ഇന്നസെന്റിന്റെ കൊച്ചുമകന് സിനിമയില്‍ അരങ്ങേറാനൊരുങ്ങുന്നു. അപ്പാപ്പനൊപ്പമുള്ള രസകരമയ മുഹൂര്‍ത്തങ്ങളും സിനിമാവിശേഷങ്ങളും പങ്കുവെക്കുന്നു ജൂനിയര്‍ ഇന്നസെന്റ്.

ഇത്തവണത്തെ ക്രിസ്മസ് ഇന്നസെന്റിന്റെ കുടുംബത്തിന് അല്പം സ്പെഷ്യലായിരുന്നു. ഇന്നസെന്റിന്റെ കൊച്ചുമകൻ ജൂനിയർ ഇന്നസെന്റ് സിനിമയിൽ അരങ്ങേറുന്നു എന്നതായിരുന്നു ആ വിശേഷം. ഐ.എം. ഏലിയാസ് സംവിധാനംചെയ്യുന്ന ‘ഹായ് ഗായ്‌സ്’ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. പ്ലസ് ടു വിദ്യാർഥിയുടെ റോളാണ് ജൂനിയർ ഇന്നസെന്റിന്. അമീർ പള്ളിക്കൽ സംവിധാനംചെയ്യുന്ന ‘പ്രേം പാറ്റ’ എന്ന മറ്റൊരു സിനിമകൂടി ഒരുങ്ങുന്നുണ്ട് ഇന്നുവിന്റേതായി. സിദ്ദിഖ്, മമത മോഹൻദാസ്, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മലയാളികളെ ഏറെ ചിരിപ്പിച്ച ഇന്നസെന്റിന്റെ കുടുംബത്തിലെ പുതുതലമുറക്കാരനും സിനിമയിലേക്കെത്തുമ്പോൾ ഇരിങ്ങാലക്കുടയിലെ ‘പാർപ്പിടം’ വീട് ഏറെ സന്തോഷത്തിലാണ്. സിനിമാസ്വപ്നങ്ങളെക്കുറിച്ചും അപ്പാപ്പനൊപ്പമുള്ള ഓർമ്മകളെക്കുറിച്ചും ജൂനിയർ ഇന്നസെന്റ് മനസ്സുതുറക്കുന്നു...
‘‘അപ്പാപ്പന് ഞാൻ സിനിമയിൽ വരുന്നതിൽ താത്പര്യമായിരുന്നു. പക്ഷേ, റെക്കമെൻഡ് ചെയ്തിട്ടില്ല. സഹോദരി അന്നയ്ക്കാണ് സിനിമയിലേക്ക് ആദ്യ ഓഫർ വന്നത്. മഞ്ജു വാരിയരുടെ ചിത്രത്തിലേക്ക്. അന്നയ്ക്ക് താത്പര്യമില്ലാത്തതിനാൽ നടന്നില്ല’’ -ഇന്നസെന്റ് ജൂനിയർ സിനിമാവിശേഷങ്ങൾ പറഞ്ഞു.
കൊച്ചുമകന് ഇന്നസെന്റ് എന്ന പേരിട്ടതും അപ്പാപ്പൻതന്നെയാണ്. ‘‘വേറേ നല്ല പേരുകളൊന്നും കിട്ടിയില്ലേ?’’ എന്ന് പരാതിപറഞ്ഞിരുന്നു ഇന്നൂസ്. പക്ഷേ, മുതിർന്നപ്പോഴാണ് ആ പേരിന്റെ ‘പവർ’ മനസ്സിലായത്. ഒരിക്കൽ വൈവ നടത്തിയ ടീച്ചർ ഇന്നസെന്റ് എന്ന പേരു വായിക്കാനിടയായി. ഇന്നസെന്റിന്റെ സിനിമകളുടെ ആരാധികയായിരുന്നു അവർ. അതോടെ ഫുൾമാർക്കിൽ വൈവ പാസായി. വീട്ടിലെത്തിയ അപ്പാപ്പനെ കെട്ടിപ്പിടിച്ച് ഇന്നൂസ് നടന്ന സംഭവം പറഞ്ഞു. ‘ഇതൊക്കെ മുൻകൂട്ടിക്കണ്ടാണ് നിനക്ക് ഞാനെന്റെ പേരുതന്നെ ഇട്ടത്’ എന്ന ഭാവമായിരുന്നു ഇന്നസെന്റിന്.
ക്രിസ്മസിനും പിണ്ടിപ്പെരുന്നാളിനും ഇന്നസെന്റിന്റെ ഇരിങ്ങാലക്കുടയിലെ ‘പാർപ്പിടം’ വീട്ടിൽ ആളൊഴിഞ്ഞ നേരമുണ്ടാകില്ല. ബന്ധുക്കളും സുഹൃത്തുക്കളും അയൽക്കാരും പള്ളിയിൽ പോകുന്നവരും നാട്ടുകാരുമെല്ലാം വീട്ടിലെത്തും. ചിലർക്ക് ഒപ്പംനിന്ന് ഫോട്ടോയെടുക്കണം. മറ്റുചിലർക്ക് അവരെ ഏറെ ചിരിപ്പിച്ച നടനെ ഒന്ന് കണ്ടാൽമതി. ആരെയും നിരാശരാക്കില്ല ഇന്നസെന്റ്. വീട്ടിലേക്കു വിളിച്ച് സത്കരിച്ചേ വിടൂ.
വീട്ടിലെത്തിയാൽ ഇന്നസെന്റിന്റെ ലോകം കൊച്ചുമക്കളായ ജൂനിയർ ഇന്നസെന്റിനും അന്നയ്ക്കുമൊപ്പമായിരിക്കും. ‘‘ക്രിസ്മസിനുള്ള പുൽക്കൂട് നേരത്തേതന്നെ ഒരുക്കും. എങ്ങനെ വേണമെന്ന് അപ്പാപ്പൻ പറഞ്ഞുതരും. കേക്കും വൈനുമെല്ലാം തയ്യാറാക്കാൻ കൂടെയുണ്ടാകും. എല്ലാം റെഡിയായാൽ ഡൈനിങ് ടേബിളിൽ എടുത്തുവെച്ച് എല്ലാവരെയും വിളിച്ചുകൂട്ടും. രാത്രി ബന്ധുവീടുകളിലേക്ക് കറങ്ങാൻപോകും. അപ്പാപ്പനെ ഏറ്റവും ഹാപ്പിയായി കണ്ടിരുന്നത് ആ സമയങ്ങളിലാണ്’’ -ഇന്നസെന്റ് ജൂനിയർ ഓർക്കുന്നു. രണ്ടാമത് കാൻസർവന്ന് ഡൽഹിയിൽ ചികിത്സിക്കുമ്പോഴും കൊച്ചുമക്കളായിരുന്നു കൂട്ട്. ഏതാണ്ട് ആറുമാസത്തോളം സ്‌കൂളിൽനിന്ന് ലീവെടുത്ത് ഇന്നൂസും അന്നയും അപ്പാപ്പനൊപ്പം നിന്നു. മരുന്നിനൊപ്പം കൊച്ചുമക്കളുടെ കരുതലും സ്നേഹവും ഇന്നസെന്റിന് വേദനകളിൽനിന്ന് ആശ്വാസംനൽകി.
ഇന്നസെന്റ് ഏറെ ആഗ്രഹിച്ച കാര്യമായിരുന്നു പേരക്കുട്ടികളുടെ സിനിമാപ്രവേശനം. സമയമാകുമ്പോൾ എല്ലാം നടക്കും എന്ന് കരുതി അദ്ദേഹം. ഇപ്പോൾ ആ സമയമായിരിക്കുന്നു. എന്നാൽ, അതിന്റെ ഭാഗമാവാൻ അപ്പാപ്പൻ ഇല്ലാതെപോയല്ലോ എന്ന സങ്കടംമാത്രം. സ്വർഗത്തിലിരുന്ന് അപ്പാപ്പൻ എല്ലാം കാണുന്നുണ്ടെന്ന് വിശ്വസിക്കാനാണ് ജൂനിയർ ഇന്നസെന്റിന് ഇഷ്ടം.
Content Highlights: Innocent`s grandson, Junior Innocent, makes his acting debut this Christmas in `Hi Guys`
Published: 28 Dec 2025, 10:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented