
കോവിഡ് കാലത്ത് ഒ.ടി.ടി. പ്ലാറ്റ്ഫോമുകളുടെ അപ്രമാദിത്തം വര്ധിച്ചതോടെയാണ് വെബ് സീരീസുകളുടെ ജനപ്രീതി മുന്പത്തേക്കാളേറെ വര്ധിച്ചത്, പ്രത്യേകിച്ച് ഇന്ത്യയില്. വിദേശ വെബ് സീരീസുകള്ക്ക് രാജ്യത്ത് ലഭിക്കുന്ന സ്വീകാര്യത കണ്ടുകൊണ്ടു തന്നെയായിരിക്കണം ഹിന്ദിയിലും മറ്റു പ്രദേശിക ഭാഷകളിയിലും ഒരുപാട് പേര് ഈ മേഖലയിലേക്ക് ധൈര്യമായി മുന്നോട്ടു വന്നത്. മലയാളത്തിലേക്ക് വരുമ്പോള് യൂട്യൂബ് എന്ന പ്ലാറ്റ്ഫോമിനെ ആശ്രയിച്ചാണ് ഭൂരിഭാഗവും നിര്മിക്കപ്പെട്ടത്. അതില് ഒട്ടുമുക്കാലും നര്മത്തിന് പ്രധാന്യം നല്കി കൊണ്ടുള്ളവയായിരുന്നു. അതില്നിന്ന് വ്യത്യസ്തമായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ കേരള ക്രൈം ഫയല്സ് എന്ന ഇന്വെസ്റ്റിഗേഷന് ത്രില്ലര് ജൂണ് 23-ന് റിലീസ് ചെയ്യുകയാണ്. ആഷിക് അയ്മറുടെ തിരക്കഥയില് അഹമ്മദ് കബീറാണ് സീരീസ് സംവിധാനം ചെയ്യുന്നത്. അജു വര്ഗീസും ലാലുമാണ് പ്രധാന താരങ്ങള്.
അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ. മനോജ് എന്ന കഥാപാത്രത്തെയാണ് അജു വര്ഗീസ് അവതരിപ്പിക്കുന്നത്. ഒരു പതിറ്റാണ്ടിലേറെ സിനിമയില് സജീവമായി നില്ക്കുന്ന അജു വര്ഗീസ്, ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്നിന്ന് ഏറെ വ്യത്യസ്തമാണ് 'കേരള ക്രൈം ഫയല്സി'ലേത്. അഭിനയജീവിതത്തിൽ ഒരു മാറ്റത്തിന്റെ പാതയിലൂടെ സഞ്ചരിക്കുകയാണ് അജു വര്ഗീസ്. ഒരുപാട് സിനിമകള് എന്ന ലക്ഷ്യത്തിനപ്പുറം ഒരു നല്ല നടനെന്ന നിലയില് തന്നെ അടയാളപ്പെടുത്താനുള്ള ശ്രമത്തിലാണ് താനെന്ന് അദ്ദേഹം പറയുന്നു. 'കേരള ക്രൈം ഫയല്സി'ന്റെ റിലീസുമായി ബന്ധപ്പെട്ട് മാതൃഭൂമി ഡോട്ട്കോമിനോട് അജു വര്ഗീസ് സംസാരിക്കുന്നു. ഒപ്പം മറ്റു വിശേഷങ്ങളിലേക്കും.
കേരള ക്രൈം ഫയല്സ് റിലീസിനെത്തുകയാണ്. ആദ്യമായാണ് ഡിസ്നി പോലുള്ള വലിയ പ്ലാറ്റ്ഫോമിലെ വെബ് സീരീസില് അഭിനയിക്കുന്നത്. എന്തു തോന്നുന്നു?
ടെന്ഷനും എക്സൈറ്റ്മെന്റും കലര്ന്ന ഒരു മാനസികാവസ്ഥയിലൂടെയാണ് ഞാന് ഇപ്പോള് കടന്നുപോകുന്നത്. പ്രേക്ഷകര് സ്വീകരിക്കുക എന്നതാണ് ആത്യന്തികമായി ഒരു കലയുടെ വിജയം. അവരെ തൃപ്തിപ്പെടുത്താനായില്ലെങ്കില് സാമ്പത്തികമായി വിജയിച്ചാല് പോലും ആത്മസംതൃപ്തി തോന്നുകയില്ല. പോസ്റ്റ് കോവിഡ് കാലത്ത് വെബ് സീരീസിനോടുള്ള ആളുകളുടെ ആഭിമുഖ്യം കൂടിയിട്ടുണ്ട്. അത് തന്നെയായിരുന്നു വെബ് സീരീസ് ചെയ്യാനുള്ള ഏറ്റവും വലിയ പ്രചോദനം. നമ്മുടെ പരിമിതികളില് നിന്നുകൊണ്ട് പരമാവധി നന്നായി ചെയ്യാന് ശ്രമിച്ചിട്ടുണ്ട്. ബാക്കിയുള്ള കാര്യങ്ങള് 23-ാം തിയ്യതിയ്ക്ക് ശേഷം പറയാം.
വെബ് സീരീസിന്റെ ഭാഗമായതിനെക്കുറിച്ച്?
അവസരങ്ങള് ചോദിച്ചു വാങ്ങാന് മടിയില്ലാത്ത ഒരാളാണ് ഞാന്. എന്നാല്, 'കേരള ക്രൈം ഫയല്സി'ലേക്ക് അവര് എന്നെ തേടിയെത്തുകയായിരുന്നു. ഈ പ്രൊജക്ടിലേക്ക് എന്നെ ആകര്ഷിച്ചത് പ്രധാനമായും രണ്ടു ഘടകങ്ങളാണ്. ജൂണ്, മധുരം തുടങ്ങിയ മനോഹരമായ ചിത്രങ്ങള് സംവിധാനം ചെയ്ത അഹമ്മദ് കബീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൂടാതെ സംസ്ഥാന, ദേശീയ പുരസ്കാരങ്ങള് നേടിയിട്ടുള്ള രാഹുല് റിജി നായരാണ് പ്രൊഡക്ഷന് കൈകാര്യം ചെയ്യുന്നത്. ക്ഷണം ലഭിച്ചപ്പോള് എനിക്ക് കൂടുതലായി ഒന്നും ചിന്തിക്കേണ്ടി വന്നില്ല. ഒരു മാറ്റം എനിക്കും ആവശ്യമായിരുന്നു. ആവര്ത്തനം ഇല്ലാത്ത കഥാപാത്രങ്ങള് ചെയ്യണമെന്ന് ആഗ്രഹിച്ചിരിക്കുന്ന സമയം കൂടിയായിരുന്നു. ഒരു അഭിനേതാവ് എന്ന നിലയില് ഈ സീരീസ് എനിക്ക് ഗുണം ചെയ്യുമെന്ന് തോന്നി. അങ്ങനെ ഞാന് പ്രതീക്ഷിക്കുന്നു.
അന്യഭാഷകളില് ധാരാളം വെബ് സീരീസുകള് വരുമ്പോഴും മലയാളത്തില് കുറവാണ്? അതെന്തുകൊണ്ടായിരിക്കാം?
പ്രാദേശിക ഭാഷകളിലുള്ള വെബ് സീരീസുകള് ഉണ്ടായി തുടങ്ങുന്നേയുള്ളൂ. പ്രത്യേകിച്ച് മലയാളത്തില്. പ്രേക്ഷകര് കാണുമെന്നും പിന്തുണയ്ക്കുമെന്നുമുള്ള വിശ്വാസം വരുമ്പോള് വെബ് സീരീസുകള് ചെയ്യാന് കൂടുതല് ആളുകള് മുന്നോട്ട് വരും. ഒ.ടി.ടി. കൂടുതല് ജനകീയമായതോടെ മലയാള സിനിമയെ അന്യഭാഷ ഇന്ഡസ്ട്രീകള് ഉറ്റുനോക്കുകയാണ്. കോവിഡിന് ശേഷം ഒ.ടി.ടിയില് റിലീസ് ചെയ്ത എത്ര സിനിമകളാണ് ഇന്ത്യയൊട്ടാകെ വലിയ ചര്ച്ചയായത്. നമ്മുടെ കണ്ടന്റിന്റെ മേന്മയും മൂല്യവുമാണ് അതിനുള്ള കാരണം. വെബ് സീരീസുകളുടെ കാര്യത്തിലും അത് പ്രതിഫലിക്കുമെന്നാണ് ഞാന് ഉറച്ചു വിശ്വസിക്കുന്നത്. മലയാളത്തില് ഭാവിയില് ഒരുപാട് സീരീസുകള് വരും. അതിന് തര്ക്കമില്ല.
'കേരള ക്രൈം ഫയല്സ്' അതിനൊരു മാറ്റം കൊണ്ടുവരുമെന്ന് കരുതുന്നുവോ?
'കേരള ക്രൈം ഫയല്സ്' മാറ്റം കൊണ്ടുവരുമോ എന്ന് എനിക്ക് പറയാനാകില്ല. പക്ഷേ, അതിന് തുടക്കം കുറിയ്ക്കുമെന്നാണ് പ്രതീക്ഷ. ആദ്യമായി ഒരു വഴി വെട്ടിത്തെളിക്കുമ്പോള് ദുര്ഘടമായ ചില അവസ്ഥകള് തരണം ചെയ്യേണ്ടി വരും. അതിന്റെ പരിമിതികളും പ്രശ്നങ്ങളുമൊക്കെ ഉണ്ടാകാം. നമ്മുടെ കണ്ണില്പ്പെടാത്ത പ്രശ്നങ്ങള് പലതും റിലീസിന് ശേഷം പ്രേക്ഷകര് കണ്ടെത്തിയേക്കാം. അവരുടെ വിധിയ്ക്കായി ഞങ്ങള് കാത്തിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രതികരണം അനുസരിച്ചാണ് ആവശ്യമാണെങ്കില് മാറ്റങ്ങള് വരുത്താനും സ്വയം നവീകരിക്കാനും കൂടുതല് മെച്ചപ്പെടുത്താനും സാധിക്കുക.
മാത്രവുമല്ല, നമ്മുടെ നാട്ടില് പ്രതിഭകള്ക്ക് യാതൊരു കുറവുമില്ല. സോഷ്യല് മീഡിയയില് തന്നെ റീലുകളായും വീഡിയോകളായും മറ്റും ഒട്ടേറെ കഴിവുള്ളവരെ കാണാറുണ്ട്. വെബ് സീരീസുകള് വരികയാണെങ്കില് അവര്ക്കെല്ലാം കുറച്ചു കൂടി അവസരങ്ങള് ലഭിക്കും. കൂടുതല് പ്രതിഭകളെ മെയിന് സ്ട്രീമിലേക്ക് കൊണ്ടുവരാനും കഴിയും. അഭിനയിക്കാന് കഴിവുള്ളവരെ മാത്രമല്ല. നല്ല സാങ്കേതിക പ്രവര്ത്തകരെയും വിനോദമേഖലയിലേക്ക് ഇതിലൂടെ സംഭാവന ചെയ്യാന് സാധിക്കും.
വിജയങ്ങള്ക്കൊപ്പം പരാജയങ്ങളും തിരിച്ചടികളും സിനിമാജീവിതത്തിന്റെ ഭാഗമാണ്. അതിനെ എങ്ങനെ കാണുന്നു?
വിജയങ്ങളുണ്ടാകുമ്പോള് എന്റെ ഉത്തരവാദിത്തം നന്നായി നിറവേറ്റി എന്ന തോന്നല് ഉണ്ടാകാറുണ്ട്. പക്ഷേ, മതിമറന്ന് ആഹ്ലാദിക്കാറില്ല. പരാജയങ്ങള് എന്നെ വല്ലാതെ ബാധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ, കോവിഡ് കാലഘട്ടം അതിനൊരു മാറ്റമുണ്ടാക്കി. ജീവിതം വരെ നിന്നുപോയ സാഹചര്യമായിരുന്നല്ലോ അത്. അന്നത്തെ അനിശ്ചിതാവസ്ഥ വളരെ വിഷമം പിടിച്ചതായിരുന്നുവെങ്കിലും ഒരുപാട് കാര്യങ്ങള് എന്നെ പഠിപ്പിച്ചു. ജോലിയിലെ ചില ചെറിയ പരാജയങ്ങള് ഒന്നുമല്ല, മനുഷ്യന് അതിന് മുകളില് ഒരുപാട് പ്രശ്നങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞ സമയം കൂടിയായിരുന്നു അത്. ഇടയ്ക്കിടെ ചെറിയ തോല്വികള് ഉണ്ടാകുന്നത് നല്ലതാണ്. സ്വയം തിരുത്തി മുന്നോട്ട് പോകാന് അത് സഹായിക്കും. പരാജയങ്ങളെ സ്വീകരിക്കാന് ഞാന് പഠിച്ചു കഴിഞ്ഞു. അതുപോലെ ക്രിയാത്മകമായി ആര് വിമര്ശിച്ചാലും അതിനെ ഉള്ക്കൊള്ളാനും മാറ്റം വരുത്താന് ശ്രമിക്കാനും സാധിക്കുന്നുണ്ട്. ഒരു വ്യക്തി എന്ന നിലയില് അതെന്റെ വളര്ച്ചയായി ഞാന് കരുതുന്നു.
സമീപകാലത്തിറങ്ങിയ 'സാറ്റര്ഡേ നൈറ്റ്' പോലുള്ള സിനിമകള് വിമര്ശിക്കപ്പെട്ടിരുന്നു, ഇതെല്ലാം നിരാശയുണ്ടാക്കിയോ?
നിരാശയില്ല, 'സാറ്റര്ഡേ നൈറ്റ്' പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തത് കൊണ്ടായിക്കാം വലിയ തോതില് വിമര്ശിക്കപ്പെട്ടത്. ഇനി മുന്നോട്ട് സഞ്ചരിക്കുമ്പോള് കൂടുതല് ശ്രദ്ധിക്കാനും കഠിനാധ്വാനം ചെയ്യാന് ഈ വിമര്ശനങ്ങള് സഹായിക്കുമെന്ന് കരുതുന്നു.
ഒരു നടനെന്ന നിലയില് എത്തരം കഥാപാത്രങ്ങളെയാണ് ആഗ്രഹിക്കുന്നത്?
ഞാന് ഒരു ആവറേജ് നടനാണ്. വലിയ കഴിവുണ്ടെന്നൊന്നും കരുതുന്നില്ല. ആക്ടറെന്ന് പറയാന് യോഗ്യത ഇല്ലാത്ത വ്യക്തിയായിട്ടേ ഞാന് എന്നെ കാണാറുള്ളൂ. സംവിധായകന്റെ കയ്യിലാണ് പൂര്ണമായും എന്റെ കടിഞ്ഞാണ്. ഞാന് ആഗ്രഹിക്കുന്നത് കഴിവുള്ള പഴയതും പുതിയതുമായ തലമുറയില്പ്പെട്ട സംവിധായകരുമായി പ്രവര്ത്തിക്കാനാണ്. പറ്റുന്നത്രയും പുതുമയാര്ന്ന സിനിമകള് ചെയ്യുക, കഥാപാത്രങ്ങളെ അവതരിപ്പിക്കുക. മുഴുനീളവേഷം ചെയ്യണമൊന്നൊന്നുമില്ല. വെറും രണ്ടു മിനിറ്റാണെങ്കില് കൂടി ആ കഥാപാത്രത്തിന് സിനിമയില് എന്തെങ്കിലും ഇംപാക്ട് ഉണ്ടാക്കാന് സാധിക്കുമെങ്കില് അതുമതി.
വലിയ അഗ്നിപരീക്ഷത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്. പത്ത് സിനിമ ഇറങ്ങിയാല് ഹിറ്റാകുന്നത് ഒന്നോ രണ്ടോ. ഒരു നിര്മാതാവ് കൂടിയാണ് താങ്കള്? ആത്മവിശ്വാസത്തെ അത് ബാധിച്ചിട്ടുണ്ടോ?
തീര്ച്ചയായും ഇല്ല. കാരണം സമീപകാലത്ത് കുറുപ്പ്, ജാനേമന്, അജഗജാന്തരം, ഭീഷ്മപര്വ്വം, ഹൃദയം, തല്ലുമാല, സി.ബി.ഐ., കടുവ, ജനഗണമന, ന്നാ താന് കേസ് കൊട്, ജയജയജയ ജയഹേ, മാളികപ്പുറം, രോമാഞ്ചം, തുടങ്ങിയ സിനിമകള് ഹിറ്റായി. ഒന്നര വര്ഷത്തിനുള്ളില് പതിനാല് ബ്ലോക്ക്ബസ്റ്ററുകള് ഉണ്ടായെന്നാണ് ഞാന് മനസ്സിലാക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നിങ്ങനെയുളള വേര്തിരിവുകള് മറികടന്ന് ഇന്ന് ഇന്ത്യന് സിനിമി എന്ന സങ്കല്പ്പത്തിലേക്ക് എത്തി നില്ക്കുകയാണ്. മലയാളത്തില് മികച്ച അഭിനേതാക്കളും അണിയറപ്രവര്ത്തകും സാങ്കേതിക പ്രവര്ത്തകരുമെല്ലാമുണ്ട്. ഈ സാഹചര്യത്തില് സിനിമ നിര്മിക്കാനുള്ള ധൈര്യമെനിക്കുണ്ട്. പിന്നെ പ്രതിസന്ധികള് താല്ക്കാലികമാണെന്ന് കരുതുന്നു. പ്രതിസന്ധികള് ഉണ്ടെങ്കില് ഒരു തരത്തില് നല്ല പ്രൊഡക്ടുകള് ഉണ്ടാകുന്നതിന് പ്രചോദനമായി തീരും.
ഏതാനും അഭിനേതാക്കളുമായി സഹകരില്ലെന്ന് സംഘടനകള് പറയുന്ന സാഹചര്യം ഉണ്ടായി, എന്തുകൊണ്ടായിരിക്കാം പതിവിന് വിപരീതമായി സിനിമയിലെ പ്രശ്നങ്ങള് പൊതുസമൂഹത്തിലെത്തുന്നത്?
സിനിമയെക്കുറിച്ച് ആളുകള്ക്ക് അറിയാന് താല്പര്യമുണ്ട്. അതുകൊണ്ട് തന്നെ മാധ്യമങ്ങളില് സിനിമാക്കാരെ സംബന്ധിച്ച വാര്ത്തകള്ക്ക് വലിയ പ്രാധാന്യം ലഭിക്കും. അത് സ്വാഭാവികമാണ്.
ഒന്നിന് പുറകേ ഒന്നായി സിനിമകള് ചെയ്തുകൊണ്ടിരുന്ന നടനാണ്. ഇപ്പോള് അങ്ങനെയല്ല. സെലക്ടീവാന് ശ്രമിക്കുന്നതാണോ?
തീര്ച്ചയായും, എണ്ണം കൂട്ടുക എന്ന ആഗ്രഹം മാറ്റിവച്ചു. എനിക്ക് കൗതുകം തോന്നുന്ന, സാമ്പത്തിക നേട്ടത്തിനപ്പുറം ഒരു അഭിനേതാവ് എന്ന നിലയില് എന്നെ അടയാളപ്പെടുത്തുമെന്ന് കരുതുന്ന വേഷങ്ങളാണ് ചെയ്യാന് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എല്ലാത്തിനോടും യെസ് പറയുന്നത് നിര്ത്തി. കാരണം പ്രേക്ഷകര് നല്ല വിമര്ശകരായി. അവര്ക്ക് സിനിമയെക്കുറിച്ച് നമ്മളേക്കാള് വിവരമുണ്ട്. അതുകൊണ്ടു തന്നെ അവരെ കുറച്ചുകാണരുത്. നമ്മള് ചെയ്യുന്ന സിനിമയോ കഥാപാത്രമോ പ്രേക്ഷകരെ രസിപ്പിക്കുന്നില്ലെന്നു ബോധ്യപ്പെട്ടാല് പിന്നെ അതേ വഴിയിലൂടെ തന്നെ പോകുന്നതില് അര്ഥമില്ല. അത് കോവിഡിന് ശേഷം വന്ന തിരിച്ചറിവാണ്.
നന്നായി ഹാസ്യം വഴങ്ങുന്ന നടനാണ്. ഹ്യൂമറിന്റെ പാറ്റേണ് മാറിയതായി തോന്നിയിട്ടുണ്ടോ?
ഞാന് നേരത്തേ പറഞ്ഞത് തന്നെ ആവര്ത്തിക്കുന്നു. ഞാന് ഇപ്പോഴും ഒരു നടനാണെന്ന് സ്വയം വിശ്വസിക്കുന്നില്ല. ഹാസ്യം എന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടുള്ള ഒന്നാണ്. ചിരിപ്പിക്കാന് അത്ര എളുപ്പമല്ല. എന്റെ ഹാസ്യ കഥാപാത്രങ്ങള് വര്ക്കൗട്ട് ആയിട്ടുണ്ടെങ്കില് അതിന് കാരണം നല്ല സംവിധായകര്ക്കൊപ്പം മികച്ച തിരക്കഥയുമുള്ള ചിത്രങ്ങളില് അഭിനയിക്കാന് സാധിച്ചതുകൊണ്ടാണ്. അവര് എന്ത് എഴുതി വച്ചിരിക്കുന്നോ അത് ഞാന് എന്റെ കഴിവിന്റെ പരമാവധി ചെയ്യാന് ശ്രമിച്ചുവെന്ന് മാത്രം. തീര്ച്ചയായും ഹ്യൂമറിന്റെ പാറ്റേണ് മാറി, തലമുറകള് മാറി വരുന്നു. അവരുടെ ആസ്വാദനരീതി വ്യത്യസ്തമായിരിക്കും. പണ്ടു ചെയ്ത കാര്യങ്ങള് ഇപ്പോള് ചെയ്താല് അത് അവര്ക്ക് ഇഷ്ടപ്പെടണമെന്നില്ല. ഇന്നത്തെ ഹാസ്യത്തിന്റെ ട്രെന്ഡ് എന്താണെന്ന് മനസ്സിലാക്കാന് ഇപ്പോഴത്തെ ജീവിതരീതി, ജീവിതസാഹചര്യങ്ങള്, ആശയവിനിമയം ചെയ്യുന്ന രീതി ഇതെല്ലാം നിരീക്ഷിക്കേണ്ടതുണ്ട്. ഈ കാര്യത്തില് ഞാന് അപ്ഡേറ്റഡ് അല്ല. സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും ആശ്രയിച്ച് അഭിനയിക്കുന്ന ഒരു നടന്കൂടി ആയതിനാല് അവര് അപ്ഡേറ്റഡ് ആകുമ്പോള് എനിക്കും മാറ്റം സംഭവിക്കും.
Content Highlights: aju varghese interview, Kerala Crime Files we series, investigation thriller, aju Varghese films
Published: 22 Jun 2023, 03:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented