
സ്വന്തം പേരിൽ അല്ലാതെ ചെയ്ത കഥാപാത്രത്തിന്റെ പേരിൽ ലോകം മുഴുവൻ അറിയപ്പെടുക, ജനഹൃദയങ്ങളിൽ ഇടം നേടുകയെന്നത് വളരെക്കുറച്ച് താരങ്ങൾക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. അത്തരമൊരു ഭാഗ്യം ആവോളം ആസ്വദിച്ച നടനായിരുന്നു മാത്യു പെറി, ആരാധകരുടെ സ്വന്തം 'ചാൻഡ്ലർ ബിങ്', സർക്കാസത്തിന്റെ ഐക്കൺ.
'ഫ്രണ്ട്‌സ്' എന്ന ജനപ്രിയ സിറ്റ്-കോം സീരീസിലൂടെ പ്രശസ്തനായ മാത്യു പെറിയുടെ വിയോഗം കോടിക്കണക്കിന് ആരാധകരെയാണ് കണ്ണീരിലാഴ്ത്തിയത്. സീരീസ് കണ്ടിട്ടില്ലാത്തവർക്കുപോലും മീമുകളിലൂടെയും മറ്റും സുപരിചിതനാണ് മാത്യു പെറി. സർക്കാസം പോസ്റ്റുകളിൽ നിറഞ്ഞുനിന്നിരുന്ന താരം, ഫ്രണ്ട്ഷിപ്പ് പോസ്റ്റുകളിലെ ഉള്ളുതൊടുന്ന ഡയലോഗുകളിൽ പലതിലും ചാൻഡ്ലർ ബിങ്ങിന്റെ കെെയൊപ്പ് പതിഞ്ഞിരുന്നു.
'ഫ്രണ്ട്‌സി'ലൂടെ ചിരിപ്പിച്ച ഈ അമേരിക്കൻ-കനേഡിയൻ താരത്തിൻ്റെ ജീവിതം അത്രകണ്ട് സുഖകരമായിരുന്നില്ല. ചാൻഡ്ലർ ബിങ് എന്ന ഐക്കോണിക് കഥാപാത്രം ജനഹൃദയങ്ങളിലെത്തിച്ച നടന് ലഹരിയിൽ അടിമപ്പെട്ട, അതിന്റെ പിടിയിൽ ആടിയുലഞ്ഞ ജീവിത കഥകൂടി പറയാനുണ്ടായിരുന്നു. ആരാധകർ പോലും മറക്കാൻ ആഗ്രഹിക്കുന്ന ആ ഇരുണ്ട കാലഘട്ടത്തിലൂടെ ഏറെനാൾ സഞ്ചരിക്കുകയും പിന്നീട് ശക്തമായി അതിജീവിക്കുകയും ചെയ്തിരുന്നു അദ്ദേഹം. മാത്യു പെറിയുടെ ജീവിതവും ഫ്രണ്ട്സ് എന്ന സീരിസും ഒരിക്കലും രണ്ടായിക്കാണാനാകില്ല. ചാൻഡ്ലർ എന്ന കഥാപാത്രത്തിന്റെ ഛായ തന്റെ ജീവിതത്തിലുമുണ്ടായിരുന്നെന്ന് മാത്യു പറഞ്ഞിട്ടുള്ളതും ആരാധകരുടെ ഓർമയിലുണ്ടാകും.
പത്താം വയസിൽ അഭിനയത്തിലേയ്ക്ക്, ടെന്നീസും പ്രിയം
മോഡലും അമേരിക്കൻ നടനായിരുന്ന ജോൺ ബെന്നറ്റിന്റേയും മാധ്യമപ്രവർത്തകയായിരുന്ന സൂസൻ പെറിയുടേയും മകനായി 1969 ഓഗസ്റ്റ് 19-ന് അമേരിക്കയിലാണ് മാത്യുവിൻ്റെ ജനനം. അമ്മ സൂസൻ പെറിക്കൊപ്പം കാനഡയിലെ ഒട്ടാവയിലാണ് വളർന്നത്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പിതാവും മുൻ കനേഡിയൻ പ്രധാനമന്ത്രിയുമായിരുന്ന പിയറി ട്രൂഡോയുടെ പ്രസ് സെക്രട്ടറിയായിരുന്നു സൂസൻ. ജോൺ ബെന്നറ്റുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം സൂസൻ ബ്രോഡ്താസ്റ്റ് ജേണലിസ്റ്റായിരുന്ന കീത്ത് മോറിസണെ വിവാഹം കഴിച്ച ശേഷം ടൊറന്റോയിലും മോണ്ട്റിയലിലുമായിട്ടായിരുന്നു മാത്യു വളർന്നത്.
Hi, I'm Chandler, I make jokes when I'm uncomfortable - Chandler Bing
1979-ല്‍ പുറത്തിറങ്ങിയ ‘240 റോബര്‍ട്ട്’ എന്ന സീരീസിലൂടെ ബാലതാരമായാണ് മാത്യു വിനോദരംഗത്തേയ്ക്ക് അരങ്ങേറുന്നത്. പതിനഞ്ചാം വയസ്സിൽ അച്ഛൻ ജോണിനൊപ്പം ലോസ് ആഞ്ജലീസിലേയ്ക്ക് താമസം മാറിയതോടെയാണ് മാത്യുവിന്റെ അഭിനയ കരിയറിന് നിറം വെക്കുന്നത്. ലോസ് ആഞ്ജലീസിൽ അഭിനയം പഠിക്കാനാരംഭിച്ച മാത്യു ഹെെസ്കൂൾ കാലത്ത് തീയേറ്റർ അഭിനയത്തിൽ ശ്രദ്ധ പുലർത്തി, ഓഡിഷനുകളിൽ പങ്കെടുത്തുതുടങ്ങി. തമാശയ്ക്കായിരുന്നു അന്നേ മാത്യു പ്രാധാന്യം നൽകിയിരുന്നത്, അതായിരുന്നു ജീവിതത്തിലെ ആശ്വാസവും.

ബിരുദ പഠനത്തിന് ശേഷമാണ് ‘സെക്കന്റ് ചാൻസ്‘ എന്ന ടി.വി സീരിസിൽ അഭിനയിക്കാനുള്ള അവസരം മാത്യുവിന് ലഭിക്കുന്നത്. പിന്നാലെ 1988-ൽ ‘എ നെെറ്റ് ഇൻ ദി ലെെഫ് ഓഫ് ജിമ്മി റിയർഡൺ‘ എന്ന ചിത്രത്തിലൂടെ സിനിമ കരിയർ ആരംഭിച്ചു. ‘ഗ്രോയിങ് പെയിൻസ്‘ എന്ന സീരിസിലും ഒരു ചെറിയ വേഷം ചെയ്തു. ‘ചാൾസ് ഇൻ ചാർജ്’, ‘സിൽവർ സ്പൂൺ’ എന്നീ പ്രസിദ്ധ സിറ്റ്കോമുകളുടെ ഭാഗമായി. 1990-ൽ ‘സിഡ്നി‘ എന്ന സിറ്റ്കോമിൽ സുപ്രധാന വേഷം, 1993-ൽ മറ്റൊരു സിറ്റ്കോമായ ‘ഹോം ഫ്രീ‘യിലെത്തി.
അഭിനയത്തിന്റെ കരിയർ ഗ്രാഫ് മെല്ലെ ഉയരുന്നതിനിടെയാണ് 1994-ൽ ജീവിതത്തിലെ വഴിത്തിരിവായ ‘ഫ്രണ്ട്സി‘ലേയ്ക്കുള്ള വാതിൽ മാത്യുവിന് മുന്നിൽ തുറക്കുന്നത്. ആറ് പ്രധാന കഥാപാത്രങ്ങളുള്ള സീരിസിലെ ചാൻഡ്ലർ എന്ന വേഷമായിരുന്നു ഓഫർ. വളരെപ്പെട്ടെന്ന് ചാൻഡ്ലറിനേയും കൂട്ടുകാരേയും ആരാധകർ ഏറ്റെടുത്തു. ഭൂരിഭാഗം ആളുകൾക്കും 'ഫ്രണ്ട്സി'ലൂടെയാണ് മാത്യു സുപരിചിതനായതെങ്കിലും ‘ഷി ഈസ് ഔട്ട് ഓഫ് കണ്‍ട്രോള്‍’, ‘ദി കിഡ്’, ‘സെര്‍വിങ് സാറ’, ‘ഫൂള്‍സ് റഷ് ഇന്‍’, ‘ദി വോള്‍ നയണ്‍ യാര്‍ഡ്സ്’, ‘17 ഇയേഴ്‌സ്’ തുടങ്ങി നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. കരിയറിൽ അഞ്ച് തവണയാണ് മാത്യു എമ്മി നോമിനേഷൻ നേടിയത്.

ചാൻഡ്ലർ ബിങ് എന്ന സർക്കാസം കിങ്ങും ഫ്രണ്ട്സും
പത്ത് സീസണും 234 എപ്പിസോഡുകളുമുള്ള വലിയൊരു സീരിസായിട്ട് കൂടി 'ഫ്രണ്ട്സ്' പല തവണ കണ്ടുതീർത്തവർ ഏറെയാണ്. 1994 സെപ്റ്റംബർ 22-ന് പുറത്തിറങ്ങി, 2004 മേയ് ആറിന് അവസാനിച്ച ഈ സിറ്റ്കോം എന്തുകൊണ്ടിത്ര ജനപ്രിയമായി എന്ന് ആ സീരിസ് കാണാത്ത പലർക്കും സംശയമുണ്ടാകാം. സ്റ്റാറ്റസുകളിലും ഡിപികളിലും ഒക്കെ സുഹൃത്തുക്കളുടെ കഥ പറഞ്ഞ ഒരു സീരിസ് ഇത്രയും വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ടാവും പ്രേക്ഷകർ മനസ്സിൽ കൊണ്ടുനടക്കുന്നതെന്ന് ചോദ്യങ്ങളും ഒട്ടേറെ തവണ ഉയർന്നിട്ടുള്ളതാണ്. ഫ്രണ്ട്സ് ഇത്രത്തോളം ജനപ്രിയമാകുന്നതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരുടെ പങ്ക് വളരെ വലുതായിരുന്നു. റേച്ചൽ, ചാൻഡ്ലർ, മോണിക്ക, ഫീബി, ജോയ്, റോസ് എന്നീ കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളും ഇന്നും സുഹൃത്തുക്കൾ തമ്മിലുള്ള സംഭാഷണങ്ങളിൽ കടന്നുവരാറുണ്ട്. ഒരൊറ്റ കഥാപാത്രത്തിലൂന്നി മുന്നോട്ട് പോകുന്ന സീരീസല്ലായിരുന്നതിനാൽ ഓരോ കഥാപാത്രങ്ങൾക്കും അവരുടേതായ ആരാധകവൃന്ദവും സ്വന്തമായിട്ടുണ്ട്. കൂട്ടത്തിൽ ടെൻഷൻ അടിപ്പിക്കുന്ന കാര്യങ്ങളെപോലും ലളിതമായി കാണുന്ന, അതിൽ നർമം കണ്ടെത്തുന്ന കഥാപാത്രമായിരുന്നു ചാൻഡ്ലർ ബിങ്. ചില മുഖഭാവങ്ങൾ പോലും ചിരിപടർത്തുന്നവയായിരുന്നു.

ഫ്രണ്ട്സിലെ ചാൻഡ്ലർ - ജോയ് കോംബോ ഒരുപാട് പേർക്ക് പ്രിയപ്പെട്ടതാണ്. ഇന്നും പല ചിത്രങ്ങളിലും സൗഹൃദത്തിനെക്കുറിച്ച് പറയുമ്പോൾ ഇവരുടെ റെഫറെൻസുകൾ കാണാം. അത്രയ്ക്ക് സ്വാധീനം പ്രേക്ഷകർക്കിടയിൽ ഈ ജോഡിയുണ്ടാക്കിയിട്ടുണ്ട്. കണ്ടുകളയാവുന്ന വെറുമൊരു സീരിസ് മാത്രമല്ല ഫ്രണ്ട്സ്. കഥാപാത്രങ്ങളുടെ ഡ്രെസിങ്ങ് സ്റ്റെെൽ മുതൽ ഡയലോഗുകൾ വരെ ഒരുകാലത്തുണ്ടാക്കിയ ഓളം ചെറുതല്ല. ഗിഫ്റ്റുകളിലും ക്രിസ്മസ് കാർഡുകളിലും കോഫി മഗ്ഗുകളിലും ടീ ഷർട്ടുകളിലും സ്റ്റാറ്റസുകളിലും സ്റ്റിക്കറുകളിലുമൊക്കെ ഇന്നും ഫ്രണ്ട്സ് തരംഗമുണ്ടെന്നത് തന്നെയാണ് ഈ സീരിസിന്റെ വിജയവും. ഗൂഗിളിൽ ഈ കഥാപാത്രങ്ങളുടെ പേരടിച്ചാൽ പോലും കൗതുകം നിറഞ്ഞ നിരവധി കാഴ്ചകൾ കാണാനാകും. 2002-ലെ മികച്ച ഹാസ്യപരമ്പരയ്ക്കുള്ള എമ്മി അവാർഡ് ‘ഫ്രണ്ട്സ്’ നേടിയപ്പോൾ ഹാസ്യപരമ്പരയിലെ മികച്ച നായക നടനുള്ള എമ്മി നോമിനേഷനിൽ മാത്യുവുമുണ്ടായിരുന്നു.

ചാൻഡ്ലറെ പോലൊരു സുഹൃത്തിനെ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. സുഹൃത്തിന്റെ തെറ്റുകൾ മുഖത്ത് നോക്കി പറയുന്ന, വിഷമിക്കുന്നവർക്ക് ചായാൻ ഒരു തോളു നൽകുന്ന, ഏതൊരു പ്രതിസന്ധി ഘട്ടത്തിലും കൂടെ കാണുമെന്ന് ഉറപ്പിച്ച് പറയാനാകുന്ന സുഹൃത്ത്. ചുരുങ്ങിയ വാക്കുകളിലുള്ള തമാശകളാണ് ചാൻഡ്ലറിന്റെ പ്രത്യേകത. അപരിചിതരെ കാണുമ്പോൾ വീർപ്പുമുട്ടുന്ന, അസ്വസ്ഥനാകുമ്പോൾ തമാശ പറയുന്ന ചാൻഡ്ലർ ലോകസീരിസ് ചരിത്രത്തിലെ എണ്ണം പറഞ്ഞ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണെന്നതിൽ സംശയമില്ല. ചെയ്തുഫലിപ്പിക്കാൻ പ്രയാസമുള്ള ചാൻഡ്ലറിനെ ആരാധകർ നെഞ്ചിലേറ്റിയതിൽ മാത്യു പെറിയെന്ന അഭിനേതാവിന്റെ കഠിനാധ്വാനവും കഴിവും വളരെ വലുതായിരുന്നു. ഫ്രണ്ട്സിന്റെ കഥ കേട്ടപ്പോൾ ഈ കഥാപാത്രം തന്നെ സംബന്ധിച്ച് വേറിട്ട് നിന്നിരുന്നുവെന്ന് മാത്യു പറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ താൻ ശരിക്കും ചാൻഡ്ലർ തന്നെയായിരുന്നുവെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്.
ലഹരി വരിഞ്ഞുമുറുക്കിയ ഇരുണ്ട കാലം, അഭിനയിച്ചത് പോലും ഓർമയില്ലാത്ത സീസണുകൾ
1994 മുതൽ 2004 വരെ പ്രദർശിപ്പിച്ചിരുന്ന ഫ്രണ്ട്സ് പിന്നീടുള്ള വർഷങ്ങളിൽ ഒറ്റ മാസം കൊണ്ടൊക്കെ കണ്ടുതീർത്തവർ ഒരുപാടുണ്ടാകും. 2023ലും ഫ്രണ്ട്സ് ആദ്യമായി കാണുന്നവരേയും പത്താമത്തെ തവണ കണ്ടുതുടങ്ങുന്നവരേയും ഒക്കെ ചുറ്റിലും കാണാം. ചാൻഡ്ലറിന്റേയും മോണിക്കയുടേയും ഒക്കെ യൗവ്വനകാലം അതേപ്രായത്തിൽ ആഘോഷപൂർവം കണ്ട തലമുറയ്ക്ക് സ്വന്തം മാറ്റവും ഇവരുടെ മാറ്റവും ഒക്കെ ഒരേസമയമായിരുന്നു, അവർക്ക് ഒരുപക്ഷേചാൻഡ്ലറിന്റെ വിയോഗം തന്റെ ജീവിതത്തിലെ സുഹൃത്ത് നഷ്ടമായത് പോലെയായിരിക്കും. ഒരുപാടുപേരുടെ ജീവിതത്തിൽ അത്രയ്ക്ക് സ്വാധീനം ചെലുത്താൻ ആ കഥാപാത്രത്തിന് സാധിച്ചിരുന്നു.
I'm not great at giving advice. Can I interest you in a sarcastic comment? - Chandler Bing
എപ്പോഴും പ്രസരിപ്പോടെ കാണപ്പെട്ടിരുന്ന കഥാപാത്രമായിരുന്നു ചാൻഡ്ലർ. തമാശയോടെ കാര്യങ്ങൾ കണ്ടിരുന്ന, സൗഹൃദത്തിന് മുൻഗണന നലകിയയാൾ. നല്ലൊരു പാർട്ണർ കൂടിയാണെന്ന് തെളിയിക്കാനും ചാൻഡ്ലറിനായിട്ടുണ്ട്. പക്ഷേ ചാൻഡ്ലറായി ലോകം ആഘോഷിക്കുമ്പോഴും മാത്യു പെറിയുടെ ജീവിതം വെല്ലുവിളി നിറഞ്ഞതായിരുന്നു. പെട്ടൊന്നൊരു സീസണിൽ ചാൻഡ്ലറിന്റെ രൂപത്തിലുണ്ടായ മാറ്റം പോലും ഫ്രണ്ട്സ് കണ്ട ഭൂരിഭാഗം പ്രേക്ഷകരേയും അക്കാലത്ത് ഞെട്ടിച്ചിരുന്നു. പ്രായമേറിയപ്പോൾ പലപ്പോഴും അവശനായി കാണപ്പെട്ടിരുന്ന മാത്യു പെറിയുടെ ചിത്രങ്ങൾ ആരാധകർക്കിടയിൽ ചർച്ചകളുമായിരുന്നു.

കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴും വർഷങ്ങളോളം മാത്യു പെറിയെ തളർത്തിയത് ലഹരിയായിരുന്നു. ലഹരിയിൽ നിന്ന് മുക്തനാകാൻ പലതവണ താരം ചികിത്സതേടുകയും ചെയ്തു. ഫ്രണ്ട്സിന്റെ ചിത്രീകരണ സമയത്ത് കടുത്ത ഉത്കണ്ഠ അനുഭവിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ലഹരിക്ക് അടിമപ്പെട്ട കാലഘട്ടത്തിൽ ഫ്രണ്ട്‌സിലെ മൂന്ന് മുതൽ ആറ് വരെയുള്ള സീസണിൽ അഭിനയിച്ചതുപോലും ഓർമയില്ലെന്നും മാത്യു ഒരിക്കൽ പറഞ്ഞിട്ടുണ്ട്. പിൽക്കാലത്ത് ലഹരിയിൽ നിന്ന് പൂർണമായും മുക്തനായെന്ന് വെളിപ്പെടുത്തിയ മാത്യു പെറി താൻ ഇതിനായി ധാരാളം പണവും ചെലവാക്കിയിരുന്നു. 1997-ലും 2001-ലും ലഹരിയിൽ നിന്ന് മുക്തനാകാൻ മാത്യു നീണ്ട നാൾ ചികിത്സ തേടി. ആറായിരത്തോളം അജ്ഞാത മദ്യവിമുക്ത യോഗങ്ങളിൽ പങ്കെടുക്കുകയും മുപ്പത് വർഷത്തോളം ആഴ്ചയിൽ രണ്ടുവട്ടമെന്ന കണക്കിൽ തെറാപ്പികളുടെ ഭാഗമാവുകയും ചെയ്തിരുന്നു.
ലഹരിയുടെ അടിമയായാൽ ജീവിതത്തിലുണ്ടാകുന്ന സംഘർഷങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന മാത്യു പെറി മറ്റുള്ളവരെ ലഹരിയിൽ നിന്ന് മുക്തമാകുന്നതിൽ സഹായിക്കാനും ഒരുക്കമായിരുന്നു. 'എനിക്ക് മദ്യപാനം നിർത്താൻ കഴിയില്ല, നിങ്ങൾക്ക് എന്നെ സഹായിക്കാമോ' എന്ന് ആരെങ്കിലും തന്നോട് ചോദിച്ചാൽ 'അതെ' എന്നായിരിക്കും തന്റെ മറുപടിയെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. 2001-ന് ശേഷം താൻ മദ്യപാനം ഏറെക്കുറെ ഉപേക്ഷിച്ചുവെന്ന സത്യമറിയുമ്പോൾ ആളുകൾ ആശ്ചര്യപ്പെടുമെന്നും മാത്യു പെറി പറഞ്ഞിട്ടുണ്ട്.

ലഹരിയിൽ നിന്ന് ഏറെക്കുറി മുക്തി നേടിയപ്പോഴും മാത്യു വെറുതെയിരിക്കാൻ ഒരുക്കമായിരുന്നില്ല. മദ്യപാനത്തിന് അടിമയായവരെ തിരികെ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ അദ്ദേഹം ആരംഭിച്ചു. ഇവരെ സഹായിക്കാനായി മാലിബുവിൽ പെറി ഹൗസ് എന്ന ഫെസിലിറ്റി മാത്യു തുടങ്ങി. ഈ പ്രോജക്ടിന് അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ലഹരിയെ ആസ്പദമാക്കി ‘ദി എൻഡ് ഓഫ് ലോങ്ങിങ്‘ എന്ന നാടകവും മാത്യു രചിച്ചു.
I wanted to start drinking in the morning. Don't say that I don't have goals - Chandler Bing
ലഹരിയോട് മാത്രമല്ല, ഏകാന്തതയോടുമുള്ള പോരാട്ടമായിരുന്നു മാത്യു പെറിയുടെ ജീവിതം. മറ്റുള്ളവരെ സഹായിക്കുന്നതിൽ തൽപരനായിരുന്ന അദ്ദേഹം മിക്കപ്പോഴും പക്ഷേ ഏകനായാണ് കാണപ്പെട്ടിരുന്നത്. മരിക്കുന്നതിന് മുൻപുള്ള നാളുകളിലൊക്കെയും തന്റെ വീട്ടിൽ ഒറ്റയ്ക്ക് സമയം ചെലവഴിക്കാനായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. 2020-ൽ മാലിബിലുള്ള വീട് വിറ്റ് മാത്യു ലോസ് ആഞ്ജലീസിൽ വീട് വാങ്ങി, ഇവിടെ വെച്ചായിരുന്നു അന്ത്യവും. മാനസികാരോഗ്യത്തിന് പുറമേ കടുത്ത ശാരീരിക അസ്വസ്ഥതകളും മാത്യു നേരിട്ടിരുന്നു. 2019-ൽ വൻകുടലിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ രണ്ടാഴ്ചക്കാലം കോമയിലായിരുന്ന അനുഭവവും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു.

മാത്യു പെറിയുടെ മരണം പോലെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റും ആരാധകർക്ക് ഒരു നൊമ്പരമായി മാറിയിരിക്കുകയാണ്. ഹോട് ടബ്ബിൽ കിടക്കുന്ന ചിത്രമായിരുന്നു അദ്ദേഹം അവസാനമായി പങ്കുവെച്ചത്. ബാറ്റ്മാൻ റെഫറൻസുകൾ ഇഷ്ടമായിരുന്ന, ആരാധകനായിരുന്ന മാത്യു സ്വയം ‘മാറ്റ്മാൻ‘ എന്നാണ് പലപ്പോഴും വിശേഷിപ്പിക്കാറുണ്ടായിരുന്നത്. ഒന്നിലേറെ സ്നേഹബന്ധങ്ങളുണ്ടായിരുന്നെങ്കിലും ദീർഘകാലം ഒന്നും നിലനിർത്താൻ മാത്യുവിന് സാധിച്ചിട്ടില്ല, വിവാഹജീവിതത്തോടും മുഖം തിരിച്ചു. ആളുകളോട് കൂടുതൽ അടുക്കാൻ അദ്ദേഹം വിമുഖത കാണിച്ചിരുന്നു. 'എനിക്ക് സ്നേഹം വേണം, പക്ഷേ എനിക്കതിൽ വിശ്വാസമില്ല', മാത്യുവിൻ്റെ വാക്കുകൾ.
തനിച്ചായ ബാല്യകാലം, നൊമ്പരപ്പെടുത്തിയ ആത്മകഥ
ഈയടുത്ത് പുറത്തിറങ്ങിയ മാത്യുവിന്റെ ആത്മകഥ വലിയ രീതിയിൽ ചര്‍ച്ചയായിരുന്നു. ഹോളിവുഡിലെ ചില നിഗൂഢ രഹസ്യങ്ങളെക്കുറിച്ച് മാത്യു പെറി ആത്മകഥയിൽ വെളിപ്പെടുത്തിയതോടെ പലർക്കും താരത്തിനോട് കടുത്ത അമർഷമുണ്ടായി. താൻ മരിച്ചുകഴിഞ്ഞാൽ ‘ഫ്രണ്ട്സ്‘ എന്ന ഷോയിലൂടെയാകും താൻ അറിയപ്പെടുകയെന്ന ഉത്തമ ബോധ്യം മറ്റാരെക്കാളും മാത്യു പെറിക്കുണ്ടായിരുന്നു. ‘ഫ്രണ്ട്‌സ്, ലവേഴ്സ് ആൻഡ് ദി ടെറിബിൾ തിങ്‌സ്‘ എന്ന ആത്മകഥയിൽ മാത്യു ഇങ്ങനെയെഴുതി,
ഞാൻ മരിച്ചുകഴിഞ്ഞാൽ ആളുകൾ 'ഫ്രണ്ട്സ്' എന്ന ഷോയെക്കുറിച്ചാകും സംസാരിക്കുകയെന്ന് എനിക്ക് ഉറപ്പാണ്, അതിൽ ഞാൻ വളരെയധികം സന്തുഷ്ടനുമാണ്. ഒരു നടനെന്ന നിലയിൽ ശക്തമായ ഒരു കഥാപാത്രം ചെയ്യാനായതിൽ സന്തോഷം. പക്ഷേ, ഞാൻ മരിച്ച് കഴിഞ്ഞതിന് ശേഷം എന്റെ നേട്ടങ്ങളെക്കുറിച്ച് ആളുകൾ സംസാരിക്കുമ്പോൾ 'ഫ്രണ്ട്സി'ന്റെ സ്ഥാനം മറ്റുള്ളവരെ സഹായിക്കാനായി ഞാൻ ചെയ്ത കാര്യങ്ങൾക്ക് പിന്നിലായിരുന്നെങ്കിൽ നന്നായിരുന്നു. അത് നടക്കില്ലെന്ന് എനിക്കറിയാം, എങ്കിലും അങ്ങനെ സംഭവിച്ചാൽ നല്ലതായിരുന്നു

തന്റെ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രശസ്തി കൊണ്ട് സാധിക്കുമെന്ന് കുട്ടിക്കാലത്ത് മാത്യു വിശ്വസിച്ചിരുന്നു. ബാല്യകാലത്തിലെ തന്റെ അരക്ഷിതാവസ്ഥയെക്കുറിച്ച് മാത്യു ആത്മകഥയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. പരസ്പരം ബന്ധം വേർപിരിഞ്ഞ് ജീവിക്കുന്ന മാതാപിതാക്കൾക്കൊപ്പമുള്ള ഓർമകൾ അദ്ദേഹത്തെ ഏറെ അലട്ടിയിരുന്നു. അമ്മയുടെ ജോലിത്തിരക്കിനിടയിൽ കുട്ടിയായിരുന്ന മാത്യു ഏറിയ സമയവും ഏകാന്ത ജീവിതമായിരുന്നു നയിച്ചിരുന്നത്. സ്കൂൾ വിട്ട് തിരികെ ഒഴിഞ്ഞ വീട്ടിലേക്ക് കയറിവന്നിരുന്ന ആ കുഞ്ഞിനെ പരിപാലിക്കാനും ആരുമില്ലായിരുന്നു. ഏകാന്തതയിൽ തമാശകളെ ആശ്രയമായി കണ്ടിരുന്ന താൻ ഒരു കൊമേഡിയനാകാൻ കുട്ടിക്കാലത്ത് പരിശീലിച്ചിരുന്നുവെന്ന് മാത്യു തൻ്റെ പുസ്തകത്തിലൂടെ ലോകത്തോട് വിളിച്ചുപറഞ്ഞു.

മാത്യുവിൻ്റെ അമ്മയുടെ ജോലി സമ്മർദമേറിയതായിരുന്നു. താൻ തമാശയൊക്കെ പറഞ്ഞ് അമ്മയെ ശാന്തയാക്കാൻ ശ്രമിക്കുമായിരുന്നുവെന്നും അങ്ങനെ അവർ പാചകം ചെയ്യുകയും തങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നുവെന്ന് മാത്യു ഓർത്തെടുത്തു. തീൻ മേശയിലിരുന്ന് വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു ഇവരുടെ രീതി. നേരിട്ട് കണ്ടിട്ടുള്ളതിനെക്കാളും കൂടുതൽ പിതാവിനെ ടിവിയിലൂടെയും മാഗസിനുകളിലൂടെയുമാണ് കണ്ടിട്ടുള്ളതെങ്കിലും അദ്ദേഹമായിരുന്നു തന്റെ ഹീറോയെന്നും മാത്യു കുറിച്ചു.
I'm full, and yet I know if I stop eating this, I'll regret it - Chandler Bing
പത്ത് വയസുള്ളപ്പോഴേ ഒരുപാട് വികൃതികൾ മാത്യു കാണിച്ചിട്ടുണ്ട്. പുകവലി, പഠിത്തത്തിൽ ഉഴപ്പ്, ചെറിയ രീതിയിലുള്ള മോഷണം ഒക്കെ കുട്ടിക്കാലത്ത് ചെയ്തിരുന്നതായി സ്വയം സമ്മതിക്കുകയും ചെയ്തു. ഇപ്പോഴത്തെ കനേഡിയൻ പ്രധാനമന്ത്രിയും സഹപാഠിയുമായിരുന്ന ജസ്റ്റിൻ ട്രൂഡോയെ തല്ലുന്നതിൽ വരെ കാര്യങ്ങൾ എത്തിച്ചേർന്നിരുന്നു. പതിനഞ്ചാം വയസിൽ പിതാവിനൊപ്പം താമസം മാറിയതിന് ശേഷം അഭിനയത്തിന് പുറമെ ടെന്നിസിലും മാത്യു വെെദഗ്ദ്യം കാണിച്ചു.

ലെെവ് ഓഡിയൻസിന്റെ പശ്ചാത്തലത്തിലായിരുന്നു ഫ്രണ്ട്സിന്റെ ചിത്രീകരണം. സീരിസിൻ്റെ ചിത്രീകരണ വേളയിൽ കടുത്ത മാനസിക സംഘർഷം നേരിട്ടുള്ളതിനെക്കുറിച്ച് ചാൻഡ്ലർ പറഞ്ഞതിങ്ങനെ,
ലെെവ് ഓഡിയൻസ് ചിരിച്ചില്ലെങ്കിൽ ഞാൻ മരിച്ചുപോകുമെന്ന് തോന്നിയിട്ടുണ്ട്. അത് നല്ലതല്ലെന്ന് എനിക്ക് അറിയാം. പക്ഷേ ഒരു വരി പറയുമ്പോൾ അവർ ചിരിച്ചില്ലെങ്കിൽ ഞാൻ വിയർക്കാൻ ആരംഭിക്കും. എന്റെ ഡയലോഗിന് കിട്ടേണ്ട ചിരി ലഭിച്ചില്ലെങ്കിൽ ഞാൻ പരിഭ്രാന്തനാകും. ഓരോ രാത്രിയും ഞാൻ അത് അനുഭവിച്ചിട്ടുണ്ട്. ഈ സമ്മർദ്ദം എന്നെ മോശമായ അവസ്ഥയിൽ എത്തിച്ചിട്ടുണ്ട്
ഇക്കാരണത്താൽ കൂടുതലായി മദ്യപിച്ചിരുന്നുവെന്നും ഈ മോശം അവസ്ഥയിൽ തന്നെ സമാധാനിപ്പിച്ചത് ജെന്നിഫർ ആനിസ്റ്റൺ ആണെന്നും താരം കൂട്ടിച്ചേർത്തു.
ഇന്നും വരുമാനം, വേണം തുല്യവേതനം
2021-ൽ പുറത്തിറങ്ങിയ 'ഫ്രണ്ട്സ്: ദി റീയൂണിയൻ' എന്ന ഡോക്യുമെന്ററി ഒരുപാട് പേർക്ക് ഓർമകളിലേയ്ക്കുള്ള തിരിഞ്ഞുനോട്ടം കൂടിയായിരുന്നു. ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തിരുന്ന സംഘം ഒത്തൊരുമിച്ച് വിശേഷങ്ങൾ പങ്കുവെച്ചത് ആരാധകർക്കുള്ള മനോഹര സമ്മാനമായിരുന്നു.
നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്യുന്ന ഫ്രണ്ട്സ് ഇന്നും ടോപ് വ്യൂവിലുണ്ട്. പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പ്രധാന കഥാപാത്രങ്ങൾക്ക് ഇന്നും വരുമാനം ലഭിക്കുന്നു. ചിരിപ്പിക്കുന്നതിന് പുറമേ ചിന്തിപ്പിക്കുകയും ചെയ്തിരുന്ന ഫ്രണ്ട്സിലെ ആറംഗ സംഘം നിലപാടുകളുടെ കാര്യത്തിലും ഒരുമിച്ചായിരുന്നു. ആദ്യ സീസണുകളിൽ വ്യത്യസ്ത പ്രതിഫലമായിരുന്നു പ്രധാന താരങ്ങൾക്ക് ലഭിച്ചിരുന്നത്. എന്നാൽ ആറുപേർക്കും തുല്യവേതനം മതിയെന്ന തീരുമാനത്തിൽ ഇവർ എത്തിച്ചേർന്നു, ഒടുവിൽ അധികൃതർക്ക് വഴങ്ങേണ്ടിയും വന്നു. 2002-ൽ ഒരു എപ്പിസോഡിന് ഒരു മില്യൺ ഡോളർ വീതമാണ് മാത്യു പെറിയും സംഘവും പ്രതിഫലമായി വാങ്ങിയത്.

ഫ്രണ്ട്സിന്റെ ചുവടുപിടിച്ച് നിരവധി സീരിസുകൾ പുറത്തിറങ്ങിയിട്ടുണ്ട്. ചിലതൊക്കെ കുറച്ച് ആരാധകരെ നേടിയെങ്കിലും ഫ്രണ്ട്സുണ്ടാക്കിയ ഓളം ആവർത്തിക്കാൻ മറ്റൊന്നിനും സാധിച്ചിട്ടില്ല. നിരവധി സിറ്റ്കോമുകളാണ് ഫ്രണ്ട്സിന്റെ അതേ പാത പിന്തുടർന്നുകൊണ്ട് എത്തിയത്. ഇന്ത്യയിലും അത്തരത്തിലുള്ള സീരിസും സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്.
അപ്രതീക്ഷിത വിയോഗം, ആറാമൻ ഇല്ലാതെ കൂട്ടുകാർ
ദിവസവും ഉറങ്ങുന്നതിന് മുൻപ് ഫ്രണ്ട്സിന്റെ ഒരു എപ്പിസോഡ് എങ്കിലും കാണണം എന്ന് നിർബന്ധമുള്ള കടുത്ത ആരാധകർ അനവധിയാണ്. പലർക്കും തങ്ങളുടെ പ്രശ്നങ്ങളിൽ നിന്നുള്ള രക്ഷപ്പെടൽ കൂടിയാണ് പലപ്പോഴൊക്കെ ഫ്രണ്ട്സ്. ജീവിതത്തിലെ വേദനകൾ മറക്കുന്ന ഒരു കൂട്ടായിട്ട് ഫ്രണ്ട്സിനെ കരുതുന്നവരുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അതൊട്ടും അതിശയോക്തിയാകില്ലെന്ന് സീരിസ് കണ്ടിട്ടുള്ളവർക്കറിയാം. മാത്യു പെറിയുടെ വിയോഗത്തിന്റെ ഞെട്ടലിൽ നിന്ന് ഉടനെയൊന്നും ഈ ആരാധകർക്ക് പുറത്തുവരാനാകില്ലെന്ന് ഉറപ്പാണ്.

ഒക്ടോബർ 29-ന് ലോസ് ആഞ്ജലീസിലെ വസതിയിലെ ഹോട് ടബ്ബിൽ മരിച്ച നിലയിലാണ് 54-കാരനായ മാത്യു പെറിയെ കണ്ടെത്തിയത്. മരണകാരണം എന്തെന്ന് വ്യക്തമായിട്ടില്ല. മരണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ലോസ് ആഞ്ജലീസ് പോലീസ് അറിയിച്ചിട്ടുണ്ട്. കവർച്ച, കൊലപാതകം തുടങ്ങിയ സാധ്യതകൾ ഒക്കെ പോലീസ് തള്ളിക്കളഞ്ഞിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്ന് ബാത്ത് ടബ്ബിൽ മുങ്ങിയതായിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്. മരണ സമയത്ത് ലഹരി വസ്തുക്കളൊന്നും മാത്യു ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുമില്ല.

മാത്യു പെറിയുടെ വിയോഗത്തിൽ അനുശോചനപ്രവാഹമാണ് ലോകത്തിന്റെ പല കോണുകളിൽ നിന്നുമെത്തുന്നത്. ന്യൂയോർക്കിലുള്ള 'ഫ്രണ്ട്സി'ലെ അപാർട്മെന്റിന് പുറത്ത് നിരവധിയാളുകളാണ് ഒത്തുകൂടി അന്ത്യോപചാരം അർപ്പിച്ചത്. തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാത്യുവിനെ കിട്ടിയത് അനുഗ്രഹമായി കരുതുന്നുവെന്നാണ് ഫ്രണ്ട്സിന്റെ ക്രിയേറ്റർമാരായ മാർത്ത കോഫ്മാനും ഡേവിഡ് ക്രെയിനും പ്രതികരിച്ചത്.
സുഹൃത്തിൻ്റെ വിയോഗം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്നായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സോഷ്യൽ മീഡിയയിൽ കുറിച്ചത്. സ്‌കൂൾമുറ്റത്ത് ഒരുമിച്ച് കളിച്ച് നടന്ന കാലം താൻ ഒരിക്കലും മറക്കില്ലെന്നും ലോകമെമ്പാടുമുള്ള ആളുകൾക്ക് മാത്യു നൽകിയ സന്തോഷം ഒരിക്കലും മാഞ്ഞുപോകില്ലെന്നും എല്ലാ ചിരികൾക്കും നന്ദിയെന്നും ട്രൂഡോ കുറിച്ചു.

തങ്ങളുടെ പ്രിയപ്പെട്ട ചാൻഡ്ലറിന്റെ വിയോഗത്തെ നികത്താനാവാത്ത നഷ്ടമെന്നാണ് ഡേവിഡ് ഷിമ്മർ (റോസ്), ജെന്നിഫർ ആനിസ്റ്റൺ (റേച്ചൽ), കോർട്ട്നി കോക്സ് (മോണിക്ക), മാറ്റ് ലെബ്ലാങ്ക് (ജോയ്), ലിസ കുഡ്രോ (ഫീബി) എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞത്.
മാത്യുവിന്റെ വേർപാടിൽ ഞങ്ങളെല്ലാം ആകെ തകർന്നിരിക്കുകയാണ്. ഞങ്ങൾ വെറും സഹതാരങ്ങൾ മാത്രമല്ല, ഒരു കുടുംബമായിരുന്നു. ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്ക് പറയാനുണ്ട്. പക്ഷേ ഇപ്പോഴുണ്ടായ നികത്താനാകാത്ത നഷ്ടം ഉൾക്കൊള്ളാൻ ഞങ്ങൾക്ക് സമയമെടുക്കും. അതിന് സാധിക്കുമ്പോൾ ഞങ്ങൾ കൂടുതൽ കാര്യങ്ങൾ പറയും. ഇപ്പോൾ ഞങ്ങളുടെ ചിന്തകളും സ്നേഹവും മാത്യുവിന്റെ കുടുംബത്തിനും അവന്റെ സുഹൃത്തുക്കൾക്കും ലോകമെമ്പാടുമുള്ള അവനെ സ്‌നേഹിച്ച എല്ലാവർക്കും ഒപ്പമാണ് - ഫ്രണ്ട്സ് ടീം
ലഹരി തളർത്തിയ ജീവിതത്തോട് പൊരുതിയ മാത്യു ഒരുപാട് പേർക്ക് പ്രതീക്ഷയുടെ മുഖം കൂടിയായിരുന്നു. ലഹരിക്കെതിരായ അദ്ദേഹത്തിൻ്റെ പോരാട്ടം പുത്തനുണർവ് നൽകിയവർ എത്രയോ അധികം. കാലമെത്ര കഴിഞ്ഞാലും ചാൻഡ്ലറിൻ്റെ ചിരിച്ച മുഖത്തിലൂടെ മാത്യു പെറി തലമുറകൾ തോറും പ്രേക്ഷക ഹൃദയത്തിലുണ്ടാകുമെന്ന് ഉറപ്പാണ്. അതിലുമുപരി അദ്ദേഹത്തിൻ്റെ ആഗ്രഹം പോലെ ചാൻഡ്ലറിനും മുകളിൽ ലഹരിയെ പൊരുതി തോൽപ്പിച്ച മാത്യു പെറിയെ ലോകം വാഴ്ത്തുക തന്നെ ചെയ്യും.
Content Highlights: Friends actor Matthew Perry, chandler bing, series, investigation on death Los Angeles
Published: 01 Nov 2023, 05:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented