-
കൊച്ചിക്കുമുണ്ടായിരുന്നു ഒരു ഹോളിവുഡ് നടന്‍... നടന്‍ മാത്രമായിരുന്നില്ല അദ്ദേഹം... ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഇംഗ്ലീഷ് സിനിമകള്‍ക്ക് തിരക്കഥ എഴുതി, 'ഹോളിവുഡി'ന്റെ ഭാഗമായി മാറിയ മനുഷ്യന്‍... ഹോളിവുഡിനെക്കുറിച്ച് മലയാളി അധികമൊന്നും കേള്‍ക്കാതിരുന്നകാലത്ത് ആ വിസ്മയലോകത്തെ കൈയെത്തിപ്പിടിച്ചത് കൊച്ചിക്കാരനായ 'തോമസ് ബെര്‍ളി'യാണ്. അദ്ദേഹത്തെ ഇപ്പോള്‍ കൊച്ചിക്കാര്‍ക്ക് അറിയില്ല. അതിലൊന്നും തോമസ് ബെര്‍ളിക്ക് പരാതിയുമില്ല. ഹോളിവുഡിലെ പുതിയ സിനിമകളും വിലയിരുത്തി ഫോര്‍ട്ടുകൊച്ചിയിലെ വീട്ടില്‍ വിശ്രമിക്കുകയാണ് ആ എണ്‍പത്താറുകാരന്‍.
1954-ല്‍ ആണ് തോമസ് ബെര്‍ളി ഹോളിവുഡിലെത്തുന്നത്. അക്കാലത്തുതന്നെ അദ്ദേഹം ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ചു. ഹോളിവുഡില്‍ മാത്രമല്ല, മലയാളത്തിലും തോമസ് ബെര്‍ളി നായകനായി സിനിമ ഇറങ്ങി. പക്ഷേ, മലയാളത്തിന്റെ സിനിമാ ചരിത്രത്തിലെവിടെയും തോമസ് ബെര്‍ളിയെക്കുറിച്ച് പറയുന്നില്ല.
അമ്പതുകളിലാണ് തോമസ് ബെര്‍ളി ഹോളിവുഡ് സിനിമയില്‍ അഭിനയിച്ചത്. അതിനുശേഷം ഏതെങ്കിലും ഒരു മലയാളിക്ക്, ഹോളിവുഡിന്റെ ആ മായികലോകത്തേക്ക് എത്താനായിട്ടുണ്ടാവുമോ എന്ന് സംശയമാണ്... അതൊരു ചരിത്രമായിരുന്നു. ഹോളിവുഡ് മലയാളികളുടെ സ്വപ്നത്തില്‍ പോലുമില്ലാതിരുന്ന കാലത്ത് അവിടെയെത്തി, സിനിമയില്‍ അഭിനയിച്ച കഥ തോമസ് ബെര്‍ളി പറയും. അത് ഒരു സിനിമാക്കഥ പോലെ നമുക്കത് കേട്ടിരിക്കാം.
സിനിമയുടെ ലോകത്തേക്ക് ഒരു ചുവട്
ഒരു സിനിമാനടനാകണമെന്ന് സ്വപ്നത്തില്‍പ്പോലും ആഗ്രഹിക്കാതിരുന്നയാളാണ് തോമസ് ബെര്‍ളി. കൊച്ചിയിലെ പുരാതന ക്രിസ്ത്യന്‍ കുടുംബമായ കുരിശിങ്കല്‍ തറവാട്ടിലെ കെ.ജെ. ബെര്‍ളിയുടെയും ആനി ബെര്‍ളിയുടെയും മകനാണ് തോമസ്. കൊച്ചിയില്‍ സ്വാതന്ത്ര്യസമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കെ.ജെ. ബെര്‍ളിയുടെ ജീവിതം, നാടിന്റെ ചരിത്രത്തിന്റെ ഭാഗമാണ്.
പഠിക്കുന്ന കാലത്ത് ചില നാടകങ്ങളില്‍ തോമസ് അഭിനയിച്ചിരുന്നു. ഇന്റര്‍ മീഡിയറ്റിന് ശേഷം ഭാവിയെക്കുറിച്ച് ചിന്തിച്ച് നടന്ന കാലം. ഒരു ദിവസം വിമല്‍കുമാര്‍ എന്ന സിനിമാ സംവിധായകന്‍ അപ്രതീക്ഷിതമായി കുരിശിങ്കല്‍ തറവാട്ടിലെത്തി. 'സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ...?' തോമസ് ബെര്‍ളിയെ കണ്ടതോടെ വിമല്‍കുമാറിന്റെ ചോദ്യം.
തോമസ് അമ്പരന്നു. 'അപ്പച്ചനോട് ചോദിച്ചിട്ട് പറയാം' എന്നായി. ഒടുവില്‍ സിനിമയിലേക്ക് പോകാന്‍ തന്നെ തീരുമാനിച്ചു. മേക്കപ്പ് ടെസ്റ്റിന് തിരുവനന്തപുരത്തേക്ക് പോകുമ്പോള്‍, കൊച്ചിയിലെ പ്രമുഖ നാടകക്കാരനായ എഡ്ഡിമാസ്റ്ററെയും കൂട്ടി. നേരത്തെതന്നെ പരിചയമുണ്ടായിരുന്ന രാമു കാര്യാട്ടും ഒപ്പമുണ്ടായിരുന്നത്രെ.
മലയാള സിനിമയില്‍ നായകന്‍
മേക്കപ്പ് ടെസ്റ്റ് വിജയം. സിനിമയില്‍ നായകന്‍ തോമസ് ബെര്‍ളി തന്നെ. 1953-ലായിരുന്നു അത്. 'തിരമാല' എന്ന ആ ചിത്രം വിമല്‍കുമാറാണ് സംവിധാനം ചെയ്തത്. രാമു കാര്യാട്ടിന് സഹസംവിധാന ചുമതലയും കിട്ടി. ടി.എന്‍. ഗോപിനാഥന്‍ നായരുടെ 'ചൂണ്ടക്കാരന്‍' എന്ന കഥയെ ആസ്പദമാക്കി രൂപംകൊടുത്ത സിനിമയായിരുന്നു അത്. പ്രമുഖ നടന്‍ സത്യന്‍ ഈ സിനിമയില്‍ വില്ലന്‍ റോളിലായിരുന്നു. ഭാസ്‌കരന്‍ മാഷാണ് പാട്ടെഴുതിയത്. കുമാരി തങ്കം ആയിരുന്നു നായിക. പടം ഹിറ്റായി. പാട്ടുകളും ജനം സ്വീകരിച്ചു.
ആദ്യസിനിമ വിജയിച്ചതോടെ, ആരംഗത്ത് പിടിച്ചുനില്‍ക്കാന്‍ തോമസ് തീരുമാനിച്ചെങ്കിലും സാഹചര്യങ്ങള്‍ അനുകൂലമായില്ല. പഠനം തുടരാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഇതോടെ പഠനത്തിലേക്ക് വഴിമാറാന്‍ തോമസ് തീരുമാനിച്ചു.
പഠിച്ചത് സിനിമ
'പഠിക്കാം, പക്ഷേ, അത് സിനിമതന്നെയാകണം.' ഈ തീരുമാനം തോമസ് വീട്ടുകാരെ അറിയിച്ചു. 'എന്തായാലും പഠിക്കണം' എന്നായിരുന്നു അവരുടെ നിര്‍ദേശം. സിനിമയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തോമസ് തീരുമാനിച്ചു. അങ്ങനെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലേക്ക് തോമസ് ഒരു കത്തയച്ചു. 'തിരമാല'യില്‍ അഭിനയിച്ച പരിചയവും വിമല്‍കുമാര്‍ എന്ന സംവിധായകന്റെ കത്തും ചേര്‍ത്താണ് അയച്ചത്. ഭാഗ്യം, കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന്‍ തരപ്പെട്ടു.
ഇന്നത്തെപ്പോലെ യാത്രാസൗകര്യങ്ങളൊന്നുമില്ലാത്ത കാലം. വിമാനങ്ങളില്‍ കയറി പലയിടത്തും ഇറങ്ങിയും വീണ്ടും കയറിയുമാണ് പോകേണ്ടത്. രണ്ടാഴ്ച യാത്രചെയ്താണ് ലോസ് ആഞ്ജലിസില്‍ എത്തിയത്. വെസ്റ്റ് ഹുഡ് എന്ന സ്ഥലത്തെത്തി അവിടെ ഒരു ഹോട്ടലില്‍ താമസിച്ചു. അവിടെ വച്ചാണ് ആദ്യമായി ടെലിവിഷന്‍ കണ്ടതെന്ന് തോമസ് ഓര്‍ക്കുന്നു.
പഠിച്ചത് സംവിധാനം
അങ്ങനെ തോമസ് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ സിനിമാപഠനം തുടങ്ങി. സംവിധാനത്തിന്റെയും നിര്‍മാണത്തിന്റെയും വിവിധ വശങ്ങളാണ് പഠിച്ചത്. വിദ്യാര്‍ഥികളെക്കൊണ്ട് തിരക്കഥ എഴുതിക്കുന്ന രീതിയുണ്ടായിരുന്നു. ആ തിരക്കഥകള്‍ യൂണിവേഴ്സിറ്റി, വിവിധ സ്റ്റുഡിയോകള്‍ക്ക് അയച്ചുകൊടുക്കും. അവര്‍ക്ക് തിരക്കഥ ഇഷ്ടപ്പെട്ടാല്‍ പ്രതിഫലം ലഭിക്കും. അവര്‍ അത് സിനിമയാക്കുകയും ചെയ്യും. തോമസ് നിരന്തരം കഥകളെഴുതി. ചില സിനിമകള്‍ക്ക് തിരക്കഥയുമെഴുതി.
അക്കാലത്ത് തോമസ് ബെര്‍ളി എഴുതിയ ഒരു തിരക്കഥ കണ്ട് 'കിങ് ബ്രദേഴ്സ്' എന്ന സിനിമാക്കമ്പനിക്കാര്‍ അദ്ദേഹത്തെ വിളിച്ചു. തിരക്കഥ സിനിമയാക്കാന്‍ താത്പര്യമുണ്ടെന്ന് അവര്‍ അറിയിച്ചു. 'മായ' എന്ന പേരില്‍ അത് സിനിമയാക്കി. തോമസ് ബെര്‍ലിക്ക് അതിന് പ്രതിഫലമായി 2,500 ഡോളറാണ് അന്ന് കിട്ടിയത്. ഇതേ തുടര്‍ന്ന് 15 വര്‍ഷത്തോളം ബെര്‍ലി പല സിനിമ-ടെലിവിഷന്‍ സ്ഥാപനങ്ങളിലും ജോലിചെയ്തു. ഇക്കാലത്ത് പല ഹോളിവുഡ് സിനിമകളിലും അഭിനയിച്ചു.
ആരുമറിയാതെ ഹോളിവുഡ് സിനിമാക്കാരന്‍
തോമസ് ബെര്‍ളി ഇപ്പോഴും കൊച്ചിയിലുണ്ട്. ഒരു സിനിമയില്‍ മുഖംകാണിക്കുമ്പോള്‍ത്തന്നെ, പൊങ്ങച്ചത്തിന്റെ മേലങ്കി എടുത്തണിയുന്നവരുടെ ഇടയില്‍നിന്ന് മാറിനടക്കുകയാണദ്ദേഹം. 'ഹോളിവുഡ് ഒരു മരീചിക' എന്ന പേരില്‍ അദ്ദേഹത്തിന്റെ സിനിമാജീവിതം പുസ്തകമായി പുറത്തിറങ്ങിയിട്ടുണ്ട്.
ഫോര്‍ട്ടുകൊച്ചിയിലെ വീട്ടില്‍ സിനിമയുടെ പുതിയ കാലത്തെ കൗതുകപൂര്‍വം വീക്ഷിച്ച് കഴിയുകയാണദ്ദേഹം. മലയാള സിനിമാലോകം ഇനിയും അറിയാത്ത ഹോളിവുഡ് ടെക്നിക്കുകള്‍ മനഃപാഠമാക്കിയ അദ്ദേഹം സിനിമകളെ സൂക്ഷ്മമായി വിലയിരുത്തുന്നു... സിനിമയാണ് ഇപ്പോഴും ആ മനസ്സില്‍.
പുതിയൊരു മലയാള സിനിമയുടെ പണിപ്പുരയിലാണ് ആദ്ദേഹം. കഥയും തിരക്കഥയും അദ്ദേഹം തയ്യാറാക്കുന്നു. പുതിയ ചെറുപ്പക്കാര്‍ക്കും ഇഷ്ടമാകുന്ന സിനിമയാകും ഇതെന്ന് തോമസ് ബെര്‍ളി പറയുന്നു.
മലയാളത്തില്‍ സംവിധായകന്‍
അമേരിക്കയില്‍ നിന്ന് മടങ്ങി, 10 വര്‍ഷത്തിന് ശേഷം ബെര്‍ളി വീണ്ടും സിനിമയിലെത്തി. 'ഇത് മനുഷ്യനോ' എന്ന സിനിമ അദ്ദേഹം സംവിധാനം ചെയ്തു. ഹോളിവുഡ് പാഠങ്ങളില്‍നിന്ന് പഠിച്ച ടെക്നിക്കുകള്‍ ആ പടത്തില്‍ അദ്ദേഹം പരീക്ഷിച്ചു. ഉമ്മറായിരുന്നു ഈ സിനിമയില്‍ നായകന്‍.
12 വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം വീണ്ടും മലയാള സിനിമ സംവിധാനം ചെയ്തു. 'വെള്ളരിക്കാപ്പട്ടണം' എന്ന ആ സിനിമയും ശ്രദ്ധേയമായി. ഈ ചിത്രത്തിന്റെ സംഗീത സംവിധാനവും ബെര്‍ളിയാണ് നിര്‍വഹിച്ചത്. ഇതിലെ പാട്ടുകള്‍ ഹിറ്റായി. പ്രേംനസീര്‍ അഭിനയിച്ച മുഴുനീള ഹാസ്യചിത്രമായിരുന്നു ഇത്. സിനിമ വലിയ വിജയമായി.
Content Highlights : hollywood actor director thomas berly kochi interview
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..