പെരിന്തൽമണ്ണ : ജീവിതഗന്ധിയായ കഥകളുടെ സ്രഷ്ടാവ് വിടവാങ്ങുമ്പോൾ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു കത്തിന് കിട്ടിയ മറുപടിയുടെ ഓർമകളിലാണ് വെട്ടത്തൂരിലെ മുഹമ്മദ് ഷെരീഫ് കാപ്പ്. കഴിഞ്ഞ ദിവസം അന്തരിച്ച കഥാകൃത്ത് ജോൺപോൾ 2010 ഏപ്രിൽ നാലിന് അയച്ച മറുപടി പോസ്റ്റ് കാർഡ് അത്രമേൽ ഭദ്രമായി ഷെരീഫിന്റെ പക്കലുണ്ട്.
‘കഥയിതു വാസുദേവം’ എന്ന പുസ്തകത്തിൽ എം.ടി. വാസുദേവൻ നായരുടെ സിനിമകളെക്കുറിച്ച് ജോൺപോൾ എഴുതിയിരുന്നു. ഇതിൽ ‘കാടിന്റെ മക്കൾ’ എന്ന ചിത്രം പുറത്തിറങ്ങിയില്ലെന്നാണ് പരാമർശിച്ചിരുന്നത്. ഇത് തെറ്റാണെന്നും ചിത്രം പുറത്തിറങ്ങിയതാണെന്നും ബോധ്യപ്പെടുത്തിയാണ് ഷെരീഫ് തികഞ്ഞ സൗഹൃദത്തോടെ ജോൺപോളിന് കത്തെഴുതിയത്.
മറ്റ് പലർക്കുമെഴുതാറുള്ളതുപോലെ മറുപടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഷെരീഫ് പറയുന്നു. എന്നാൽ അദ്‌ഭുതപ്പെടുത്തി മറുപടി എഴുതിയെന്ന് മാത്രമല്ല തെറ്റ് സമ്മതിക്കുകയും അതിന്റെ പശ്ചാത്തലം വിവരിക്കുകയും ചെയ്തു.

ഇത് ജോൺപോൾ എന്ന കലാകാരന്റെ എളിമയും എല്ലാവരെയും ഒരുപോലെ കാണാനുള്ള മനസ്സുമാണ് വ്യക്തമാക്കുന്നതെന്ന് ഷെരീഫ് പറഞ്ഞു. പിന്നീട് ഒന്നുരണ്ടുതവണ ബന്ധപ്പെടുകയും ചെയ്തു. മറ്റ് പലർക്കും ജോൺപോളിന്റെ നമ്പർ നൽകിയതായും ബന്ധപ്പെട്ടവരോടെല്ലാം നല്ല പെരുമാറ്റമാണുണ്ടായതെന്ന് പലരും പറഞ്ഞിട്ടുണ്ട്.
തിരക്കഥാകൃത്ത് എന്നതിനൊപ്പം മലയാളസിനിമയെയും ചരിത്രത്തെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന ആളായാണ് ജോൺപോളിനെ വിലയിരുത്തുന്നത്. അദ്ദേഹത്തിന്റെ സംസാരം ആരെയും എത്ര നേരവും പിടിച്ചിരുത്തുന്നതരത്തിലായിരുന്നു.
സിനിമയുമായി നേരിട്ട് ബന്ധമൊന്നുമില്ലാത്ത ഷെരീഫിന് പത്രം, ആനുകാലികങ്ങൾ തുടങ്ങിയവയുടെ വായനയിലൂടെയും ആകാശവാണിയിലെ പാട്ടുകൾ കേട്ടുമുള്ള അറിവുകളാണുള്ളത്. വെട്ടത്തൂരിലെ കുണ്ടപ്പാടൻ മൊയ്തുട്ടിഹാജിയുടെയും മൈമൂനയുടെയും മകനാണ് പത്ര ഏജന്റും വിതരണക്കാരനുമായ ഷെരീഫ്.
ജോൺ പോൾ മുഹമ്മദ് ഷെരീഫിന് എഴുതിയ പോസ്റ്റ് കാർഡ്

Content Highlights: John Paul Script writer demise, Malappuram native Muhammed Shereef, A letter and Reply
Published: 25 Apr 2022, 02:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented