ഭൂമിയില്‍ ജനിച്ചു വീണ ചില പടപ്പുകളുണ്ട്. ഫുള്‍ ടൈം ചളിയടിച്ച മാതാപിതാക്കളോട് തര്‍ക്കുത്തരവും പറഞ്ഞ് കമ്പനി കൂടി വീടിനും നാടിനും പ്രയോജനമില്ലാതെ നടക്കുന്ന  കുറെ പടപ്പുകള്‍. ഇത്തരത്തിലുള്ള ഒരു കൂട്ടം പടപ്പുകളുടെ കഥ  കൊച്ചി പശ്ചാത്തലമാക്കി വന്നെങ്കിലോ, രസമായിരിക്കും അല്ലേ. ഫുള്‍ ടൈം ഓണായ ഫാമിലി. ഒറ്റവാക്കില്‍ വൈപ്പിനിലെ  പത്രോസിന്റെ കുടുംബത്തെ അങ്ങനെ വിശേഷിപ്പിക്കാം. അത്തരത്തിലൊരു വ്യത്യസ്തമായ ഫാമിലിയുടെ കഥ പറയുകയാണ്‌ അഫ്സല്‍ അബ്ദുല്‍ ലത്തീഫിന്റെ സംവിധാനത്തിലൊരുങ്ങിയ 'പത്രോസിന്റെ പടപ്പുകള്‍'. 

To advertise here,

ഡിനോയ് പൗലോസ്, രജ്ഞിത മേനോന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നസ്ലിന്‍ കെ ഗഫൂര്‍, ഗ്രേസ് ആന്റണി, ജയിംസ് ഏലിയ, നന്ദു എന്നിങ്ങനെയാരു നീണ്ട താരനിരയുണ്ട്.
പ്രധാന വേഷത്തിലെത്തിയ ഡിനോയ് പൗലോസ് തന്നെയാണ് തിരക്കഥ തിരക്കഥാ രചന നിര്‍വഹിച്ചിരിക്കുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥയെഴുത്തുന്നുവെന്ന് സവിശേഷതയും ചിത്രത്തിനുണ്ട്. 

വൈപ്പിനിലെ തനി നാടന്‍ പ്രദേശത്താണ് പത്രോസിന്റെ പടപ്പുകളുടെ കഥ വികസിക്കുന്നത്. നാട്ടിലെ പേരുകെട്ട കുടുംബമാണ് പത്രോസിന്റേത്. നാല് മക്കളുണ്ടെങ്കിലും എല്ലാം 'പടുവാഴകള്‍'. എന്നും ചീത്തപേര് മാത്രം സമ്പാദ്യം. മകനായ ടോണി പത്രോസിലാണ് പത്രോസിന്റെ ആകെ പ്രതീക്ഷ.  എന്നാല്‍ അവിചാരിതമായി ദീര്‍ഘ കാലമായി ബന്ധമുള്ള തന്റെ കൂട്ടുകാരി അമ്മുവുമായി പ്രണയ ബന്ധം ടോണിയില്‍ ഉടലെടുക്കുമ്പോഴുണ്ടാകുന്ന സംഭവ വികാസങ്ങളാണ് കഥ പറയുന്നത്.  

ടോണി പത്രോസായി ഡിനോയ് പൗലോസ്‌ വേഷമിടുമ്പോള്‍ അമ്മുവായി എത്തുന്നത് രജ്ഞിത മേനോനാണ്. തണ്ണീര്‍മത്തന്‍ ദിനങ്ങളെന്ന് ഹിറ്റ് ചിത്രത്തിലൂടെ തിരക്കഥാകൃത്ത് എന്ന നിലയില്‍ സമ്പാദിച്ച ജനപ്രീതി നിലനിര്‍ത്താന്‍ ഡിനോയ് പൗലോസിന് സാധിച്ചു. ഡിനോയ് പൗലോസ്‌, രജ്ഞിത മേനോന്‍ എന്നിവരാണ് പ്രധാന പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നതെങ്കിലും ഒട്ടേറെ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. 

അതീവ രസകരമായ ഒരു കഥയാണ് പത്രോസിന് പറയാനുള്ളത് . ജോലി ചെയ്യാന്‍ മടിയുള്ള മൂന്ന് ആണ്‍മക്കള്‍. എന്തിനും ഏതിനും ചീത്ത കേള്‍ക്കുന്ന ഇവരുടെ പെങ്ങള്‍. ടോണി പത്രോസിന്റെ മൂത്ത ചേട്ടനായി എത്തിയ ഷറഫുദ്ദീന്‍ കിടിലോല്‍ കിടിലം. സോണി പത്രോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷറഫുദ്ദീന്‍ അവതരിപ്പിച്ചിരിക്കുന്നത്.

രാജുവേട്ടന്റെ ചായക്കടയിലെ ബോണ്ട കഴിക്കാന്‍ വേണ്ടി മാത്രം മൂന്നാറിലേക്ക് പോകുന്ന ഊരുതെണ്ടി. പത്രോസായി എത്തിയ ജയിംസ് ഏലിയയുടെയും ജോളിയായി എത്തിയ ഷൈനി ടി രാജന്റെയും കെമിസ്ട്രി ചിത്രത്തിന്റെ വിജയത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 

കഥ തുടങ്ങി മെല്ലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പരിപാടി ചിത്രം പാടെ ഉപേക്ഷിച്ചിട്ടുണ്ട്. കഥ ആവശ്യപ്പെടുന്നത് കൊണ്ടു തന്നെ കഥാപാത്രങ്ങളെ മിന്നല്‍ വേഗത്തില്‍ സംവിധായകന്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നു. വൈപ്പിന്റെയും മറ്റും മനോഹരമായ ദൃശ്യങ്ങള്‍  ഒപ്പിയെടുക്കാന്‍ ചിത്രത്തിന്റെ ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. അടുത്ത മിനുട്ടില്‍ എന്ത് നടക്കുമെന്നറിയാവുന്ന പ്രേക്ഷകരെ ദിശ മാറ്റി സഞ്ചരിക്കാന്‍ സഹായിക്കുന്ന സിനിമകള്‍ വിരളമാണ്. ഊഹിക്കാവുന്ന ഒരു കഥ കുറ്റമറ്റതാക്കി തീര്‍ക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. 

ഹിറ്റ് കോമഡി ചിത്രങ്ങളുടെ അഭിവാജ്യ ഘടകമായി മാറിയ ജോണി ആന്റണിയുടെ സാന്നിധ്യവും ചിത്രത്തിലുണ്ട്. തന്റെ മനസില്‍ വിരിഞ്ഞ കഥ പൂര്‍ണമായും അഭിനയിച്ചു ഫലിപ്പിക്കാനും ഡിനോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പറയാനുദ്ദേശിച്ച കഥ തീര്‍ത്തും സിംപിളുമാക്കി. കോമഡി ഷേഡില്‍ നിര്‍ത്തിയ നസ്ലിനെ മറ്റൊരു തലത്തില്‍ ചിത്രം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 

സുരേഷ് കൃഷ്ണ, ഷറഫുദ്ദീന്‍ എന്നിവര്‍  നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു മുഴുനീള ഹാസ്യ വേഷം കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണ് പത്രോസിന്റെ പടപ്പുകള്‍. ജേക്സ് ബിജോയുടെ സംഗീതം കഥയെ കൂടുതല്‍ രസമുള്ളതാക്കി മാറ്റുന്നുണ്ട്. ചെറിയ കഥാപാത്രങ്ങള്‍  പോലും അവരുടെ വേഷങ്ങള്‍ ഗംഭീരമാക്കി. ഉടനെ വംശമറ്റ് പോകാന്‍ സാധ്യതയുള്ള പത്രോസിന്റെ കുടുംബത്തെ പറ്റിയും അവരുടെ രസകരമായ കുടുംബ വിശേഷങ്ങളും അറിയണമെങ്കില്‍ ധൈര്യമായി ടിക്കറ്റെടുക്കാം പത്രോസിന്റെ പടപ്പുകള്‍ക്ക്.