അരുൺ സി.എം യഷിനൊപ്പം, അരുൺ സി.എം
ഒരു കാലത്ത് അന്യഭാഷ സിനിമകള്‍ മലയാളത്തിലേക്ക് മൊഴി മാറിയെത്തുമ്പോള്‍ സംഭാഷണങ്ങളിലെ കൃത്രിമത്വം പ്രേക്ഷകര്‍ക്ക് കല്ലുകടിയായിരുന്നു. എന്നാല്‍ ഇന്നത് മാറി, ഒറിജിനലിനോട് കിടപിടിക്കുന്ന തരത്തിലാണ് മലയാളത്തിലേക്ക് മൊഴിമാറ്റുന്നത്. അന്യഭാഷാ ചിത്രങ്ങള്‍ കേരളത്തില്‍ വലിയ വിജയമാകുന്നതിന് പിന്നില്‍ ഒട്ടേറെ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടെ കഠിനാധ്വാനമുണ്ട്. അതില്‍ ഒരാളാണ് അരുണ്‍ സി.എം. എന്ന യുവകലാകാരന്. പ്രഭാസ്, യഷ്, രാംചരണ്‍ തുടങ്ങിയ താരങ്ങള്‍ കേരളത്തില്‍ സ്ഥാനമുറപ്പിച്ചത് അരുണിന്റെ മനോഹരമായ ശബ്ദത്തിലൂടെയാണ്. യഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത 'കെ.ജി.എഫ്. ചാപ്റ്റര്‍ 2' മികച്ച പ്രതികരണങ്ങളോടെ മലയാളക്കര കീഴടക്കുമ്പോള്‍ അരുണ്‍ സംസാരിക്കുന്നു.
കെ.ജി.എഫ്. ചാപ്റ്റര്‍ 2-ന് ഗംഭീര വരവേല്‍പ്പാണ് ലഭിക്കുന്നത്. തിയേറ്ററില്‍ പോയി കണ്ടിരുന്നോ?
കെ.ജി.എഫ്. ചാപ്റ്റര്‍ 2 അഞ്ച് തവണയോളം തിയേറ്ററില്‍ പോയി കണ്ടു. ഡബ്ബ് ചെയ്തതിന് പിന്നാലെ നമ്മുടെ ശബ്ദം കേള്‍ക്കുമ്പോള്‍ അത്ര ക്വാളിറ്റിയുണ്ടാകണമെന്നില്ല, മാത്രവുമല്ല, പശ്ചാത്തല സംഗീതവും മറ്റു ഇഫക്ടുകളും വരുമ്പോഴാണ് അതിന് ഗാംഭീര്യമുണ്ടാകുന്നത്. തിയേറ്ററില്‍ സിനിമ കാണുമ്പോഴാണ് അത് മറ്റൊരു അനുഭവമാകുന്നത്. വീണ്ടും വീണ്ടും തിയേറ്ററില്‍ പോയി സിനിമ കാണാന്‍ പ്രേരിപ്പിക്കുന്നതും ഈ ഘടകങ്ങളാണ്.
ഡബ്ബിങ് മേഖലയിലേക്ക് എത്തിയത് എങ്ങിനെയായിരുന്നു?
വടക്കന്‍ പറവൂരിലെ ഏഴിക്കരയാണ് സ്വദേശം. മിമിക്രിയോട് വലിയ താല്പര്യമുണ്ടായിരുന്നു. കലാഭവനുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുത്തിരുന്നു. സിനിമയില്‍ ഏതെങ്കിലും മേഖലയില്‍ പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. 2006-ല്‍ 'അശ്വാരൂഢന്' എന്ന ചിത്രത്തിലൂടെ ഡബ്ബിങ്ങിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് 'മാടമ്പി'യില്‍ മോഹന്‍ലാല്‍ സാറിന്റെ കഥാപാത്രത്തിന്റെ കൗമാരകാലം ചെയ്ത ആര്‍ട്ടിസ്റ്റിന് വേണ്ടി ഡബ്ബ് ചെയ്തു. കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തിയപ്പോഴാണ് ഡബ്ബിങ്ങിനെ ഗൗരവമായെടുത്തത്. അതോടൊപ്പം തന്നെ തിയേറ്ററില്‍ എം.എയും എംഫിലും ചെയ്തു. ഇപ്പോള്‍ പിഎച്ച്.ഡി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
ഞാന്‍ ഡബ്ബിങ് ആരംഭിക്കുന്ന സമയത്ത് മലയാളത്തില്‍ ഇന്നത്തെപ്പോലെ മൊഴിമാറ്റ ചിത്രങ്ങളുടെ കുത്തൊഴുക്കില്ല. അല്ലു അര്‍ജുന്റെ 'ആര്യ' മുതലാണെന്ന് തോന്നുന്നു തെലുങ്കു ചിത്രങ്ങള്‍ കേരളത്തില്‍ വ്യാപകമായി റിലീസ് ചെയ്യാന്‍ ആരംഭിച്ചത്. പിന്നീട് 'ഹാപ്പി ഡെയ്സ്' പോലുള്ള സിനിമകള്‍ക്ക് വലിയ ജനപ്രീതി ലഭിച്ചു. രാജമൗലിയുടെ 'ഈച്ച'യ്ക്ക് ശേഷം അത് മറ്റൊരു തലത്തിലെത്തി. പാന്‍ ഇന്ത്യന്‍ റിലീസ് വ്യാപകമായി. ഇന്ന് പ്രദേശിക ഭാഷകളിലേക്ക് മൊഴി മാറ്റുന്നതില്‍ വളരെ സൂക്ഷമത പുലര്‍ത്താന്‍ ഇന്ന് നിര്‍മാണ കമ്പനികളും വിതരണ കമ്പനികളും ഏറെ ശ്രദ്ധിക്കുന്നുണ്ട്. പാന്‍ ഇന്ത്യന്‍ ചിത്രമാകണമെങ്കില്‍ ഭാഷയുടെ അന്തസത്ത ഒട്ടും ചോര്‍ന്നുപോകാതെ മൊഴിമാറ്റണം. മലയാളത്തിന്റെ കാര്യമെടുക്കുകയാണെങ്കില്‍ മാങ്കൊമ്പ് ഗോപാലകൃഷ്ണന് സാറിന്റെ സംഭാവന എടുത്ത് പറയേണ്ടതാണ്.
'ബാഹുബലി'ക്കു ശേഷം ജീവിതം എങ്ങനെ മാറി?
'ബാഹുബലി' ആദ്യഭാഗം എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. എന്നെ ജനങ്ങള്‍ തിരിച്ചറിയുന്നതും 'ബാഹുബലി'ക്കു ശേഷമാണ്. രണ്ടാം ഭാഗം റിലീസിനെത്തുന്നതിന്റെ മുന്നോടിയായി ഒട്ടേറെ അഭിമുഖങ്ങള്‍ ചെയ്യാന്‍ എനിക്ക് സാധിച്ചു. അന്ന് ഏറ്റവും കൂടുതല്‍ നേരിട്ട ചോദ്യം കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നതായിരുന്നു. എന്നെ സംബന്ധിച്ച് അത്തരം ചോദ്യങ്ങള്‍ ഒരുപാട് സന്തോഷം നല്കിയതായിരുന്നു. ഒരു വലിയ രഹസ്യം മനസ്സില്‍ സൂക്ഷിക്കാന്‍ സാധിച്ചതില്‍ വലിയ സംതൃപ്തിയുണ്ടായിരുന്നു. ഡബ്ബിങ് ഇന്ന് എനിക്ക് ഒരു ലഹരിയാണ്. ഞാന്‍ അത് ഏറെ ആസ്വദിക്കുന്നു.
'ബാഹുബലി'യും 'കെ.ജി.എഫു'മെല്ലാം ആദ്യഭാഗങ്ങള്‍ ഒട്ടും ഹൈപ്പില്ലാതെയാണ് വന്നത്. രണ്ടാം ഭാഗങ്ങള്‍ക്ക് പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു? ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഉത്തരവാദിത്തം വര്‍ധിച്ചത് പോലെ തോന്നിയോ?
തീര്‍ച്ചയായും. പ്രഭാസ്, യഷ് എന്നിവരെ കേരളത്തില്‍ പ്രതിനിധീകരിക്കുക എന്നത് വലിയ ഉത്തരവാദിത്തമാണ്. വലിയ കോലാഹങ്ങളില്ലാതെയാണ് 'ബാഹുബലി' ആദ്യഭാഗം കേരളത്തിലെത്തിയത്. എന്നാല്‍; രണ്ടാം ഭാഗമായപ്പോഴേക്കും സിനിമ മറ്റൊരു തലത്തിലെത്തി. പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന സിനിമയാണ് 'ബാഹുബലി 2'. അതുകൊണ്ടു തന്നെ അത്രയും സമയവും ഊര്‍ജ്ജവും ചെലവഴിച്ചാണ് രണ്ടാം ഭാഗം പൂര്‍ത്തിയാക്കിയത്. 'കെ.ജി.എഫ് ചാപ്റ്റര്‍ ഒന്ന്' ഒട്ടും ബഹളമില്ലാതെ എത്തിയ സിനിമയായിരുന്നു. രണ്ടാം ഭാഗത്തെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി താരങ്ങള്‍ അഹോരാത്രം പ്രയത്നിക്കുമ്പോള്‍ ഡബ്ബിങ് പരമാവധി നന്നാക്കാന്‍ ശ്രമിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്ന് ഞാന്‍ കരുതുന്നു. രാം ചരണ്‍, മഹേഷ് ബാബു, പ്രഭാസ്, ജൂനിയര്‍ എന്‍ടിആര്‍, യഷ് എന്നിവരുടെയെല്ലാം ശബ്ദമായി. എല്ലാവര്ക്കും അവരവരുടേതായ അഭിനയ ശൈലിയുണ്ട്. അതുകൊണ്ടു തന്നെ ഡബ്ബിങിലും ആ മാറ്റം നമ്മള് കൊണ്ടുവരണം. ഒരു കഥാപാത്രത്തെ അഭിനേതാവ് എങ്ങിനെ ഉള്‍ക്കൊള്ളുന്നുവോ അതുപോലെ തന്നെയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റും ചെയ്യേണ്ടത്.
ഒരു വര്ഷത്തോളമെടുത്താണല്ലോ 'കെജിഎഫ് ചാപ്റ്റര്‍ 2' പൂര്‍ത്തിയാക്കിയത്? അനുഭവം പങ്കുവയ്ക്കാമോ?
ഏകദേശം ഒരു വര്‍ഷത്തോളമെടുത്താണ് മലയാളം ഡബ്ബിങ് പൂര്‍ത്തിയാക്കിയത്. ശങ്കര്‍രാമകൃഷ്ണന്‍ സാറായിരുന്നു ഡബ്ബിങിന്റെ ക്യാപ്റ്റന്‍. നാല് വര്‍ഷമെടുത്ത് പൂര്‍ത്തിയാക്കിയ ചിത്രമാണ് 'കെജിഎഫ് ചാപ്റ്റര്‍ 2'. സംവിധായകനും താരങ്ങളും മറ്റ് അണിയറപ്രവര്‍ത്തകരും ഇത്രയും സമയം ചെലവഴിച്ച് ചെയ്ത സിനിമയുടെ മൊഴിമാറ്റം വലിയ ഉത്തരവാദിത്തമായിരുന്നു. ശങ്കര്‍രാമകൃഷ്ണന്‍ സാര്‍ അത് ഗംഭീരമായി ചെയ്തു. ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഡബ്ബ് ചെയതത് മലയാളത്തിലെ പ്രശസ്തരായ അഭിനേതാക്കളാണ്. അതും മലയാളം ഡബ്ബിങ്ങിന് മുതല്‍കൂട്ടായി. എല്ലാവരുടെയും ആത്മാര്‍ഥമായ പ്രവര്‍ത്തനമാണ് വിജയത്തിന് പിറകില്‍.
ബെംഗളൂരുവില്‍ വച്ചായിരുന്നു ഡബ്ബിങ്. ആനന്ദ് രാജായിരുന്നു എല്ലാ ഭാഷകളിലെയും റെക്കോഡിസ്റ്റ്. യഷ് സര് ഉള്‍പ്പെടെയുള്ളവര്‍ അവിടെ വന്നിരുന്നു. വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് അവര്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളോട് പെരുമാറുന്നത്.
പുതിയ ചിത്രങ്ങള്‍?
കിച്ച സുദീപിന്റെ 'വിക്രാന്ത് റോണ' എന്ന കന്നട ചിത്രമാണ് ഏറ്റവും പുതിയ പ്രൊജക്ട്. ജൂലൈ 28-ന് ചിത്രം തിയേറ്ററുകളിലെത്തും. ഞാന്‍ അതില്‍ ഡബ്ബ് ചെയ്യുന്നില്ല. ഡബ്ബിങ് ഡയറക്ടറുടെ വേഷത്തിലാണ് എത്തുന്നത്. എന്നെ സംബന്ധിച്ച് അതൊരു പുതിയ തുടക്കമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..