
ഒരൊറ്റ സിനിമകൊണ്ട് കേരളത്തെയാകെ ഇളക്കിമറിച്ച സംഗീത സംവിധായകൻ. മലയാളിയുടെ സംഗീതാസ്വാദനത്തിന് പുതിയ മാനം നൽകിയ കലാകാരൻ. ഇപ്പോഴിതാ മറ്റൊരു കിടിലൻ ഗാനവുമായി സോഷ്യൽ മീഡിയ ഒന്നടങ്കം പിടിച്ചടക്കുകയാണ് ജാസി ഗിഫ്റ്റ്. ഡിനോയ് പൗലോസ് സംവിധാനം ചെയ്യുന്ന പത്രോസിന്റെ പടപ്പുകൾ എന്ന ചിത്രത്തിലെ ഫുൾ ഓൺ ആണേ എന്ന ഗാനം കാഴ്ചക്കാരുടെ എണ്ണത്തിൽ ഒരു മില്ല്യണും കടന്ന് കുതിക്കുകയാണ്. പുത്തൻ പാട്ടുവിശേഷങ്ങൾ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുകയാണ് ജാസി ഗിഫ്റ്റ്.
ജേക്സ് ബിജോയിയുടെ വിളി
ജേക്സ് തന്നെയാണ് എന്നെ വിളിച്ചത്. തമാശപ്പാട്ടാണ്. വളരെ സന്തോഷമായി. ജേക്സിന്റെ പാട്ടുകൾ നന്നായി ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ഷോകളിൽ പാടും. കവർ ഗാനങ്ങളൊക്കെ ചെയ്തിട്ടുണ്ടായിരുന്നു. പിന്നെ നല്ലൊരു സുഹൃത്താണ്. അതുകൊണ്ട് തന്നെ റെക്കോർഡിങ് ഒക്കെ നല്ല കംഫർട്ടായിരുന്നു. ട്രാക്ക് കേട്ടപ്പോൾത്തന്നെ വളരെ രസകരമായി തോന്നി. സിനിമയെ മൊത്തം വിവരിക്കുന്ന ഒരുതരം പാട്ടാണത്. ടിറ്റോയും ശബരീഷുമാണല്ലോ എഴുതിയിരിക്കുന്നത്. എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് ആദ്യമേ തോന്നിയിരുന്നു.
ഉട്ടോപ്യയിലേക്കുള്ള രാജാവിന് ശേഷം ഫുൾ ഫൺ ആയ ഗാനം
അതെ. കുറേ നാളുകൾക്ക് ശേഷമാണ് ഒരു ഫൺ സോങ് കിട്ടുന്നത്. കുറേ പേർ നല്ല അഭിപ്രായം പറഞ്ഞു. നല്ല എനർജിയും പോസിറ്റീവ് വൈബുമൊക്കെയുള്ള പാട്ടുകൾ ട്രെൻഡിങ്ങാണ് ഇപ്പോഴത്ത് കാലത്ത്.
സിനിമയുടെ മൊത്തം ചിത്രം തരുന്ന വരികൾ
റെക്കോർഡിങ് സമയത്ത് സംവിധായകനുൾപ്പെടെയുള്ളവർ അവിടെയുണ്ടായിരുന്നു. പാട്ടിനേക്കുറിച്ച് പ്രാഥമികമായ കാര്യങ്ങളൊക്കെ വിവരിച്ച് തന്നിരുന്നു. പിന്നെ പാട്ടിന്റെ വരികൾ തന്നെ സിനിമയുടെ മൊത്തം ചിത്രം പറയുന്നതാണ്. പാട്ടിന്റെ ആകെത്തുകയേക്കുറിച്ച് എല്ലാവർക്കും ബോധ്യമുണ്ടായിരുന്നു.
ജേക്സ് ബിജോയിക്കൊപ്പമുള്ള ആദ്യത്തെ പാട്ട്
ജേക്സിനൊപ്പമുള്ള ആദ്യത്തെ പാട്ടാണ്. ജേക്സിന്റെ തെലുങ്ക് പാട്ടുകളൊക്കെ കേൾക്കുമായിരുന്നു. ക്രോസ് റിഥം ചെയ്യുന്നതിലൊക്കെ ഒരുപാട് താത്പര്യമുള്ള ആളായതുകൊണ്ട് പാട്ട് അങ്ങനെ അവതരിപ്പിക്കാൻ പറ്റി. പാട്ടിനകത്തെ എനർജി ഇങ്ങനെ വേണം എന്നൊക്കെ തീരുമാനിക്കാനുള്ള പ്രാഗത്ഭ്യം അദ്ദേഹത്തിനുണ്ട്.
പാട്ട് യൂ ട്യൂബിൽ വൻ ഹിറ്റ്
യൂട്യൂബിൽ പാട്ട് ഹിറ്റായി എന്നറിഞ്ഞതിൽ വളരെ സന്തോഷം. കുറേ നാളുകൾക്ക് ശേഷം കുറേപേർ മേസേജുകളയച്ചു. ഇപ്പോൾ ഖത്തറിൽ ഒരു ഷോ ചെയ്യുന്നുണ്ട്. പത്രോസിന്റെ പടപ്പുകളിലെ ഈ പാട്ട് പാടണമെന്ന് അവിടെ നിന്ന് വിളിച്ചുപറയുകയൊക്കെ ചെയ്തു.
സോഷ്യൽ മീഡിയാ കമന്റുകൾക്ക് പിന്നാലെ പോവാറില്ല
ഒരു പ്രോഡക്ട് എന്നുപറയുമ്പോൾ എല്ലാവരും ഇഷ്ടപ്പെടണമെന്നില്ലല്ലോ. ഇഷ്ടപ്പെട്ടേ പറ്റൂ എന്ന് വാശി പിടിക്കാനും പറ്റില്ലല്ലോ. എല്ലാവർക്കമുള്ള ഇടമാണ് സോഷ്യൽ മീഡിയ. കമന്റുകൾക്ക് പിന്നാലെ പോയി അതൊരു തലവേദനയാക്കേണ്ട എന്നൊരു ചിന്ത മനസിൽ തോന്നിയിട്ടുണ്ട്.
ഭാഗ്യം എന്ന് കരുതാവുന്ന 'ഫുൾ ഓൺ' പാട്ട്
പാട്ട് പാടുമ്പോൾ അതിന്റെ ദൃശ്യത്തേക്കുറിച്ച് നമുക്ക് നല്ല ഐഡിയ കാണും. നന്നായിരിക്കണേ എന്നാണ് ഞാനടക്കമുള്ള എല്ലാവരും കരുതുന്നത്. നമ്മൾ ഉദ്ദേശിച്ചതിനേക്കാളും വലുതായി സ്ക്രീനിൽ അത് കിട്ടുമ്പോഴാണ് അതിനെ ഭാഗ്യം എന്ന് പറയുന്നത്. പത്രോസിന്റെ പടപ്പുകളിലെ പാട്ട് അങ്ങനെയൊന്നാണ്.
എന്തുകൊണ്ട് ഫിലോസഫിയിൽ പി.എച്ച്.ഡി?
സത്യത്തിൽ സിനിമയും സംഗീതവുമൊക്കെ എനിക്ക് രണ്ടാമതായിരുന്നു. യൂണിവേഴ്സിറ്റി കോളേജിൽ ഞാനൊരു എംഫിൽ വിദ്യാർത്ഥിയായിരുന്നു. അതിന് ശേഷം ഞാനൊരു ബാൻഡിൽ ഗായകനായി. സിനിമയിൽ വരുന്ന സമയത്ത് തന്നെ എംഫിൽ ചെയ്തിരുന്നു. നേരത്തേ തന്നെയുള്ള ആഗ്രഹമാണ് പി.എച്ച്.ഡി ചെയ്യണമെന്ന്. ബി.എ, എം.എ ചെയ്യുന്ന സമയത്ത് ഫിലോസഫിയൊന്നും വലിയ താത്പര്യമില്ലായിരുന്നു. എംഫിൽ ആയപ്പോഴേക്കുമാണ് ഫിലോസഫിയോടുള്ള ഇഷ്ടം വരുന്നത്. അങ്ങനെയാണ് ഫിലോസഫിയിൽ കണ്ണൂർ സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി ചെയ്യുന്നത്. യഥാർത്ഥത്തിൽ സിനിമയേക്കാൾ എനിക്ക് ബന്ധം ഫിലോസഫിയായിട്ടാണ്. പ്രാക്ടിക്കലായിട്ടുള്ള ബന്ധം. നമ്മുടെ ജീവിതം തന്നെ മുന്നോട്ട് പോകുന്നത് ഫിലോസഫി തന്നെയാണെന്ന് കണ്ടുപിടിക്കാൻ കുറച്ച് നാളുകളെടുത്തു. ഇന്ത്യൻ മിസ്റ്റിസിസം വളരെയധികം ഞാൻ ഇഷ്‌ടപ്പെടുന്നുണ്ട്. അതുകൊണ്ട് ദി ഫിലോസഫി ഓഫ് ഹാർമണി ആൻഡ് ബ്ലിസ് വിത്ത് റെഫറൻസ് ടു അദ്വൈത ആൻഡ് ബുദ്ധിസം എന്ന വിഷയത്തിലാണ് പി.എച്ച്.ഡി എടുത്തത്. സിനിമയിൽ വരുന്നതിന് മുമ്പേ പി.എച്ച്.ഡിക്കായുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. കിട്ടിയത് കുറച്ച് വൈകിയാണെന്ന് മാത്രം. പിന്നെ പണ്ടുമുതലേ അക്കാദമിക്കായ കാര്യങ്ങളിൽ താത്പര്യമുണ്ടായിരുന്നു.
Content Highlights: Jassie Gift Interview Pathrosinte Padappukal movie song
Published: 14 Mar 2022, 12:25 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented