"ഞാനൊരു സാധാരണ നടൻ മാത്രം. ദൈവം എനിക്ക് അവൻ്റെ ഇഷ്ടപ്രകാരം എല്ലാം തന്നു, പക്ഷേ ഞാൻ ആഗ്രഹിച്ചത് മാത്രം തന്നില്ല." ജീവിതത്തിലെ വിഷമങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഒരിക്കൽ ധർമേന്ദ്ര പറഞ്ഞതിങ്ങനെയായിരുന്നു.

ധർമേന്ദ്ര | ഫോട്ടോ: AFP
ആറ് പതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന അസാധാരണമായ ഒരു പൈതൃകം. ധർമേന്ദ്രയുടെ വിയോഗത്തോടെ ഇന്ത്യൻ സിനിമയിൽ ബാക്കിയാകുന്നത് അതാണ്. ഹിന്ദി സിനിമയിലെ വീരത്വത്തിന് പുതിയ നിർവചനം നൽകിയ താരംകൂടിയാണ് ഇപ്പോൾ ഓർമയായിരിക്കുന്നത്. ധർമേന്ദ്ര ജീവൻ നൽകിയ മുന്നൂറോളം സിനിമകൾ ഇനി ചരിത്രത്തിന്റെ ഭാഗം.
1935 ഡിസംബർ 8-ന് പഞ്ചാബിലെ ലുധിയാനയ്ക്കടുത്തുള്ള സാനെവാൽ ഗ്രാമത്തിലായിരുന്നു ധർമേന്ദ്രയുടെ ജനനം. ധർമേന്ദ്ര കേവൽ കൃഷൻ ഡിയോൾ എന്നായിരുന്നു യഥാർത്ഥ പേര്. മുംബെയുടെ പ്രൗഢിയിൽ നിന്നെല്ലാമകന്ന ബാല്യമായിരുന്നു ധർമേന്ദ്രയുടേത്. കിലോമീറ്ററുകളോളം സ്കൂളിലേക്ക് നടക്കുകയും സിനിമകളെക്കുറിച്ച് ദിവാസ്വപ്നം കാണുകയും ചെയ്തിരുന്ന ഒരു കുട്ടി എന്നായിരുന്നു പല അഭിമുഖങ്ങളിലും ധർമേന്ദ്ര സ്വയം വിശേഷിപ്പിച്ചിരുന്നത്. "ഞാൻ വെറുമൊരു നാട്ടിൻപുറത്തുകാരനായിരുന്നു, എന്നെത്തന്നെ വെള്ളിത്തിരയിൽ കാണാൻ ആഗ്രഹിച്ച ഒരു സാധാരണ പയ്യൻ. വിജയം വന്നപ്പോഴും, ഞാൻ ആ ഗ്രാമത്തിലെ അതേ കുട്ടിയാണെന്ന് എനിക്ക് എപ്പോഴും തോന്നിയിരുന്നു," അദ്ദേഹം ഒരിക്കൽ ഫിലിംഫെയറിനോട് പറഞ്ഞതിങ്ങനെ.
ഫിലിംഫെയർ മാസിക നടത്തിയ ഒരു ടാലൻ്റ് മത്സരത്തിൽ വിജയിച്ചതിന് ശേഷം 'ദിൽ ഭി തേരാ ഹം ഭി തേരേ' (1960) എന്ന ചിത്രത്തിലൂടെയാണ് ധർമേന്ദ്ര അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. എന്നാൽ 'ഷോല ഔർ ശബ്നം' (1961), 'ബന്ദിനി' (1963) എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം പ്രശസ്തിയിലേക്കുയർന്നു. 60-കളുടെ മധ്യത്തോടെ, ഹിന്ദി സിനിമയിലെ ഒരു മികച്ച നായകനടനായി ധർമേന്ദ്ര ഉയർന്നു. 'ഫൂൽ ഔർ പത്ഥർ' (1966), 'അനുപമ' (1966), 'സത്യകാം' (1969), 'മേരാ ഗാവ് മേരാ ദേശ്' (1971), 'ഷോലെ' (1975), 'ചുപ്കെ ചുപ്കെ' (1975), 'ഡ്രീം ഗേൾ' (1977) തുടങ്ങിയ ഇന്ത്യൻ സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ചില സിനിമകളുടെ ഭാഗമായി അദ്ദേഹം മാറി.
കരുത്തുറ്റ നായകവേഷങ്ങൾ അവതരിപ്പിച്ചതുകൊണ്ട് അന്നത്തെ മാധ്യമങ്ങൾ ബോളിവുഡിന്റെ ഹി-മാൻ എന്നാണ് വിളിച്ചത്. എന്നാൽ സൂപ്പർ ഹീറോയിക് എന്നതരത്തിലുള്ള വിശേഷണങ്ങൾക്കപ്പുറം, വൈവിധ്യമുള്ള, തികച്ചും സാധാരണക്കാരനായ കഥാപാത്രങ്ങൾ തിരഞ്ഞെടുത്തഭിനയിക്കാൻ ധർമേന്ദ്ര ശ്രമിച്ചിരുന്നു. ഹൃഷികേശ് മുഖർജിയുടെ 'അനുപമ'യിലെ, അന്തർമുഖനായ എഴുത്തുകാരൻ, 'സത്യകാ'മിലെ, അഴിമതി നിറഞ്ഞ ലോകത്തിൻ്റെ ഭാരത്താൽ തകർന്നുപോയ ആദർശവാദി, ഹിന്ദി സിനിമയിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി നിരൂപകർ ഇന്നും വാഴ്ത്തുന്ന 'ഷോലെ'യിൽ വീരു എന്നിവയെല്ലാം ഇതിനുദാഹരണങ്ങളാണ്.
"ഞാനൊരു സാധാരണ നടൻ മാത്രം. ദൈവം എനിക്ക് അവൻ്റെ ഇഷ്ടപ്രകാരം എല്ലാം തന്നു, പക്ഷേ ഞാൻ ആഗ്രഹിച്ചത് മാത്രം തന്നില്ല." ജീവിതത്തിലെ വിഷമങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഒരിക്കൽ ധർമേന്ദ്ര പറഞ്ഞതിങ്ങനെയായിരുന്നു.
ഇന്ത്യൻ സിനിമയുടെ 'ഡ്രീം ഗേൾ' ആയ ഹേമമാലിനിയുമായുള്ള അദ്ദേഹത്തിന്റെ പ്രണയം, ബോളിവുഡിലെ ഏറ്റവും പ്രശസ്തമായ പ്രണയകഥകളിലൊന്നായി മാറി. 'തും ഹസീൻ മേം ജവാൻ' (1970) എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് അവരുടെ കെമിസ്ട്രിക്ക് തുടക്കമായത്. അത് 'സീത ഔർ ഗീത' മുതൽ 'ഷോലെ' വരെയുള്ള ഒരുപിടി സിനിമകളിലൂടെ കൂടുതൽ ആഴത്തിലായി. ആദ്യ ഭാര്യ പ്രകാശ് കൗറുമായി വിവാഹിതനായിരിക്കെത്തന്നെ രണ്ടാമതും വിവാഹം കഴിക്കാൻ തീരുമാനിച്ചതിന് വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും, ഉറച്ച ബോധ്യത്തോടെയാണ് ധർമേന്ദ്ര അതിനെയെല്ലാം നേരിട്ടത്.
ക്യാമറയ്ക്ക് പുറത്തും സാധാരണക്കാരനായിരുന്ന വ്യക്തിത്വമാണ് ധർമേന്ദ്ര. അദ്ദേഹം കവിതയെയും തൻ്റെ ലോണാവാല ഫാംഹൗസിലെ നിശ്ശബ്ദതയെയും സ്നേഹിച്ചു. 80-കളുടെ അവസാനത്തിലും, ട്രാക്ടർ ഓടിക്കുന്നതിൻ്റെയും വിളകൾ പരിപാലിക്കുന്നതിൻ്റെയും വീഡിയോകൾ അദ്ദേഹം പോസ്റ്റ് ചെയ്യുകയും, ലളിതമായി ജീവിക്കാൻ ആരാധകരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.
2012-ൽ പത്മഭൂഷൺ, ഫിക്കി, മാമി, ന്യൂ ജേഴ്‌സി സംസ്ഥാനം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളിൽ നിന്ന് നിരവധി ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡുകൾ എന്നിവയെല്ലാം ധർമേന്ദ്രയെ തേടിയെത്തി. 2004-ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം രാജസ്ഥാനിലെ ബിക്കാനീറിൽ നിന്ന് ലോക്സഭാംഗമായി. സണ്ണി ഡിയോൾ, ബോബി ഡിയോൾ, മകൾമാരായ ഇഷ ഡിയോൾ, അഹാന ഡിയോൾ, വിജേത, അജീത എന്നിവരാണ് മക്കൾ. ശ്രീറാം രാഘവൻ സംവിധാനം ചെയ്ത് അഗസ്ത്യ നന്ദ, ജയ്ദീപ് അഹ്ലാവത് എന്നിവർ അഭിനയിക്കുന്ന അദ്ദേഹത്തിൻ്റെ അവസാന ചിത്രമായ 'ഇക്കീസ്', ഈ ഡിസംബറിൽ മരണാനന്തരം പുറത്തിറങ്ങും
Content Highlights: Explore the remarkable six-decade legacy of Dharmendra, the iconic Bollywood actor who redefined heroism. A look at his life, iconic films, and enduring impact on Indian cinema.
Published: 24 Nov 2025, 02:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented