ഹരിപ്പാട്ടുകാരൻ നിഷാദ് യൂസഫിന് ചെറുപ്പംമുതൽ സിനിമയോട് അടങ്ങാത്ത ആവേശമായിരുന്നു. വീടിനടുത്താണ് ഡാണാപ്പടിയിലെ എസ്.എൻ. തിയേറ്റർ. സിനിമകൾ ഒന്നുപോലും വിടാതെ കാണും. സിനിമ ജീവനാണെങ്കിലും ജീവിതമാക്കാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, ആ ചെറുപ്പക്കാരൻ പിന്നീട് ദക്ഷിണേന്ത്യൻ സിനിമാരംഗത്തെ വിലപിടിപ്പുള്ള ചിത്രസംയോജകനായി വളർന്നു.
തമിഴ്‌നടൻ സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം ‘കങ്കുവ’ യുടെ എഡിറ്റിങ് നിഷാദ് യൂസഫാണ്. ആദ്യം കണ്ടപ്പോൾ തമിഴ് സിനിമാലോകത്തേക്ക് സ്വാഗതമെന്ന് സൂര്യ പറഞ്ഞതിനെക്കുറിച്ച് നിഷാദ് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. സൂപ്പർഹിറ്റ് ചിത്രം തല്ലുമാല കണ്ടതായും സൂര്യ അന്ന് നിഷാദിനോട് പറഞ്ഞു. 2023-ലെ മികച്ച ചിത്രസംയോജകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നിഷാദിനെ തേടിയെത്തുന്നതും തല്ലുമാല എന്ന ചിത്രത്തിന്റെ എഡിറ്റിങ് മികവ് പരിഗണിച്ചാണ്.
ബിരുദത്തിനു പിന്നാലെ ആനിമേഷൻ പഠനത്തിനുപോയതാണു ജീവിതത്തിൽ വഴിത്തിരിവാകുന്നത്. ആനിമേഷൻ വിഷ്വൽ ഇഫക്ട്‌സിലും എഡിറ്റിങ്ങിലും കൈവെച്ചുതുടങ്ങി. പോസ്റ്റ് പ്രൊഡക്‌ഷൻ ഡിപ്ലോമയ്ക്കുശേഷം തിരുവനന്തപുരത്ത് എഡിറ്റിങ് സ്റ്റുഡിയോയിൽ ചേർന്നു. പിന്നീട്, ചാനലുകളിൽ ജോലിചെയ്തു. തുടർന്ന്, സീരിയൽ രംഗത്താണു കൈവെച്ചത്. സംവിധായകൻ വിനയനൊപ്പമാണു മലയാള സിനിമയിൽ തുടങ്ങിയത്. ‘രഘുവിന്റെ സ്വന്തം റസിയ’, ‘3 ഡി ഡ്രാക്കുള’ എന്നിവയുടെ എഡിറ്റിങ് നിർവഹിച്ചു. നിഷാദ് സ്പോട്ട് എഡിറ്റിങ് നിർവഹിച്ച ചിത്രങ്ങളാണ് ‘കുട്ടനാടൻ മാർപ്പാപ്പ’, ‘നോർത്ത് 24 കാതം’, ‘1971’ എന്നിവ. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘ഉണ്ട’, മമ്മൂട്ടിയുടെ മറ്റൊരു ചിത്രം ‘വൺ’ കെ.വി. താമർ സംവിധാനം ചെയ്ത ‘ആയിരത്തൊന്നു നുണകൾ’ എന്നിവയും ആളങ്കം, ‘സൗദി വെള്ളക്ക’, ‘ഓപ്പറേഷൻ ജാവ’ തുടങ്ങിയ ചിത്രങ്ങളുടെ സംയോജകനും നിഷാദാണ്. സൗദി വെള്ളക്ക എന്ന സിനിമയുടെ എഡിറ്റിങ് മികവിനു ഫിലിംക്രിട്ടിക്‌സ് പുരസ്കാരം ലഭിച്ചിരുന്നു.
ദൃശ്യങ്ങൾ ഉചിതമായ സംവിധാനത്തിൽ വിന്യസിക്കുമ്പോൾ മാത്രമാണ് സിനിമ മികച്ച അനുഭവമാകുന്നതെന്നു നിഷാദ് പറയുമായിരുന്നു.
ടെലിവിഷൻ ചാനലുകളിൽ എഡിറ്റിങ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നപ്പോൾ സിനിമയിലെത്താമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. പക്ഷേ, അതിനായി വർഷങ്ങൾ പരിശ്രമിക്കേണ്ടിവന്നു. എറണാകുളത്തായിരുന്നു താമസം. അവിടെ എഡിറ്റിങ് സ്റ്റുഡിയോ ഉൾപ്പെടെയുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ഹരിപ്പാട് തുലാംപറമ്പ് വടക്ക് നിഷാദ് മൻസിലിൽ വിമുക്തഭടൻ മുഹമ്മദ് യൂസഫിന്റെയും ലൈലയുടെയും മകനാണ്. ഭാര്യ: ഭാര്യ ചങ്ങനാശ്ശേരി സ്വദേശിനി ഷിഫ. മക്കൾ: സീദാൻ, ലിയാറ സീറ.
Content Highlights: How editor Nishadh Yusuf reached malayalam cinema
Published: 30 Oct 2024, 11:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented