ഒരു വർഷമെടുത്താണ് കരത്തിന്റെ കഥ അവതരിപ്പിക്കാനുള്ള സ്ഥലങ്ങൾ അണിയറപ്രവർത്തകർ കണ്ടെത്തിയത്. മലയാളികൾ അധികമില്ലാത്ത സ്ഥലമായിരുന്നു കഥ ആവശ്യപ്പെട്ടത്.

വിശാഖും വിനീത് ശ്രീനിവാസനും | ഫോട്ടോ: അറേഞ്ച്ഡ്
ഫീൽഗുഡ് കഥകളിൽനിന്ന് മാറി വിനീത് ശ്രീനിവാസൻ ഒരുക്കിയ ത്രില്ലർചിത്രം ‘കരം’ പ്രദർശനത്തിനെത്തി. യൂറോപ്പിൽ ചിത്രീകരിച്ച സിനിമയുടെ വിശേഷങ്ങളിലേക്ക്...
വിനീത് ശ്രീനിവാസനും വിശാഖും
സൗഹൃദത്തിന്റെ കരംപിടിച്ച് ഒരു വിനീത് ശ്രീനിവാസൻ ചിത്രംകൂടി പ്രദർശനത്തിനെത്തി. നിർമാണത്തിൽനിന്ന് അഭിനയത്തിലേക്ക് ചുവടുമാറുന്ന നോബിൾബാബുവാണ് കരത്തിലെ നായകൻ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗരാജ്യത്തിന്റെ നിർമാതാവും ഹൃദയത്തിന്റെ കോ-പ്രൊഡ്യൂസറുമായ നോബിൾതന്നെയാണ് പുതിയസിനിമയുടെ രചയിതാവ്. കോളേജ്കാലത്തെ സുഹൃത്തായ നോബിൾ പറഞ്ഞ കഥ ഇഷ്ടപ്പെട്ട് കരം സംവിധാനംചെയ്യാൻ വിനീത് താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു.
മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീതിന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേർന്നാണ് കരം നിർമിച്ചത്. ആനന്ദം, ഹെലൻ എന്നീ ചിത്രങ്ങൾക്കുശേഷം വിനീത് വീണ്ടും നിർമാതാവിന്റെ കുപ്പായമണിയുന്ന ചിത്രമാണിത്.
മെറിലാൻഡ് സിനിമാസിന്റെ പുതിയ സാരഥിയാണ് വിശാഖ്. വിനീതിന്റെ തട്ടത്തിൻ മറയത്ത് സിനിമ ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ചത് തിരുവനന്തപുരത്തെ വിശാഖിന്റെ തിയേറ്ററിലായിരുന്നു. അന്നുതുടങ്ങിയ അവരുടെ അടുപ്പമാണ് വിശാഖിനെ ഹൃദയത്തിന്റെയും വർഷങ്ങൾക്കുശേഷത്തിന്റെയും നിർമാതാവാക്കിയത്. ധ്യാൻ ശ്രീനിവാസൻ സംവിധാനംചെയ്ത ലൗ ആക്ഷൻ ഡ്രാമയിലൂടെയാണ് വിശാഖ് സുബ്രഹ്മണ്യം നിർമാണരംഗത്തേക്ക് കടക്കുന്നത്.
ഫീൽഗുഡ് സിനിമകളൊരുക്കി മുന്നോട്ടുപോകുന്ന വിനീതിന്റെ കളംമാറിയുള്ള കളിയാണ് കരം. തിരയ്ക്ക് ശേഷം വീണ്ടുമൊരു ത്രില്ലർസിനിമ ഒരുക്കുന്നതിന്റെ ആഹ്ലാദം വിനീത് പങ്കുവെച്ചു: ‘‘ത്രില്ലർസിനിമകൾക്ക് മുൻപൊന്നുമില്ലാത്ത സ്വീകാര്യതയാണ് ഇപ്പോൾ ലഭിക്കുന്നത്, ഒടിടിയുടെ വരവ് ആ മാറ്റത്തിന് ആക്കംകൂട്ടിയട്ടുണ്ട്. ഉയർന്ന ബജറ്റിലാണ് കരം നിർമിച്ചത്, വലിയ ബജറ്റിൽ വലിയ താരങ്ങളില്ലാതെ വിദേശരാജ്യങ്ങളിൽച്ചെന്ന് സിനിമയൊരുക്കുക എന്നതിൽ റിസ്‌കുണ്ടെന്നറിയാമായിരുന്നു. എന്നാൽ, ഇതൊരു പരീക്ഷണമായി ഏറ്റെടുക്കുകയായിരുന്നു, ഇത്തരം വെല്ലുവിളികൾ മുൻപും സ്വീകരിച്ച ഒരാൾ എന്നനിലയിൽ മുന്നോട്ടുപോകുകയായിരുന്നു. അവതരിപ്പിക്കുന്ന കഥയിൽ പൂർണമായ വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസമാണ് ഈ യാത്രയുടെ കരുത്ത്.’’
നോബിൾബാബു നായകനാകുന്ന ചിത്രത്തിൽ രേഷ്മാ സെബാസ്റ്റ്യനും ഓഡ്രി മിറിയവുമാണ് നായികമാർ. ആക്‌ഷൻരംഗങ്ങളും ഉദ്വേഗജനകമായ കഥാസന്ദർഭങ്ങളുമാണ് പ്രേക്ഷകനെ സിനിമയോട് അടുപ്പിക്കുന്നത്. മലയാളിതാരങ്ങൾക്ക് പുറമേ ജോർജിയ, സെർബിയൻ റഷ്യൻ അഭിനേതാക്കളും സിനിമയിൽ അണിനിരന്നിട്ടുണ്ട്.
ഇതുവരെ ചെയ്ത സിനിമകളിൽനിന്നെല്ലാം വ്യത്യസ്തമായിട്ടാണ് കരത്തിന്റെ ചിത്രീകരണം നടന്നതെന്ന് വിനീത് പറഞ്ഞു. ‘‘പാട്ടും നൃത്തവുമെല്ലാമായി ആഘോഷമായായിരുന്നു മുൻസിനിമകൾ ചിത്രീകരിച്ചതെങ്കിൽ കരം വലിയവെല്ലുവിളികളാണ് ഉയർത്തിയത്. മുൻപരിചയമില്ലാത്ത നാടും നാട്ടുകാരും ടീമുമായിരുന്നു, അതുകൊണ്ടുതന്നെ ഓരോദിവസവും വിചാരിച്ചരീതിയിൽ കാര്യങ്ങൾ കൊണ്ടുപോകുക പ്രയാസമായി. വിദേശസിനിമാസംഘവും അവരുടെ രീതിയും നമ്മുടേതിൽനിന്ന് വ്യത്യസ്തമായിരുന്നു. കാര്യങ്ങൾ പരിക്കില്ലാതെ കൊണ്ടുപോകാൻ നന്നേ പ്രയാസപ്പെട്ടു. ഇങ്ങനെയൊക്കെയാണെങ്കിലും സിനിമനൽകിയ സംതൃപ്തി വലുതാണ്. കൂട്ടായ്മയുടെ വിജയമാണിത്’’
1955-ൽ മെറിലാൻഡ് ഒരുക്കിയ സിഐഡി മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സിനിമയായിരുന്നു. ഈ ചിത്രം എഴുപതുവർഷം തികയുന്ന അവസരത്തിൽ വീണ്ടുമൊരു ത്രില്ലർ സിനിമയുമായി എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം പറഞ്ഞു. ‘‘ വർഷങ്ങൾക്കുശേഷം എന്ന സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾ നടക്കുന്ന സമയത്താണ് നമുക്ക് മൂന്നാമത് ഒരു സിനിമകൂടി ചെയ്താലോയെന്ന് വിനീത് ചോദിക്കുന്നത്, അത്തരമൊരു സംസാരം പതിവില്ലാത്തതായതുകൊണ്ടുതന്നെ ഞാനൊന്ന് ഞെട്ടി. അടുത്തൊരു സിനിമയെക്കുറിച്ച് അതുവരെ പറഞ്ഞുകേട്ടിട്ടില്ലാത്തതിനാൽ ഇതെന്താ പെട്ടെന്ന് ഇങ്ങനെയൊരു ചിന്ത എന്നാണ് ആദ്യം ചോദിച്ചത്. നോബിളുമായി നടന്ന സംസാരവും കഥയിലുള്ള ആത്മവിശ്വാസവും വിനീത് പങ്കുവെച്ചു. വിനീത് സംവിധാനം ഏറ്റെടുക്കുന്ന സിനിമകൾ നിർമിക്കാൻ എനിക്ക് അധികം ആലോചിക്കേണ്ടതില്ല’’
ഒരു വർഷമെടുത്താണ് കരത്തിന്റെ കഥ അവതരിപ്പിക്കാനുള്ള സ്ഥലങ്ങൾ അണിയറപ്രവർത്തകർ കണ്ടെത്തിയത്. മലയാളികൾ അധികമില്ലാത്ത സ്ഥലമായിരുന്നു കഥ ആവശ്യപ്പെട്ടത്. ജോർജിയയും റഷ്യയുടെയും അസർബയ്ജാന്റെയും അതിർത്തികളിലുമെല്ലാമായിരുന്നു പ്രധാന ലൊക്കേഷനുകൾ. അഞ്ചുദിവസം ഷിംലയിലും ചണ്ഡീഗഢിലും ഒരുദിവസം കൊച്ചിയിലും സിനിമയുടെ ചിത്രീകരണം നടന്നു.
തട്ടത്തിൻ മറയത്ത്, തിര, ജേക്കബിന്റെ സ്വർഗരാജ്യം എന്നീ ചിത്രങ്ങൾക്കുശേഷം ജോമോൻ ടി. ജോണും ഷാൻ റഹ്മാനും വിനീതിനൊപ്പം വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്. എഡിറ്റിങ് രഞ്ജൻ എബ്രഹാം. മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, വിഷ്ണു ജി. വാരിയർ, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
Content Highlights: Vineeth Sreenivasan directs `Karam`, a departure from feel-good films. This high-budget thriller shot in Europe stars Noble Babu, Reshma Sebastian, and Audrey Miria. Learn more about its making and cast.
Published: 28 Sept 2025, 08:12 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented