
കുറച്ചുനാളായി ഉത്തരയുടെ ഒപ്പമാണ് പ്രഭാതനടത്തം; ഉത്തര ഉണ്ണികൃഷ്ണന്റെ.
ആത്മാവിലേക്ക് ഹിമകണം പോലെ വന്നണഞ്ഞ ശബ്ദം. യാദൃച്ഛികമായിരുന്നു ആ വരവ്. എം.എസ്. സുബ്ബുലക്ഷ്മിയും പി. ലീലയും ബോംബെ ജയശ്രീയും യേശുദാസും ജയചന്ദ്രനും ചിത്രയുമൊക്കെയായിരുന്നല്ലോ പ്രഭാതത്തിൽ എന്നും കൂട്ട്. പ്രതീക്ഷയോടെ, ശുഭാപ്തിവിശ്വാസത്തോടെ ഓരോ ഉഷസ്സിനെയും വരവേൽക്കാൻ ഊർജം പകർന്നുതന്നിരുന്നത് അവരുടെയൊക്കെ പാട്ടുകളാണ്. സ്‌പോട്ടിഫൈക്ക് നന്ദി.
ഇടയ്ക്കൊരു
നാൾ ഒരു കാരണവുമില്ലാതെ ഉത്കണ്ഠ നിറഞ്ഞ മനസ്സോടെ ഉണർന്നെണീറ്റപ്പോൾ സംഗീതം ആസ്വദിക്കാനുള്ള മൂഡിലായിരുന്നില്ല ഒട്ടും. അകാരണമായ ഒരു അസ്വസ്ഥത, ആശങ്ക. ഒരു പാട്ടിനും ആ അവസ്ഥയിൽനിന്ന് നമ്മളെ കരകയറ്റാനാവില്ല എന്നൊരു തോന്നലും. എം.എസ്സിന്റെ ഭജഗോവിന്ദവും ലീലച്ചേച്ചിയുടെ ജ്ഞാനപ്പാനയും ജയശ്രീയുടെ തീരാത്ത വിളയാട്ടു പിള്ളൈയും ജയചന്ദ്രന്റെ പുഷ്പാഞ്ജലിയും ദാസേട്ടന്റെ മയിൽപ്പീലിയും ചിത്രയുടെ അലൈപായുതേയും മാറിമാറി കേട്ടിട്ടും മനസ്സിന്റെ കിളിവാതിലുകൾ അടഞ്ഞുതന്നെ കിടക്കുന്നു.
ഇതെന്തുപറ്റി എനിക്ക് എന്ന് സ്വയം ചോദിച്ചെങ്കിലും ഉത്തരം കിട്ടിയില്ല. ഇഷ്ടഗാനങ്ങൾക്കു പോലും തഴുകി ആശ്വസിപ്പിക്കാൻ കഴിയാത്ത എന്തോ ഒന്ന് മനസ്സിനെ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു അപ്പോൾ. അതോ അതെന്റെ തോന്നൽ മാത്രമായിരുന്നോ?
ഫ്ളാറ്റിന്റെ ടെറസ്സിലേക്ക് പുലരിക്കാറ്റിൽ ഒരു ഗാനം ഒഴുകിയെത്തിയത് അപ്പോഴാണ്: 'കുറൈ ഒൻട്രുമില്ലൈ മറൈമൂർത്തിക്കണ്ണാ...' എം.എസ്. പാടി അനശ്വരമാക്കിയ രാജാജിയുടെ രചന. പക്ഷേ ഇത്തവണ ആ ക്ലാസിക് കൃതി കാതിൽ പതിഞ്ഞത് കാലം കയ്യൊപ്പ് ചാർത്തിയ എം.എസ്സിന്റെ പ്രൗഢശബ്ദത്തിലല്ല. മറ്റാരുടെയോ നിഷ്‌കളങ്കമധുരനാദത്തിൽ...
കൗതുകം തോന്നി. ജിജ്ഞാസയും. ഏറ്റവും പ്രിയപ്പെട്ട രചനകളിലൊന്നാണ്. സാധാരണ ഭക്തിഗാനമല്ല. മനഃശാന്തിക്കോ മോഹസാഫല്യങ്ങൾക്കോ സൗഭാഗ്യങ്ങൾക്കോ വേണ്ടിയുള്ള പ്രാർഥനയുമല്ല. അങ്ങേയറ്റം വിനീതമായ ഒരു നന്ദിപ്രകടനം മാത്രം- ജീവിതത്തിന്റെ പരുക്കൻ പ്രതലങ്ങളിലൂടെ സ്‌നേഹവാത്സല്യങ്ങളോടെ കൈപിടിച്ചു നടത്തുന്നതിന്; ഒരിക്കലും മുന്നിൽ പ്രത്യക്ഷമാകാതെ തന്നെ എന്നും ഒപ്പമുണ്ടെന്ന വിശ്വാസം പകരുന്നതിന്. 'പരാതികളൊന്നുമില്ല ഭഗവാൻ' എന്ന തുറന്നുപറച്ചിലിൽനിന്നാണ് ഗാനത്തിന്റെ തുടക്കം തന്നെ. 'കണ്ണുക്ക് തെരിയാമൽ നിക്കിൻട്രായ് കണ്ണാ, കണ്ണുക്ക് തെരിയാമൽ നിൻട്രാലും എനക്ക് കുറൈ ഒൻട്രുമില്ലൈ മറൈമൂർത്തിക്കണ്ണാ...' നഗ്‌നനേത്രങ്ങളാൽ നിന്നെ കാണാൻ കഴിയില്ലെങ്കിലും എനിക്ക് ദുഃഖമില്ല, പരാതിയില്ല.
എം.എസ്. അല്ലാതെ മറ്റാര് പാടിയാലും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലാത്ത ആ ഗാനം അന്നാദ്യമായി മറ്റൊരു ശബ്ദത്തിൽ മനസ്സിനെ തൊട്ടു. ഉള്ളിലെ വ്യഥകളും ആശങ്കകളും ആകാംക്ഷകളും ഉത്തരയുടെ കുട്ടിത്തം കലർന്ന ആലാപനത്തിൽ അലിഞ്ഞു അപ്രത്യക്ഷമായത് പോലെ. ശബ്ദത്തിലെ ഓമനത്തമോ, അതോ ആലാപനത്തിലെ നൈസർഗ്ഗികമായ നിഷ്‌കളങ്കഭാവമോ- എന്തായിരിക്കാം ആ മാജിക്കിന് പിന്നിൽ? അറിയില്ല.
ഒന്നുമാത്രമറിയാം; ഉത്തരയെ ഇന്നും ഇടയ്ക്കിടെ കേട്ടുകൊണ്ടിരിക്കുന്നു ഞാൻ. എം.എസ്സിനും ബോംബെ ജയശ്രീക്കുമൊപ്പം ഉദയഗീതങ്ങളുടെ ഭാഗമായിരിക്കുന്നു ഈ യുവഗായികയും.
ഉത്തരയെ ആദ്യം കണ്ടത് ഓർമയുണ്ട്. ഗായകനും ശാസ്ത്രീയ സംഗീതജ്ഞനുമായ അച്ഛൻ ഉണ്ണികൃഷ്ണന്റെ ക്ഷണം സ്വീകരിച്ച് ചെന്നൈയിലെ ഫ്ളാറ്റിൽ ഉച്ചഭക്ഷണത്തിന് ചെന്നതായിരുന്നു; രണ്ടു പതിറ്റാണ്ടോളം മുൻപ്. ഉത്തരയുടെ അമ്മയും നർത്തകിയുമായ പ്രിയയെ കോഴിക്കോട്ട് ചാലപ്പുറത്തെ മുല്ലശ്ശേരിയിൽവെച്ച് കണ്ട് നേരത്തെ പരിചയമുണ്ട്. മുല്ലശ്ശേരി രാജുവേട്ടന്റെ മകൾ നാരായണിയുടെ കൂട്ടുകാരി.
ഉണ്ണിയുടെ വീടിന്റെ പൂമുഖത്ത് നിലയ്ക്കാത്ത ചിരിയോടെ മൂളിപ്പാട്ട് പാടി ഓടിനടന്ന കുട്ടിയിൽ ഒരു ഗായികയുണ്ടെന്ന് അന്നേ മനസ്സ് പറഞ്ഞിരുന്നു; കുട്ടിയുടെ ഇഷ്ടമേഖലകൾ മറ്റു പലതുമായിരുന്നെങ്കിലും. ഫുട്‌ബോൾ, ബാഡ്മിന്റൺ...
വിധിനിയോഗം പോലെ ഉത്തര പാട്ടിൽ തന്നെ വന്നണഞ്ഞു. സിനിമയിൽ പാടി. ഇടയ്ക്ക് ഡബ്ബിങ് ആർട്ടിസ്റ്റ് ആയി. പത്താം വയസ്സിൽ മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടി ചരിത്രം തിരുത്തി; 'ശൈവ'ത്തിൽ ജി.വി. പ്രകാശിന്റെ ഈണത്തിൽ പാടിയ അഴകേ എന്ന പാട്ടിലൂടെ. അതിനും ഇരുപതു വർഷം മുൻപ് 'കാതല'നിലെ (1995) എന്നവളേ അടി എന്നവളേ, ഉയിരും നീയേ എന്നീ ഗാനങ്ങളുടെ പേരിൽ ദേശീയ അവാർഡ് നേടിയ അച്ഛൻ ഉണ്ണികൃഷ്ണന്റെ പാത പിന്തുടരുകയായിരുന്നു മകൾ.
വിഖ്യാത കർണാട്ടിക് കൃതികളുടെ ആലാപനത്തിലൂടെ യൂട്യൂബിൽ ഏറ്റവുമധികം പിന്തുടരപ്പെടുന്ന ഗായികമാരിൽ ഉത്തരയുമുണ്ട്. വരികളുടെ ആശയവും ഭാവവും ഉൾക്കൊണ്ടു പാടുന്നു എന്നതാണ് സമപ്രായക്കാരായ മറ്റ് പല സംഗീതജ്ഞരിൽനിന്ന് ഉത്തരയെ വേറിട്ടു നിർത്തുന്ന ഘടകം.
'കുറൈ ഒൻട്രുമില്ലൈ' എന്ന് വർഷങ്ങൾക്ക് മുൻപ് മനമുരുകി പാടിയ കുട്ടിക്ക് ഇപ്പോൾ പ്രായം 22. നവരാത്രിയെ വരവേറ്റുകൊണ്ട് പുറത്തിറക്കിയ ഏറ്റവും പുതിയ ഗാനമായ 'രക്ഷ രക്ഷ ജഗന്മാതാ'യിൽ കൂടുതൽ പക്വതയാർന്ന, നിറവാർന്ന ഒരു ഉത്തരയെ കണ്ടുമുട്ടുന്നു നമ്മൾ. വീരമണിയുടെ സംഗീതത്തിൽ പി. സുശീല പാടി അനശ്വരമാക്കിയ ഗാനത്തിന് സ്വന്തം ഭാഷ്യം ചമക്കുകയാണ് ഉത്തര. തുടരട്ടെ ഭക്തിപൂർണമായ ഈ സംഗീത പ്രയാണം.
Content Highlights: Ravi Menon shares personal memories of visiting singer P. Unnikrishnan's residence in Chennai two decades ago and meeting young Uthara. Uthara Unnikrishnan created history by winning the National Film Award for Best Female Playback Singer at age 10 for the song 'Azhage' from the movie 'Saivam', following in the footsteps of her father P. Unnikrishnan who won national honors two decades earlier. Beyond film music, Uthara has established a strong digital presence with millions of views for her classical Carnatic renditions on YouTube. The article highlights her latest Navratri release 'Raksha Raksha Jaganmatha', originally sung by P. Susheela and composed by Veeramani.
Published: 13 Oct 2026, 11:41 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented