സിനിമയിലൊന്ന് മുഖം കാണിക്കാനുള്ള ഉൽക്കട മോഹവുമായി മെരിലാൻഡ് സ്റ്റുഡിയോയിലെത്തിയ കൗമാരക്കാരന് കനിവോടെ ഒരു കമ്പൗണ്ടറുടെ റോൾ വെച്ചുനീട്ടുന്നു സുബ്രഹ്‌മണ്യം മുതലാളി. നർമ്മപ്രധാനമായ കൊച്ചു വേഷം. പടം: ക്രിസ്തുമസ് രാത്രി (1961).

To advertise here,

അതേ ആശുപത്രിയിലെ നഴ്സിന്റെ വേഷത്തിൽ ഒപ്പമഭിനയിച്ച സുന്ദരിയെ അന്നേ കണ്ണുവെച്ചിരുന്നോ കമ്പൗണ്ടർ പയ്യൻ? വെച്ചിരിക്കാം. അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിൽ നഴ്സമ്മയെ താലികെട്ടുന്നു അയാൾ. ഇടക്കൊരിക്കൽ എസ്.എൽ. പുരത്തിന്റെ 'വില കുറഞ്ഞ മനുഷ്യൻ' എന്ന നാടകത്തിൽ കാമുകീകാമുകന്മാരായി വേഷമിട്ട ശേഷം.

നഴ്സ് വേഷക്കാരി പിൽക്കാലത്ത് തിരക്കേറിയ ഡബ്ബിങ് കലാകാരിയും അധ്യാപികയും റേഡിയോ ആർട്ടിസ്റ്റുമൊക്കെയായി. കമ്പൗണ്ടർ നടനാകട്ടെ, മലയാളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ ലേഖകനായി.

കഥാനായികയുടെ പേര് കണ്ണമ്മ. ക്ലാസ്സിക് ചിത്രമായ 'ഭാർഗ്ഗവീനിലയ'ത്തിലെ ഭാർഗ്ഗവിക്കുട്ടിക്ക് (വിജയ നിർമ്മല) ശബ്ദം നൽകിയ ഡബ്ബിങ് ആർട്ടിസ്റ്റ്. നായകൻ കെ.ജി. പരമേശ്വരൻ നായർ. മൂന്നര പതിറ്റാണ്ടോളം കേരളകൗമുദിയുടെ തലമുതിർന്ന രാഷ്ട്രീയ ലേഖകനായി വിരാജിച്ച പത്രപ്രവർത്തകൻ, പംക്തികാരൻ, ഗ്രന്ഥകർത്താവ്.

ദീർഘകാലം കൗമുദിയുടെ തലസ്ഥാന ലേഖകനും ബ്യൂറോ ചീഫുമായിരുന്ന കെ.ജി. നിയമസഭാ നടപടികളുടെ കൃത്യവും ആധികാരികവുമായ റിപ്പോർട്ടിങ്ങിലൂടെയാണ് പ്രശസ്തനായത്. ഈ മേഖലയിലെ സംഭാവനകൾക്ക് കേരള നിയമസഭയുടെ പ്രത്യേക ആദരവ് ലഭിച്ചിട്ടുണ്ട്. തൊണ്ണൂറ്റി നാലാം വയസ്സിൽ വിടവാങ്ങിയ കെ.ജിക്ക് പഴയ സഹപ്രവർത്തകന്റെ ആദരാഞ്ജലികൾ.