പിടികിട്ടാപ്പുള്ളി എന്ന വാക്കിന് മലയാളികള്‍ക്ക് അന്നും ഇന്നും എന്നും ഒരു മറുപേരേയുള്ളൂ. അതാണ് സുകുമാരക്കുറുപ്പ്. ദുരൂഹതയുടെ യവനികയ്ക്കുള്ളില്‍ മറഞ്ഞ് 37 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കേരളാപോലീസിന് ഒരു തീരാ കളങ്കമായി നിലനില്‍ക്കുകയാണ് സുകുമാരക്കുറുപ്പ് എന്ന കൊടുംകുറ്റവാളി. ഒരു കടങ്കഥ പോലെ തോന്നിക്കുന്ന ആ ജീവിതത്തിലേക്കുള്ള കടന്നുചെല്ലലാണ് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ ടൈറ്റില്‍ റോളിലെത്തുന്ന 'കുറുപ്പ്'.

ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോയുടെ കൊലപാതകത്തിന് ശേഷം അപ്രത്യക്ഷനാവുന്ന കുറുപ്പും ഈ തിരോധാനത്തിന്റെ സത്യാവസ്ഥ തേടുന്ന ഡി.വൈ.എസ്.പി കൃഷ്ണദാസുമാണ് കഥയെ മുന്നോട്ടുനയിക്കുന്ന പ്രധാന ഘടകങ്ങള്‍. ഒളിവുജീവിതം നയിക്കുന്ന കുറുപ്പിനേക്കുറിച്ചുള്ള അന്വേഷണോദ്യോഗസ്ഥന്റെ നിഗമനങ്ങളാണ് ചിത്രത്തിലെ യഥാര്‍ത്ഥ ത്രില്ലര്‍ ഘടകം. യഥാര്‍ത്ഥ സംഭവകഥ എന്നത് മാത്രമല്ല, എല്ലാവര്‍ക്കും അറിയുന്ന വ്യക്തിയും കഥയും എന്നതായിരിക്കാം സംവിധായകനും എഴുത്തുകാരനും നേരിട്ടിരുന്ന പ്രധാനവെല്ലുവിളി. ഒരുപക്ഷേ പ്രേക്ഷകനും. പക്ഷേ ആ ആശങ്കകളെയെല്ലാം കൃത്യമായ ചടുലതയോടെ കുറുപ്പ് മറി കടക്കുന്നുണ്ട്.

ത്രില്ലര്‍ പാക്കേജ് എന്നു വിളിക്കാം കുറുപ്പിനെ. കൊലപാതകവും അന്വേഷണവും ഒപ്പം കുറുപ്പിന്റെ വ്യക്തിജീവിതവുമെല്ലാം ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഫ്‌ലാഷ്ബാക്ക് രംഗങ്ങളിലൂടെയുള്ള കഥപറച്ചിലിനും ശ്രമിച്ചിട്ടുണ്ട്. കുറ്റവും പിന്നാലെയുള്ള അന്വേഷണവുമൊക്കെയായതിനാല്‍ അടിമുടി ദുരൂഹത നിറയ്ക്കുന്നതില്‍ സംവിധായകനും തിരക്കഥാകൃത്തുക്കളും വിജയിച്ചിട്ടുണ്ട്. കേരളം ഇന്നും ചര്‍ച്ച ചെയ്യുന്ന സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ നിറഞ്ഞാടുകയാണ് ചിത്രത്തില്‍. ഒരുപക്ഷേ മലയാള സിനിമയില്‍ അടുത്തകാലത്തൊന്നും ഇത്രയും വ്യത്യസ്തത നിറഞ്ഞ ഒന്നിലേറെ ഗെറ്റപ്പുകളില്‍ ഒരുതാരം എത്തിയിട്ടുണ്ടാവില്ല. കുറുപ്പിന്റെ അക്കാദമിക് ജീവിതം കാണിക്കുന്നയിടത്തെ രൂപം മഹാനടിയിലെ ജമിനി ഗണേശനെ എവിടെയൊക്കെയോ ഓര്‍മിപ്പിച്ചു. കുറുപ്പിന്റെ കറുപ്പും വെളുപ്പും നിറഞ്ഞ വിഭിന്ന മാനസികനിലകളെ വിജയകരമായിത്തന്നെ ദുല്‍ഖര്‍ അവതരിപ്പിച്ചിട്ടുണ്ട്.

അധികം വളച്ചുകെട്ടലുകൾ ഇല്ലാതെ നേരിട്ട് കുറുപ്പിന്റെ ജീവിതത്തിലേക്ക് കടക്കുന്നുണ്ട് ചിത്രം. കുറുപ്പിന്റെ സുഹൃത്ത് പീറ്റർ, ശാരദ എന്നിവരുടെഓര്‍മകളിലൂടെയാണ് ആദ്യ പകുതി സഞ്ചരിക്കുന്നത്. വിവിധ കഥാപാത്രങ്ങളുടെ ആംഗിളിൽ അവർക്ക് ആരായിരുന്നു കുറുപ്പ് എന്നാണ് ആദ്യപകുതി യിൽ പറയുന്നത്. കുറുപ്പിന്റെ വ്യക്തിജീവിതം പറഞ്ഞുകൊണ്ട് അതിന്റെ തുടർച്ചയെന്നോണം ആണ്  ക്രൈം എന്ന ഘടകത്തിലേക്ക് ചിത്രം എത്തുന്നത്. പതിഞ്ഞ താളത്തിൽ മുന്നോട്ടു പോകുന്ന ചിത്രം കൂടുതൽ ചടുലമാവുന്നതും ഈ അവസരത്തിൽത്തന്നെ.

Kurup

ചാക്കോയുടെ വരവോടെ രണ്ടാം പകുതിയിലാണ് ചിത്രം പൂര്‍ണമായും ത്രില്ലര്‍ എന്ന രീതിയിലേക്ക് മാറുന്നത്. ഡി.വൈ.എസ്.പി കൃഷ്ണദാസിന്റെ കുറ്റാന്വേഷണ രീതികളും കുറുപ്പിന്റെ ഒളിച്ചോട്ടരീതികളുമാണ് ചിത്രത്തെ ഉദ്വേഗജനകമാവുന്നത്. ആദ്യ പകുതിയിലെന്ന പോലെ രണ്ടാംപകുതിയിലും കുറുപ്പിന്റെ വ്യത്യസ്ത രൂപഭാവങ്ങള്‍. കുറുപ്പായി ദുല്‍ഖര്‍ അക്ഷരാര്‍ത്ഥത്തില്‍ നിറഞ്ഞാടുകയാണ് എന്ന് പറയാം. 

ഡീറ്റെയിലിങ് ആണ് ചിത്രത്തിന്റെ എടുത്തുപറയാവുന്ന കാര്യം. 1960-കള്‍ തൊട്ട് രണ്ടായിരത്തിന്റെ മധ്യം വരെയുള്ള കാലഘട്ടം കൃത്യമായി അടയാളപ്പെടുത്താന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. കുറുപ്പിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചുകൊണ്ട് ബോംബെയുടെ തെരുവുമതിലുകളില്‍ ഒട്ടിക്കുന്ന പോസ്റ്ററിലെ ദുല്‍ഖറിന്റെ ചിത്രം യഥാര്‍ത്ഥ കുറുപ്പുമായി ഏറെ സാദൃശ്യമുണ്ട്. വാഹനങ്ങളും വീടുകളും ബോംബെ പോര്‍ട്ടുമെല്ലാം ആ പഴയകാലത്തെ ഓര്‍മിപ്പിക്കുന്നതാക്കുന്നതില്‍ അണിയറപ്രവര്‍ത്തകര്‍ വിജയിച്ചിട്ടുണ്ട്. 

യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണെങ്കിലും ശരിക്കും നടന്ന കുറ്റകൃത്യത്തെ കഥാതന്തു മാത്രമെടുത്തുകൊണ്ട് പുതിയൊരു കഥയെന്നോണമാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഗോപീകൃഷ്ണന്‍ അഥവാ സുധാകരക്കുറുപ്പാണ് ചിത്രത്തിലെ നായകന്‍ അല്ലെങ്കില്‍ വില്ലന്‍. യഥാര്‍ത്ഥ ജീവിതത്തിലെ അന്വേഷണോദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ഹരിദാസിനെ കൃഷ്ണദാസ് ആക്കിയിട്ടുണ്ട്. ചാക്കോയെ ചാര്‍ളിയായും മാറ്റിയിരിക്കുന്നു. വന്‍സംഖ്യ വരുന്ന ലൈഫ് ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ആസൂത്രണം ചെയ്ത കൊലപാതകമാണ് ചാക്കോയുടേത് എന്നാണ് നമുക്ക് അറിയാവുന്നതെങ്കില്‍ ഇതിലേക്ക് നയിച്ച ഘടകങ്ങളാണ് കുറുപ്പിലെ യഥാര്‍ത്ഥ സസ്‌പെന്‍സ്.

കോവിഡ് കാലമുണ്ടാക്കിയ നഷ്ടം നികത്താനെന്നോണമാണ് കുറുപ്പ് തിയേറ്ററുകളിലേക്കെത്തിയത്. തകര്‍ന്നുപോയ മലയാള സിനിമയ്ക്ക് പിടിച്ചുകയറാനുള്ള കരുത്തുമായാണ് കുറുപ്പിന്റെ വരവെന്ന് നിസ്സംശയം പറയാം.

Content Highlights: Kurup Review Dulquer Salmaan Srinath Rajendran Indrajith Sukumaran Movie, Malayalam Film, Sukumara Kurup, Shine Tom Chacko