രഞ്ജിൻ രാജ് | ഫോട്ടോ : രാഹുൽ തങ്കച്ചൻ
ഒരു സിനിമയുടെ ബാക് ഗ്രൗണ്ട് സ്കോര്‍ എക്സ്ട്രാ ഓര്‍ഡിനറിയാണെങ്കില്‍ പ്രേക്ഷകന് ആ സിനിമയില്‍നിന്ന് ലഭിക്കുന്നത് ഫുള്‍ സ്വിങ്ങായ അനുഭവമായിരിക്കും. അടുത്തിടെ റിലീസായ കാണെക്കാണെ, വൂള്‍ഫ്, കാവല്‍, നൈറ്റ് ഡ്രൈവ് തുടങ്ങിയ സിനിമകളുടെ പശ്ചാത്തലസംഗീതത്തിന് പ്രേക്ഷകര്‍ നല്‍കിയത് ഫുള്‍ മാര്‍ക്കാണ്. ഈ സിനിമകള്‍ക്കായി സംഗീതമൊരുക്കിയ രഞ്ജിന് രാജിന് പ്രത്യേകമൊരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. തന്റെ ആദ്യ സിനിമയായ ജോസഫിലെ ഗാനങ്ങള്‍ കൊണ്ടുതന്നെ മലയാള സിനിമാസംഗീതപ്രേമികളെ ആരാധകരാക്കി മാറ്റിയ മ്യൂസിക് ഡയറക്ടറാണ് രഞ്ജിന് രാജ്. അതിന് മുമ്പ് തന്നെ മ്യൂസിക് റിയാലിറ്റി ഷോകളില്‍ മത്സരാര്‍ഥിയായും പിന്നീട് ആർജെയും വിജെയുമായി മലയാളികള്‍ക്ക് സുപരിചിതനായ രഞ്ജിന് പിന്നീടൊരുക്കിയ ഓരോ ഈണവും ഏറെ സ്വീകരിക്കപ്പെട്ടു. ആദ്യസിനിമയിലെ സംഗീതസംവിധാനത്തിന് നിരവധി പുരസ്കാരങ്ങളും രഞ്ജിന് സ്വന്തമാക്കി. ഇപ്പോള്‍ ടോക്ക് ഓഫ് ദ ടൗണ്‍ ആയ വൈശാഖിന്റെ നൈറ്റ് ഡ്രൈവ് എന്ന സിനിമയിലെ പശ്ചാത്തലസംഗീതത്തിന് ലഭിക്കുന്ന അഭിനന്ദനങ്ങളുടെ സന്തോഷവും വിശേഷങ്ങളും രഞ്ജിന് പങ്കു വെക്കുന്നു.
ആദ്യസിനിമയിലെ ഗാനങ്ങളെല്ലാം ഹിറ്റ്, അന്ന് ലഭിച്ച അംഗീകാരവും അഭിനന്ദനവും ഏതുവിധത്തിലാണ് സ്വാധീനിച്ചത്? സംഗീതസംവിധായകനെന്ന നിലയില്‍ ഉത്തരവാദിത്വം കൂടുന്നു എന്ന തോന്നലുണ്ടാക്കിയോ?
ആദ്യസിനിമയിലെ പാട്ടുകള്‍ സൂപ്പര്ഹിറ്റുകളായാല് ഒരു ഉത്തരവാദിത്വം ഏറുന്നു എന്നൊരു ബോധം അറിയാതെ തന്നെ എല്ലാവരുടേയും ഉള്ളിലുണ്ടാം. വിജയമനുഭവിച്ച എല്ലാവരുടേയും ഉള്ളില്‍ അതുണ്ടാവുന്നത് സ്വാഭാവികമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷെ അതൊരു ഭാരമായി കൊണ്ടുനടക്കാനാഗ്രഹമില്ല. കാരണം, അത്തരത്തിലൊരു ചിന്ത തലയിലേറ്റി നടന്നാല്‍ പലപ്പോഴും എനിക്കിഷ്ടമുള്ളത് ചെയ്യാന്‍ പറ്റാത്ത ഒരവസ്ഥവരും. ആദ്യസിനിമയിലെ ഗാനങ്ങള്‍ ചെയ്യുമ്പോള്‍ ഹിറ്റാവുമെന്നോ ഒരുപാട് പേര് ഏറ്റുപാടുമെന്നോ കരുതിയിരുന്നില്ല. കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും സിനിമയിലെ സന്ദര്‍ഭങ്ങള്‍ക്കുമനുസരിച്ച് മാത്രമാണ് ഗാനങ്ങള്‍ ചെയ്തതത്. അതിനു ശേഷമുള്ള സിനിമകള്‍ ചെയ്യുമ്പോഴും ആദ്യസിനിമയെ സമീപിച്ച അതേ ആവേശത്തോടും ആഗ്രഹത്തോടും കൂടി തന്നെയാണ് ചെയ്യുന്നത്. സിനിമയുടെ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും അനുസരിച്ച് ഈണങ്ങള്‍ തയ്യാറാക്കുന്നു, നല്ലതാവണമെന്നും കേള്‍ക്കുന്നവര്‍ക്ക് ഇഷ്ടമാകണമെന്നും ആഗ്രഹിക്കുന്നു, ഹിറ്റാവുമ്പോള്‍ തീര്‍ച്ചയായും സന്തോഷിക്കുന്നു.
2022-ലെ ആദ്യ സിനിമകള്‍ കര്ണന് നെപ്പോളിയന് ഭഗത് സിങ്ങും നൈറ്റ് ഡ്രൈവും റിലീസായിക്കഴിഞ്ഞു. വരാനിരിക്കുന്ന പ്രോജക്ടുകളില്‍ തമിഴ് സിനിമകളും ഉള്‍പ്പെടുന്നു. പുതിയ സിനിമകളെ കുറിച്ച് പറയാമോ?
2022-ല്‍ ആദ്യം റിലീസായത് കര്ണന് നെപ്പോളിയന് ഭഗത് സിങ് ആണ്. അതിലെ ഗാനങ്ങളെല്ലാം ശ്രദ്ധ നേടിക്കഴിഞ്ഞു. അതിനു ശേഷം ഇറങ്ങുന്നത് നൈറ്റ് ഡ്രൈവ് ആണ്. നൈറ്റ് ഡ്രൈവില്‍ പാതി പാതി പറയാതെ എന്നാരംഭിക്കുന്ന ഒരു പാട്ടാണുള്ളത്. ഹിറ്റ് ചാര്‍ട്ടില്‍ ഗാനം ഇടം നേടി എന്നതിലുപരി വൈശാഖ് ചേട്ടനോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു എന്നൊരു വലിയ പ്രത്യേകത കൂടി എന്നെ സംബന്ധിച്ച് ആ സിനിമയ്ക്കുണ്ട്. മാസ് സിനിമകളുടെ സംവിധായകനാണ് വൈശാഖേട്ടന്. പ്രമുഖരായ സംഗീതസംവിധായകരാണ് അദ്ദേഹത്തോടൊപ്പം എല്ലാ സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുള്ളത്. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് നല്ലൊരു എക്സ്പീരിയന്‍സായിരുന്നു. സംഗീതത്തെ കുറിച്ച് മികച്ച ധാരണയുള്ള സംവിധായകരിലൊരാളാണ് അദ്ദേഹം. തന്റെ സിനിമയ്ക്ക് ഏതുവിധത്തിലുള്ള സംഗീതമാണ് വേണ്ടതെന്ന വ്യക്തമായ ധാരണ വൈശാഖേട്ടനുണ്ട്. എം. പദ്മകുമാറിന്റെ പത്താം വളവ് എന്ന സിനിമയാണ് ഇനിയുള്ള റിലീസുകളില്‍ ഒന്ന്. ജോസഫിന് ശേഷം പപ്പേട്ടനോടൊപ്പം പ്രവര്‍ത്തിക്കുന്ന സിനിമ എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്. പിന്നെ മലയാളത്തില്‍ അദൃശ്യം, കതിര്, നരേന് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന യുകി എന്ന തമിഴ് സിനിമ, അമലപോള്‍ ആദ്യമായി നിര്‍മിക്കുന്ന കഡാവര്‍ ഇതൊക്കെയാണ് റിലീസിനൊരുങ്ങിയിരിക്കുന്ന സിനിമകള്‍.

ആദ്യസിനിമ മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ എം പദ്മകുമാറിനൊപ്പമായിരുന്നു. എങ്ങനെയാണ് ആ അവസരത്തെ രഞ്ജിന് നോക്കിക്കണ്ടത്? നൈറ്റ് ഡ്രൈവിന്റെ സംഗീതത്തെ കുറിച്ച്- മാസ്സ് ഡയറക്ടറായ വൈശാഖിനൊപ്പമുള്ള അനുഭവം?
മലയാളസിനിമയിലെ സീനിയര്‍ മോസ്റ്റ് ഡയറക്ടറായ എം. പദ്മകുമാറി(പപ്പേട്ടന്)ന്റെ കൂടെയാണ് ആദ്യമായി സിനിമ ചെയ്തത്. വളരെ മെച്വേഡും എക്സ്പീരിയന്സ്ഡും ആയ പപ്പേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് കൂടി എന്നിലേക്ക് അറിഞ്ഞോ അറിയാതെയോ പകര്‍ന്നുകിട്ടിയിരുന്നു. ജോസഫിന്റെ സംഗീതസംവിധാനസമയത്ത് അതൊക്കെ ഗുണകരമായി തീര്‍ന്നിരുന്നു. അതുപോലെ തന്നെയാണ് വൈശാഖേട്ടനുമായുള്ള എക്സ്പീരിയന്‍സ്. പക്ഷെ പപ്പേട്ടനില്‍ നിന്ന് വൈശാഖേട്ടന്റെ രീതികള്‍ വളരെ വ്യത്യസ്തമാണ്. രണ്ടുപേരും മ്യൂസിക്കിന്റെ രണ്ട് സ്റ്റൈല്‍ ആണ് എന്നെക്കൊണ്ട് ചെയ്യിച്ചിട്ടുള്ളത്. രണ്ടുപേരും അവരുടേതായ എക്സലന്‍സ് പകര്ന്നുതരാന് ശ്രമിച്ചിട്ടുണ്ട്. ഇവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് എന്റെ സംഗീതജീവിതത്തിലെ മറക്കാനാവാത്തതും ഏറെ സഹായകമായതുമായ അനുഭവങ്ങളാണ്. ജോസഫ് മുതല്‍ നൈറ്റ് ഡ്രൈവ് വരെയുള്ള സിനിമായാത്രയില്‍ നല്ല ഔട്ട്പുട്ട് നല്കാനായ സംവിധായകര്‍ക്കൊപ്പമാണ് പ്രവര്‍ത്തിച്ചിത്. അതെന്റെ ഭാഗ്യമായി കരുതുന്നു. നിതിന്‍ രഞ്ജി പണിക്കര്‍, മനു അശോകന്.. എല്ലാവരും എനിക്കേറെ സ്പേസ് തന്നവരാണ്. അതൊക്കെ എന്റെ കരിയറിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്.
മലയാളികള്‍ ആദ്യം രഞ്ജിനെ പരിചയപ്പെടുന്നത് ഒരു ഗായകനെന്ന നിലയിലാണ്. ഒരു ഗായകനേക്കാളുപരി ഒരു മികച്ച സംഗീതസംവിധായകന് രഞ്ജിനിലുണ്ടെന്ന് എപ്പോഴാണ് തിരിച്ചറിഞ്ഞത്?
അഞ്ചാം ക്ലാസ്സിലൊക്കെ പഠിക്കുമ്പോഴാണ് പാട്ടുകളൊക്കെ ചിട്ടപ്പെടുത്താനാവും എന്നെനിക്ക് തോന്നിത്തുടങ്ങിയത്. സംഗീതസംവിധായകന് എന്നൊന്നും അക്കാലത്ത് അറിയില്ലെങ്കിലും വരികളെഴുതി ട്യൂണ്‍ ചെയ്യുമായിരുന്നു. എന്നിട്ടവയൊക്കെ പുസ്തകങ്ങളില്‍ എഴുതി വെക്കാറുണ്ടായിരുന്നു. ടൈമിങ്ങും വാക്കുകളുടെ അറേഞ്ച്മെന്റ്സുമൊക്കെ കണ്ടിട്ട് എന്റെ ഉള്ളില്‍ ഒരു സംഗീതസംവിധായകന് ഉണ്ടെന്ന് എന്റെ സംഗീതാധ്യാപകനൊക്കെ പറയുമായിരുന്നു. പിന്നീട് ആഡ്ഫിലിം ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ ശേഷമാണ് സംഗീതസംവിധാനമെന്ന മേഖല കൂടുതലായി എക്സ്പ്ലോര്‍ ചെയ്യാന്‍ തുടങ്ങിയത്. പരസ്യങ്ങള്‍ക്കായുള്ള ജിംഗിളുകളും ചാനലുകള്‍ക്ക് വേണ്ടിയുള്ള ഇന്‍ ഹൗസ് മ്യൂസിക്കും ചെയ്തപ്പോഴാണ് സംഗീതസംവിധായകനാണെന്ന പൂര്‍ണ കോണ്‍ഫിഡന്‍സ് ഉണ്ടായത്.
ഈണമിട്ട് വരികളെഴുതുന്ന രീതിയാണല്ലോ നിലവില്‍ കൂടുതല്‍ പ്രചാരത്തിലുള്ളത്. ഗാനരചയിതാക്കളില്‍ നിന്ന് ലഭിക്കുന്ന പിന്തുണ എത്രത്തോളമാണ് സഹായകമാകുന്നത്?
ഈണമിട്ട ശേഷമാണ് സാധാരണയായി വരികളെഴുതിക്കാറുള്ളത്. കാരണം ഇന്നത്തെ രീതിയനുസരിച്ച് ഷൂട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ സിനിമയുടെ ടോണ്‍ സെറ്റ് ചെയ്യാന്‍ മ്യൂസിക് സഹായകമാകാറുണ്ട്. അതുകൊണ്ട് തന്നെ സംവിധായകര്‍ ആദ്യം ക്രിയേറ്റ് ചെയ്യിക്കുന്ന ചില സംഗതികളിലൊന്നാണ് മ്യൂസിക്. അതുകൊണ്ട് തന്നെ സിനിമയുടെ സ്വഭാവത്തിനനുസരിച്ചുള്ള ഒരു മ്യൂസിക് ആദ്യം പ്രൊഡ്യൂസ് ചെയ്യേണ്ടതുണ്ട്. അപ്പോള്‍ കൂടുതല്‍ വരികള്‍ക്കനുസരിച്ച് പോകാന്‍ പറ്റാറില്ല. സംഗീതത്തിനനുസരിച്ച് വരികളെഴുതുന്ന മികച്ച ഗാനരചയിതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിച്ചു. ബി.കെ ഹരിനാരായണന്, അജീഷ് ദാസന്, റഫീഖ് അഹമ്മദ് സര്, വിനായക് ശശികുമാര്‍... എല്ലാവരും നന്നായി സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്റെ ട്യൂണിന് അനുയോജ്യമായി എല്ലാവരും എനിക്ക് വേണ്ടി എഴുതിത്തന്നു. എന്റെ സംഗീതത്തിന് ലഭിക്കാവുന്ന ഏറ്റവും മികച്ച വരികള്‍ എനിക്ക് കിട്ടിയിട്ടുണ്ട്.
ഗാനങ്ങള്‍ക്ക് ഈണമിടുന്നതും പശ്ചാത്തലസംഗീതമൊരുക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ്? രണ്ടിനും വേണ്ടി വരുന്ന എഫര്‍ട്ടിന്റെ തോതില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?
രണ്ടും വ്യത്യസ്ത മേഖലകളായാണ് എനിക്ക് ഫീല്‍ ചെയ്തിട്ടുള്ളത്. പാട്ടുകള്‍ സിനിമയുടെ ചര്‍ച്ചകളില്‍ തന്നെ പിറവി കൊള്ളുന്നു. ഷൂട്ടിങ് കഴിഞ്ഞ ശേഷം വിഷ്വല്സിനെ എന്‍ഹാന്‍സ് ചെയ്യുന്നതും സപ്പോര്‍ട്ട് ചെയ്യുന്നതും, ആ വിഷ്വല്‍സിലൂടെ സംവദിക്കാനുദ്ദേശിക്കുന്ന സംഗതികള്‍ പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കുകയുമാണ് പശ്ചാത്തലസംഗീതം ചെയ്യുന്നത്. ഗാനങ്ങള്‍ പ്രീപ്രൊഡക്ഷനില്‍ തന്നെ ചെയ്യുന്നതുകൊണ്ട് പാട്ടുകള്‍ക്കനുസരിച്ച് ആ സന്ദര്‍ഭത്തെ ചിത്രീകരിക്കും. പക്ഷെ, ബാക്ഗ്രൗണ്ട് സ്കോറിന്റെ കാര്യത്തില്‍ നേരെ മറിച്ചാണ്. വിഷ്വലിനനുസരിച്ചുള്ള കൃത്യമായ സംഗീതം നല്കാന് പരാജയപ്പെട്ടാല്‍ അതൊരു മിസ് കമ്യൂണിക്കേഷനായി മാറിയോക്കാം. അതുകൊണ്ടുതന്നെ പശ്ചാത്തലസംഗീതത്തിന്റെ കാര്യത്തില്‍ സംഗീതസംവിധായകന് ഉത്തരവാദിത്വം കൂടുതലാണ്. എനിക്കേറ്റവും ആവേശമുള്ള കാര്യം കൂടിയാണ് ബാക്ഗ്രൗണ്ട് സ്കോറിങ്. കാണെക്കാണെ, കാവല്‍, നൈറ്റ് ഡ്രൈവ്.. തുടങ്ങി റിലീസാവാനിരിക്കുന്ന സിനിമകളില്‍വരെ വ്യക്തമായ രീതിയിലുള്ള ഡെഫിനിഷന്‍ കൊടുക്കുന്ന വിധത്തിലുള്ള സംഗീതമൊരുക്കാന്‍ മാക്സിമം ശ്രമിച്ചിട്ടുണ്ട്.
സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഗീതസംവിധായകര്‍ ടെലിസീരിയലുകള്‍ക്ക് സംഗീതം നല്‍കുന്നത് സാധാരണമല്ല. രഞ്ജിനിലെ സംഗീതപ്രവര്‍ത്തകന്‍ ദൃശ്യമാധ്യമങ്ങളിലെ വലിപ്പച്ചെറുപ്പത്തെ മുഖവിലക്കെടുക്കാത്തതിന് പിന്നില്‍?
ദൃശ്യമാധ്യമങ്ങളിലെ വലിപ്പച്ചെറുപ്പം എന്നെ ബാധിക്കാറില്ല. ജിംഗിള്‍സും സീരിയല്‍സും ചെയ്താണ് സിനിമയിലെത്തുന്നതിന് മുമ്പ് ഞാന്‍ സര്‍വൈവ് ചെയ്തിരുന്നത്. ആ പ്രോഡക്ടുകള്‍ പ്രൊഫൈലില്‍ ചേര്‍ത്ത് അവ കാണിച്ചും കേള്‍പ്പിച്ചുമാണ് ഞാന്‍ സിനിമയില്‍ അവസരം നേടിയെടുത്തത്. അതുകൊണ്ടു തന്നെ ടെലിവിഷന്‍ മേഖലയോട് എനിക്ക് വളരെയധികം റെസ്പെക്ടുണ്ട്. അന്ന് എനിക്ക് അവസരങ്ങള്‍ തന്ന് കൂടെനിന്ന സുഹൃത്തുക്കളാണ് സിനിമ ചെയ്യാനുള്ള കാരണമായി തീര്‍ന്നത്. ആ കമ്മിറ്റ്മെന്റ് ജീവിതകാലം മുഴുവന്‍ എന്റെ കൂടെയുണ്ടാവും. തിരക്ക് കാരണം സീരിയലുകള്‍ക്ക് പശ്ചാത്തലസംഗീതം ചെയ്യാനുള്ള സമയം ഇപ്പോള്‍ കിട്ടാറില്ല. എങ്കിലും ടൈറ്റില്‍ സോങ് ചെയ്യാനുള്ള അവസരം വരുമ്പോള്‍ ഇപ്പോഴും ചെയ്യാറുണ്ട്. മാധ്യമമേതുമാകട്ടെ മ്യൂസിക് മാത്രമാണ് ഞാന്‍ മുഖവിലക്കെടുക്കുന്നത്. രഞ്ജിന് ചെയ്താല്‍ നന്നാവും എന്നൊരു വിശ്വാസമുള്ളതു കൊണ്ടാണല്ലോ ആരെങ്കിലും സമീപിക്കുന്നത്. ആ വിശ്വാസം കെടാതിരിക്കാന്‍ എന്നെക്കൊണ്ട് സാധിക്കുന്നതിന്റെ മാക്സിമം ചെയ്യാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്.
വിജെയും ആര്‍ജെയുമൊക്കെയായി പ്രവര്‍ത്തിച്ചുവെന്ന് ഒരഭിമുഖത്തില്‍ പറയുന്നുണ്ടല്ലോ. സിനിമയില്‍ സംഗീതസംവിധാനമല്ലാതെ പ്രവര്‍ത്തിച്ച മറ്റുമേഖലകള്‍ ഉണ്ടോ?
സിനിമയിലെത്തിപ്പെടാനുള്ള ആഗ്രഹത്തിലാണ് പാലക്കാട് നിന്ന് കൊച്ചിയിലെത്തിയത്. ജീവിതചെലവുകള്‍ക്കായി ജോലി കണ്ടെത്തണമെന്ന സാഹചര്യം വന്നപ്പോള്‍ എന്റര്ടെയ്ന്മെന്റ് റിലേറ്റഡായി എന്തെങ്കിലും ചെയ്യാമെന്ന് കരുതി ആര്‍ജെയും വിജെയുമൊക്കെയായി ജോലിചെയ്തു. വിജെയിങ്ങും ആര്ജെയിങ്ങുമൊക്കെ ചെയ്യുമ്പോള്‍ കൂടുതലായി ഡീല്‍ ചെയ്തത് ഇന്ത്യന്‍ സിനിമാസംഗീതത്തിന്റെ ഒരു ക്ലാസ്സിക് വശമാണ്. ഇന്ത്യന്‍ ഫിലിം മ്യൂസിക്കിന്റെ ഒരു ക്ലാസ്സിക്കല്‍ സോങ്സിലൂടെ പോകുന്ന വിഷയങ്ങളും പരിപാടികളുമാണ് ഞാന്‍ അവതരിപ്പിച്ചിട്ടുള്ളത്. അതൊക്കെ എനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. അതുവരെ കേള്‍ക്കാത്ത, ശ്രദ്ധിക്കാത്ത പാട്ടുകളേക്കുറിച്ചും സംഗീതസംവിധായകരെ കുറിച്ചും പഠിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. സംഗീതസംവിധായകനെന്ന യാത്രയില്‍ ഇതൊക്കെ എനിക്ക് ഏറെ സഹായകമായിട്ടുണ്ട്.
രഞ്ജിന് ഈണമിട്ട ഗാനങ്ങളില്‍ ആദ്യ ചിത്രമൊഴികെ ബാക്കി ചിത്രങ്ങളിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് വിവിധ ഗായകരാണ്. വെറൈറ്റിക്ക് വേണ്ടി മനഃപൂര്‍വം അത്തരത്തില്‍ തിരഞ്ഞെടുക്കുന്നതാണോ?
വളരെ ഇഷ്ടമുള്ള ഒരുപാട് ഗായകരുണ്ടെങ്കിലും സിനിമയ്ക്കും പാട്ടിനും കഥാപാത്രങ്ങള്‍ക്കും ഏറ്റവും ആപ്റ്റായിട്ടുള്ള ശബ്ദം വേണമെന്ന കാര്യമാണ് ഗായകരെ തിരഞ്ഞെടുക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കുന്നത്. അതുകൊണ്ടുതന്നെ വെവ്വേറെ ഗായകരാണ് ഞാന്‍ ഈണമിടുന്ന പാട്ടുകള്‍ പാടുന്നത്. നൈറ്റ് ഡ്രൈവില്‍ ഒരു പാട്ടാണുള്ളത്. നിത്യ മാമ്മനോടൊപ്പം പുതിയ ഗായകന് കപിലാണ് അത് ആലപിച്ചിരിക്കുന്നത്. വിഷ്വലില്‍ വരുന്നത് റോഷന് മാത്യുവായതുകൊണ്ട് റോഷന്റെ അപ്പിയറന്‍സിനും പാട്ടിന്റെ ആറ്റിറ്റിയൂഡിനും ചേരുന്ന ശബ്ദത്തിനുടമയെ പാടാന്‍ തിരഞ്ഞെടുക്കുകയായിരുന്നു. മനഃപൂര്‍വ്വം പാട്ടുകാരെ ചൂസ് ചെയ്യാറില്ല. സിനിമക്കനുസൃതമായാണ് ആ തിരഞ്ഞെടുപ്പ്. സിനിമയ്ക്ക് മേലെയുള്ള ഒരു പാട്ടോ പശ്ചാത്തല സംഗീതമോ ഒന്നും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. സിനിമയോട് ചേര്‍ന്നുപോകുന്ന, സിനിമയോട് നീതി പുലര്‍ത്തുന്ന കാര്യങ്ങളായിരിക്കണം മ്യൂസിക്കില്‍ കൂടി സംഭവിക്കേണ്ടത് എന്നാണ് ഞാന്‍ ചിന്തിക്കാറുള്ളത്.
പൂമുത്തോളെ... ഈണമിട്ടത് അമ്മയോര്മയിലാണെന്ന് കേട്ടിട്ടുണ്ട്. അതു പോലെ മറ്റേതെങ്കിലും ഗാനത്തിന്റെ സംഗീതസംവിധാനത്തിന് ജീവിതത്തിലെ അനുഭവങ്ങള്‍ സ്വാധീനിച്ചിട്ടുണ്ടോ?
അമ്മയെ ഓര്‍ത്ത് ഉണ്ടാക്കിയ ഗാനം എന്നതിനുപരി അമ്മയുടെ വിയോഗത്തിലൂടെ കടന്നുപോകേണ്ടിവന്ന സമയത്ത് ഉണ്ടാക്കേണ്ടിവന്ന പാട്ട് എന്ന് പറയുന്നതാണ് ശരി. ജോസഫിലെ മിക്ക പാട്ടുകളുടേയും ഫൈനല്‍ റെക്കോഡിങ്സ് ആ സമയത്തായിരുന്നു. ആ സമയത്ത് മാത്രമല്ല ഇപ്പോഴും അമ്മയുടെ വിയോഗം വലിയ നൊമ്പരവും ഭാരവും തന്നെയാണ്. ജീവിതാനുഭവങ്ങള്‍ ഒരു പാട്ടിലെന്നല്ല എല്ലാ പാട്ടുകളിലും റിഫ്ളക്ട് ചെയ്യും. ആ ജീവിതാനുഭവങ്ങള്‍ നമ്മുടെ ഉള്ളില്‍ കിടക്കുന്നുണ്ട്. നമ്മുടെ എല്ലാ വികാരങ്ങളും ഉണ്ടാക്കുന്ന പാട്ടുകളിലും അറിഞ്ഞോ അറിയാതെയോ പ്രതിഫലിക്കും. പാട്ടുകളുടെ കാര്യത്തില്‍ മാത്രമല്ല ഏതു മേഖലയില്‍ നില്ക്കുന്ന ആര്‍ട്ടിസ്റ്റിന്റേയും ജീവിതാനുഭവങ്ങള്‍ അയാളുടെ കലാസൃഷ്ടിയില് പ്രതിഫലിക്കുന്നത് സ്വാഭാവികമാണ്.
.jpg?$p=be2ba3b&&q=0.8)
പാലക്കാടാണ് രഞ്ജിന്റെ സ്വദേശം. എം. രാജേന്ദ്രന്, സുപ്രിയ രാജേന്ദ്രന് എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ ശില്പ തുളസിയും മകന് ഇന്ദ്രനീലുമൊത്ത്
കൊച്ചി കാക്കനാടാണ് രഞ്ജിന് താമസിക്കുന്നത്.
Content Highlights: Interview with Ranjin Raj music composer of movies Joseph, Kaanekkane, Night Drive, Wolf etc
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..