തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേള നടക്കുമ്പോള്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി സ്ഥലത്തുണ്ടാകണമായിരുന്നുവെന്ന് സംവിധായകന്‍ കമല്‍. അദ്ദേഹത്തിന്റെ അസാന്നിധ്യം ഒരു പ്രശ്‌നമാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

To advertise here,

19 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച സംഭവം അംഗീകരിക്കാനികില്ലെന്നും കമല്‍ പറഞ്ഞു. ഐഎഫ്എഫ്‌കെയെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമം നടക്കുകയാണോ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐഎഫ്എഫ്‌കെ വേദിയില്‍ മാതൃഭൂമി ഡോട് കോമിനോട് സംസാരിക്കുകയായിരുന്നു മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ കമല്‍. 

‘ബീഫി’നെ തെറ്റിദ്ധരിച്ചു, കാരണം പറയുന്നില്ല

'ബീഫ് എന്ന സിനിമയെ തെറ്റിദ്ധരിച്ചു, ബീഫിനെക്കുറിച്ചാണെന്ന് അവര്‍ കരുതി. 19 എണ്ണം വിലക്കിയതില്‍ 4 എണ്ണത്തിന് ആദ്യം അനുമതി നല്‍കി. രാജ്യമൊട്ടാകെ പതിനായിരക്കണക്കിന് തവണ പ്രദര്‍ശിപ്പിച്ചിട്ടുള്ള ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍ വിലക്കിയത് വിചിത്രമാണ്. പല സര്‍ക്കാരുകളും പല തവണ പ്രദര്‍ശിപ്പിച്ചിട്ടുള്ള ചിത്രമാണത്. 100 വര്‍ഷം മുന്‍പിറങ്ങിയ ഈ ചിത്രം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

എന്തുകൊണ്ട് മേളയില്‍ പ്രദര്‍ശിപ്പിക്കാനാകില്ല എന്നതിന് കേന്ദ്രം ഒരു കാരണം പറയുന്നില്ല. പുണെ ഉള്‍പ്പടെയുള്ള ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പഠിപ്പിക്കുന്ന ചിത്രമാണത്. രാഷ്ട്രീയപരമായി ഐഎഫ്എഫ്‌കെയെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമം നടക്കുകയാണോ എന്ന് തോന്നിപ്പോകുന്നു. അത് അംഗീകരിക്കാനാകില്ല, ചെറുത്ത് നില്‍ക്കും.

കാനില്‍ ഒക്കെ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്ക് ചിലപ്പോള്‍ അവസാന നിമിഷമാകും പെര്‍മിഷന്‍ ലഭിക്കുക. ചലച്ചിത്ര അക്കാദമിയുടെ ഭാഗത്ത് നിന്ന് അനുമതി വാങ്ങുന്നതില്‍ പിഴവുണ്ടായെന്ന് തോന്നുന്നില്ല. കാരണം കേന്ദ്രം വ്യക്തമാക്കണമായിരുന്നു.

വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ക്ക് പണ്ടും വിലക്ക്

ഐഡിഎസ്എഫ്‌കെയില്‍ ഡോക്യുമെന്ററികള്‍ വിലക്കുന്ന പതിവ് മുന്‍പ് ഉണ്ടായിരുന്നു. ഭരിക്കുന്ന സര്‍ക്കാരിനേയും ആര്‍എസ്എസിനേയും വിമര്‍ശിക്കുന്ന ഹ്രസ്വ ചിത്രം വിലക്കിയിട്ടുണ്ട്. രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയും ജെഎന്‍യു പ്രക്ഷോപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയും വിലക്കിയിട്ടുണ്ട്. സംവിധായകര്‍ കോടതിയില്‍ പോയി പ്രദര്‍ശനാനുമതി വാങ്ങിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ചെയര്‍മാന്റെ അസാന്നിധ്യം ഒരു പ്രശ്‌നമാണ്

ചെയര്‍മാന്‍ ആണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. മേള നടക്കുന്ന സമയത്ത് റസൂല്‍ പൂക്കുട്ടി ഇവിടെ ഉണ്ടാകണമായിരുന്നു. ഏതൊക്കെ സിനിമകള്‍ പ്രദര്‍ശിപ്പിക്കണമെന്നത് ഫെസ്റ്റിവല്‍ ഡയറക്ടറുടെ തീരുമാനമാണ്. സര്‍ക്കാരുമായി തീരുമാനിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നത്.

മേളയില്‍ പങ്കെടുക്കാനാകില്ലെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. വേറൊരു ചിത്രവുമായി ബന്ധപ്പെട്ട കരാര്‍ ഉള്ളതുകൊണ്ടാണ് എത്താനാകാത്തത്. മേളയുടെ സമാപനച്ചടങ്ങില്‍ അദ്ദേഹം എത്തുമെന്നാണ് അറിയാനാകുന്നത്.

റസൂല്‍ പൂക്കുട്ടിയുടെ അസാന്നിധ്യം ഒരു പ്രശ്‌നം തന്നെയാണ്. ഭാരിച്ച ഉത്തരവാദിത്വമുള്ള ഒരു സംഘടനയുടെ തലപ്പത്ത് ഇരിക്കുന്ന ആളാണ് അദ്ദേഹം. ഇത്രയും തിരക്കുള്ളയാള്‍ ഈ ചുമതല ഏറ്റെടുക്കേണ്ടതുണ്ടായിരുന്നോ എന്ന് അദ്ദേഹം തന്നെ ആലോചിക്കണമായിരുന്നു. സര്‍ക്കാരും ഇക്കാര്യം ആലോചിക്കണമായിരുന്നു.

ഈ ചുമതലയിലിരിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയ്ക്ക് കുറവൊന്നുമില്ല, പക്ഷേ സമയം പ്രധാനമാണ്. ഈ ചുമതല വഹിക്കാന്‍ മാറ്റി വെക്കാന്‍ സമയമുണ്ടാകണം.

അദ്ദേഹം ഇല്ലെങ്കിലും കാര്യങ്ങള്‍ക്ക് യാതൊരു മുടക്കവും ഉണ്ടായിട്ടില്ല. വര്‍ഷങ്ങളായി മേള നടത്തി പരിചയം ഉള്ള ടീം തന്നെയാണ് ഉള്ളത്. കഴിഞ്ഞ 10 വര്‍ഷമായി ഈ ടീം തന്നെയാണ് കാര്യങ്ങള്‍ നടത്തുന്നത്. പക്ഷേ നയിക്കാന്‍ അദ്ദേഹം വേണമായിരുന്നു.