
ടി.കെ. ബാലചന്ദ്രന്റെ നിർമാണത്തിൽ അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും രചിച്ച് ബേബി സംവിധാനം നിർവഹിച്ച് 1976- ൽ പുറത്തിറങ്ങിയ ചിത്രമാണ് 'പമ്പരം'. സത്യവതി ആണ് കഥ ഒരുക്കിയത്. പ്രേം നസീർ, സീമ, ശുഭ, ജോസ് പ്രകാശ്, ഭവാനി എന്നിവരാണ് പ്രധാനവേഷങ്ങൾ ചെയ്തിരിക്കുന്നത്.
ചിത്രത്തിൽ എന്റെ അച്ഛൻ ചിറയിൻകീഴ് രാമകൃഷ്ണൻ നായരാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്. അച്ഛൻ ചെന്നൈ പ്രസിഡൻസി കോളേജിൽ അധ്യാപകനായി ജോലി നോക്കുന്ന സമയം. അച്ഛൻ എഴുതിയ ഗാനങ്ങൾക്ക് എ.ടി. ഉമ്മറാണ് സംഗീതം. അതിൽ രണ്ട് ഗാനങ്ങൾ ജാനകിയമ്മ പാടിയിട്ടുണ്ട്. ഒന്ന് ജാനകിയമ്മയും, ജോളി എബ്രഹവും കൂടി പാടിയത്. മറ്റൊന്ന് ജാനകിയമ്മ ഒറ്റയ്ക്കും.
'പമ്പരം' എന്ന ചിത്രത്തിലെ 'ശാരികപ്പൈതലിന് കഥ പറയാം' എന്ന ഗാനം കേൾക്കുമ്പോൾ, ഒരു കവി തന്റെ ഹൃദയത്തിൽനിന്ന് കുറിച്ചിട്ട വാക്കുകൾക്ക്, ഒരു ഗായിക എങ്ങനെയാണ് ചിറകുകൾ നൽകുന്നതെന്ന് മനസ്സിലാക്കാം. എ.ടി. ഉമ്മറിന്റെ സംഗീതത്തിൽ ജാനകിയമ്മയുടെ ആലാപനം, ആ പാട്ടിനെ ചലച്ചിത്ര ഗാനത്തിൽനിന്ന് കവിതയുടെ തലത്തിലേക്ക് ഉയർത്തി.
'ശാരികപ്പൈതലിൻ കഥ പറയാം
ശാരികപ്പൈതലിൻ കഥ പറയാം
ഒരു കുടം കണ്ണുനീർ ഒരു മുത്തായ്
ഒാമലാൾ ഒരു രാജകന്യകയായ്
ശാരികപ്പൈതലിൻ കഥ പറയാം'
ശാരികപ്പൈതലിൻ കഥ പറയാം'
എന്റെ ഓർമ ശരിയാണെങ്കിൽ, ഗാനത്തിന്റെ റെക്കോർഡിങ് നടക്കുന്നത് ചെന്നൈ എ.വി.എം. അല്ലെങ്കിൽ വാഹിനി സ്റ്റുഡിയോയിലാണ്. പുറത്ത് വെയിൽ കത്തുന്നുണ്ടെങ്കിലും സ്റ്റുഡിയോയ്ക്കുള്ളിൽ എയർ കണ്ടീഷണറിന്റെ തണുപ്പും സംഗീതത്തിന്റെ ചൂടുള്ള അന്തരീക്ഷവുമാണ്. അച്ഛൻ കൈയിലൊരു പേപ്പറുമായി മൈക്കിന് പിന്നിൽ നിൽക്കുന്നു. അപ്പുറത്ത് സംഗീത സംവിധായകൻ എ.ടി. ഉമ്മർ സാർ ഹാർമോണിയത്തിൽ വിരലുകളോടിക്കുന്നു. സംവിധായകൻ ബേബി സാർ ഇടയ്ക്കിടെ വാച്ചിലേക്ക് നോക്കി ടെൻഷനിലാണ്.
അന്നേരം നടന്ന തമാശയാണ്, അച്ഛൻ വരികൾ ജാനകിയമ്മയ്ക്ക് നേരെ നീട്ടി. അത് അല്പം ഗൗരവമുള്ള വരികളാണ്. പെട്ടെന്ന് സംവിധായകൻ ബേബി സാർ പറഞ്ഞു, 'അല്ല സാർ, ഇതൊരു പാട്ടാണ്, ക്ലാസ് മുറിയല്ലല്ലോ! അല്പം കൂടി ലളിതമാക്കിയാലോ?'.
അച്ഛൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു, 'ബേബീ, ഞാൻ പ്രസിഡൻസി കോളേജിൽ പോയി വരുന്നത് കൊണ്ടുള്ള ഒരു കുഴപ്പമാ. അവിടെ കുട്ടികൾക്ക് മനസ്സിലാകാൻ കുറച്ചുകൂടി കാര്യമായി പറയണം. ഇവിടെ നമ്മുടെ ജാനകിയമ്മയല്ലേ പാടുന്നത്? അവർക്ക് ഒരു അക്ഷരം എന്ന് എഴുതിക്കൊടുത്താൽ പോലും അത് അവർ മനോഹരമായി പാടിക്കോളും!'.
അവിടെയുണ്ടായിരുന്ന എ.ടി. ഉമ്മർ സാർ ചിരിച്ചുകൊണ്ട് പറഞ്ഞു, 'അതേയ്, കവികൾ കോളേജിൽ പോയാൽ ഇങ്ങനെയാ. ഇവിടെ നമ്മൾ രാഗം നോക്കണം, അദ്ദേഹം അവിടെ പാഠഭാഗം നോക്കണം'. എല്ലാവരും പൊട്ടിച്ചിരിച്ചു.
ജാനകിയമ്മ സ്റ്റുഡിയോയുടെ ഉള്ളിൽനിന്ന് ചിരിച്ചുകൊണ്ട് കൈവീശിക്കാണിക്കുന്നുണ്ടായിരുന്നു. വരികൾ നോക്കി അതിന്റെ അർഥം അച്ഛൻ പറഞ്ഞുകൊടുത്തു. കൊട്ടാരത്തിൽ തനിച്ചാകുന്ന ലക്ഷ്മണന്റെ ഭാര്യ ഊർമ്മിളയുടെ ദുഃഖം ആരും അറിയുന്നില്ല, കാണുന്നില്ല. ഈ പാട്ടിൽ തന്നെ അച്ഛൻ എഴുതിയ വരികളാണ്
'ആദി കവിപോലും ആമനസ്വിനി തൻ
ആത്മാവു കണ്ടില്ലാ
ഓർമയിൽ എരിതീ നാളമായിന്നും
ഊർമ്മിള ഇതിഹാസപാത്രമായി'
നിശബ്ദതയുടെ കനലെരിയുന്ന ഊർമ്മിളയുടെ തേങ്ങൽ ജാനകിയമ്മയുടെ സ്വരത്തിൽ. ഈ വരികൾ പാടുമ്പോൾ ജാനകിയമ്മയുടെ സ്വരത്തിൽ ഒരു തേങ്ങൽ ഉണ്ടായിരുന്നു. ആ റെക്കോർഡിങ് വേളയിൽ ഊർമ്മിളയുടെ ആത്മാവ് തന്റെ ഉള്ളിലേക്ക് കടന്നുവന്നതുപോലെ അവർ പാടിയപ്പോൾ സ്റ്റുഡിയോയിൽ ഉണ്ടായിരുന്നവർ പോലും നിശബ്ദരായിപ്പോയി.
ആരും ശ്രദ്ധിക്കാത്ത ഊർമ്മിളയുടെ കണ്ണുനീർ അവരുടെ കണ്ഠത്തിലൂടെ ഒഴുകുന്നതായി തോന്നി. സ്റ്റുഡിയോയിൽ ഒരു നിശബ്ദത പടർന്നു. ജാനകിയമ്മയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
ഒരു കവിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമായിരുന്നു അത്. താൻ എഴുതിയ വരികളുടെ ആഴം ഗായിക തന്റെ കണ്ണീരിലൂടെ തിരിച്ചറിയുന്നു എന്ന സത്യം.
എല്ലാം ഉള്ളിലൊതുക്കി എരിഞ്ഞുതീർന്ന ഊർമ്മിളയുടെ വേദന, ചരിത്രം പലപ്പോഴും കാണാതെ പോയിട്ടുണ്ട്. അച്ഛൻ ആ വേദനയെ അക്ഷരങ്ങളിലേക്ക് പകർത്തിയപ്പോൾ, ജാനകിയമ്മ അത് തന്റെ ശബ്ദത്തിലൂടെ ലോകത്തോട് വിളിച്ചുപറഞ്ഞു.
ജാനകിയമ്മ പറഞ്ഞു 'ഉമ്മർ സാർ, സീതയുടെ ദുഃഖം ലോകം പാടി നടന്നു. പക്ഷേ, കൊട്ടാരത്തിനുള്ളിൽ ഭർത്താവിനെയും കാത്ത്, എല്ലാം ഉള്ളിലൊതുക്കി എരിഞ്ഞടങ്ങിയ ഊർമ്മിളയുടെ ആ വേദന, അത് ഞാൻ ഈ വരികളിൽ ഇപ്പോൾ അനുഭവിക്കുകയാണ്. വരികളെഴുതിയ കവിക്ക് ആ ഊർമ്മിളയുടെ ആത്മാവിനെ തൊടാൻ കഴിഞ്ഞിരിക്കുന്നു'.
ആ പാട്ട് പിന്നീട് പുറത്തിറങ്ങിയപ്പോൾ, പ്രേക്ഷകർ 'ശാരികപ്പൈതലിന്റെ' കഥ കേട്ടു. എന്നാൽ, ആ പാട്ടിലെ 'ഊർമ്മിള' എന്ന വരി കേൾക്കുമ്പോൾ മാത്രം ലോകം അറിയാതെ ഒരു നിമിഷം നിശബ്ദരായിപ്പോകുന്നതായി തോന്നി. എന്റെ അച്ഛനും ഗായിക ജാനകിയമ്മയും ചേർന്ന്, ലോകം വിസ്മരിച്ച ഒരു ഇതിഹാസ നായികയ്ക്ക് നൽകിയ ഏറ്റവും വലിയ ആദരാഞ്ജലിയായിരുന്നു ആ വരികൾ.
ഇതേ ചിത്രത്തിലെ മറ്റൊരു ഗാനമാണ് ജോളി എബ്രഹവും ജാനകിയമ്മയും ചേർന്ന് തകർത്തു പാടിയ 'വരിക നീ വസന്തമേ', എന്ന ഗാനം.
അതുപോലെ, തരംഗം എന്ന സിനിമയിൽ ദാസേട്ടനും ജാനകിയമ്മയും ചേർന്ന് കെ.ജെ. ജോയിയുടെ ഈണത്തിൽ മനോഹരമാക്കിയ ഗാനമാണ് 'മഴമുകിൽ മയങ്ങി മലർമിഴി തിളങ്ങി'. സംവിധായകൻ ബേബി സാറിന് ഗാനം ജാനകിയമ്മയെയും ദാസേട്ടനെയുംകൊണ്ട് പാടിപ്പിക്കണം എന്നായിരുന്നു. ഗാനരചന ആരാണെന്ന് ജാനകിയമ്മ ബേബി സാറിനോട് ചോദിച്ചപ്പോൾ അദ്ദേഹം ചെറുപുഞ്ചിരിയോട് പറഞ്ഞു, 'അത് പ്രൊഫസർ രാമകൃഷ്ണൻ നായരാണ്'.
അതുകേട്ടതും ജാനകിയമ്മയുടെ മുഖത്ത് ഒരു കുസൃതിച്ചിരി വിരിഞ്ഞു. അവർ തല ഒന്ന് ചരിച്ചുപിടിച്ച് സ്റ്റുഡിയോയുടെ പുറത്തിരിക്കുന്ന അച്ഛനെ നോക്കി. എന്നിട്ട് ബേബി സാറിനോട് ഇങ്ങനെ പറഞ്ഞു: 'ആഹാ പ്രൊഫസറാണോ? എങ്കിൽ പിന്നെ ഞാൻ ശ്രദ്ധിക്കണം. ഇദ്ദേഹത്തിന്റെ ക്ലാസിൽ ഇരിക്കുമ്പോൾ കുട്ടികൾ തെറ്റുകൾ വരുത്തിയാൽ മാർക്ക് പോകില്ലേ? അതുപോലെ എന്റെ പാട്ടിൽ ഒരു ചെറിയ വരി തെറ്റിയാൽ പ്രൊഫസർ ഉടനെ റെഡ് പെൻ എടുത്ത് തിരുത്താൻ വരുമോ എന്ന് എനിക്ക് പേടിയാകുന്നു'.
അതു കേട്ടതും ബേബി സാർ പൊട്ടിച്ചിരിച്ചു. ജാനകിയമ്മ തുടർന്നു, 'അല്ല, ഒരു പ്രൊഫസർക്ക് എങ്ങനെ ഇത്രയും മനോഹരമായി ഒരു പ്രണയിനിയുടെ മനസ്സിലേക്ക് ഇറങ്ങിച്ചെന്ന് എഴുതാൻ കഴിയുന്നു? കവിത പഠിപ്പിക്കുന്നവർക്ക് ഇത്രയധികം പ്രണയിക്കാനും കഴിയുമല്ലേ! ഇദ്ദേഹത്തിന്റെ വരികൾ പാടുമ്പോൾ എനിക്ക് തോന്നുന്നത് ഞാൻ ഒരു സ്റ്റുഡിയോയിലല്ല, ഏതെങ്കിലും കാവ്യാത്മകമായ ഒരു ക്ലാസ് മുറിയിലാണ് എന്നാണ്'.
പാട്ടിലെ ഒരു വരിയിൽ അവർ അല്പം സംശയത്തോടെ അച്ഛനെ നോക്കി. ഇടവേളയിൽ അവർ പുറത്തിറങ്ങി അച്ഛന്റെ അടുത്തെത്തി. 'സാർ, ഈ 'താമരേ നീ തേടുവതേത് സൂര്യമുഖം' എന്ന വരി, ഇതൊരു പ്രണയിനി തന്റെ പ്രണയിയെ തേടുന്നതു മാത്രമല്ലല്ലോ? അതിൽ ഒരു വലിയ കാത്തിരിപ്പിന്റെ ഭാരമുണ്ടല്ലോ?', ജാനകിയമ്മ ചോദിച്ചു. അച്ഛൻ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു, 'ജാനകിയമ്മേ, പ്രണയം എന്ന് പറയുമ്പോൾ അത് വെറും സന്തോഷം മാത്രമല്ലല്ലോ. അത് ഒരല്പം കാത്തിരിപ്പാണ്, ചെറിയൊരു നോവാണ്. ജാനകിയമ്മ പതുക്കെ പറഞ്ഞു, 'സാർ, ശരിയാണ്. പ്രണയത്തിലെ ആ കാത്തിരിപ്പിന്റെ ഭാരവും നോവും അങ്ങ് വരികളിൽ കൊരുക്കുമ്പോൾ, ഞാനൊരു ഗായികയല്ല, അതനുഭവിക്കുന്ന ആ പ്രണയിനിയായി മാറുന്നു'.
'സൂര്യമുഖം തേടുന്ന താമര, സൂര്യനെ കണ്ടുകഴിഞ്ഞാൽ പിന്നെ എന്ത് ചെയ്യും? അതോ സൂര്യനെക്കാൾ വലുത് ആ സൂര്യനെത്തേടിയുള്ള അവളുടെ ആ യാത്രയാണോ? അങ്ങയുടെ വരികളിൽ എനിക്ക് ഉത്തരം കിട്ടുന്നുണ്ട്', ജാനകിയമ്മക്ക് വീണ്ടും സംശയം. 'ആ യാത്ര തന്നെയാണ് പ്രണയം, അല്ലേ?'. അച്ഛൻ ആ ചോദ്യത്തിന് മുന്നിൽ അത്ഭുതപ്പെട്ടു പോയി. ഒരു പ്രൊഫസറും കവിയുമായിരുന്ന അച്ഛനെ ജാനകിയമ്മയുടെ ആ ഉൾക്കാഴ്ച അമ്പരപ്പിച്ചു. അച്ഛൻ പറഞ്ഞു, 'ജാനകിയമ്മേ, സൂര്യനെക്കാൾ സുന്ദരം ആ താമരയുടെ കാത്തിരിപ്പാണ്'. ജാനകിയമ്മയുടെ ശബ്ദവും കൂടി ചേരുമ്പോൾ. പ്രണയഗാനങ്ങൾ അങ്ങനെ അങ്ങോട്ട് ഒഴുകുകയല്ലേ.
നസീർ അങ്കിളും ജയനും ജയഭാരതിയും സത്യകലയും ഒക്കെ അഭിനയിച്ച സിനിമയായിരുന്നു 'കരിപുരണ്ട ജീവിതങ്ങൾ'. അതിലെ ഗാനങ്ങളും അച്ഛനാണ് എഴുതിയത്. അതിൽ ഒരു ഗാനം പാടിയിരിക്കുന്നത് ജാനകിയമ്മയാണ്. അച്ഛൻ മധ്യമാവതി രാഗത്തിൽ എഴുതിയ ഗാനമാണ് ജാനകിയമ്മ പാടിയത്.
'അമ്മേ... അമ്മേ...
ശബ്ദപ്രപഞ്ചം തിരയടിച്ചു എന്റെ
സൗമ്യനക്ഷത്രം മിഴിതുറന്നു
ഈ മണ്ണിൽ ഒരു ദുഖബിന്ദുവായ് വീണനാൾ
ഇന്നിതാ വിണ്ണിലേക്കുയരുന്നൂ, ഉയരുന്നൂ
പഞ്ചേന്ദ്രിയങ്ങളിൽ പാലൊഴുകുന്നു, ചെഞ്ചുണ്ടുകണ്ടെന്റെ മാറുതുടിക്കുന്നു'
കുഞ്ഞിന്റെ മുഖം കാണുമ്പോഴും അവളെ ചേർത്തുപിടിക്കുമ്പോഴും അമ്മയുടെ മനസ്സിലും ശരീരത്തിലും വാത്സല്യം നിറയുന്നു. 'പാലൊഴുകുന്നു' എന്നത് മുലപ്പാലിനെ സൂചിപ്പിക്കുന്നതിനൊപ്പം, ഒരു അമ്മയുടെ ഉള്ളിൽ നിറയുന്ന സ്നേഹപ്രവാഹത്തെയും കാണിക്കുന്നു. കുഞ്ഞിന്റെ കൊച്ചു ചുണ്ടുകൾ കാണുമ്പോൾ അമ്മയുടെ മാറിൽ വാത്സല്യം കൊണ്ട് ഒരു തുടിപ്പ് അനുഭവപ്പെടുന്നു.
അമ്മയുടെയും മകളുടെയും ആത്മബന്ധം അച്ഛൻ വരികളിൽ കൂടി രചിച്ചു. ജാനകിയമ്മയുടെ അതിമനോഹര ശബ്ദത്തിൽ എം.കെ. അർജുനൻ മാഷിന്റ സംഗീതത്തിന്റെ അത്ഭുതമാജിക്കും കൂടി ചേർന്നപ്പോൾ ആ പാട്ടിന് ജീവൻ ലഭിച്ചു. ചിത്രത്തിലെ എല്ലാ ഗാനങ്ങളിലും എം.കെ. അർജുനൻ മാഷിന്റെ കൈയൊപ്പുണ്ട്.
അന്നൊക്കെ പെൺകുട്ടികളുടെ ബാലതാരമായി മിക്ക സിനിമകളിലും അഭിനയിച്ചുകൊണ്ടിരുന്ന സുരേഷ് കുമാറാണ് ജയഭാരതി ചേച്ചിക്ക് ഒപ്പം മോളായി അഭിനയിച്ചത്. റെക്കോർഡിങ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ചെന്നൈയുടെ ആ തിരക്കുകളിൽനിന്ന് മാറി അച്ഛനും ജാനകിയമ്മയും സംവിധായകൻ ശശികുമാർ സാറും അർജുനൻ മാഷും കൂടി. ഭക്ഷണം കഴിക്കുന്ന നേരം ജാനകിയമ്മ അച്ഛനോട് ചോദിച്ചു, 'എന്തിനാണ് സാർ ഈ പാട്ടുകളിൽ ഇത്രയധികം ദുഃഖം നിറയ്ക്കുന്നത്? ആളുകൾക്ക് സന്തോഷം വേണ്ടേ?'.
അച്ഛൻ ആ ചായക്കപ്പിലേക്ക് നോക്കി അല്പനേരം മൗനമായിരുന്ന ശേഷം പറഞ്ഞു, 'അമ്മേ, സന്തോഷം എല്ലാവർക്കും കിട്ടും. പക്ഷേ ആ നോവ്, ആ നോവ് മനസ്സിലാക്കുന്നവനാണ് യഥാർഥ കവി. ജാനകിയമ്മയുടെ ശബ്ദം കേൾക്കുമ്പോൾ ആ നോവ് പോലും സംഗീതമായി മാറുന്നു. അതാണ് അമ്മയുടെ കഴിവ്. കൂടാതെ അർജുനൻ മാഷിന്റെ വിരലുകൾ കൂടി പതിഞ്ഞാൽ പറയേണ്ടകാര്യമില്ലല്ലോ. ഒരു കുഞ്ഞ് അമ്മയുടെ ഗർഭപാത്രത്തിൽ വളരുന്നത് പോലെയാണ് ഒരു പാട്ട് രചയിതാവിന്റെ മനസ്സിൽ രൂപപ്പെടുന്നത്. ഓരോ അക്ഷരവും ഓരോ നെടുവീർപ്പും ആ കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടമാണ്. വാക്കുകൾ വെറും അക്ഷരങ്ങളല്ല, കുഞ്ഞിന്റെ ഓരോ അവയവങ്ങൾ പോലെ വളരുന്നു. കവി പലവട്ടം ആ വരികൾ മാറ്റിമറിക്കുന്നു, ചിലപ്പോൾ ഉറക്കമില്ലാത്ത രാത്രികളിൽ ആ വരികൾക്ക് ആയുസ്സ് നൽകുന്നു. ജീവന്റെ തുടിപ്പ് സംഗീതം ആകുന്നു. കവി എഴുതിയ വരികളിലേക്ക് സംഗീത സംവിധായകൻ ജീവൻ പകരുന്നു. അതൊരു ഹൃദയമിടിപ്പാണ് ഗർഭപാത്രത്തിലെ കുഞ്ഞിന് ജീവൻ വെക്കുന്നതുപോലെ, ഈണങ്ങൾ വരികൾക്കിടയിൽ ഇഴുകിച്ചേരുന്നു. ഓരോ രാഗവും ഓരോ ഭാവം കുഞ്ഞിന് നൽകുന്നു. ഗായകൻ, ഗായിക എന്നത് ആനന്ദവും പ്രസവവേദനയും. റെക്കോർഡിങ് സ്റ്റുഡിയോയിലെത്തുമ്പോൾ അത് 'പ്രസവ'ത്തിന്റെ സമയമാണ്. മൈക്കിന് മുന്നിൽ നിൽക്കുന്ന ഗായകൻ അല്ലെങ്കിൽ ഗായിക ആ പാട്ടിനെ പുറത്തെടുക്കുന്നു. ഒരു അമ്മയുടെ പ്രസവവേദന പോലെ, ആ പാട്ടിന്റെ ആഴം പുറത്തുകൊണ്ടുവരാൻ അവർക്ക് കഠിനമായി പരിശ്രമിക്കേണ്ടി വരുന്നു. ആ വേദനയ്ക്ക് ശേഷമാണ് പാട്ട് എന്ന 'കുഞ്ഞ്' ജനിക്കുന്നത്. ആസ്വാദകർ പാട്ട് എന്ന കുഞ്ഞിനെ നെഞ്ചോടു ചേർക്കുന്ന ലോകം'.
'സാർ, എന്ത് ഭംഗിയായാണ് അങ്ങ് ഇത് പറഞ്ഞത്. പല പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും, ഓരോ പാട്ടും ജനിക്കുമ്പോൾ എനിക്ക് പുതിയൊരു പ്രസവത്തിന്റെ വേദനയാണ്. പക്ഷേ ആ വേദനയിൽ ഒരു വലിയ സന്തോഷവുമുണ്ട്. എന്റെ ശബ്ദം ഓരോ പാട്ടിനും ശ്വാസം നൽകുന്നതിൽ', ജാനകിയമ്മയുടെ ഈ വാക്കുകളിൽ ആദരവും വിനയവും മാത്രമല്ല, തൊഴിലിനോടുള്ള അങ്ങേയറ്റത്തെ ആത്മാർത്ഥതയും കാണാം. പാട്ട് റെക്കോർഡ് ചെയ്യുമ്പോൾ അവർ എത്രത്തോളം ഗൗരവത്തോടെയാണ് അതിനെ സമീപിച്ചിരുന്നത് എന്ന് വാക്കുകളിൽനിന്ന് അച്ഛനും അർജുനൻ മാഷും മനസ്സിലാക്കി.
എല്ലാവരും യാത്ര പറയവേ ജാനകിയമ്മയെ നോക്കി അച്ഛൻ ഒന്നും പറഞ്ഞില്ല, പകരം കൈകൾ കൂപ്പി ഒരു നമസ്കാരം മാത്രം നൽകി. ആ നിമിഷത്തിൽ അവർക്കിടയിൽ വാക്കുകളേക്കാൾ വലിയൊരു സംഗീതമുണ്ടായിരുന്നു.
ചെന്നൈയിലെ ആ വൈകുന്നേരം പതിയെ ഇരുണ്ടു തുടങ്ങി. അച്ഛൻ തന്റെ ഡയറിയും പേനയും എടുത്തു മടങ്ങാൻ ഒരുങ്ങി. പക്ഷേ, അച്ഛന്റെ മനസ്സിൽ ആ പാട്ടിന്റെ താളം അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു. ഒരു കവിക്ക് തന്റെ വരികൾ അനശ്വരമാകുന്നതിനേക്കാൾ വലിയൊരു വിജയം വേറെ എന്തുണ്ട്?
അച്ഛനും ജാനകിയമ്മയും തമ്മിലുള്ള പഴയ വിശേഷങ്ങൾ ഇതുമാത്രമല്ല. എല്ലാ കാര്യങ്ങളും അച്ഛൻ, അമ്മയോടും നസീർ അങ്കിളിനോടും പങ്കുവയ്ക്കാറുണ്ട്. അങ്ങനെ കേട്ടാണ് ഞാൻ പലതും അറിഞ്ഞതും ഓർത്തെടുത്തതും. ആ സംഭാഷണങ്ങളിലൂടെയാണ് എന്റെ ബാല്യത്തിലെ ചില മങ്ങിയ ഓർമകൾക്ക് തെളിച്ചം ലഭിച്ചത്. കൂടുതൽ വിവരങ്ങളും അച്ഛൻ മരിച്ചതിൽ പിന്നെ അമ്മ പറഞ്ഞു തരുമായിരുന്നു. കൂടാതെ അച്ഛന്റെ കൂട്ടുകാരും.
കാലം മാറിയാലും പല മുഖങ്ങളും മറവിയിൽ മാഞ്ഞുപോയാലും അച്ഛന്റെ ഓർമകളിൽ ജാനകിയമ്മ എന്നും ഒരു തീരാത്ത സ്‌നേഹമായി അവശേഷിക്കുന്നു. അച്ഛൻ നസീർ അങ്കിളിനോടും അമ്മയോടും ആ പഴയ കഥകൾ പറയുമ്പോൾ, കാലത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിൽ ആ മനോഹരമായ കാലം വീണ്ടും ജീവിക്കുകയാണ്. ഓർമകൾക്ക് മരണമില്ലെന്ന് അച്ഛന്റെ വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് വീണ്ടും വീണ്ടും തോന്നിപ്പോകുന്നു, ഒരു തിരിച്ചുപോക്കിന്!
(ഗാനരചയിതാവ് ചിറയിൻകീഴ് രാമകൃഷ്ണൻ നായരുടെ മകളാണ് ലേഖിക)
Content Highlights: Sindhu Rajeev shares emotional behind-the-scenes memories of her father, lyricist and professor Chirayinkeezhu Ramakrishnan Nair, and legendary singer S. Janaki. During the recording of the song 'Sharikappaithalin Katha Parayam' for the 1976 movie 'Pamparam', S. Janaki was moved to tears by the depth of the lyrics depicting Urmila's untold sorrow. The article highlights lighthearted and profound interactions between the lyricist, director Baby, and music directors A.T. Ummer and M.K. Arjunan. It beautifully details S. Janaki's artistic insight into another classic romantic track, 'Mazhamukil Mayangi', composed by K.J. Joy for the movie 'Tharangam'. The narrative features a deeply philosophical conversation where the lyricist compares the creation and recording of a song to the pain and joy of childbirth, a sentiment deeply respected by S. Janaki
Published: 12 Jul 2026, 01:10 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented