
കലിംഗ ശശിയെ സിനിമയിലേക്കെത്തിച്ച സംവിധായകൻ രഞ്ജിത്ത് എഴുതുന്നു
കുറച്ചുനാളുകളായിട്ടുണ്ടാവും ആ വിദ്വാനെ കണ്ടിട്ട്. വെറുതേ ഒരു സന്ദർശനം, അല്ലെങ്കിൽ ഒരു ഫോൺ വിളി അതൊന്നും അയാളുടെ രീതിയല്ല. സിനിമയിൽ ഒരവസരം ലഭിക്കാനായി എന്നെയെന്നല്ല ആരെയും ശശി വിളിച്ചതായി അനുഭവമില്ല. അങ്ങനെ ആരും പറഞ്ഞിട്ടില്ല. ടി.പി. രാജീവൻ വാക്കുകളാൽ വരഞ്ഞിട്ട പാലേരിയിലെ കഥാപാത്രങ്ങളാക്കാനായി, സിനിമയോട് ആഭിമുഖ്യമുള്ള കോഴിക്കോട്ടെയും പരിസരപ്രദേശങ്ങളിലെയും നാടകപ്രവർത്തകരെ തിരഞ്ഞുപിടിച്ച് ഒരു ആക്ടേഴ്‌സ് വർക്‌ഷോപ്പ് നടത്തുകയായിരുന്നു. എന്റെ സുഹൃത്ത് മുരളിമേനോനായിരുന്നു മേൽനോട്ടക്കാരൻ. മഞ്ജുവാര്യരായിരുന്നു ഉദ്ഘാടനം ചെയ്തത്.
കാസ്റ്റിങ് എന്റെ മനസ്സിൽ തീരുമാനപ്പെട്ടിരുന്നുവെങ്കിലും മാണാലത്ത് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രമുള്ള കള്ളി ഒഴിഞ്ഞുതന്നെ കിടന്നു. ആ തലേനാൾ ഉച്ചകഴിഞ്ഞ് വർക് ഷോപ്പ് നടന്ന കെട്ടിടത്തിന്റെ മുറ്റത്തേക്ക് ഞാൻ വരുമ്പോൾ ഒരു മരത്തണലിൽ നിലത്തിരിക്കുകയായിരുന്ന നല്ല ഉയരമുള്ള എന്നാൽ പ്രത്യേകതയുള്ള മുഖവും ശരീരവുമുള്ള ഒരാൾ. എന്നെ കണ്ട് എഴുന്നേറ്റു നിന്നു. ഇതിനിടയിൽ കൈയിലെ ബീഡി നിലത്തേക്ക് ഇട്ടു. എന്റെ പിറകെ പുറത്തേക്ക് വന്ന വിജയൻ വി. നായർ എന്നെ നോക്കി. ഞാൻ വിജയനോട് ചോദിച്ചു. ആരാകക്ഷി? ‘ശശി, സ്റ്റേജ് ഇന്ത്യയിലാണ്... മ്മളെ വിക്രമൻ നായര്‌ടെ അനന്തിരവൻ. ക്യാമ്പില് വരാൻ ഓന് കഴിഞ്ഞില്ല’... ഞാനൊന്നുകൂടി അയാളെ നോക്കി വിജയനോട് പറഞ്ഞു. ‘നാളെ രാവിലെ ക്യാമ്പിൽ എത്താൻ പറ’. ഞാൻ അകത്തുചെന്ന് മുരളിയോട് പറഞ്ഞു- ‘മണാലത്ത് പുറത്ത് നിൽക്കുന്നുണ്ട്. വേണമെങ്കിൽ പോയി കണ്ടോ’. മുരളി പുറത്തേക്ക് നടന്നു. തിരിച്ചുവന്ന മുരളിയുടെ മുഖത്ത് ഒരു ചിരി. പാലേരി മാണിക്യം സിനിമ പുറത്തിറങ്ങി. ഇതിനിടയിൽ ആരോ അയാളെ കലിംഗ ശശി എന്നി വിളിച്ചു. മാധ്യമങ്ങളിൽ സിനിമാവാർത്തകൾ കൊടുക്കുന്ന ആരോ ആ പേര് പ്രസിദ്ധപ്പെടുത്തി. ഞാൻ ശശിയോട് പിന്നീട് ചോദിച്ചു. ‘പേരിനൊപ്പം പ്രവർത്തിച്ച നാടകസംഘത്തിന്റെ പേര് വരണം എന്ന് നിർബന്ധമുണ്ടായിരുന്നെങ്കിൽ ശശി സ്റ്റേജ് ഇന്ത്യ- അങ്ങനെയല്ലേ വേണ്ടിയിരുന്നത്?’ ‘ശരിയാണ് സാർ, പക്ഷേ, ഞാൻ ആരെയും തിരുത്തേണ്ട എന്ന് വിചാരിച്ചു. അതാണയാൾ, തന്നെക്കുറിച്ച് താൻ പിന്നിട്ട വഴികളെക്കുറിച്ച് ഇന്നും എവിടെയും, കിട്ടിയ മൈക്ക് വെച്ച് കൂവിവിളിക്കാൻ അയാളെ കണ്ടിട്ടില്ല.
ശശിയുടെ ‘സിനിമ പാരഡീസൊ’ കോഴിക്കോട്ടെ ക്രൗൺ തിയേറ്റർ ആയിരുന്നു. പഴയ ക്രൗൺ തിയേറ്ററിലെ ബീഡിപ്പുകയുടെ മണത്തിനപ്പുറം തെളിഞ്ഞ മഞ്ഞ തിരശ്ശീലയിൽ മർലിൻ ബ്രാണ്ടോ, ആൻണി ക്വിൻ, കാരി ഗ്രാന്റ്, കാതറിൻ ഹെപ്‌ബേൺ, പോൾ ന്യൂമാൻ, ലോറൻസ് ഒളീവിയർ, ഗ്രെറ്റാ ഗാർബോ... എല്ലാവരും അയാളിൽ ലഹരിയായ്. തന്റെ സിനിമാപ്രവേശത്തിന് കാരണമായ ഒരാൾ എന്ന പേരിലാകാം ശശി എന്നോട് എന്നും ഒരകലം പാലിച്ച് നിന്നു.
ഇന്ന് രാവിലെ, ഇനി ഞാൻ കണ്ണുകൾ തുറക്കുകയില്ല എന്ന് തീരുമാനിച്ച് കിടക്കുംപോലെ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഒരുകട്ടിലിൽ വെളുത്തതുണി കഴുത്തറ്റം മൂടി കിടക്കുന്നത് കാണാനാണ് ആറു മണിക്ക് മുമ്പ് ഒരു ഫോൺവിളി ഉണർത്തിയത്.
തിരിച്ച് വീട്ടിക്കേ് കാർ ഓടിക്കുമ്പോൾ വെറുതേ ഓർക്കാൻ ശ്രമിച്ചു. ഉണ്ട് ഓർമയുണ്ട്, ശശിയെ അവസാനം കണ്ടത്. മഹാറാണി ഹോട്ടലിന്റെ മുന്നിൽ വന്നിറങ്ങുമ്പോൾ ശശി അവിടെയുണ്ട്. എന്നെ കണ്ടതും കൈയിലെ സിഗരറ്റ് താഴെയിട്ടു. ബാറിലേക്കോ അതോ ബാറിൽനിന്നും ഇറങ്ങിയതോ എന്ന എന്റെ ചോദ്യത്തിന് മറുപടി ഒച്ചയില്ലാത്ത ആ ചിരി... ബാറിലെ സന്തോഷിനെ വിളിച്ചു ഞാൻ ചോദിച്ചു, ശശി പോയോ? സന്തോഷ് പറഞ്ഞു ‘സാറിനെ കണ്ടു എന്നുപറഞ്ഞ് ധൃതിയിൽ ബിൽ സെറ്റിൽ ചെയ്ത് പോയി’.
ആവശ്യത്തിന് കഴിച്ചിട്ടാണോ പോയത്? എന്റെ ചോദ്യത്തിന് സന്തോഷ് പറഞ്ഞതിങ്ങനെ ‘ശശിയേട്ടന്റെ ആവശ്യം എന്താണോ, എത്രയാണോ എന്നൊന്നും നമ്മൾ അറിയിലല്ലോ... മൂപ്പർ പറയാറും ഇല്ല’. അതാണയാൾ എവിടെയും തനിക്ക് വേണ്ടതും അതിന്റെ അളവും പറയാതെ പിൻവാങ്ങിയ ഒരാൾ. ഇത്രനാളും വന്നിട്ടില്ലാത്തതുകൊണ്ട് എന്റെ ഫോണിലേക്ക് ശശിയുടെ ഒരു വിളി ഇനിയും വരില്ല എന്നത് മാത്രമാണ് എനിക്ക് അയാളെക്കുറിച്ച് ഉറപ്പിച്ച് പറയാൻ കഴിയുന്ന കാര്യം... ഇത് വായിക്കാൻ നിങ്ങളില്ല ശശി. ഇഷ്ടമായിരുന്നു സിനിമാ പ്രേക്ഷകർക്ക് നിങ്ങളെ ഒരുപാട്... അതയാൾ അറിഞ്ഞിരുന്നോ ആവോ...
Content Highlights: director ranjith wrrites about actor Sasi Kalinga, pranchiyettan and the saint, Indian Rupee
Published: 08 Apr 2020, 07:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented