മലയാളത്തിലെ ആദ്യ 70 എംഎം ചിത്രം 'പടയോട്ട'ത്തിലൂടെയാണ് ശേഖർ ചലച്ചിത്രലോകത്തെത്തിയത്

തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകനും രൂപകൽപ്പകനുമായിരുന്ന കെ. ശേഖർ (72) അന്തരിച്ചു. ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായ 'മൈ ഡിയർ കുട്ടിച്ചാത്ത'ന്റെ കലാസംവിധായകനായിരുന്നു ശേഖർ. ചിത്രത്തിലെ 'ആലിപ്പഴം പെറുക്കാൻ' എന്ന ഗാനരംഗത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട കറങ്ങുന്ന മുറി ഒരുക്കിയത് ശേഖറാണ്.
1979-ൽ കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഖർ, ജിജോ സംവിധാനം ചെയ്ത, മലയാളത്തിലെ ആദ്യ 70 എംഎം ചിത്രം 'പടയോട്ട'ത്തിന്റെ കോസ്റ്റ്യൂം പബ്ലിസിറ്റി ഡിസൈനറായിക്കൊണ്ടാണ് സിനിമാലോകത്തെത്തുന്നത്. ഫാസിൽ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, ചാണക്യൻ, ഒന്നുമുതൽ പൂജ്യം വരെ, ദൂരദർശനിൽ ഞായറാഴ്ചകളിൽ സംപ്രേഷണം ചെയ്തിരുന്ന ഹിന്ദി സീരിയൽ ബൈബിൾ കീ കഹാനിയാം എന്നിവയുടെ കലാസംവിധായകനായിരുന്നു അദ്ദേഹം. ചെന്നൈയിലെ കിഷ്കിന്ധ അമ്യൂസ്മെന്റ് പാർക്കിന്റെ രൂപകൽപ്പനയിൽ ശേഖർ പങ്കാളിയായിരുന്നു.
കൊമേഴ്സ് അധ്യാപികയായിരുന്ന ജയന്തി ശേഖറാണ് ഭാര്യ. ശനിയാഴ്ച വൈകീട്ട് നലര വരെ സ്റ്റ്യാച്യൂ ജങ്ഷനിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു.
Content Highlights: Veteran art director K. Sekhar, best known for creating the iconic rotating room in India’s first 3D film My Dear Kuttichathan, has passed away at the age of 72. His creative legacy spans Malayalam cinema, television, and landmark design projects, leaving a lasting imprint on Indian visual storytelling.
Published: 27 Dec 2025, 05:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented