
വിക്രത്തിന്റെ അന്യൻ എന്ന സിനിമ ഇറങ്ങിയ കാലം. അതിലെ കേന്ദ്രകഥാപാത്രമായ അന്യനെ പ്രധാന കഥാപാത്രമാക്കി ഞങ്ങൾ ഒരു കോമഡി പരിപാടി ചെയ്തിരുന്നു. മുടി നീട്ടി വളർത്തിയ ഒരു കഥാപാത്രം ഡോക്ടറെ കാണാൻ വരുന്നതും മുപ്പതോളം നടന്മാരുടെ ശബ്ദത്തിൽ സംസാരിക്കുന്നതും ഒടുവിൽ നഴ്സ് ഇഞ്ചക്ഷൻ അടിച്ചതോടുകൂടി രോഗി അന്യനായി മാറുന്നതും അവസാനം ചികിത്സിച്ച ഡോക്ടറും നഴ്സും മണിച്ചിത്രത്താഴിലെ നാഗവല്ലിയും രാമഭദ്രനും ആയി മാറുന്നതുമാണ് ആ സ്കിറ്റിന്റെ രൂപം. അന്ന് ആ കോമഡി സ്കിറ്റിന്റെ വീഡിയോ കണ്ട് നടൻ വിക്രം ഞങ്ങളെ അഭിനന്ദിച്ചിരുന്നു.
ഈ പരിപാടി ചങ്ങനാശേരി പുതൂർപ്പള്ളിയിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചു. അന്ന് ഞങ്ങളുടെ ട്രൂപ്പിൽ ഷാജോണും ജയസൂര്യയും ഉണ്ട്. ഞാനും മംഗളം പ്രസാദുമാണ് സ്റ്റേജിൽ രോഗിയും ഡോക്ടറുമായി അഭിനയിച്ചത്. ആവർത്തിച്ച് കാണാൻ രസമുള്ള പരിപാടിയായതിനാൽ കൂട്ടുകാരെല്ലാം സ്റ്റേജിനിരുവശത്തും നിന്ന് പരിപാടി കാണുന്നുണ്ട്.
രോഗിയായി വന്ന ഞാൻ സ്റ്റേജിൽ മുപ്പതോളം നടന്മാരെ മാറിമാറി അവതരിപ്പിച്ചപ്പോൾ നിറഞ്ഞ കൈയടി ഉയർന്നു. അവസാനം നഴ്സ് ഇഞ്ചക്ഷൻ അടിച്ചതോടെ രോഗി അന്യനായി മാറുന്ന രംഗമെത്തി. രോഗി ബാക്ക്കർട്ടനഭിമുഖമായി നിന്ന് മുടിയഴിച്ചിട്ട് അന്യനെപ്പോലെ തിരിഞ്ഞ് നിൽക്കണം, ഞാൻ ആവേശത്തോടെ തിരിഞ്ഞുനിന്നപ്പോൾ അല്പം ശക്തി കൂടിപ്പോയി. തലയിൽവെച്ച വിഗ് തെറിച്ച് സ്റ്റേജിന് പുറത്തായി. വിഗ് വയ്ക്കാൻ മുടി നന്നായി വെട്ടിയതിനാൽ അപ്പോൾ എന്നെ കണ്ടാൽ കൊച്ചിൻ ഹനീഫയായി തോന്നും. ആ കോലംകണ്ട് കാണികൾ ആരും ചിരിച്ചില്ല. പക്ഷേ, സ്റ്റേജിലെ ഇരുവശത്തുനിന്നും സഹപ്രവർത്തകർ കൂട്ടച്ചിരിയായി. അവസാനം എങ്ങനെയോ ആ പരിപാടി തീർത്ത് പതുക്കെ സ്റ്റേജിൽനിന്ന് ഇറങ്ങി പുറത്തുപോയി വിഗ് എടുത്ത് തലയിൽവെച്ച് അണിയറയിലേക്ക് മുങ്ങേണ്ടിവന്നു. അപ്പോഴും കാണികൾക്ക് അമളി പിടികിട്ടിയില്ല. അതൊരു ഐറ്റമായാണ് തോന്നിയത്.
ഒരു ചെറിയ യാത്ര
മിമിക്സ് പരിപാടികളുമായി മാസത്തിൽ പത്തും പതിനഞ്ചും ഗൾഫ് ട്രിപ്പുകൾ നടത്തുന്ന കാലം. പലപ്പോഴും ഉറങ്ങലും പല്ലുതേപ്പുമെല്ലാം എയർപോർട്ടുകളിലെ വിശ്രമകേന്ദ്രങ്ങളിലായിരിക്കും. അന്ന് ഞാനും നവാസും ചേർന്ന് കോമഡി കസിൻസ് എന്ന പേരിൽ ഒരു ട്രൂപ്പ് ഫോം ചെയ്തു. ആഴ്ചയിൽ രണ്ടും മൂന്നും ഗൾഫ് ഷോകൾ പ്ലാൻ ചെയ്തു. അങ്ങനെയിരിക്കെയാണ് വാമനപുരം ബസ്റൂട്ട് എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കാൻ ഒരു ചാൻസ് കിട്ടിയത്. വളരെ ആഗ്രഹിച്ച് കിട്ടിയ കഥാപാത്രമായിരുന്നു. മൂന്നുദിവസം കഴിഞ്ഞാൽ ദുബായിൽ ഷോയുണ്ട്. രണ്ടുദിവസത്തെ ഷൂട്ടിങ് കഴിഞ്ഞാൽ ഞാൻ വരാം എന്ന ഉറപ്പിൽ നവാസ് വിമാനം കയറി.

സിനിമാസെറ്റിലെത്തിയപ്പോഴാണ്, കിട്ടിയത് ലാലേട്ടനൊപ്പം മിക്ക സീനിലുമുള്ള മുഴുനീള കഥാപാത്രമാണെന്ന് മനസ്സിലായത്. രണ്ടുദിവസം കഴിഞ്ഞപ്പോൾ ഞാൻ ലാലേട്ടനോട് ഗൾഫ് പരിപാടിയുടെ കാര്യം പറഞ്ഞു. ഞാൻ പോയാൽ കോമ്പിനേഷൻ സീനുകൾ മാറ്റിവയ്ക്കേണ്ടിവരും. പ്ലാനിങ് എല്ലാം കുഴപ്പത്തിലാകും. അപ്പോഴേക്കും എന്നെത്തേടി ദുബായ് പരിപാടിയുടെ സ്പോൺസറും ലൊക്കേഷനിലെത്തി. പരിപാടിയുടെ ദിവസം വൈകുന്നേരം മൂന്നുമണിയോടെ എന്റെ ഷൂട്ടിങ് തീർന്നു. ഞാനും സ്പോൺസറും ആറുമണിക്കുള്ള ഫ്ളൈറ്റിൽ ദുബായിലേക്ക് വിമാനം കയറി. ദുബായ് എയർപോർട്ടിൽനിന്ന് നേരെ പ്രോഗ്രാം നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക്... പരിപാടി കഴിഞ്ഞ് പുലർച്ചെ മൂന്നുമണിക്കുള്ള വിമാനത്തിൽ വീണ്ടും കൊച്ചിയിലെത്തി. രാവിലെ ലാലേട്ടൻ ലൊക്കേഷനിലെത്തുന്നതിന് മുൻപേ ഞാൻ സെറ്റിലെത്തി. രാവിലെ ബ്രേക്ഫാസ്റ്റ് കഴിക്കുമ്പോൾ ഭക്ഷണം വിളമ്പുന്ന പയ്യൻ ചോദിച്ചു.
''ഇന്നലെ രാത്രി മുറിക്കുമുന്നിൽ വെച്ച ഭക്ഷണം ചേട്ടൻ കഴിച്ചില്ലല്ലോ. റൂമിലുണ്ടായിരുന്നില്ലേ... സിനിമയ്ക്ക് പോയോ?''
''ഇല്ല. അത്യാവശ്യമായി ദുബായിവരെ ഒന്ന് പോകേണ്ടിവന്നു...'' മറുപടികേട്ട് പയ്യൻ അന്തംവിട്ടു.
( മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ ജൂലൈ ലക്കം ചിരി സ്പെഷ്യലിൽ പ്രസിദ്ധീകരിച്ചത്)
Content highlights : Kottayam Nazeer Skit Movie Memories Star And Style
Published: 13 Aug 2020, 03:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented