
തിരുവനന്തപുരം: ലോകസിനിമയിൽ ആദ്യമായാണ് ഒരു പാട്ടിന്റെ ഷൂട്ടിനായി 360 ഡിഗ്രിയിലുള്ള ‘റൊട്ടേറ്റിങ് സെറ്റ്’ തയ്യാറാക്കുന്നത്. ശനിയാഴ്ച അന്തരിച്ച കെ.ശേഖറിന്റെ കലാവൈഭവമാണ് ചലച്ചിത്രലോകത്തെ ഈ വിസ്മയം യാഥാർത്ഥ്യമാക്കിയത്.
‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന രാജ്യത്തെ ആദ്യത്തെ ത്രീഡി ചിത്രത്തിൽ ‘ആലിപ്പഴം പെറുക്കാൻ...’ എന്ന ഗാനത്തിലെ ‘കറങ്ങുന്ന മുറി’ ഒരത്ഭുതമായിരുന്നു അന്നു പ്രേക്ഷകർക്ക്. ആ സെറ്റിന്റെ കലാസംവിധാനം ചെയ്തത് ശേഖറായിരുന്നു. വിഎഫ്എക്സും ഗ്രാഫിക്സും ഇല്ലാത്ത കാലത്ത്, പിയാനോ വയറുകൾ കൊണ്ടും മറ്റും കൈകൊണ്ടു ചെയ്തെടുത്ത അത്ഭുതമായിരുന്നു ആ പാട്ടുസീൻ.
പിന്നീട് ‘ഒന്നു മുതൽ പൂജ്യം വരെ’ എന്ന സിനിമയിൽ കലാസംവിധാനത്തിന് മാധ്യമമായി അദ്ദേഹം ഉപയോഗപ്പെടുത്തിയത് വെളിച്ചമായിരുന്നു. പുറത്തെ സൂര്യപ്രകാശവും മുറിക്കുള്ളിലെ വെളിച്ചവും സന്നിവേശിപ്പിച്ചുള്ള കലാസംവിധാനം സിനിമയുടെ മൂഡിനെത്തന്നെ വളരെയേറെ സ്വാധീനിച്ചു. ശേഖറിനെക്കുറിച്ച് സംവിധായകൻ ടി.കെ.രാജീവ് കുമാറിന് പറയാനേറെയുണ്ട്. ‘ചാണക്യൻ’ എന്ന സിനിമയുടെ സംവിധായകനായി ടി.കെ.രാജീവ് കുമാർ മാറാൻ കാരണംതന്നെ ശേഖറാണ്. നവോദയയുടെ ഈ സിനിമ സംവിധാനം ചെയ്യേണ്ടിയിരുന്നത് ശേഖറായിരുന്നു. എന്നാൽ, സംവിധായകനാകാനില്ലെന്നും താൻ ഇഷ്ടപ്പെടുന്നത് കലാസംവിധാനമാണെന്നുമുള്ള ശേഖറിന്റെ വാക്കുകളാണ് ടി.കെ.രാജീവ് കുമാറിനെ ‘ചാണക്യന്റെ’ സംവിധായകനാക്കിയത്. തന്റെ മേഖലയേതാണെന്നു കൃത്യമായി ബോധ്യമുണ്ടായിരുന്ന വ്യക്തിയായിരുന്നു ശേഖർ.
കോഫിഹൗസിലെ മേശയിലെ ചൂടുകാപ്പിക്കു ചുറ്റും കൂടിയിരുന്ന് സ്വപ്നങ്ങൾ പങ്കുെവച്ച സിനിമാ മോഹികളായ ചെറുപ്പക്കാരിലൊരാൾ. അതായിരുന്നു ശേഖറിനെക്കുറിച്ചുള്ള രാജീവ് കുമാറിന്റെ ആദ്യകാല ഓർമ. സംവിധായകൻ പ്രിയദർശനും മോഹൻലാലിനുമൊപ്പം കോഫിഹൗസിൽ ശേഖറുമുണ്ടാകും. പ്രിയദർശന്റെ ആദ്യകാല സുഹൃത്തുക്കളിലൊരാളായിരുന്നു ശേഖർ.
പ്രിയദർശൻ എഴുതിയ നാലുവരി ഇംഗ്ലീഷ് കവിതയ്ക്ക് ചിത്രരൂപം തയ്യാറാക്കിയത് ശേഖറായിരുന്നു. രണ്ടുപേരും ചേർന്നൊരുക്കിയ ആ കവിതാ-ചിത്രപ്രദർശനം അന്ന് ഏവരുടെയും ശ്രദ്ധ നേടി. ‘പടയോട്ടം’ സിനിമാ ചർച്ചകൾക്കിടയിൽ പ്രിയദർശനാണ് ശേഖറിനെ സിനിമയിലേക്കു പരിചയപ്പെടുത്തുന്നത്. ‘പടയോട്ടം’ സിനിമയുടെ കോസ്റ്റ്യൂം ഡിസൈനിങ്, സിനിമയ്ക്കാവശ്യമായ കലാപ്രദർശന വസ്തുക്കളുടെ രൂപകല്പന എന്നിവയിൽ ശേഖർ മുഖ്യപങ്കു വഹിച്ചു.
സിനിമയ്ക്കുള്ളിൽ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ ചിത്രത്തിലാണ് ശേഖറുമായുള്ള ബന്ധത്തിന്റെ തുടക്കം. സംവിധായകൻ ജിജോ പുന്നൂസിന്റെ ചിന്തകൾക്ക് തന്റെ അസാമാന്യ കലാസംവിധാനകഴിവിലൂടെ ദൃശ്യഭംഗി നൽകി ശേഖർ.
ജിജോ-ശേഖർ സംഭാഷണങ്ങൾപോലും അത്ഭുതപ്പെടുത്തുംവിധമായിരുന്നു. സിനിമയ്ക്കപ്പുറം എല്ലാ വിഷയങ്ങളിലും ആഴത്തിലുള്ള അറിവായിരുന്നു ശേഖറിനെന്ന് ടി.കെ.രാജീവ് കുമാർ പറയുന്നു.
പബ്ലിസിറ്റി ഡിസൈനറായി തുടക്കം
1982-ൽ ‘പടയോട്ടം’ എന്ന ചിത്രത്തിലെ കോസ്റ്റ്യൂം, പബ്ലിസിറ്റി ഡിസൈനർ ആയിട്ടാണ് തുടക്കം. ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായ ‘മൈ ഡിയർ കുട്ടിച്ചാത്തന്റെ’ കലാസംവിധായകനായിരുന്നു. ആ ചിത്രത്തിലെ ‘ആലിപ്പഴം പെറുക്കാൻ...’ എന്ന ഗാനത്തിലെ കറങ്ങുന്ന മുറി രൂപകല്പന ചെയ്തത് ശേഖറായിരുന്നു. ഫാസിൽ സംവിധാനം ചെയ്ത ‘നോക്കെത്താദൂരത്ത് കണ്ണും നട്ട്’, ‘ചാണക്യൻ’, ‘ഒന്നു മുതൽ പൂജ്യം വരെ’ തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.
ചെന്നൈയിലെ കിഷ്‌കിന്ധ അമ്യൂസ്‌മെന്റ് പാർക്കിന്റെ രൂപകല്പനയിലും മുഖ്യ പങ്കുവഹിച്ചു. 1979-ൽ കേരള സർവകലാശാലയിൽനിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് കലാസംവിധാനരംഗത്ത് എത്തിയത്. തിരുവനന്തപുരം സ്റ്റാച്യു ട്യൂട്ടേഴ്‌സ് ലെയ്ൻ പ്രേം വില്ലയിലെ പൊതുദർശനത്തിനു ശേഷം വൈകീട്ട് അഞ്ചോടെ തൈക്കാട് ശാന്തികവാടത്തിൽ മൃതദേഹം സംസ്കരിച്ചു. ഭാര്യ: ജയന്തി ശേഖർ(റിട്ട. അധ്യാപിക, ചെന്നൈ).
Content Highlights: K Shekhar- Man behind anti gravity room in 'My Dear Kuttichathan'
Published: 28 Dec 2025, 09:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented