
മൂന്നര വയസ്സുള്ള ഒരു കൊച്ചുപയ്യനു നേരെ ആക്ഷന്‍ പറയുമ്പോള്‍ എ. ഭീംസിങ് അന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല അദ്ദേഹത്തിന്റെ ഫ്രെയിമില്‍ നില്‍ക്കുന്ന ആ പയ്യന്‍ ഭാവിയില്‍ ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനമാകുന്ന അതികായനാകുമെന്ന്. ബാലതാരമായി, നര്‍ത്തകനായി, സഹസംവിധായകനായി, സഹനടനായി അദ്ദേഹം നടന്നു കയറിയത് അഞ്ച് ഭാഷകളിലെ നായകസ്ഥാനത്തേക്കായിരുന്നു.
വെള്ളിത്തിരയില്‍ പ്രതിഫലിപ്പിക്കാന്‍ ഇന്ന് അദ്ദേഹത്തിന് അവതാരങ്ങളൊന്നും ബാക്കിയില്ല. കമല്‍ഹാസന്‍...ആ പേരിന് ഇന്ന് ജനങ്ങള്‍ക്കിടയില്‍ ഒരു ആമുഖത്തിന്റെയും ആവശ്യമില്ല. അഭിനയത്തില്‍ മാത്രമല്ല സിനിമാ സാങ്കേതികവിദ്യയിലും അയാള്‍ ഇന്ദ്രജാലം പ്രവര്‍ത്തിച്ചു. ഇന്ന് അദ്ദേഹത്തിന് 70 തികയുമ്പോഴും വരാനിരിക്കുന്ന സിനിമകളില്‍ എന്ത് അത്ഭുതമാണ് അദ്ദേഹം ഒളിപ്പിച്ചുവച്ചിരിക്കുന്നതെന്ന അതിശയത്തിലാണ് ആരാധകര്‍.
ചാരുഹാസന്‍, ചന്ദ്രഹാസന്‍, കമല്‍ഹാസന്‍-കുടുംബം
തമിഴ്നാട്ടിലെ പരമക്കുടിയില്‍ അഡ്വക്കേറ്റ് ടി. ശ്രീനിവാസന്റെയും രാജലക്ഷ്മിയുടെയും നാല് മക്കളില്‍ നാലാമനായിട്ടായിരുന്നു കമലിന്റെ ജനനം. കോണ്‍ഗ്രസ്സുകാരനായിരുന്നു പിതാവ്. അച്ഛനൊഴികെ എല്ലാവരും കര്‍ണാടക സംഗീതം അഭ്യസിച്ചവരായിരുന്നു. ചെറുപ്രായത്തിലെ ഗായകന്‍ മുഹമ്മദ് റാഫിയെ അനുകരിക്കുന്നതില്‍ മിടുക്കനായ കമലിന് ഒരിക്കല്‍ റാഫിയ്ക്ക് വേണ്ടി പാടാനുള്ള ഭാഗ്യവും ലഭിച്ചിരുന്നു. കളത്തൂര്‍ കണ്ണമയായിരുന്നു ആദ്യ സിനിമയെങ്കിലും പില്‍ക്കാലത്ത് തന്റെ സിനിമാജീവിതത്തിലെ സംരക്ഷണം സഹോദരന്‍ ചാരുഹാസനായിരുന്നു. ചെറുപ്രായത്തില്‍ കമലിനെ കലാജീവിതത്തിലേക്ക് വാര്‍ത്തെടുക്കുന്നതില്‍ സഹോദരങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്.
പത്താം വയസ്സില്‍ നൃത്തത്തില്‍ താത്പര്യം തോന്നിയ അദ്ദേഹം ചെറുപ്രായത്തില്‍ തന്നെ ശാസ്ത്രീയമായി സംഗീതവും അഭ്യസിച്ചുതുടങ്ങിയിരുന്നു. ടി.കെ. ഷണ്മുഖന്റെ കീഴില്‍ മൂന്നു വര്‍ഷത്തോളം നാടകവേദിയിലും തന്റെ ഇളംപ്രായത്തില്‍ കമല്‍ ഭാഗമായിരുന്നു.
നീങ്ക നല്ലവരാ...കെട്ടവരാ- കമല്‍ എന്ന നായകന്‍
1973 ല്‍ കെ.ബാലചന്ദ്രന്റെ അരങ്ങേട്രത്തിലൂടെയാണ് കമല്‍ നായകനായി അരങ്ങേറുന്നത്. എന്നാല്‍ കമലിന്റെ നായകജീവിതത്തിലെ ആദ്യ വഴിത്തിരിവാകുന്നത് 1975-ല്‍ റിലീസായ കെ.ബാലചന്ദര്‍ ചിത്രം അപൂര്‍വരാഗങ്ങളാണ്. തമിഴ് സിനിമയിലെയും ഒരു നാഴികകല്ലായിട്ടാണ് അപൂര്‍വ രാഗങ്ങള്‍ കണക്കാക്കുന്നത്. പിന്നീടങ്ങോട്ട് നാളിന്നുവരെ 200-ലധികം സിനിമകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു കമല്‍ ഹാസന്‍. താന്‍ സിനിമയിലെത്തുമ്പോള്‍ കമല്‍ താരമായിട്ടുണ്ടെന്ന് ഒരു സ്വകാര്യ ചടങ്ങില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് പറയുന്നുണ്ട്. എന്നാല്‍ താരമെന്നതിലുപരി ഒരു നടനായി നല്ല സിനിമകള്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നതിലായിരുന്നു കമലിന്റെ ശ്രദ്ധ. ഒരേ തരത്തിലുള്ള സിനിമകള്‍ ചെയ്യുന്നതിനു പകരം വ്യത്യസ്തതയായിരുന്നു കമലിന്റെ മേഖല. അവ്വൈ ഷണ്മുഖിയിലെ സ്ത്രീവേഷവും, നീളം കുറഞ്ഞ അപ്പുവും, ഗുണയിലെ ചിത്തരോഗിയുമെല്ലാം കമലിന്റെ അഭിനയ ജീവിതത്തിലെ വേറിട്ട ചിത്രങ്ങളായി. ഇന്ത്യനും അന്‍പേ ശിവവും, ആളവന്താനുമെല്ലാം കാലങ്ങള്‍ക്കിപ്പുറവും പ്രേക്ഷകര്‍ക്ക് അത്ഭുതങ്ങളാണ്.
ടൈം മാഗസിന്റെ ഏക്കാലത്തെയും മികച്ച 100 സിനിമകളിലൊന്നാണ് നായകന്‍. വേലു നായിക്കറുടെ ജീവിതം വെള്ളിത്തിരയില്‍ തെളിഞ്ഞപ്പോള്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന തമിഴ് സിനിമ എന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് എഴുതിയത്. മികച്ച നായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും കമലിനെ തേടിയെത്തി. ഒരു കൊച്ചു കുട്ടിയുടെ ചോദ്യത്തിനു മുന്നില്‍ കരഞ്ഞ കണ്ണുകളുമായി ഉത്തരമില്ലാതെ നില്‍ക്കുന്ന ആ മനുഷ്യന്റെ മുഖം സിനിമാസ്വാദകര്‍ക്ക് മറക്കാനാവില്ല. ഒരു പക്ഷേ കമല്‍ ഇന്നോളം ചെയ്ത സിനിമകളില്‍ അദ്ദേഹത്തോടൊപ്പം സഞ്ചരിച്ച മറ്റൊരു സംഭാഷണവുമുണ്ടാവില്ല.
''നീങ്ക നല്ലവരാ...കെട്ടവരാ....''
ടറന്റിനോ മുതല്‍ ലോകേഷ് വരെ
കില്‍ ബില്‍ സിനിമയിലെ ആനിമേഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ തനിക്ക് പ്രചോദനമായത് കമല്‍ ഹാസന്‍ ചിത്രം ആളവന്താനാണെന്ന് വ്യക്തമാക്കുന്നുണ്ട് സംവിധായകന്‍ ക്വന്റിന്‍ ടറന്റിനോ. ഒരു പക്ഷേ തന്റെ വാണിജ്യപരമായ സാധ്യതകളില്‍ ഒതുങ്ങി നില്‍ക്കുന്ന സിനിമകള്‍ ചിത്രീകരിച്ച് ഭദ്രമായി നീങ്ങാമായിരുന്നു കമലിന്. മറിച്ച് അയാള്‍ മുന്നിട്ടിറങ്ങിയത് ചലച്ചിത്ര സ്‌നേഹികളുടെ കാഴ്ചാനുഭവം വളര്‍ത്താനായിരുന്നു. കാലത്തിനതീതമായി നിര്‍മിച്ച പല സൃഷ്ടികളിലൂടെയും അദ്ദേഹം പരാജയം രുചിച്ചു. ഇന്ന് സിനിമ സാങ്കേതികമായി ഒരുപാട് വളര്‍ന്നു. എന്നാല്‍ ഇന്നും കമലിന്റെ സൃഷ്ടികളെ അത്ഭുതത്തോടെ നോക്കി കാണാന്‍ മാത്രമേ സംവിധായകര്‍ക്ക് സാധിക്കുന്നുള്ളു.
കമല്‍ ഹാസന്‍ എന്ന നടനോളം ആരാധകരുണ്ട് കമലെന്ന സംവിധായകനും തിരകഥാകൃത്തിനും. താന്‍ ആവര്‍ത്തിച്ച് കാണുന്ന രണ്ട് സിനിമകളില്‍ ഒന്നാണ് ഹേ റാമെന്ന് പറഞ്ഞത് രജനികാന്താണ്. സിനിമയ്ക്കുള്ളിലുള്ളവര്‍ക്ക് പോലും ഹേ റാം ഒരു അത്ഭുതമാണ്. കമലെന്ന സംവിധായകന്റെ സൃഷ്ടികളില്‍ ഏറ്റവും മികച്ചത് ഹേ റാമാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല. വിഭജനത്തെയും മതത്തെയും അത്ര മനോഹരമായി ചിത്രീകരിച്ച മറ്റൊരു ഇന്ത്യന്‍ സിനിമയുണ്ടോയെന്നതും സംശയമാണ്.
കമല്‍ തിരക്കഥയെഴുതിയ ചിത്രങ്ങളും സാങ്കേതികവിദ്യയുടെ കാര്യത്തില്‍ കാലാതീതമായിരുന്നു. 1992-ലാണദ്ദേഹം മൂവി മാജിക് സോഫ്റ്റവെയറുപയോഗിച്ച് തേവര്‍മകനുവേണ്ടി തിരക്കഥയൊരുക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ എഴുതപ്പെട്ട ഏറ്റവും മികച്ച തിരക്കഥയിലൊന്നെന്നാണ് തേവര്‍മകനെ സംവിധായകന്‍ മിഷ്‌കിന്‍ വിശേഷിപ്പിച്ചത്. ലോകസിനിമയായ ബേര്‍ഡ്മാനോടാണ് കമലിന്റെ ഉത്തമവില്ലനെ സംവിധായകന്‍ റാം ഉപമിച്ചത്. അക്കാലത്ത് കമലൊരുക്കിയ വിരുമാണ്ടി അതിശയകരമാണെന്നാണ് ലോകേഷ് കനകരാജ് പറയുന്നത്. ഇത്തരത്തില്‍ പാരലല്‍ സിനിമാസംവിധായകര്‍ക്കും വാണിജ്യസിനിമ ചെയ്യുന്നവര്‍ക്കും ഒരുപോലെ പ്രചോദനം നല്‍കിയ മറ്റൊരു കലാകാരനുണ്ടോയെന്ന് സംശയമാണ്.
സമൂഹത്തില്‍ നിലനില്‍ക്കുന്ന പല വിഷയങ്ങളും വ്യത്യസ്തമായ ആഖ്യാനത്തില്‍ അദ്ദേഹം സിനിമയാക്കി. ഹേ റാമിലൂടെ വിഭജനവും, അന്‍പേ ശിവത്തിലൂടെ നിസ്വാര്‍ത്ഥതയും, വിശ്വരൂപത്തിലൂടെ തീവ്രവാദവും വിരുമാണ്ടിയിലൂടെ വധശിക്ഷയുമടക്കം ഒട്ടനവധി വിഷയങ്ങള്‍ കമലിന്റെ തൂലികയില്‍ പിറന്നു. ആദ്ദേഹത്തിന്റെ സിനിമകള്‍ ഇന്നത്തെ പ്രേക്ഷകനും പ്രസക്തമായി തോന്നുന്നത് വിഷയംകൊണ്ടും സാങ്കേതികമായും അവ അത്ര മികച്ചതായതിനാലാണ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമാണ് കമലിന്റേതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. രാജ് കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ തന്നെയാണ് ചിത്രം നിര്‍മിച്ചത്. അതിന് മുന്‍പായി രാജ് കമല്‍ ഫിലിംസ് നിര്‍മിച്ച വിശ്വരൂപം, വിശ്വരൂപം 2, ഉത്തമ വില്ലന്‍, തൂങ്കാവനം തുടങ്ങിയ ചിത്രങ്ങള്‍ തിയേറ്ററില്‍ വലിയ വിജയമായില്ല. കടുത്ത സാമ്പത്തിക ബാധ്യതയില്‍ കൂടി കടന്നുപോയി കൊണ്ടിരിക്കുന്ന കമല്‍ എന്ന നിര്‍മാതാവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു വിക്രം. 120 കോടിയോളം മുതല്‍മുടക്കില്‍ ഒരുക്കിയ വിക്രം 420 കോടിയാണ് നേടിയത്.
ഒരു ഇടവേളയ്ക്കുശേഷം മഹേഷ് നാരായണനു വേണ്ടി വീണ്ടും കമലിലെ തിരക്കഥാകൃത്ത് ഉണരുമ്പോള്‍ എന്ത് വിസ്മയമാണ് അദ്ദേഹം ഒരുക്കാന്‍ പോകുന്നതെന്ന കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍
കൈകൊടുത്ത് വരവേല്‍ക്കാം, കുമ്പിടാനാവില്ല
ഒരു പരിപാടിയ്ക്കിടെ എന്നെങ്കിലും ആത്മീയതയിലേക്ക് തിരികെ പോകാന്‍ തോന്നിയിട്ടുണ്ടോയെന്ന നടന്‍ വിവേകിന്റെ ചോദ്യത്തിന് താന്‍ ആനയായി പിറന്നാലും 'മതം' പിടിക്കാതെ ശ്രദ്ധിക്കുമെന്നാണ് കമല്‍ പറയുന്നത്. വയസ് കൂടുന്തോറും അറിവും അനുഭവവും കൂടുമെന്നും അറിവ് കൂടുന്നതിനനുസരിച്ച് യുക്തിചിന്തയും കൂടുകയേ വഴിയുള്ളുവെന്നുമാണ് അദ്ദേഹം മറുപടി പറയുന്നത്. മുതിര്‍ന്ന സഹോദരന്‍ ചാരുഹാസന്‍ അവിശ്വാസിയും ചന്ദ്രഹാസന്‍ കടുത്ത വിശ്വാസികളായിരുന്നു. ചുറ്റും നിലനിന്നിരുന്ന ജാതീയതയിലെ വിവേകശൂന്യതയാണ് കമലിനെ അവിശ്വാസിയാക്കുന്നതിലേക്ക് നയിച്ചത്. ഭക്തനും സംസ്‌കൃത ശ്ലോകങ്ങള്‍ ഉരുവിടുകയും ചെയ്തിരുന്ന കുഞ്ഞുകമല്‍ തന്റെ പന്ത്രണ്ടാം വയസ്സില്‍ തന്നെ ദൈവം എന്ന സങ്കല്‍പ്പത്തെ ചോദ്യം ചെയ്തു തുടങ്ങിയിരുന്നു. പതിനാറാം വയസ് തികയുമ്പോഴേക്കും കമലിലെ നാസ്തികസ്വത്വം കൃത്യമായിക്കഴിഞ്ഞിരുന്നു.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും കമലിനെ സ്വാധീനിച്ചിട്ടുണ്ട്. കേരളത്തില്‍ വിശ്വാസിയായും അവിശ്വാസിയായും നിലനില്‍ക്കാനാകും. തന്റെ പതിനെട്ടാം വയസ്സില്‍ വലതുപക്ഷമല്ലെന്ന കൃത്യമായ ബോധ്യം തനിക്കുണ്ടായിരുന്നുവെന്നും സോണിയ സിങ് രചിച്ച 'ഡിഫൈനിങ്ങ് ഇന്ത്യ: ത്രൂ ദെയര്‍ ഐസ്' എന്ന പുസ്തകത്തില്‍ കമല്‍ പറയുന്നുണ്ട്.
നിങ്ങള്‍ നല്‍കുന്ന വിഷം നുകര്‍ന്ന്...ഞാനെന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സംസാരിക്കും
തമിഴ്മക്കള്‍ക്ക് സിനിമയും രാഷ്ട്രീയവും രണ്ടല്ല. എം.ജി.ആറും ജയലളിതയും തമിഴ് രാഷ്ടീയത്തില്‍ ഒഴിച്ചുനിര്‍ത്താനാവാത്ത വ്യക്തിത്വങ്ങളാണ്. അഴിമതിയും സ്വജനപക്ഷപാതവുമില്ലാത്ത രാഷ്ട്രീയമാണ് കമല്‍ മുന്നോട്ട് വയ്ക്കുന്നത്. തന്റെ സിനിമകളിലൂടെയും കമല്‍ തന്റെ രാഷ്ട്രീയം ചിത്രീകരിക്കുന്നുണ്ട്. അന്‍പേ ശിവവും, ഹേ റാമും ഇതിന്റെ ജനപ്രിയ ഉദാഹരണങ്ങളാണ്. ഒരു കാലത്ത് സിനിമയിലൂടെ ആശയങ്ങള്‍ പ്രചരിക്കുന്നതില്‍ താന്‍ വിശ്വസിച്ചിരുന്നില്ലെന്നും എന്നാല്‍ പിന്നീട് പല സിനിമകളിലും കൃത്യമായ രാഷ്ട്രീയവും ആശയങ്ങളും താന്‍ മുന്നോട്ട് വച്ചതായും ഹേ റാമിനെ ഉദ്ധരിച്ചുകൊണ്ട് കരണ്‍ താപറുമായുള്ള അഭിമുഖത്തില്‍ കമല്‍ വ്യക്തമാക്കുന്നുണ്ട്.
2018ലാണ് മക്കള്‍ നീതി മയ്യത്തെ കമല്‍ ജനങ്ങളുടെ മുന്നിലേക്ക് വയ്ക്കുന്നത്. കോര്‍ത്തുനില്‍ക്കുന്ന ആറു കൈകളാണ് പാര്‍ട്ടിയുടെ ചിഹ്നം. ഇത് നിങ്ങളുടെ പാര്‍ട്ടിയാണ്, നിങ്ങളോരോരുത്തുമാണ് നേതാക്കള്‍...ഞാന്‍ വെറുമൊരു ഉപകരണം മാത്രം എന്നാണ് ഉദ്ഘാടന പ്രസംഗത്തില്‍ കമല്‍ പറയുന്നത്. ശൈശവദശയിലിരിക്കുന്ന പാര്‍ട്ടി തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും എതിരായിരുന്നു ജനവിധി.
എലിസബത്ത് രാജ്ഞി സാക്ഷിയായ സിനിമാപ്രഖ്യാപനം
ഓരോ മാധ്യമപ്രവര്‍ത്തകനുമുന്നില്‍ വന്നിരിക്കുമ്പോഴും കമലിന്റെ നേരെ ഉയരുന്ന ഒരു ചോദ്യമുണ്ട്. സര്‍....മരുതനായകം. മരുതനായകമായി ജനിച്ച് മുഹമ്മദ് യൂസഫ് ഖാനായി ജീവിച്ച യോദ്ധാവിന്റെ കഥ കമല്‍ഹാസന്‍ എന്ന കലാകാരന്‍ കണ്ട സ്വപ്നമായിരുന്നു. 1997-ല്‍ എണ്‍പത് കോടി രൂപ ബജറ്റില്‍ എം.ജി.ആര്‍. ഫിലിം സിറ്റിയില്‍ വച്ച് കമല്‍ പ്രഖ്യപിക്കുമ്പോള്‍ സാക്ഷിയാകാന്‍ എലിസബത്ത് രാജ്ഞിയും കരുണാനിധിയുമുണ്ടായിരുന്നു. അന്നത്തെക്കാലത്ത് 80 കോടിയുടെ ചിത്രമെന്നത് ബോളിവുഡിന് പോലും അപ്രായോഗികമായിരുന്നു.
സംഭവബഹുലമായ ഖാന്‍ സാഹിബിന്റെ ജീവിതം സിനിമയാക്കാന്‍ 25 വര്‍ഷത്തിനിപ്പുറവും അദ്ദേഹത്തിന് സാധിച്ചിട്ടില്ല. വിപണിസാധ്യതയുടെ പേരില്‍ പല നിര്‍മാതാക്കളും കമലിന് കൈകൊടുക്കാന്‍ മടിച്ചു. ഒരു പക്ഷേ, മരുതനായകം ആവിഷ്‌കരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ സിനിമയില്‍ അതൊരു നാഴികകല്ലായേനെ. ഇന്ന് അദ്ദേഹത്തിന് മരുതനായകമാകാനുള്ള യൗവ്വനമില്ല. നാല്‍പതുകാരനായി വെള്ളിത്തിരയിലെത്താന്‍ സാധിക്കില്ലെന്ന് കമലും വെളിപ്പെടുത്തിയിരുന്നു. ആ ചോദ്യം ഇനിയും അയാള്‍ക്ക് നേരെ ഉയരും..സിനിമയെന്ന മാധ്യമത്തില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ ലഹരിയായിരുന്ന നായകന്റെ സ്വപ്നം സിനിമാപ്രേമികള്‍ക്ക് കാണാനാകുമോ?
Content Highlights: kamal haasan celebrates hi 70th birthday life story political career controversies
Published: 07 Nov 2024, 10:50 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented