

അനീതിക്കെതിരേ വിട്ടുവീഴ്ചയില്ലാതെ നടത്തിയ പ്രവർത്തനങ്ങളാണ്  കുരുവിനാക്കുന്നേൽ കുറുവച്ചനെ  നാട്ടുകാർ കടുവാക്കുന്നേൽ കുറുവച്ചനാക്കിയത്. എതിർപക്ഷത്ത് സ്വന്തക്കാരോ പള്ളിയോ ആരുവന്നാലും അവസാനംവരെ പോരാടിയ ചരിത്രമാണ്  കുറുവച്ചനുള്ളത്.‘‘പാലാക്കാരനായ, സംസ്ഥാന പോലീസിലെ ഉന്നതസ്ഥാനം വഹിച്ച ഉദ്യോഗസ്ഥനുമായി ഞാൻ നടത്തിയ വർഷങ്ങളുടെ നിയമപോരാട്ടങ്ങളാണ് കഥയ്ക്ക് ആധാരം. അതിൽ ത്രില്ലറുണ്ട്, ഫാമിലിയുണ്ട്, ഒപ്പം ഒന്നൊന്നര സർപ്രൈസും. പടം ഇറങ്ങിയാൽ ബംബർ ഹിറ്റാകും.

placeholder
കടൽ കടന്നുവന്ന ബെൻസ്‌ കാറിനൊപ്പം കുറുവച്ചൻ

പിന്നെ എനിക്ക് വാഹനങ്ങളോട് വല്ലാത്ത ഭ്രമമാണ്. വീട്ടിലെ ബെൻസ്  കടൽകടന്നുവന്നതാണ്. അംബാസഡർ കാറാണ് കഥ നടക്കുന്ന കാലത്ത് എന്റെ സന്തതസഹചാരി. ആദ്യകാലത്ത് പള്ളിഭരണവും കുടുംബബിസിനസുമായി നടന്നതായിരുന്നു. കുറച്ചുകാലം രാഷ്ട്രീയത്തിലും ഒന്നു പയറ്റിയിട്ടുണ്ട്.’’ -പാലായിലെ  കുരുവിനാക്കുന്നേൽ വീട്ടിൽ ഭാര്യ മറിയാമ്മയൊത്തിരുന്ന് കുറുവച്ചൻ പറഞ്ഞവസാനിപ്പിച്ചു.കുറുവച്ചൻ ഇടപെട്ട ഓരോ  സംഭവങ്ങളും ഓരോ  സിനിമയാക്കാൻ പോന്നതാണെന്നാണ് നാട്ടുകാരും  സുഹൃത്തുക്കളും പറയുന്നത്.

Content Highlights: kuruvinakunnel kuruvachan story, Interview, Movie controversy Prithviraj, suresh gopi, shaji kailas