ലൊസാഞ്ചൽസിലെ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചതോടെ ചരിത്രത്തിൽ ഇടംനേടിയിരിക്കുകയാണ് മമ്മൂട്ടിയും ഭ്രമയുഗം എന്ന ചിത്രവും. അക്കാദമി മ്യൂസിയത്തിന്റെ 'വേർ ഫോറസ്റ്റ് മീറ്റ്‌സ് ദ സീ' എന്ന പ്രത്യേക വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ സിനിമ എന്ന അത്യപൂർവ്വ നേട്ടമാണ് ചിത്രം സ്വന്തമാക്കിയത്.

To advertise here,

രാഹുൽ സദാശിവനാണ് ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ഹൊറർ ചിത്രം സംവിധാനം ചെയ്തത്. പ്രദർശനത്തിന് മുന്നോടിയായി സിനിമയേയും അതിന്റെ പശ്ചാത്തലത്തേയുംകുറിച്ച് പരിചയപ്പെടുത്തുന്ന സെഷൻ ഉണ്ടായിരുന്നു. ചടങ്ങിന്റെ അവതാരക മമ്മൂട്ടിയെ മോളിവുഡ് ലെജൻഡ് എന്നാണ് വിശേഷിപ്പിച്ചത്. ഇതിനെ വിദേശികൾ ഉൾപ്പെടെയുള്ള കാണികൾ നിറഞ്ഞ കയ്യടികളോടെയാണ് സ്വീകരിച്ചത്.

ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ ഭ്രമയുഗം നാല് അവാർഡുകൾ സ്വന്തമാക്കിയിരുന്നു. മമ്മൂട്ടിയായിരുന്നു മികച്ച നടൻ. സ്വഭാവ നടനായി സിദ്ധാർത്ഥ് ഭരതനും പശ്ചാത്തലസംഗീതത്തിന് ക്രിസ്റ്റോ സേവ്യറും മേക്കപ്പിന് റോണക്സ് സേവ്യറും പുരസ്കാരങ്ങൾ നേടി.

പ്രശസ്ത സിനിമാ പ്ലാറ്റ്‌ഫോമായ ലെറ്റർബോക്സ്ഡിന്റെ 2024-ലെ മികച്ച ഹൊറർ ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താനും ഭ്രമയുഗത്തിനായി. കൂടാതെ ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഫോർ ദ ക്രിയേറ്റീവ് ആർട്‌സിൽ ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ് പാഠ്യവിഷയമാവുകയും ചെയ്തു.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേർന്ന് നിർമ്മിച്ച ഈ ചിത്രം 50 കോടിയിലധികം രൂപയാണ് ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയത്. അർജുൻ അശോകൻ, അമാൽഡ ലിസ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റുവേഷങ്ങളിൽ.