ഷിജു, പാറയില്‍വീട്, നീണ്ടകര; സോഷ്യല്‍ മീഡിയയില്‍ കുറച്ചുനാളുകളായി ചര്‍ച്ചയാവുന്ന ഒരു വ്യാജ മേല്‍വിലാസമാണിത്. ഹോട്ട്‌സ്റ്റാറില്‍ സംപ്രേഷണം തുടരുന്ന കേരള ക്രൈം ഫയല്‍സ് ആദ്യ സീസണിന്റെ പേരാണിത്. ഒരു കൊലപാതകവും അതിനു പിന്നിലെ വ്യാജ മേല്‍വിലാസക്കാരനേയും അന്വേഷിക്കുന്ന ഒരുപറ്റം സാധാരണക്കാരായ പോലീസുദ്യോഗസ്ഥരുടെ കഥ കൂടിയാണ് കേരള ക്രൈം ഫയല്‍സ്. ജൂണ്‍, മധുരം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ് ഈ സസ്‌പെന്‍സ് ത്രില്ലറൊരുക്കിയ സംവിധായകന്‍. മലയാളത്തില്‍ മുമ്പ് വന്നിട്ടുള്ള ത്രില്ലര്‍ സിനിമകളുമായി താരതമ്യം ഉണ്ടാവുമോയെന്ന ഭയത്തോടെയാണ് കേരള ക്രൈം ഫയല്‍സ് ചെയ്തതെന്ന് പറയുകയാണ് അദ്ദേഹം. സീരീസൊരുക്കിയ വഴികളേക്കുറിച്ചും നേരിട്ട വെല്ലുവിളികളേക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുകയാണ് അദ്ദേഹം.

To advertise here,

മലയാളത്തില്‍ വെബ്‌സീരീസ് എന്ന ആശയം

ഹോട്ട് സ്റ്റാറില്‍ നിന്ന് ഇങ്ങോട്ടുവന്ന ഒരു അവസരമായിരുന്നു ഇത്. അങ്ങനെ അവരോട് കഥപറയാന്‍ വേണ്ടി പോകുകയായിരുന്നു. എന്റെ കയ്യില്‍ ഉണ്ടായിരുന്ന ചെറിയൊരു ത്രെഡ് അവര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. എപ്പോഴെങ്കിലും ഓ.ടി.ടിയില്‍ ചെയ്യാം എന്ന് കരുതി മാറ്റിവെച്ച സിനിമയുടെ കഥയായിരുന്നു അത്. പിന്നെ ഒരു വെബ്‌സീരീസ് കണ്ടന്റ് അതിലുണ്ടെന്ന് അറിയാമായിരുന്നു. കഥകേട്ട് അവര്‍ക്ക് ഇഷ്ടപ്പെട്ടതിന് ശേഷം വെബ്‌സീരീസ് പോലെ എഴുതുകയായിരുന്നു.

placeholder
'കേരള ക്രൈം ഫയൽസ്' ചിത്രീകരണത്തിനിടെ ലാലും അഹമ്മദ് കബീറും | ഫോട്ടോ: www.facebook.com/ahammed.khabeer

വലിയ ത്രില്ലറുകളെയൊക്കെ വെച്ച് താരതമ്യം വരുമെന്ന് ടെന്‍ഷനുണ്ടായിരുന്നു

വെബ്‌സീരീസിനേ സംബന്ധിച്ചിടത്തോളം ആളുകള്‍ക്ക് ക്രൈം കാണാനാണ് താത്പര്യം. ഓ.ടി.ടിയില്‍ ക്രൈം ത്രില്ലറുകള്‍ക്കാണ് ഏറ്റവുംകൂടുതല്‍ ഡിമാന്‍ഡ്. ഞാന്‍ ചെയ്ത രണ്ട് സിനിമകളും ഹാപ്പി, ഫീല്‍ഗുഡ് ജോണറില്‍പ്പെട്ടവയായിരുന്നു. അതില്‍ നിന്നൊരു മാറ്റം ആവശ്യമായിരുന്നു. കുറ്റാന്വേഷണ കഥ കൈകാര്യം ചെയ്യുന്നത് നല്ല വെല്ലുവിളിയായിരുന്നു. കേരളത്തില്‍ ത്രില്ലറുകള്‍ ഹിറ്റാവാന്‍ ഭയങ്കര പാടാണ്. സസ്‌പെന്‍സും കഥയുടെ റൂട്ടുമെല്ലാം പാളാം. ഭയങ്കര പ്രശ്‌നമാണ്. ഞാനെടുത്ത കഥയാണെങ്കില്‍ വളരെ ചെറുതുമാണ്. വലിയ ത്രില്ലറുകളെയൊക്കെ വെച്ച് താരതമ്യം വരും എന്നതിനാല്‍ നല്ല ടെന്‍ഷനുണ്ടായിരുന്നു. സാധാരണക്കാരായ പോലീസുകാര്‍ അന്വേഷിക്കുന്ന കേസാണ്. ബാഹുബലിയൊന്നും ആരും പ്രതീക്ഷിക്കില്ലെന്ന് അറിയാമായിരുന്നു. 

ഒരു നടന്റെ വേറൊരു മുഖം കൊണ്ടുവരാന്‍ പറ്റിയാല്‍ നല്ലതാണ്

എന്നെ സംബന്ധിച്ച് ജൂണ്‍ ആണെങ്കിലും മധുരം ആണെങ്കിലും ഞാന്‍ നോക്കുന്നത് സൂപ്പര്‍താരങ്ങളെയല്ല. കഥയ്ക്ക് ചേരുന്നവരെയാണ് തിരഞ്ഞെടുക്കാറ്. ഈ കഥയ്ക്ക് സാധാരണക്കാരുമായി ചേര്‍ന്നുപോകുന്ന രണ്ടുപേരെ കിട്ടിയാല്‍ നന്നാവും എന്ന് തോന്നി. അങ്ങനെ കിട്ടിയ രണ്ടുപേരാണ് ലാല്‍ സാറും അജു ചേട്ടനും. എന്റെ മധുരം എന്ന ചിത്രത്തില്‍ ജോജു ചേട്ടനായിരുന്നു നായകന്‍. പുള്ളി പൊറിഞ്ചുവൊക്കെ ചെയ്ത് മാസായി നില്‍ക്കുകയായിരുന്നു. പുള്ളിയുടെ പ്രേമം ലൈന്‍ നമ്മളാരും അങ്ങനെ കണ്ടിട്ടില്ല. ഒരു നടന്റെ വേറൊരു മുഖം കൊണ്ടുവരാന്‍ പറ്റിയാല്‍ സംവിധായകനെന്ന നിലയ്ക്ക് നല്ലതാണല്ലോ. അത് വെല്ലുവിളിയുമാണ്, അതേസമയം ഇഷ്ടവുമാണ്. അജു ചേട്ടനെ സാധാരണക്കാര്‍ക്ക് ഇഷ്ടമാവുമെന്ന് അറിയാം. ആളുകള്‍ കോമഡി ഇമേജില്‍ കാണുന്ന ഒരാളെ ന്യൂട്രല്‍ രീതിയില്‍ അല്ലെങ്കില്‍ സീരിയസായി കൊണ്ടുവന്നാല്‍ നന്നാവും എന്ന വിശ്വാസമുണ്ടായിരുന്നു. ഡയറക്ടേഴ്‌സ് ആക്ടര്‍ എന്ന രീതിയില്‍ അദ്ദേഹം നന്നായി സഹകരിച്ചു.

placeholder
അജു വർ​ഗീസും അഹമ്മദ് കബീറും | ഫോട്ടോ: www.facebook.com/ahammed.khabeer

ഒരാളോടുപോലും ഒച്ച ഉയര്‍ത്തി സംസാരിക്കുന്നയാളല്ല മനോജ് 

സംവിധായകന്‍ എന്ത് പറയുന്നോ അത് ചെയ്യാമെന്ന ആത്മവിശ്വാസത്തിലാണ് അജു വര്‍ഗീസ് വന്നുനിന്നത്. അദ്ദേഹം സീരിയസ് വേഷം ചെയ്ത കമല എന്ന ചിത്രം ഇതുവരെ ഞാന്‍ കണ്ടിട്ടില്ല, കാണാനും പോയില്ല. കാരണം അങ്ങനെ കണ്ടാല്‍ അതില്‍ നിന്ന് എന്തെങ്കിലും പകര്‍ത്തിയാലോ എന്ന് പേടിച്ചിട്ടാണ്. പിന്നെ കണ്ടിട്ടുള്ളത് ചെറിയൊരു പോലീസ് വേഷം ചെയ്ത ഹെലന്‍ ആണ്. അതിലുള്ള അത്രയും സീരിയസല്ല കേരളാ ക്രൈം ഫയല്‍സിലെ മനോജ്. ഒരാളോടുപോലും ഒച്ചയുയര്‍ത്തി സംസാരിക്കുന്നയാളല്ല മനോജ്. ആ കഥാപാത്രത്തിന് ഇങ്ങനെ ചില തലങ്ങളുണ്ടായിരുന്നു. ഡബ്ബ് ചെയ്യുമ്പോള്‍ പോലും തമാശ കടന്നുവരാതെ നോക്കിയിരുന്നു. 54 ദിവസംകൊണ്ടാണ് സീരീസ് പൂര്‍ത്തിയാക്കിയത്.

അപരിചിതത്വം തോന്നാത്ത വ്യാജ മേല്‍വിലാസം

സീരീസിലെ ഏക ക്ലൂ എന്നത് ഒരു വ്യാജ മേല്‍വിലാസമാണ്. അത് ആദ്യമേതന്നെ കിട്ടിയിരുന്നു. ഷിജു, പാറയില്‍ വീട്, നീണ്ടകര എന്നത് സീസണ്‍ വണ്ണിന്റെ പേരുകൂടിയാണ്. വളരെ സാധാരണമായ ഒരു പേര് വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഷിജു എന്ന പേരിനുപകരം മറ്റുചിലതുകൂടി ആലോചിച്ചിരുന്നു. പക്ഷേ പാറയില്‍ വീട്, നീണ്ടകര എന്ന വിലാസം പെട്ടന്നുതന്നെ കിട്ടിയിരുന്നു. 

placeholder
Lal, Ahmad Kabir, Aju Varghese | Photo: www.facebook.com/ahammed.khabeer
'കേരള ക്രൈം ഫയൽസ്' ചിത്രീകരണത്തിനിടെ ലാലും അഹമ്മദ് കബീറും അജു വർ​ഗീസും | ഫോട്ടോ: www.facebook.com/ahammed.khabeer

സാധാരണക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍

സാധാരണക്കാരായ പോലീസ് കഥാപാത്രങ്ങളായിരുന്നു മനസില്‍. നമ്മുടെ കഥയും താരങ്ങളുമെല്ലാം ഇങ്ങനെയാണ്. മാസ് സീനൊക്കെ വേണമെങ്കില്‍ ചെയ്യാം. പക്ഷേ ഈ കഥയ്ക്ക് വേണ്ടത് സാധാരണത്വമായിരുന്നു വേണ്ടിയിരുന്നത്. അതിന്റെ അപ്പുറം ചെയ്താല്‍ ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന പോസിറ്റീവ് റിവ്യൂ ഒന്നുമായിരിക്കില്ല വരുന്നത്. ലളിതമായ പോയിന്റുകളാണ് എല്ലായിടത്തും വെച്ചത്.

'ഷിജു'വിനെ കണ്ടെത്തിയ കഥ

ശ്രീജിത്ത് മഹാദേവന്‍ എന്ന നടനാണ് ടൈറ്റില്‍ കഥാപാത്രമായെത്തിയത്. ഹോട്ട്‌സ്റ്റാറിലെ അനന്തപദ്മനാഭന്‍ സാറാണ് നിര്‍ദേശിച്ചത്. കോങ്കണ്ണുള്ള ഒരാള്‍ വേണമായിരുന്നു. ഹ്രസ്വചിത്രങ്ങളൊക്കെ എടുക്കുന്ന സംവിധായകന്‍ കൂടിയാണ് ശ്രീജിത്ത്. അനന്തപദ്മനാഭന്‍ സാര്‍ പറഞ്ഞതനുസരിച്ച് വിളിച്ചുവരുത്തി ഓഡിഷന്‍ ചെയ്താണ് ശ്രീജിത്തിനെ തിരഞ്ഞെടുത്തത്. അഭിനയത്തില്‍ വര്‍ക്ക്‌ഷോപ്പും നടത്തിയിരുന്നു. പിന്നെയുള്ള എഴുപതോളം പുതുമുഖങ്ങളെ കൊച്ചിയിലെ ആക്ടിങ് വര്‍ക്ക്‌ഷോപ്പ് സ്ഥാപനത്തില്‍ നിന്ന് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണ്‍ ഓഡിഷന്‍ വെയ്ക്കാതെ ഇവിടേക്ക് നേരിട്ട് ചെല്ലുകയായിരുന്നു.

placeholder
ശ്രീജിത്ത് മഹാദേവൻ | ഫോട്ടോ: www.facebook.com/ahammed.khabeer

പരമ്പരയിലെ ജാതിവ്യവസ്ഥയുടെ അടയാളങ്ങള്‍

ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട് അത്ര പൊളിറ്റിക്കലി ഒന്നും പറഞ്ഞിട്ടില്ല. സുനില്‍ എന്ന കഥാപാത്രത്തിന്റെ വീട്ടില്‍ അങ്ങനെയൊരു ചിത്രം വെച്ചെന്നേയുള്ളൂ. അതല്ലാതെ ആ ആംഗിളില്‍ കൂടുതല്‍ ലേയറുകള്‍ വെക്കാനോ ഒന്നും ശ്രമിച്ചിട്ടില്ല.

ഗ്ലൗസ് അണിയാതെ ക്രൈം സീനില്‍ ഇടപെടുന്ന പോലീസ് ഉദ്യോഗസ്ഥര്‍

യഥാർത്ഥത്തിൽ ഉള്ളതെന്താണോ അതാണ് സീരീസിലും കാണിച്ചിരിക്കുന്നത്. ഗ്ലൗസോ തൂവാലയോ ഉപയോഗിച്ചല്ല ശരിക്കും ഒരു ക്രൈം സീനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ സാധനങ്ങള്‍ എടുക്കുന്നതും പെരുമാറുന്നതും. ഗ്ലൗസൊക്കെ ഉപയോഗിക്കുന്നത് സ്ഥിരം സിനിമകള്‍ കണ്ട് നമ്മുടെ മനസില്‍ ഉറച്ച കാര്യമാണ്. ഫോറന്‍സിക് ഉദ്യോഗസ്ഥരും മറ്റും വരുമ്പോള്‍ മാത്രമാണ് ഇപ്പറഞ്ഞ ഗ്ലൗസൊക്കെ ഉപയോഗിക്കുന്നത്. ആദ്യഘട്ട അന്വേഷണം വരുമ്പോള്‍ ഒരു വസ്തു പിടിക്കണമെങ്കില്‍, നിങ്ങള്‍ ആ സീന്‍ ശ്രദ്ധിച്ചാല്‍ മതി, രണ്ട് വിരലുകളാണ് അവര്‍ ഉപയോഗിക്കുന്നത്. ഈ രംഗങ്ങള്‍ എഴുതുമ്പോള്‍ പോലീസുകാരോട് കൃത്യമായി ചോദിച്ചിരുന്നു. ചിത്രീകരിച്ചത് പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ്. എന്താണോ ശരിക്കും നടക്കുന്നത് അങ്ങനെതന്നെയാണ് ഇതെല്ലാം കാണിച്ചിരിക്കുന്നത്. ബാക്കിയെല്ലാം നമ്മള്‍ സിനിമയില്‍ കണ്ട് ശീലിച്ചതാണ്.

placeholder
കേരള ക്രൈം ഫയൽസ് ചിത്രീകരണത്തിനിടെ | ഫോട്ടോ: www.facebook.com/ahammed.khabeer

നിര്‍മാതാവും തിരക്കഥാകൃത്തും

ഹോട്ട്‌സ്റ്റാറിന്റെ പ്രൊഡക്ഷന്‍ ആണ്. ഏത് ഓ.ടി.ടി പ്ലാറ്റ്‌ഫോമില്‍ പോയാലും നമുക്കൊരു ലൈന്‍ പ്രൊഡ്യൂസറെ വെയ്ക്കണം. നമ്മുടെ തന്നെ സൗഹൃദലിസ്റ്റിലുള്ള ആളാണ് രാഹുലേട്ടന്‍ (രാഹുല്‍ റിജി നായര്‍). കഥ പറയാന്‍ പോയപ്പോള്‍ പുള്ളിയും കൂടെയുണ്ടായിരുന്നു. ആദ്യത്തെ വെബ്‌സീരീസായതുകൊണ്ടുതന്നെ ഞങ്ങളുടെ യാത്ര ഇത്തിരി ബുദ്ധിമുട്ടുള്ളതായിരുന്നു. ഹോട്ട്‌സ്റ്റാറും മലയാളത്തില്‍ ആദ്യമായി സീരീസ് ചെയ്യുകയാണ്. എഗ്രിമെന്റടക്കം ഒരുപാട് പേപ്പര്‍വര്‍ക്കുകളുണ്ടായിരുന്നു. അതെല്ലാം ഭംഗിയായി നടന്നത് രാഹുലേട്ടന്‍ ഉള്ളതുകൊണ്ടാണ്. പിന്നെ തിരക്കഥാകൃത്ത് ആഷിഖിനെ ഞാന്‍ തന്നെയാണ് സിനിമയില്‍ കൊണ്ടുവന്നത്. മധുരത്തിന്റെ രചയിതാവാണ്. ഡയറക്ടേഴ്‌സ് റൈറ്റര്‍ എന്നുവിളിക്കാവുന്നയാളാണ് അദ്ദേഹം.

placeholder
നിർമാതാവ് രാഹുൽ റിജി നായർ, രചയിതാവ് ആഷിഖ് ഐമർ എന്നിവർക്കൊപ്പം അഹമ്മദ് കബീർ | ഫോട്ടോ: www.facebook.com/ahammed.khabeer

സിനിമാ സംവിധാനവും വെബ് സീരീസ് സംവിധാനവും

രണ്ടിന്റേയും മേക്കിങ് പ്രൊസസ് ഒരുപോലെയാണ് തോന്നിയത്. പക്ഷേ എഴുത്തിന്റെ സമയത്ത് വ്യത്യാസം തോന്നിയിരുന്നു. ആറ് എപ്പിസോഡുകളായി വേണമായിരുന്നു എഴുതാന്‍. ആദ്യവും അവസാനവും ഒരു പഞ്ച് പോയിന്റ് വേണം. അങ്ങനെയുള്ള പോയിന്റുകളെല്ലാം നോക്കേണ്ടിവരും. ആര് എപ്പിസോഡുകളിലും ഒരേപോലുള്ള ഗ്രാഫ് വരുന്നുണ്ടോ എന്നും നോക്കണം. ഷിജു, പാറയില്‍ വീട് എന്ന വിലാസം വെച്ചാണ് സീരീസ് മൊത്തം കൊണ്ടുപോയത്. രണ്ടാം സീസണ്‍ മനസില്‍ അങ്ങനെ ആലോചിക്കുന്നുണ്ടെങ്കിലും കഥയിലേക്ക് വന്നിട്ടില്ല. പിന്നെ ഇതിനുമുമ്പൊരു സിനിമ ചെയ്യാനുള്ള ആലോചനയുണ്ടായിരുന്നു. ഒന്നും ഇപ്പോള്‍ പറയാറായിട്ടില്ല.