താമസിക്കുന്ന ഹോട്ടലിന്റെ മുകൾനിലയിലെ റെസ്റ്റോറന്റിൽ പ്രാതലിന് ചെന്നിരുന്നപ്പോൾ സ്പീക്കറുകളിലൂടെ മന്ദ്രമധുരമായി ഒഴുകുന്നു ജോൺസൺ: "എന്റെ മൺവീണയിൽ കൂടയണയാനൊരു മൗനം പറന്നു പറന്നു വന്നൂ...''

To advertise here,

ട്രാഫിക് ബ്ലോക്കിലെ തിരക്കിൽ നിർത്തിയിട്ട കാറിന്റെ ജാലകത്തിലൂടെ പൊള്ളുന്ന വെയിലും കടന്നെത്തിനോക്കുന്നു ജോൺസൺ: "പവിഴം പോൽ പവിഴാധരം പോൽ പനിനീർ പൊൻമുകുളം പോൽ..''

ഇടക്കെപ്പോഴോ കാറിലെ എഫ് എം റേഡിയോയിലെ ഇടതടവില്ലാത്ത ശബ്ദഘോഷത്തിനിടയിലേക്ക് ഇളംതെന്നൽ പോലെ ഒഴുകിയണയുന്നു "മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി അല്ലിയാമ്പൽപ്പൂവിനെ തൊട്ടുണർത്തി...''

വഴി ചോദിക്കാൻ കോളിങ് ബെല്ലടിച്ചു കാത്തുനിന്ന വീടിന്റെ പൂമുഖവാതിലിലെ നേർത്ത വിടവിലൂടെ പുഞ്ചിരിച്ചുകൊണ്ട് പുറത്തിറങ്ങിവരുന്നു ടെലിവിഷനിൽ നിന്ന് ജോൺസേട്ടൻ: "മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ കയ്യിൽ വാർമതിയേ..''

തിരികെ വന്ന് കാറിൽ കയറവേ കൂട്ടുകാരന്റെ മൊബൈലിൽ ഹലോ ട്യൂണിന്റെ രൂപത്തിൽ വീണ്ടും വന്നു നിറയുന്നു ജോൺസൺ: "അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ...''

സർവം ജോൺസൺ മയം. സിരകളിൽ, ഞരമ്പുകളിൽ, രക്തത്തിൽ, മനസ്സിൽ, മസ്തിഷ്കത്തിൽ, ശരീരത്തിന്റെ ഓരോ അണുവിലും....

കൊച്ചി മാളിയേക്കൽപടിയിലെ വീടിന്റെ സ്വീകരണമുറിയുടെ ഏകാന്തതയിൽ, കണ്ണിൽ നിന്ന് ഏതു നിമിഷവും പൊടിയാൻ വെമ്പിനിന്ന നീർതുള്ളിയുമായി എനിക്ക് മുന്നിലിരുന്ന റാണിച്ചേച്ചിക്കരികിലും കണ്ടു അതേ ജോൺസേട്ടനെ. ഷെൽഫിലെ അവാർഡ് ശില്പങ്ങളിൽ, ചുമരിലെ ചിത്രങ്ങളിൽ, പ്രശസ്തിപത്രങ്ങളിൽ, മുറിയുടെ കോണിൽ നിശ്ശബ്ദനായി ഒറ്റയ്ക്കിരിക്കുന്ന ഗിറ്റാറിൽ..... എങ്ങും ചുണ്ടിലൊരു കുസൃതിച്ചിരിയുമായി മറഞ്ഞുനിൽക്കുന്നു സംഗീതമാന്ത്രികൻ...

യാത്ര പറയാതെ പിരിഞ്ഞ പ്രിയതമന്റെ അദൃശ്യസാന്നിധ്യം നൽകിയ ഊർജ്ജത്തിൽ, നിശ്ശബ്ദമായ ഒരു തേങ്ങൽ ഉള്ളിലൊതുക്കി സംസാരിച്ചുകൊണ്ടിരിക്കുന്നു റാണിച്ചേച്ചി; സർവശക്തനായ ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവും, ഏകാഗ്രമായ ധ്യാനവും നൽകിയ ആത്മധൈര്യത്തോടെ.

വിടപറയും മുൻപ് ഒരുമിച്ചൊരു ഫോട്ടോ ക്ലിക്ക് ചെയ്തപ്പോൾ കൈകൾ ചേർത്തുപിടിച്ച് ചേച്ചി പറയുന്നു: "ഈ പടം എനിക്ക് വാട്സപ്പിലേക്ക് അയക്കണം ട്ടോ. കാഴ്ച്ചക്ക് ആകെ ഒരു മങ്ങലാണ്... മരുന്നുകൾ കനിഞ്ഞുനല്കിയ സമ്മാനം.....''

ആത്മഗതമെന്നോണം ചേച്ചി കൂട്ടിച്ചേർക്കുന്നു: "എന്നാലും ഈ പടം ഫോണിൽ സൂക്ഷിച്ചുവെക്കും ഞാൻ. എപ്പോഴെങ്കിലും കാഴ്ച്ച തെളിയിക്കുമായിരിക്കും ദൈവം. അന്ന് കാണാലോ...'' ഉള്ളിൽ തികട്ടിവന്ന കരച്ചിലൊതുക്കി നിശ്ശബ്ദനായി നിന്നു ഞാൻ; എന്തുപറയണമെന്നറിയാതെ.